മിത്സുബിഷിയുടെ കൈ പിടിച്ച് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് എയ്ഷർ , ആദ്യകാലത്ത് ഒരു പാട് ക്വാളിറ്റി ഇഷ്യൂസിന്റെ പേരിൽ പഴികെട്ട കമ്പനി വോൾവോയുമായി ചേർന്ന് പതിയെ പതിയെ മാറ്റങ്ങളുമായി വിപണിയിൽ വളർന്നു വന്ന കമ്പനിയാണ്. ആദ്യകാലത്ത് കുഞ്ഞൻ ടിപ്പർ ലോറികളിൽ തിളങ്ങി നിന്ന കമ്പനി Bs4ന്റെ വരവോടെയാണ് കേരള മാർക്കറ്റിൽ ബസ്സുകളിൽ ശക്തമായി കടന്ന് വന്നത്.

എയ്ഷറിന്റെ 20.15 എന്ന മോഡലായിരുന്നു Bs4 വരെ കമ്പനിയുടെ പ്രധാന MCV ചെസ്സിസ് . Bs4ൽ വോൾവോയുടെ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ചിരുന്ന മോഡൽ നല്ല മൈലേജ് നൽകിയിരുന്നു. സാമാന്യം നല്ല മൈലേജും ചെസ്സിസിന് വില കുറവും ആയിരുന്നത് കൊണ്ട് ടൂറിസ്റ്റ് ബസ്സിൽ തരംഗമാകാൻ 20.15ന് കഴിഞ്ഞു , നൈറ്റ് സർവീസ് നടത്തുന്ന നിരവധി സ്വകാര്യ ബസ്സ് ഓപ്പറേറ്റർമാരും 20.15 സ്വന്തമാക്കിയിരുന്നു. ഹൈറേഞ്ചിലും മറ്റും സെൻസർ ഇഷ്യൂവും ഇനിഷ്യൽ പിക്കപ്പ് കുറവും ആയിരുന്നു 20.15ന് കേട്ടിരുന്ന പോരായ്മ , പക്ഷെ ഇവ പരിഹരിച്ചാണ് Bs6 എയ്ഷർ എത്തുന്നത് എന്ന് കരുതുന്നു.

ഇപ്പോൾ Bs6ൽ 20.15നെ പിൻവലിച്ച് പകരം 6016 എന്ന പുതിയ മോഡലുമായി എത്തിയിരിക്കുകയാണ് എയ്ഷർ. വോൾവോയുടെ ഗ്ലോബൽ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച 5.1L VDEX5 4 സിലിണ്ടർ എഞ്ചിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് , ടാറ്റയും അശോക് ലൈലാന്റും ഓപ്‌ഷണലായി 6 സിലിണ്ടർ എഞ്ചിനോടൊപ്പം 4 സിലിണ്ടർ എഞ്ചിൻ മോഡലും നൽകിയപ്പോൾ എയ്ഷർ 4 സിലിണ്ടർ എഞ്ചിൻ മാത്രമാണ് MCV ചെസ്സിസിൽ നൽകിയിരിക്കുന്നത്.

● 5.1L 4 Cylinder VDEX5 Diesel engine
● 210Bhp @ 2200RPM
● 825Nm @ 1200~1600 RPM
● ET70S6 6 speed Gearbox

5132CC 4 സിലിണ്ടർ എഞ്ചിൻ 1200 മുതൽ 1600RPM വരെയാണ് പരമാവധി ടോർക്കായ 825Nm ഉത്പാദിപ്പിക്കുന്നത് , 210Bhp പവർ 2200RPMൽ ആണ് ഉത്പാദിപ്പിക്കുന്നത്. ഇതേ സെഗ്മെന്റിൽ വരുന്ന മറ്റ് മോഡലുകളുമായി നോക്കുമ്പോൾ 6016ന് പവർ കൂടുതൽ ഉണ്ട് ടോർക്ക് ടാറ്റ 1618മായി നോക്കുമ്പോൾ പക്ഷെ 25Nm കുറവാണ് , 4 സിലിണ്ടർ എഞ്ചിനായത് കൊണ്ട് മറ്റ് മോഡലുകളിലേ 6 സിലിണ്ടർ എഞ്ചിനുമായി നോക്കുമ്പോൾ പെർഫോമൻസ് ഏകദേശം ഒരേപോലെ ആയിരിക്കും. വോൾവോയുടെ എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റവും , ഡൻസോയുടെ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റാവുമാണ് ഈ എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്നത്.

2013 മുതൽ ഇന്ത്യയിൽ നിന്നും ഐഷർ ഏകദേശം 1 ലക്ഷത്തോളം Bs6 VEDX സീരീസ് എഞ്ചിനുകൾ 42 രാജ്യങ്ങളിക്ക് കയറ്റുമതി ചെയ്തിട്ടുണ്ട് , കൂടാതെ ഇന്ത്യയിൽ ആദ്യമായി Bs VI ബസ്സ് ചെസ്സിസ് വിപണിയിൽ എത്തിച്ചതും എയ്ഷർ ആണെന്ന് കമ്പനി അവകാശപെടുന്നു , Bs VI ടെക്നൊളജിയുള്ള മോഡലുകൾ ആകെ 56 ലക്ഷം കിലോമീറ്ററോളം ടെസ്റ്റ് നടത്തിയെന്നുമാണ് കമ്പനിയുടെ അവകാശം.

Bs6 മോഡലിൽ മറ്റ് നിർമ്മാതാക്കളെപോലെ തന്നെ എയ്ഷറും അനലോഗ് + ഡിജിറ്റൽ മീറ്റർ കൺസോൾ ആണ് നൽകിയിരിക്കുന്നത്. അനലോഗ് മീറ്ററിന് നടുവിലായി ഒരു TFT ഡിസ്‌പ്ലേ നൽകിയിരിക്കുന്നു , ഇത് വഴി വാഹനത്തിന്റെ എഞ്ചിനെ പറ്റിയുള്ള നിരവധി വിവരങ്ങളും മറ്റും ലഭിക്കുന്നു. വാഹനത്തിന്റെ മൈലേജ് , ആഡ് ബ്ലൂവിന്റെ ലെവൽ , ട്രിപ്പ് മീറ്റർ , ഓഡോമീറ്റർ തുടങ്ങിയവയെല്ലാം ഈ ഡിസ്പ്ലേയിൽ നിന്നും ലഭിക്കുന്നു.

കാറുകളിലും മറ്റും കാണുന്നതരം ഡ്രൈവ് മോഡലുകളും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. പവർ , എക്കോ , എക്കോ പ്ലസ് എന്നിങ്ങനെ 3 ഡ്രൈവ് മോഡുകൾ ഇതിൽ നൽകിയിരിക്കുന്നു , എക്കോയിലും എക്കോ പ്ലസ്സിലും വാഹനത്തിന്റെ പവർ നിശ്ചിത അളവിൽ കുറയുകയും എന്നാൽ കൂടുതൽ ഇന്ധക്ഷമത ലഭിക്കുകയും ചെയ്യുന്നു.

6016ന്റെ ഏറ്റവും വലിയ പ്രത്യേകത ക്രൂയിസ് കണ്ട്രോൾ ആണ്. ഈ സെഗ്മെന്റിലേ മറ്റ് ബസ്സുകളിൽ നിന്നും എയ്ഷറിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. ദീർഘദൂര ബസ്സുകളിലും മറ്റും ക്രൂയിസ് കണ്ട്രോൾ ഉപയോഗിക്കുന്നത് വഴി ദീർഘ ദൂര യാത്രയിൽ നിശ്ചിത വേഗം മെയിന്റെയിൻ ചെയ്യാൻ കഴിയുകയും അതുവഴി കൂടുതൽ ഇന്ധന ക്ഷമതയും ഡ്രൈവിംഗ് ആയാസരഹിതം ആവുകയും ചെയ്യുന്നു.

Bs6ൽ ചെസ്സിസിന്റെ സ്ട്രക്ച്ചറിന്റെ കനം വർധിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട് ഓവർഹാങ് കുറവുള്ള LP വേരിയന്റിലും ഫ്രണ്ട് ഓവർഹാങ് കൂടുതലുള്ള LPO വെരിയന്റിലും 6016 ലഭ്യമാണ്. 4200 mmലും 5340 mmലുമാണ് LP വേരിയന്റ് ലഭ്യം , 5340mm 5800mm വീൽബേസിലും 11.7മീറ്റർ നീളമുള്ള 6200 mm വീൽബേസിലും LPO ലഭ്യമാണ്.

LP വേരിയന്റിന് 250 ലിറ്ററും LPO വേരിയന്റിന് 425 ലിറ്ററുമാണ് ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി. LP വേരിയന്റിന് മുന്നിലും പിന്നിലും വെവല്ലർ സസ്‌പെൻഷനും LPO വേരിയന്റിന് മുന്നിലും പിന്നിലും വെവല്ലറും ഓപ്‌ഷണലായി പിന്നിൽ എയർ സസ്പെൻഷനിലും ലഭ്യമാണ്. 33 ലിറ്ററാണ് ആഡ്ബ്ലു ടാങ്കിന്റെ കപ്പാസിറ്റി. DDAC മോഡലായത് കൊണ്ട് 90 Ah കപ്പാസിറ്റിയുള്ള ഓൾട്ടർനേറ്ററാണ് നൽകിയിരിക്കുന്നത്. 2 വർഷം അൺലിമിറ്റഡ് കിലോമീറ്ററാണ് വാറന്റി.

കടപ്പാട് : ജയദേവ്, വാഹനമേളം; ചിത്രങ്ങൾ – ഓജസ് ഓട്ടോമൊബൈൽസ്.

SHARE