ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് വീണ്ടും പറക്കാനൊരുങ്ങുന്നു ദുബായ് മലയാളികളുടെ അഭിമാനമായി.

ഓപ്പൺ സ്കൈ പോളിസി വന്നശേഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ യാത്രാ വിമാന കമ്പനി 1991 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്. 1996 ൽ സ്ഥാപകൻ വർക്കല ഇടവ ഓടയം സ്വദേശി തഖിയുദ്ധീൻ വാഹിദിന്റെ മരണത്തെ തുടർന്ന് സർവീസ് നിർത്തിവയ്‌ക്കേണ്ടിവന്ന ചരിത്രത്തിന്റെ പുനർജനിയായി ദുബായിൽ നിന്ന് ഒരു സംഘം മലയാളികളുടെ പരിശ്രമഫലമായി 2020 നവംബറിൽ വീണ്ടും പറക്കാൻ ഒരുങ്ങുന്നു.

ആദ്യ സർവീസ് ദുബായിൽ നിന്ന് മുംബൈയിലേക്ക് നവംബർ 11 ന് പറക്കാനാണ് ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നത്. ദുബായിൽ നിന്നുള്ള ഏവിയേഷൻ ലൈസൻസിന്റെ കീഴിൽ പഴയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ അതേ ലോഗോയും കാഴ്ചപ്പാടും ഉപയോഗിച്ചുകൊണ്ടാണ് സർവീസ് പുനരാരംഭിക്കുക. ഇതിന്റെ പ്രാഥമിക ലൈസൻസിങ് നടപടികൾ പൂർത്തിയായതായി മുഖ്യ കോർഡിനേറ്ററും ഡയറക്ടറുമായ നൗഫൽ മമ്മൂട്ടി അറിയിച്ചു.

യുഎഇ യിലെ ഒരു പ്രമുഖ വിമാനക്കന്പനി ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സാന്പത്തിക ഇടപെടൽ നടത്തുകയുമാണ്. 700 മുതൽ 1000 ദിർഹം വരെയുള്ള ടിക്കറ്റ് നിരക്കാണ് ഉണ്ടാകുക. ഒരു സീസണിലും യാതൊരു കാരണവശാലും ഒരു ടിക്കറ്റിന് 1000 ദിർഹത്തിൽ അധികം ഉണ്ടാകില്ലെന്ന കാഴ്ചപ്പാടിലാണ് മുന്നോട്ടുപോകുന്നതെന്ന് നൗഫൽ പറഞ്ഞു. 40 കിലോ ലഗേജ് , 10 കിലോ ഹാൻഡ് ബാഗേജ് എന്നിങ്ങനെയാണ് സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുക.

ഇക്കണോമിക് ക്ലാസ് നിരക്കിൽ ബിസിനസ് ക്ലാസ് സർവീസ് നൽകുകയെന്നതാണ് ലക്‌ഷ്യം. ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരും സാധാരണക്കാരും ഒരു ബിസിനസ് എന്ന രൂപത്തിൽ എയർലൈൻസിനെ കാണുന്ന നിരവധി സഹകാരികളും പുതിയ ഈസ്റ്റ് വെസ്റ്റിന്റെ പ്രവർത്തനത്തിൽ മുന്നിലും പിന്നിലും ഉണ്ടാകുമെന്നും നൗഫൽ അറിയിച്ചു.

കേരളത്തിലെ എല്ലാ എയർ പോർട്ടുകളിലേക്കും സർവീസ് നടത്താനാണ് ശ്രമിക്കുന്നത്. എക്സ്പോ 2020 യുടെ ഭാഗമായി ദുബായിൽ നിന്ന് മികച്ച പിന്തുണയാണ് നൽകുന്നത്. എക്സ്പോ കാലയളവിൽ തന്നെ സർവീസ് നടത്താൻ തെരഞ്ഞെടുത്തതും തങ്ങളുടെ നയതന്ത്രപരതയുടെ പ്രതിഫലനമാണെന്ന് നൗഫൽ വ്യക്തമാക്കി. കണ്ണൂർ എയർ പോർട്ടിനെ കേരളത്തിലെ ഹബ് ആക്കാൻ ആലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം വിമാനങ്ങൾ ലീസിന് എടുത്താണ് സർവീസ് നടത്തുക. സ്വന്തം വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്താനും പദ്ധതി തയ്യാറാക്കി വരികയാണെന്നും നൗഫൽ അറിയിച്ചു. ആദ്യത്തെ 2 വർഷത്തേക്ക് 13 വിമാനങ്ങൾ ലീസിനെടുക്കും. ഏറെ സ്വപ്നം കണ്ടിരുന്ന കേരള എയർ സഫലമാകാത്ത സാഹചര്യത്തിൽ മലയാളികളുടെ ഒരു വിമാനക്കന്പനിക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കടപ്പാട് – Dubai വാര്‍ത്ത.

SHARE