വയനാട്ടിൽ സ്വകാര്യ ബസ്സുകാരുടെ ക്രൂരത വൃദ്ധനായ യാത്രക്കാരനോടും മകളോടും. ബസിൽ നിന്ന് പിടിച്ചു തള്ളിയതിനെത്തുടർന്നു വൃദ്ധനായ വയനാട് സ്വദേശി എം എം ജോസഫിൻ്റെ കാലിന്റെ എല്ലുകൾ പൊട്ടി. ഒപ്പമുണ്ടായിരുന്ന മകളുടെ കൈക്കും പരിക്കുണ്ട്. സംഭവം നടന്നത് ജനുവരി 16 നു വൈകുന്നേരം കൽപ്പറ്റ – ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എന്ന ബസിലാണ്.

മകളുടെ വിവാഹാവശ്യത്തിനായി ബത്തേരിയിൽ നിന്ന് അൻപത്തിനാലിലേക്ക് വരികയായിരുന്നു ജോസഫ്. ഒപ്പം മകൾ നീതുവും ഉണ്ടായിരുന്നു. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് എടുത്തതിനെത്തുടർന്ന് നീതു റോഡിലേക്ക് തെറിച്ചു വീണു. യാത്രക്കാരും കണ്ടുനിന്നവരുമെല്ലാം ബഹളം വെച്ചതിനെത്തുടർന്ന് അല്പം മുന്നോട്ടു മാറി ബസ് നിർത്തി. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

തള്ളിയതിനെത്തുടർന്ന് റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞു പോകുകയും ചെയ്തു. പരിക്കേറ്റു പിടഞ്ഞ ജോസഫിനെ ആശുപതിയിൽ എത്തിക്കുവാൻ പോലും ബസ്സുകാർ തുനിഞ്ഞില്ല എന്നും പരാതിയുണ്ട്. സമീപത്തുണ്ടായിരുന്ന കോളേജ് വിദ്യാർത്ഥികളും, ജീപ്പ് ഡ്രൈവർമാരുമൊക്കെ ചേർന്നാണ് ജോസഫിനെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ ബസിന്റെ ആളുകൾ എന്നു പരിചയപ്പെടുത്തി ചിലർ വന്നിരുന്നതായും, എന്നാൽ ഉടമയോ ജീവനക്കാരോ വന്നില്ലെന്നും മകൾ നീതു പറയുന്നു. കാലിനു ഗുരുതരമായി പരിക്കേറ്റ ജോസഫിന് ആശുപത്രി അധികൃതർ സർജ്ജറി നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ബസ്സിന്റെ ഉടമയെ ബന്ധപ്പെട്ടപ്പോൾ “തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്നും, ഇൻഷുറൻസ് ഉള്ളതിനാൽ അതുപ്രകാരം കാര്യങ്ങൾ നടക്കട്ടെ”യെന്നുമാണ് അയാളുടെ പ്രതികരണം. എന്നാൽ ബോധപൂർവ്വം തള്ളിയിട്ടിട്ടില്ലെന്നും തുടർ ചികിത്സ ഉറപ്പു വരുത്തുമെന്നും ബസ് ജീവനക്കാർ പറഞ്ഞു.

ബസ്സിൽ നിന്നും വീണതിനെത്തുടർന്നു നീതുവിന്റെ നടുവിനും ഇടതു കൈയ്ക്കും ചതവുണ്ട്. അടുത്ത മാസം പത്താം തീയതി നീതുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അതിന്റെ ആവശ്യങ്ങൾക്കായി മൈസൂരിൽ ജോലി ചെയ്യുന്ന നീതു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് വന്നത്.

സംഭവത്തെത്തുടർന്ന് നീതു പോലീസിൽ ബസ്സുകാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്ന റൂട്ടിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കുവാനായി സ്വകാര്യ ബസ്സുകാർ തിടുക്കം കാണിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ഇതുമൂലം വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് അപകടങ്ങൾ വരാറുമുണ്ട്. ഈ കാര്യത്തിൽ പരാതികളേറെയുണ്ടെങ്കിലും വേണ്ടപ്പെട്ടവർ ആരുംതന്നെ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നു വരുന്നുണ്ട്.

ഈ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർവാഹനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മറ്റു വിവരങ്ങൾ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

SHARE