ഒരു മികച്ച കൊറിയൻ ഹൊറർ ത്രില്ലർ എന്നോ സർവൈവൽ ത്രില്ലർ എന്നോ വിശേഷിപ്പിക്കാവുന്ന സിനിമ. ഭാഷ കൊറിയൻ ആയത് കൊണ്ട് സംഭാഷണങ്ങൾ മനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ട് തോന്നുമെങ്കിലും കഥ സിനിമ കാണുന്ന പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സബ് ടൈറ്റിൽ ഉപയോഗിച്ച് സംഭാഷണങ്ങളും മനസ്സിലാക്കി എടുക്കാൻ സാധിക്കും.

കൊറിയയിലെ ഒരു നഗരത്തിൽ ആണ് ഫണ്ട്‌ മാനേജർ ആയി ജോലി നോക്കുന്ന സിയോക് വൂ തന്റെ മകൾ സൂ-ആനിനും പ്രായമായ അമ്മയ്ക്കും ഒപ്പം താമസിക്കുന്നത്. സിയോക് വൂവിന്റെ ഭാര്യ അയാളിൽ നിന്നും പിരിഞ്ഞ്‌ ദൂരെ ഉള്ള ബുസാൻ എന്നാ നഗരത്തിൽ ആണ് താമസം. മകളുടെ നിരന്തരമായ നിർബന്ധം കാരണം സിയോക് വൂ മകളോടൊപ്പം ബുസാനിലേക്ക് സൂ ആനിന്റെ അമ്മയെ കാണാൻ ട്രെയിനിൽ പുറപ്പെടുന്നിടത്തു നിന്നും ആണ് സിനിമാ വികസിക്കുന്നത്.

അന്നേ ദിവസം രാവിലെ തന്നെ നഗരത്തിൽ എന്തോ അസാധാരണമാം വിധം നടക്കുന്നതായി പ്രേക്ഷകനെ കാണിക്കുന്നുണ്ട്, അവിടം മുതൽ പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ട്. അന്ന് വൈകിട്ട് ആണ് സിയോക് വൂ മകളോടൊപ്പം ട്രെയിനിൽ ബുസാനിലേക്ക് പുറപ്പെടുന്നത്, അവർ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറുന്നു.

പുറത്ത് ഈ സമയം ആളുകൾക്ക് ഒരു അസുഖം പടർന്നു പിടിക്കുകയാണ്. ഇൻഫെക്ട് ആകുന്നവർ സോംബികൾ ആയി മാറുന്നു. ട്രെയിൻ വിടാൻ തുടങ്ങുന്ന സമയം അത്തരത്തിൽ മുറിവുകളുമായി ഒരു പെൺകുട്ടി ട്രെയിനിൽ കയറുകയും പിന്നീട് സോംബി ആയി മാറുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നിടത്തു നിന്നും പ്രേക്ഷകൻ കൂടി ആ ട്രെയിനിൽ അകപ്പെടുന്ന ഒരു പ്രതീതി ആണ് ഉണ്ടാകുന്നത്.

സിയോക് വൂവിനും മകൾക്കും ഒപ്പം യാത്ര ചെയ്യുന്ന മറ്റ് ചിലരും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നത് തന്നെ ആണ്. ഗർഭിണി ആയ ഭാര്യയോടൊപ്പം യാത്ര ചെയ്യുന്ന സാങ് വാ, ഒരു സ്കൂളിന്റെ ബേസ് ബോൾ ടീം, നഗരത്തിൽ സോംബികൾ ഉണ്ടാകുന്നത് കണ്ട് ഭയന്ന് ട്രെയിനിൽ കയറുന്ന യാചകൻ എന്ന്‌ തോന്നിപ്പിക്കുന്നയാൾ അങ്ങനെ കുറേ ഏറെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ.

അങ്ങനെ കുറേയേറെ ട്രെയിൻ യാത്രക്കാരുടെ ജീവന് വേണ്ടി ഉള്ള പോരാട്ടവും, നിസ്സാഹായതയും, നിറഞ്ഞ രംഗങ്ങൾ ആണ് സിനിമയിൽ ഉടനീളം. നെഞ്ചിടിപ്പോടെ കണ്ടിരിക്കുന്ന പ്രേക്ഷകനിൽ നൊമ്പരം ഉണ്ടാക്കുന്ന സിനിമയുടെ ക്ലൈമാക്സ് ഉണ്ടാക്കുന്ന ഫീൽ ചെറുതല്ല.

2016 ൽ ഇറങ്ങിയ ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ആണ്. സാധാരണ സോംബി ചിത്രങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് സിനിമയുടെ പ്ലോട്ട് തന്നെ ആണ്. കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്. ഒരു മികച്ച കലാസൃഷ്ടിക്കും, കലാ ആസ്വാദകനും ഭാഷയും വേഷവും തീർക്കുന്ന അതിർ വരമ്പുകൾ ഒന്നുമല്ല എന്നതിനെ അടിവര ഇട്ട് ഉറപ്പിക്കുന്ന ചിത്രം കൂടി ആണ് ട്രെയിൻ ടു ബുസാൻ.

നെറ്റ് ഫ്ലിക്സിൽ ഇംഗ്ലീഷ് സബ് ടൈറ്റിൽനൊപ്പം ഈ ചിത്രം ലഭ്യമാണ്. ടെലഗ്രാമിൽ മലയാളം സബ് ടൈറ്റിൽന് ഒപ്പവും ഈ ചിത്രം ലഭ്യമാണ്.

മൂവി റിവ്യൂ: ബിപിൻ ഏലിയാസ് തമ്പി.

SHARE