എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കുട്ടമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഒരു ചെറുഗ്രാമമാണ് വടാട്ടുപാറ. വലിയപാറ, പിണ്ടിമന, കാവലങ്ങാട്, അയ്യമ്പുഴ, ഇസ്റ്റ് കുത്തുകുഴി, എന്നിവയാണ് വടാട്ടുപാറയുടെ സമീപസ്ഥങ്ങളായ ഗ്രാമങ്ങൾ. ഏറ്റവുമടുത്തുള്ള പട്ടണങ്ങളിൽ, കോതമംഗലം, തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടുന്നു.

ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ്. കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു തട്ടേക്കാടിലേയ്ക്ക് 16 കിലോമീറ്ററും ഭൂതത്താൻകെട്ടിലേയ്ക്ക് 14 കിലോമീറ്ററും ദൂരമാണുള്ളത്.

കോതമംഗലത്തു നിന്നും വടാട്ടുപാറയിലേക്ക് കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സർവ്വീസുകൾ ലഭ്യമാണ്. ഭൂതത്താൻകെട്ട് ഡാമിനു മുകളിലൂടെയാണ് ഇവിടേക്ക് ബസ് സർവ്വീസ് നടത്തുന്നത്. ഡാമിനു മുകളിലൂടെയുള്ള ഈ യാത്ര അതി മനോഹരം തന്നെയാണ്. ഡാം പിന്നിട്ടു കുറച്ചു കൂടി കഴിഞ്ഞാൽ പിന്നെ ഫോറസ്റ്റ് ഏരിയയായി. കാടിനു നടുവിലൂടെയുള്ള വഴിയിലൂടെയാണ് പിന്നീട് യാത്ര.

ചിലപ്പോഴൊക്കെ ഈ വഴിയിൽ ആന, കാട്ടുപോത്ത്, രാജവെമ്പാല തുടങ്ങിയവയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. സ്ഥിരയാത്രക്കാരായ നാട്ടുകാർക്കും, ബസ് ജീവനക്കാർക്കുമൊക്കെ ഇത് പതിവ് കാഴ്ചകളിൽ ഒന്നാണെങ്കിലും വല്ലപ്പോഴും യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് അത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്. നിരവധി തവണ ആനക്കൂട്ടങ്ങള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതുമൂലം ഈ പാതകളില്‍ വാഹനഗതാതം തടസ്സപ്പെട്ടിട്ടുണ്ട്. ചിലപ്പോഴോക്കെ മണിക്കൂറകള്‍ക്ക് ശേഷമാണ് ആനക്കൂട്ടം പാതയില്‍ നിന്നും പിന്‍വാങ്ങുന്നത്. 20 എണ്ണം വരെയുള്ള കൂട്ടമാണ് പാതകളിലേയ്ക്കിറങ്ങി വിഹരിക്കുന്നത്.

രാത്രി കാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര മരണം മുന്നില്‍ക്കണ്ടുള്ള ഞാണിന്മേല്‍ക്കളിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തവണ പ്രദേശവാസികള്‍ ഇവിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിനിരയിട്ടുണ്ട്. ചിലപ്പോഴൊക്കെ വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ പുലി, കടുവ മുതലായവയും ഇവിടെ പ്രത്യക്ഷപ്പെടാറുണ്ടത്രേ. വടാട്ടുപാറ – ഇടമലയാര്‍ മേഖലകള്‍ രാജവെമ്പാലകളുടെ പ്രധാന താവളം കൂടിയാണ് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഏഷ്യൻ ആന, ബംഗാൾ കടുവ, ചാമ്പൽ മലയണ്ണാൻ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളെ ഇവിടെയുള്ള വനമേഖലകളിൽ കണ്ടു വരുന്നു.

പട്ടണത്തിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണെങ്കിലും വടാട്ടുപാറ അൽപ്പം പ്രശസ്തിയുള്ള കൂട്ടത്തിലാണ്. പുലിമുരുകൻ, ശിക്കാർ, ശിക്കാരി ശംഭു, അശ്വാരൂഢൻ, ഒരു പഴയ ബോംബ് കഥ തുടങ്ങി ധാരാളം സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ മനസ്സിലായില്ലേ വടാട്ടുപാറയുടെ റേഞ്ച്. വടാട്ടുപാറയിൽ നിന്നും ഏകദേശം 4 – 5 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.

എറണാകുളം ജില്ലയിലെ ഒരു മികച്ച വാരാന്ത്യ വിനോദ സഞ്ചാരകേന്ദ്രമായി അറിയപ്പെടുന്ന വടാട്ടുപാറയിലെ പ്രകൃതിഭംഗിയും വനമേഖലകളിലെ വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങളും സന്ദർശകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഇന്നും ഗ്രാമ വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന വടാട്ടുപാറയിലേക്ക് ബസ്സിൽ ഒരു യാത്ര പോകണമെന്നുണ്ടോ? എങ്കിൽ നേരെ കോതമംഗലം ബസ് സ്റ്റാൻഡിലേക്ക് വിട്ടോളൂ.

SHARE