വിവരണം – ശ്യാം കെ. ജയൻ.

പാലക്കാട് മഴ തുള്ളിയിട്ടു നിൽക്കുന്ന ഒരു രാത്രിയിൽ KSRTC ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. കോട്ട മൈതാനം കടന്നുകൊണ്ടിരുന്നപ്പോൾ ആരോ ചോദിച്ച പോലെ തോന്നി, “അല്ല കുട്ട്യേ… പാലക്കാട് വന്നിട്ട് നിയ്യ് പൊസ്ക്കനങ്ങട്ട് പൊവ്വ്വാണ്?” എത്ര വട്ടം കണ്ടിട്ടും കണ്ടു തീരാത്ത, ഇഷ്ടം പോകാത്ത പാലക്കാടിന്റെ ആ ഉൾവിളി, പാലക്കാടൻ ചങ്ക് Vishnu Prasad നെ വിളിച്ച് അന്വേഷിക്കാനും, റൂം എടുക്കാനും രാവിലെ 8 മണിയുടെ പറമ്പിക്കുളം KSRTC ബസിലെ മുൻ സീറ്റ് പിടിക്കാനും വരെ കാരണമായി.

അങ്ങനെ അഞ്ചാറു പേരുമായി ഞങ്ങൾ യാത്ര തുടങ്ങി. സൗമ്യമായി ചിരിച്ചുകൊണ്ട് കണ്ടക്ടർ ചേച്ചി ടിക്കറ്റ് തന്നു. Parambikkulam Tiger Reserve എന്ന ലോഗോ ഉള്ള ബാഗുമായി ഒരാൾ പിന്നിൽ വന്നിരുന്നു. “സർ ഫോറസ്റ്റിൽ ആണോ?” – എന്റെ ചോദ്യത്തിന് ലേശം ഗൗരവമുള്ള “അതെ” എന്ന മറുപടിയിൽ, സംസാര തല്പരകക്ഷിയല്ല എന്ന് തോന്നിയതിനാൽ കൂടുതൽ പരിചയപ്പെടാൻ പോയില്ല.

മലയാളവും തമിഴും ഒരുപോലെ കേൾക്കുന്ന കൊഴിഞ്ഞാമ്പാറ സ്റ്റാൻഡിൽ 5 മിനിറ്റ് കിടന്നപ്പോഴേക്കും ബസ്സിൽ ആളായി. 2 വർഷം മുൻപ് PSC എഴുതാൻ വന്ന സ്ഥലമാണ്. ആ ഓർമകളിലേക്ക് വീണു പോയപ്പോൾ ഒരു ലോഡ് ഭാഗ്യം ബാഗിലാക്കിക്കൊണ്ട് ഒരാൾ ലോട്ടറി വേണോ എന്ന് ചോദിച്ചു. അവിടുന്ന് വിട്ട് തിരക്കില്ലാത്ത ഗോപാലപുരം ചെക്ക്പോസ്റ്റും താണ്ടി ഞങ്ങൾ തമിഴ്‌നാട്ടിലേക്ക് കടന്നു. നെല്ലിയാമ്പതി മലനിരകൾക്ക് അപ്പുറമുള്ള പറമ്പിക്കുളം, പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ആണെങ്കിലും തമിഴ്നാട്ടിലൂടെയല്ലാതെ വാഹനമാർഗം പോകാൻ സാധിക്കില്ല എന്നതാണ് വസ്തുത.

അതിർത്തി കടന്നതു മുതൽ അധികം സ്റ്റോപ്പുകളില്ലാതെ, തെങ്ങിൻതോപ്പുകൾക്കിടയിലൂടെയുള്ള റോഡിലൂടെ ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു. 10 മണിയോടെ പൊള്ളാച്ചി എത്തി. പുറത്തിറങ്ങി ഒന്നു ഫ്രഷായി ബസിൽ കേറിയപ്പോൾ കണ്ടക്ടർ ചേച്ചി വന്ന് റോഡ് മോശമായതിനാൽ ഇനി മുൻസീറ്റിൽ താനിരുന്നു വേണം ഡ്രൈവർക്ക് നിർദേശങ്ങൾ കൊടുക്കാൻ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അമർഷത്തോടെയാണെങ്കിലും, രാത്രികളിലും, ഇത്തരം സന്ദർഭങ്ങളിലും മുൻസീറ്റ് കണ്ടക്ടർക്ക് ഒഴിഞ്ഞു കൊടുക്കണമെന്നുള്ളതിനാൽ തൊട്ടുപിറകിലെ സീറ്റിൽ തന്നെ ഇരുന്നു.

പറമ്പിക്കുളത്തെക്കുള്ള കുറച്ച് ഉദ്യോഗസ്ഥരേയും തൊഴിലാളികളെയും കൂട്ടി, നഗരത്തിരക്കുകൾ വിട്ട് ബസ് ഗ്രാമങ്ങളിലേക്ക് കടന്നു. ഇരുവശങ്ങളിലും പുളിമരങ്ങൾ തണൽവിരിച്ച റോഡിലൂടെയായി പിന്നെ യാത്ര. നമ്മുടെയൊക്കെ വിശപ്പകറ്റാൻ സാധാരണ മനുഷ്യർ അധ്വാനിച്ചു വളർത്തുന്ന കൃഷിസ്ഥലങ്ങൾ താണ്ടി ആനമല കടുവ സംരക്ഷണ കേന്ദ്രം എത്തി.

അവിടുന്ന് ഒരു ചെക്ക്പോസ്റ്റ് കടന്നുവേണം വനത്തിലേക്ക് പ്രവേശിക്കാൻ. സർക്കാർ വാഹനമായതിനാൽ വണ്ടിക്കും യാത്രക്കാർക്കും പാസ്സ് വേണ്ട. അവിടുന്ന് ഒരാൾ നമ്മുടെ ഡ്രൈവറോട് ആർക്കോ കൊടുക്കണം എന്നുപറഞ്ഞ് ഒരു കവർ പച്ചക്കറികൾ കൊടുത്തു. ചെക്ക്പോസ്റ്റ് ഉയർത്തിത്തന്ന തമിഴ്നാട് ഫോറസ്റ്റ് സാറന്മാർക്ക് സലാം പറഞ്ഞു ഞങ്ങൾ വനയാത്ര തുടങ്ങി.

റോഡിനു വീതിയില്ലെങ്കിലും എതിരെ വാഹനങ്ങൾ വരാത്തതിനാൽ ഞങ്ങൾ സുഗമമായി ചുരം കയറിക്കൊണ്ടിരുന്നു. റോഡിൽ പലയിടത്തായി മരച്ചില്ലകളും ആനപ്പിണ്ടങ്ങളും ചിതറിക്കിടക്കുന്നത് ചിലരുടെ വിളയാട്ടത്തെ സൂചിപ്പിച്ചു. ഉൾക്കിടിലത്തോടെ അവരെ പ്രതീക്ഷിച്ചുകൊണ്ടു ഞാൻ ഇരുന്നു. പച്ചപ്പുനിറഞ്ഞ മുളങ്കൂട്ടങ്ങളും വന്മരങ്ങളുമെല്ലാം ആ വന്യതയെ വക വെക്കാതെ പോകുന്ന ബസിനെ തുറിച്ചു നോക്കുന്ന പോലെ. ഉയരങ്ങൾ കേറുന്നതിന്റെ ലക്ഷണമായി തണുപ്പ് കൂടുകയും ചെവി ഒന്ന് അടച്ചു തുറക്കുകയും ചെയ്തു. ആ നിശബ്ദ പ്രകൃതിയിൽ ചുരം കയറുന്ന എൻജിൻ ശബ്ദം മാത്രം അലയടിച്ചു.

ആദ്യത്തെ സ്റ്റോപ് ആണ് ടോപ്പ് സ്ലിപ്. ഭംഗിയോടെ പരിപാലിക്കുന്ന തമിഴ്നാട് forest department ന്റെ ഓഫീസുകളും ക്വാട്ടേർസുകളും പൂന്തോട്ടങ്ങളും പുൽമേടുകളും കൊണ്ട് അവിടം മനോഹരമായിരുന്നു. അവിടുത്തെ ചെക്ക്പോസ്റ്റിൽ ആനമല നിന്നും കൊടുത്തുവിട്ട പച്ചക്കറി ഡ്രൈവർ ഒരാൾക്ക് കൈമാറി. കണ്ടക്ടർ ചേച്ചി അവിടുത്തെ ക്യാബിനിൽ ചെന്ന് വണ്ടിയുടെ വിവരങ്ങളും യാത്രക്കാരുടെ എണ്ണവും എഴുതിക്കൊടുത്തു വന്നു. 2-3 പേർ ഇറങ്ങുകയും ഒരു മലയാളി കുടുംബം അടക്കം കുറച്ചു പേർ കയറുകയും ചെയ്തു. അവിടുന്നും വണ്ടി വിട്ടു.

അങ്ങനെ അങ്ങനെ ‘WELCOME TO KERALA’ എന്ന ബോർഡ് വെച്ച ചെക്ക്പോസ്റ്റിൽ എത്തി. കടുവ പ്രതിമയുള്ള PARAMBIKKULAM TIGER RESERVE എന്ന കവാടം താണ്ടി ബസ് നിർത്തി. കേരളത്തിൽനിന്ന് വിട്ട് U turn എടുത്ത് കേരളത്തിൽ തന്നെ എത്തിയിരിക്കുന്നു. ഇവിടെയാണ് കേരളത്തിന്റെ ഫോറസ്റ്റ് department ഓഫീസുകളും ലഘു ഭക്ഷണശാലകളും ഉള്ളത്. മറ്റു വാഹനങ്ങളും സഞ്ചാരികളും അവിടുന്ന് പാസ്സ് എടുത്ത് യാത്ര തുടരണം. ഞങ്ങളോ… “രാജാവിനെന്ത് പാസ്സ്… വഴിയൊരുക്കെടാ” എന്ന സ്റ്റൈലിലും !!

കേരളത്തിൽ എത്തിയതുകൊണ്ടാണോ എന്നറിയില്ല, മഴ ചെറുതായിട്ടങ്ങ് തുടങ്ങി. റോഡിന്റെ ഭാഗം മാത്രം വെളിച്ചമുള്ളൂ, ബാക്കി ഇരുവശവും നിബിഡ വനങ്ങളാണ്. അങ്ങിങ്ങായി മാൻ കൂട്ടങ്ങളെ കണ്ടുതുടങ്ങി. ഒറ്റയായും കൂട്ടമായും മയിലുകളും. മഴയിലലിഞ്ഞ പ്രകൃതി, കണ്ണുകൾക്ക് വേറിട്ടൊരാനുഭവമായിരുന്നു. റോഡിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ചാടിക്കളിച്ചും കുലുങ്ങിക്കുലുങ്ങിയും ഡ്രൈവർ ചേട്ടൻ ബസ് നയിച്ചുകൊണ്ടിരുന്നു.

തുണക്കടവ് ആയിരുന്നു അടുത്ത പോയിന്റ്. തുണക്കടവ് ഡാമിന്റെ റിസർവോയറിനോട് ചേർന്നുള്ള തേക്കുമരങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ അവിടെത്തി. ആനമല കഴിഞ്ഞ ശേഷം നാട്ടുകാരെ കണ്ടത് ഇവിടെയാണ്. ട്രൈബൽ കോളനി, സ്‌കൂൾ, തൊഴിലാളികളുടെ വീടുകൾ, പറമ്പിക്കുളം പോലീസ് സ്റ്റേഷൻ മുതലായവ ഇവിടെയാണ്. പറമ്പിക്കുളം ടൂറിസത്തിന്റെ ആകർഷണങ്ങളായ വനത്തിലെ ഏറുമാടങ്ങളും, പിന്നെ ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര തേക്കും ഇവിടെയുണ്ട്. ഈ തേക്ക് കാണുവാൻ വേറെ വഴിക്ക് പോകേണ്ടതിനാൽ, KSRTC യാത്രയിൽ കാണാൻ സാധിക്കില്ല.

തുണക്കടവ് ഡാമും പിന്നിട്ട് മഴമേഘങ്ങൾ തഴുകുന്ന മലകളുടെ ചെരിവിലൂടെ ഞങ്ങൾ യാത്രയായി. എത്ര മാൻകൂട്ടങ്ങളെ കണ്ടെന്നു ഓർമയില്ല, അത്രയ്ക്കുണ്ട്. മയിലുകളെയാണെങ്കിൽ നാട്ടിൽ കാക്കകളെ കാണുന്ന പോലെ! ആനകളെ കണ്ടില്ലെങ്കിലും അത്ര തന്നെ ഗംഭീര്യമുള്ള ഒരുശിരൻ ബാഹുബലി സ്റ്റൈൽ കാട്ടുപോത്തിനെ കാണാൻ സാധിച്ചത് ഭാഗ്യമായി.

മൃഗങ്ങളെ കാഴ്ചബംഗ്ലാവിൽ പോയി കാണുമ്പോഴല്ല, മറിച്ച് അവരെ അവരുടെ ആവാസവ്യവസ്ഥയിൽത്തന്നെ കാണുന്നതാണ് ഊഷ്മളം എന്ന് എനിക്കു തോന്നി. പക്ഷെ, ബസിലെ കുലുക്കത്തിൽ പല നല്ല കാഴ്ചകളും മൊബൈൽ shake ആയി നഷ്‌ടമായി. ഡാം വ്യൂപോയിന്റും വാലി വ്യൂ പോയിന്റും ഈ വഴിയിലാണ്. നമുക്ക് സ്റ്റോപ് ഇല്ല, പക്ഷെ forest departmentന്റെ jungle സഫാരി ബസ് അവിടെ സഞ്ചാരികൾക്ക് നിർത്തിക്കൊടുത്തത് കണ്ടു.

11.55 ഓടെ പറമ്പിക്കുളം ടൗണിൽ ഞങ്ങളെത്തി. ടൗൺ എന്ന് പറയാൻ മാത്രമില്ല. തദ്ദേശീയരുടെ കുറച്ചു കടകളും വീടുകളും. പിന്നെ ഒരു round-about പോലെ പൂന്തോട്ടവും അതിന്റെ മധ്യത്തിൽ ഒരു സ്തൂപവും. കൂടെ പോസ്റ്റ് ഓഫീസും, എഞ്ചിനീയർമാരുടെ വസതികളും, ആശുപത്രിയും. എവിടെനിന്നൊക്കെയോ കേൾക്കുന്ന മയിലുകളുടെ background മ്യൂസിക്കിൽ സ്വച്ഛന്ദമായി എല്ലാം ചുറ്റിനടന്നു കണ്ടു. പാറുന്ന ചാറ്റൽമഴയിലും തണുപ്പിലും ഒന്ന് ഉഷാറാവാൻ ഒരു അമ്മൂമ്മയുടെ കടയിൽ നിന്ന് ചായ കുടിച്ചു.

നേരത്തെ കണ്ട jungle സഫാരിക്കാർ അവരുടെ പറമ്പിക്കുളം ഡാം വരെയുള്ള കറക്കം കഴിഞ്ഞ് KSRTCക്ക് പിറകിൽ വന്ന് നിർത്തി. പറമ്പിക്കുളം ചെക്ക്പോസ്റ്റ് മുതലുള്ള സഫാരിക്ക് ഒരാൾക്ക് 200 രൂപയാണ് നിരക്ക്. കൂടാതെ അതുവരെ വന്ന വാഹനത്തിനും ആൾക്കും പാസ്സും. സത്യമെന്താണെന്നു വെച്ചാൽ ഈ jungle സഫാരി കടന്നുപോകുന്ന വഴിയിലെ 90% കാഴ്ചകളും നമ്മുടെ KSRTCയിൽ 81 രൂപ ടിക്കറ്റിൽ കാണാം എന്നതാണ്.

കാടിനെ ഇഷ്ടമുള്ളവർക്ക് ഇവിടുത്തെ കൂടുതൽ tourism package വിവരങ്ങൾക്കായി www.parambikkulam.org എന്ന website സന്ദർശിക്കാം.
പറമ്പിക്കുളത്തിന്റെ ചരിത്രം ഗൂഗിൾ ചേച്ചിയോട് ചോദിച്ചപ്പോൾ അത്ഭുതപ്പെടുന്ന വിവരങ്ങളാണ് കിട്ടിയത്. 1907 – 1963 കാലഘട്ടത്തിൽ പറമ്പിക്കുളം മുതൽ ചാലക്കുടി വരെ ഒരു റെയിൽപാത പ്രവർത്തിച്ചിരുന്നു എന്നറിഞ്ഞപ്പോൾ വിശ്വസനീയമായിരുന്നില്ല.

പറമ്പിക്കുളം കാടുകളിൽ നിന്ന് തേക്കും ഈട്ടിയും ഈ മാർഗ്ഗം ചാലക്കുടി എത്തിച്ച്, അവിടുന്നു റോഡ് മാർഗ്ഗം കൊച്ചിയിൽ കൊണ്ടുവന്ന് കപ്പലിൽ കയറ്റിയയച്ചിരുന്നു. അന്നത്തെ കൊച്ചി രാജാവായിരുന്ന രാമവർമ്മ പതിനഞ്ചാമൻ ആയിരുന്നു Cochin State Forest Tramway യുടെ ഉപജ്ഞാതാവ്. ജർമനിയിൽ നിന്ന് ഉപകരണങ്ങൾ കൊണ്ടുവന്ന്, ബ്രിട്ടീഷുകാരുടെ സഹായത്തോടെ, പാലങ്ങളും തുരങ്കങ്ങളും ചെങ്കുത്തായ കയറ്റിറക്കങ്ങളോടും കൂടെ കൊടുംകാട്ടിൽ നിർമ്മിച്ച ഈ പാത, അക്കാലത്ത് തെക്കേ ഇന്ത്യയിലെ ഒരു എൻജിനീയറിങ് വിസ്മയം ആയിരുന്നത്രെ!! കൊച്ചി തുറമുഖത്തിന്റെ വികസനത്തിൽ പ്രധാനപങ്ക് വഹിച്ചത് ഈ പാതയിൽ നിന്നുള്ള വരുമാനമായിരുന്നു എന്ന് എത്ര പേർക്ക് അറിയാം?

സമീപ പ്രദേശങ്ങളിൽ റോഡ് ഗതാഗതം തുടങ്ങിയതോടെ പ്രവർത്തനം കുറഞ്ഞ പാത, 1953 ൽ ഡീ-കമ്മീഷൻ ചെയ്തു.
പിന്നീട് 1973ൽ പറമ്പിക്കുളം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുകയും, 2010ൽ കടുവ സംരക്ഷണകേന്ദ്രമാക്കുകയും ചെയ്തു. അപൂർവയിനം സസ്യങ്ങൾക്കും ജീവികൾക്കും, കാടർ മുതലായ ഗോത്രവിഭാഗങ്ങൾക്കും ആവാസകേന്ദ്രമായ ഇവിടം UNESCOയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള പരിഗണനയിലാണ്. വിരോധാഭാസം എന്തെന്നാൽ മുല്ലപ്പെരിയാർ പോലെ പറമ്പിക്കുളം ഡാമും തുണക്കടവ് ഡാമും കേരളത്തിലാണെങ്കിലും, അതിലെ ഭൂരിഭാഗം വെള്ളവും അധികാരങ്ങളും കാലഹരണപ്പെട്ട കരാർ പ്രകാരം തമിഴ്നാടിനാണെന്നാണ്.

12.25ന് ബോർഡ് മാറ്റി ബസ് തിരികെ പാലക്കാടേക്ക് യാത്ര തുടങ്ങി. വീണ്ടും എന്നെ അതേ സീറ്റിൽ കണ്ട കണ്ടക്ടർ ചേച്ചി, “അപ്പോൾ സ്ഥലം കാണാൻ ഇറങ്ങിയതാണല്ലേ?” എന്ന് ചിരിച്ചു തന്നെ ചോദിച്ചു. ഇങ്ങോട്ടുള്ള ടിക്കറ്റിൽ ബാലൻസ് കൊടുക്കാനുള്ളത് അങ്ങോട്ട് ഓർമിപ്പിച്ചു കൊടുത്തപ്പോൾ ആ ചിരി ഒന്നുകൂടി മിഴിവായി.

തിരികെയുള്ള യാത്രയിൽ ചിണുങ്ങി ചിണുങ്ങി മഴയും കോടമഞ്ഞും കൂടെ കൂടി. പോലീസ് സ്റ്റേഷനിൽ നിന്ന് ലീവിന് വീട്ടിലേക്ക് പോകാൻ കയറിയവർക്കും നാട്ടുകാർക്കുമെല്ലാം ഈ വണ്ടി അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കണ്ടപ്പോഴാണ്, എന്തിനീ നഷ്ടക്കണക്കായ ബസ് സർവീസ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നും, മുൻ ഗ്ളാസിൽ ഒട്ടിച്ച “I Love My KSRTC” സ്റ്റിക്കർ ചുമ്മാതല്ല എന്നും മനസ്സിലായത്.

ഈ ദുർഘടപാതയിൽ സർവീസ് നടത്തുന്ന, അത്ര കാലപ്പഴക്കമില്ലാത്ത ബസ് അനുവദിച്ച ചിറ്റൂർ ഡിപ്പോയ്ക്കും അതിലെ ജീവനക്കാർക്കും ഹൃദയത്തിൽ നിന്നൊരു Good Service Entry കൊടുക്കുന്നു. കോടമഞ്ഞേറ്റ് ചുരമിറങ്ങിയ നമ്മുടെ കൊമ്പന് പൊള്ളാച്ചി എത്താൻ 3 km ഉള്ളപ്പോൾ സംഭവിച്ച ടയർ പഞ്ചർ അതിനുമുമ്പ് ഉണ്ടായില്ല എന്ന ഭാഗ്യത്തോടെ, സ്റ്റാൻഡിൽ എത്തിച്ച്, നമ്മടെ ചേച്ചി വേറൊരു പാലക്കാട് KSRTC യിൽ എന്നെയും മറ്റൊരാളെയും ടിക്കറ്റ് റഫറൻസോടെ കയറ്റിവിട്ടു.

അത് മറ്റൊരു ഭാഗ്യമായത്, ആ ബസ് നേർവഴിക്ക് അല്ലാതെ മീനാക്ഷിപ്പുറം ചെക്ക്പോസ്റ്റ് താണ്ടി തത്തമംഗലം വഴി ആയിരുന്നു. മേഘങ്ങൾ കൊണ്ട് തല മൂടിയ മലനിരകൾ കണ്ട് പാടശേഖരങ്ങൾ കടന്നുള്ള ആ യാത്രയിൽ, തിരക്ക് കാരണം ഫോട്ടോ എടുക്കാൻ പറ്റിയില്ലെങ്കിലും നന്നായി ആസ്വദിച്ചു. 4.30യോടെ പാലക്കാട് KSRTC സ്റ്റാൻഡ് എത്തി.

കാഴ്ചകൾ എന്നെ ക്ഷീണിതനാക്കിയിരുന്നില്ല, എങ്കിലും ഇറങ്ങിയപ്പോൾ അങ്ങനെയായില്ല. അതിനാൽ പൊന്നാനിക്കുള്ള KSRTC FP ഒഴിവാക്കി ഞാൻ ഷൊർണൂർ നിന്ന് ട്രെയിനിൽ പോകാനായി ഒരു ഗുരുവായൂർ FP യിൽ കയറി. എറണാകുളത്തെ കനത്ത മഴ കാരണം മണിക്കൂറുകൾ വൈകി ട്രെയിനുകൾ ഓടുന്നതറിയാതെ, ഷൊർണൂർക്ക് ടിക്കറ്റ് എടുത്ത്, ജനൽ സീറ്റിലിരുന്ന് ഹെഡ്സെറ്റിൽ പാട്ടും വെച്ച് ഞാൻ അങ്ങനെ അങ്ങനെ. “സുൻ സുൻ സുന്ദരിത്തുമ്പീ… ചെം ചെം ചെമ്പകക്കൊമ്പിൽ… സും സും ചൂളം മൂളാൻ വാ…”

SHARE