ശബരിമല മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്തന്നെ അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി 14 ബസ്സുകള്‍ കൂടി നിരത്തിലിറക്കി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി വി.എസ്.ശിവകുമാറാണ് ബസുകള്‍ക്ക് ഫ്ളാഗ് ഓഫ് നടത്തിയത്. തീര്‍ത്ഥാടകരായ അയ്യപ്പഭക്തരുടെ സൌകര്യാര്‍ത്ഥം അടുത്ത ആഴ്ചയോടെ 25 ബസ്സുകള്‍ കൂടി നിരത്തിലിറക്കുമെന്നും മന്ത്രി അറിയിച്ചു.

12 ഫാസ്റ്റ്പാസഞ്ചര്‍ ബസ്സും രണ്ട് സൂപ്പര്‍ഫാസ്റ്റുമാണ് തീര്‍ത്ഥാടനത്തിനായി നിരത്തിലിറക്കിയത്. 15 പുതിയ ബസ്സുകള്‍കൂടി ശബരിമലയിലേക്ക് സര്‍വീസ് തുടങ്ങും. കെ.എസ്.ആര്‍.ടി.സി. 500 ബസ്സുകളുടെ ഷാസികള്‍ വാങ്ങിയതായും മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

മേയര്‍ അഡ്വ.കെ.ചന്ദ്രിക, കൌണ്‍സിലര്‍ ഹരികുമാര്‍, ട്രെയ്ഡ് യൂണിയന്‍ നേതാക്കളായ പി.ശശിധരന്‍, ആര്‍.അയ്യപ്പന്‍, തുടങ്ങിയവര്‍ സന്നിദ്ധരായിരുന്നു. കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ എസ്.വേണുഗോപാല്‍, കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.എം.ഇര്‍ഷാദ്, സലിംരാജ്, കൗണ്‍സിലര്‍ ഹരികുമാര്‍, ഡി.ടി.ഒ. കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

SHARE