മലയാളികളുടെ സ്വന്തം എംഫോണ്‍, 3 സ്മാര്‍ട്ട്‌ ഫോണ്‍ മോഡലുകളുമായി വിപണിയില്‍

ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയടെക് പ്രൊസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍

Aanavandi a private blog developed and maintained by Sujith Bhakthan & Team, with the goal of providing information about various public transport services in Kerala, including Kerala RTC services.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ 3 പുതു മോഡലുകളിറക്കി. ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ 50000ത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട്‌ ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.

www.mphone.in എന്ന സൈറ്റിന് പുറമേ ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക.

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ സ്റ്റേജ് ലോഞ്ചാണ് എംഫോണ്‍ സംഘടിപ്പിച്ചത്. പ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാന്‍റെ നേതൃത്വത്തില്‍ നടന്ന മ്യൂസിക്‌ ഷോയും പരിപാടിയോടു അനുബന്ധിച്ച് നടന്നു.

ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയടെക് പ്രൊസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, സോണിയുടെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍, തെളിമയാര്‍ന്ന ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഗയിറോ സെന്‍സറുകള്‍ എന്നിവയാണ് ഫോണുകളിലെ മറ്റ് സവിശേഷതകള്‍.

ചൈനയിലെ കമ്പനിയുടെ യൂണിറ്റിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നത്. ഡിസൈന്‍ ഗവേഷണ വിഭാഗം കൊറിയയിലാണ്. 60 വ്യത്യസ്ത സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായാണ് ഓരോ ഹാന്‍ഡ്‌സെറ്റും പണിയിലെത്തുന്നതെന്ന് എംഫോണ്‍ കമ്പനി അറിയിച്ചു.

വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്‌നോളജിയാണ് എംഫോണ്‍ 8-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാപിക്‌സല്‍ ഐഎസ്ഒ സെല്‍ പിഡിഎഎഫ് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍. 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയുള്ള എംഫോണ്‍ 8-ന്റെ വില 28,999 രൂപയാണ്.

ഒക്ടാകോര്‍ പ്രൊസസ്സര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി തുടങ്ങിയ സവിശേഷതകളോടെയുള്ള എംഫോണ്‍ 7 പ്ലസില്‍ 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 16 എംപി പിന്‍ക്യാമറ, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. വില 24,999 രൂപ.

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ തുടങ്ങിയവയാണ് എംഫോണ്‍ 6-ന്റെ സവിശേഷതകള്‍. ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഫോണ്‍ ആപ്പിന്റെ സഹായത്തോടെ യൂണിവേഴ്‌സല്‍ റിമോട്ടായും ഉപയോഗിക്കാന്‍ കഴിയും. 17,999 രൂപയാണ് ഇതിന്റെ വില.

ഉടന്‍ തന്നെ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമായി തുടങ്ങും. സ്മാര്‍ട്ട് ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.