കോവിഡ് വന്നതോടെ എന്നെന്നേക്കുമായി നിലച്ചിരുന്ന റോഡിലെ കയ്യാങ്കളി ഇതാ വീണ്ടും. കോട്ടയത്താണ് സംഭവം. കോട്ടയം കുറുപ്പന്തറയിൽ പ്രൈവറ്റ് ബസിൻ്റെ അമിതവേഗത ചോദ്യം ചെയ്ത യുവാക്കൾക്ക് ബസ് ജീവനക്കാരുടെയടുത്തു നിന്നും കിട്ടിയ മറുപടി ക്രൂരമർദനമായിരുന്നു. കോട്ടയം എറണാകളം റൂട്ടിൽ ഓടുന്ന ആവേ മരിയ ബസിലെ ജീവനക്കാരാണ് നടുറോഡിൽ യുവാക്കളെ മർദിച്ചത്.

സംഭവം ഇങ്ങനെ – എറണാകുളത്തു നിന്നും കോട്ടയത്തേക്ക് സർവ്വീസ് നടത്തുന്നതിനിടെ ആവേ മരിയ ബസ് പുതുപ്പള്ളി സ്വദേശികളായ ബിബിൻ വർഗീസ്, എബ്രഹാം എന്നീ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഉരസുകയുണ്ടായി. ഇതോടെ യുവാക്കൾ ബസ് ഡ്രൈവറെ ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ ബസ് ഇതേ ബൈക്കിലും മറ്റൊരു സ്ക്കൂട്ടറിലും തട്ടിയത്രേ. തലനാരിഴയ്ക്കാണ് ഇരു വാഹനത്തിലും ഉണ്ടായിരുന്നവർ രക്ഷപ്പെട്ടതെന്നും കാഴ്ചക്കാർ പറയുന്നു. ഇതും ചോദ്യം ചെയ്തതോടെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് ജീവനക്കാർ യുവാക്കളെ മർദ്ദിക്കുവാൻ തുടങ്ങി.

നടുറോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് നടന്ന മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ ആരോ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിനിടെ നാട്ടുകാർ ഇടപെട്ട് ബസ്സുകാരെ പിടിച്ചു മാറ്റി യുവാക്കളെ രക്ഷിക്കുകയും, പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടുകയുമുണ്ടായി.

ഹെൽമറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഇരുവരുടേയും തലയ്ക്ക് പരുക്കുണ്ട്. ബസ് ജീവനക്കാർ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ബസിന് മുന്നിൽ ബൈക്കുമായി യുവാക്കൾ പലതവണ തടസം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം.

എന്തൊക്കെയായാലും ഇത്തരത്തിൽ കയ്യാങ്കളി നടത്തിയത് ഒട്ടും ന്യായീകരിക്കാവുന്ന ഒന്നല്ല. ബസ് ജീവനക്കാർ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് ഇനിയും വലിയ പ്രശ്‍നങ്ങളിലേക്ക് വഴിനയിക്കും. എന്തായാലും ഈ പ്രശാന്തിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് – മനോരമ ന്യൂസ്.

SHARE