റെയിൽവേയുടെ ‘ദിബ്രുഗഡ്‌ – കന്യാകുമാരി’ വിവേക് എക്സ്പ്രസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്ന യാത്രക്കാരെ സർക്കാർ ഷെൽട്ടറുകളിലേക്ക് മാറ്റുവാനായി തൃശ്ശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇന്നലെ (23.03.2020) രാത്രി കെ.എസ്.ആർ.ടി.സി ബസുകൾ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് സർവ്വീസ് നടത്തുകയുണ്ടായി.

തൃശ്ശൂർ ‘കില’യിലും (KILA) പാലക്കാട് വിക്ടോറിയ കോളേജിലും സജ്ജീകരിച്ച ഷെൽട്ടറുകളിലേക്ക് ഭൂരിഭാഗവും ആസാമിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളടങ്ങിയ യാത്രക്കാരെയാണ് സുരക്ഷിതമായി എത്തിച്ചത്.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ട്രെയിൻ പാലക്കാട്ട് എത്തിയത്. 131 യാത്രക്കാരെയാണ് വിക്ടോറിയ കോളേജിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്. പാലക്കാട്ട് ഇറങ്ങിയ യാത്രക്കാരിൽ 121 പേർ പുരുഷൻമാരും ഒമ്പത് പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെണ്ടറുമായിരുന്നു.

ശേഷിച്ച അമ്പത് യാത്രക്കാരുമായി ട്രെയിൻ തൃശൂരിലെത്തുകയായിരുന്നു. അവരെ കിലയിൽ ഒരുക്കിയ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ മാറ്റി. ഡോക്ടമാർ ഉൾപ്പെട്ട മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിച്ചു. പാലക്കാട് സ്റ്റേഷനിൽ അറുപതോളം വരുന്ന പൊലീസ് സംഘമാണ് യാത്രക്കാരെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചത്.

ഇതുകൂടാതെ തേനിയിൽ കുടിങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ മൂന്നാറിലേക്കെത്തിക്കണം എന്ന് ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് തേനിയിലേക്കും കെ.എസ്.ആർ.ടി.സി ബസ് അയച്ച് വിദ്യാർത്ഥികളെ മൂന്നാറിലെത്തിക്കുകയുണ്ടായി.

കർണാടകയിൽ നിന്നും അതിർത്തി ചെക്പോസ്റ്റായ തലപ്പാടിയിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന യാത്രക്കാരെ കാസർഗോഡ് എത്തിക്കുവാനായും കെ.എസ്.ആർ.ടി.സി ബസുകൾ കാസർഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം സർവ്വീസ് നടത്തി വരുന്നു.

അത്യാവശ്യഘട്ടത്തിൽ ജില്ലാ ഭരണകൂടം, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബസുകൾ വിട്ടുനൽകാൻ ക്രമീകരണം ഏർപ്പെടുത്തണമെന്നു ചീഫ് ഓഫിസിലെയും യൂണിറ്റുകളിലെയു ഓഫിസർമാരോടു എംഡി നിർദേശിച്ചു. സംസ്ഥാനത്തെ ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർവീസുകൾ നിർത്തിവച്ചിരിക്കുമ്പോൾ ഓഫിസ് പ്രവർത്തിക്കേണ്ടതു സംബന്ധിച്ച മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ചീഫ് ഓഫിസിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

“നിങ്ങളെ രക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി കടമയാണ്. കർത്തവ്യമാണ്… ആ ചുമതലാബോധം ഞങ്ങൾ എന്നെന്നും നിറവേറ്റുക തന്നെ ചെയ്യും” എന്നാണ് ഈ അവസരത്തിൽ കെഎസ്ആർടിസി പറയുന്നത്.

വിവിധ ദേശങ്ങളിൽ നിന്നായി നാട്ടിലെത്തുന്നവർ ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. ശാരീരിക അകലം… സാമൂഹിക ഒരുമ… കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം… എന്നും ജനങ്ങൾക്ക് സ്വന്തം…

SHARE