ഇന്ത്യൻ വാഹനങ്ങളിലെ കരുത്തുറ്റ ഒരു താരമാണ് മഹീന്ദ്ര ഥാർ. വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന Mahindra Thar ൻ്റെ പുത്തൻ 2020 മോഡൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ്.

മുൻ മോഡലുകളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് പുത്തൻ Thar ലോഞ്ച് ചെയ്തിരിക്കുന്നത്. ജീപ്പ് റാങ്ക്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ് ഈ പുത്തൻ മോഡൽ എന്നതും ശ്രദ്ധേയമാണ്.

ഒറ്റനോട്ടത്തിലുള്ള പ്രധാന മാറ്റം വണ്ടിയുടെ ഗ്രില്ലാണ്. പുത്തൻ വണ്ടിയുടെ വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല് പഴയ ഗാംഭീര്യം നൽകുന്നുണ്ടോ എന്ന് വാഹനപ്രേമികൾക്കിടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും, ലുക്കിൽ Thar അടിപൊളി തന്നെയാണ്.

മുൻവശത്തെ മറ്റു പ്രധാനപ്പെട്ട സവിശേഷതകൾ അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‌പോര്‍ട്ടി ഭാവമുള്ള ബംമ്പര്‍ എന്നിവയാണ്. ഇതോടൊപ്പം 45.72 cm ഡീപ് സിൽവർ അലോയ് വീലുകളും ഭംഗിയേറിയതാണ്.

ഇനി കാബിനിനകത്തെ കാര്യമെടുത്തു നോക്കിയാൽ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അഡ്വഞ്ചർ സ്റ്റാറ്റിറ്റിക്‌സ് ഡിസ്പ്ലേ, സ്റ്റിയറിംഗ്-മൗണ്ട്ഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, മാനുവൽ ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4×4 ട്രാൻ‌വേർസ് കേസ്, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ഹിൽ‌ഹോൾഡ്, ഹിൽ‌ ഡിസെൻറ് കൺ‌ട്രോൾ, മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ISOFIX ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയാണ് എടുത്തു പറയേണ്ടവ.

മൊത്തത്തിൽ ഒരു പ്രീമിയം ലുക്ക് തന്നെയാണ് ഇന്റീരിയർ. കൂടാതെ സുരക്ഷയെ മുൻനിർത്തി ഡ്യുവൽ എയർ ബാഗുകൾ, എ ബി എസ്, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ്, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് എന്നിവയുമുണ്ട്. അഴിച്ചമാറ്റാൻ കഴിയുന്ന ഫാക്ടറി ഫിറ്റഡ് ടോപ്പും പുതിയ ഥാറിന്റെ പ്രത്യേകതയാണ്.

പുതിയ (2020) Mahindra Thar AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. BS 6 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പുതിയ Tharന് കരുത്തേകുന്നത് 2.0 ലിറ്റർ എംസ്റ്റാലിയൻ ടിജിഡി പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ എംഹോക്ക് എന്നീ രണ്ടു തരം എൻജിനുകളാണ്.

പെട്രോൾ യൂണിറ്റ് 150 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്യു ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്യു ഉം പുറപ്പെടുവിക്കുന്നു. 226 mm Unladen ഗ്രൗണ്ട് ക്ലിയറൻസും, 650 mm Water Wadind Depth ഉം ഇതിനുണ്ട്.

റെഡ് റേജ്, മിസ്റ്റിക് കോപ്പർ, അക്വാമറൈൻ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, ഗാലക്സി ഗ്രേ എന്നിങ്ങനെ വ്യത്യസ്തമായ ആറ് കളറുകളിലാണ് പുതിയ Mahindra Thar ലഭ്യമാകുന്നത്.

ഈ വർഷം ആദ്യം തന്നെ പുതിയ Thar വിൽപനയ്ക്കെത്തിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. എന്നാൽ കൊറോണ വൈറസ് ലോകമെങ്ങും ഭീതിപരത്തുകയും തുടർന്നുണ്ടായ ലോക്ക്ഡൗണും മറ്റുമൊക്കെ Thar ൻ്റെ റോഡിലെ അരങ്ങേറ്റത്തിന് തിരിച്ചടിയായി മാറി. അങ്ങനെയാണ് ഒടുവിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ വാഹനം ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിക്കുന്നത്.

ലോഞ്ച് ചെയ്‌തെങ്കിലും വണ്ടി വിൽപ്പനയ്‌ക്കെത്തുവാൻ ഒന്നര മാസത്തോളം കാത്തിരിക്കണം. ഇക്കൊല്ലം ഒക്ടോബർ രണ്ടു മുതൽ Mahindra Thar വിൽപ്പനയാരംഭിക്കും. അപ്പോഴാകും വാഹനത്തിൻ്റെ വില പരസ്യപ്പെടുത്തുക.

SHARE