സാധാരണ കബനിയിൽ നിന്നും ആലുവയ്ക്ക് തിരികെയുള്ള എന്റെ യാത്ര HD കോട്ടയിൽ നിന്നും കർണാടകയിലെ കൊച്ചു കാർഷിക ഗ്രാമമായ ഹൊസൂർ (ബാംഗ്ലൂർ പോകുന്ന വഴിയുള്ള ഹൊസൂർ അല്ലാട്ടോ) വന്ന് അവിടെനിന്നും നാഗർഹോളെ നാഷണൽപാർക്ക് വഴി തോൽപെട്ടി. തോൽപെട്ടിയില്നിന്നും കാട്ടികുളം, മനന്തവാടി വഴി വന്ന് ചുരം ഇറങ്ങിയാണ്. പക്ഷെ മോഹനേട്ടന് ആ വഴി പോക്ക് ദഹിക്കുമോ എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് രാത്രി റൂമിൽ കിടക്കുമ്പോൾ പതിയെ അനീഷിനോട് ചോദിച്ചു, “എന്തായാലും നമ്മൾ ഒരു ദിവസംകൂടി ഇവിടെ തങ്ങാൻ തീരുമാനിച്ചതാണ്. എന്നാൽ നമുക്ക് അതുവഴി പൊന്നാലോ” എന്ന്?? കേട്ടപാടെ അവൻ റെഡി, പിന്നെ മോഹനേട്ടനെ കൺവിൻസ് ചെയ്യലായി.

ആ പാപഭാരം എന്റെ തലയിൽ വച്ചു തന്നിട്ട് അവൻ കയറികിടന്ന് പോത്തുപോലെ ഉറങ്ങി. ഞാൻ മോഹനേട്ടനെ സോപ്പിടാനും. കഴിഞ്ഞ രണ്ട് തവണ അതിലെ വന്നപ്പോൾ കരടിയെ കണ്ടതും, ഒരിക്കെ വണ്ടിക്ക് കുറുകെ ചാടിയ പുള്ളിപുലിയെ പറ്റിയും പറഞ്ഞപ്പോൾ മോഹനേട്ടനും ഉഷാറായി. കാലത്തെ 4.30 ന് അലാറംവച്ച് സുഖമായി കിടന്നുറങ്ങി. തലേദിവസത്തെ യാത്രാ ക്ഷീണംകൊണ്ട് നന്നായി ഉറങ്ങി.

4.30ന് അലാറം കേട്ട് ഞാനും അനീഷും ഉണരുമ്പോൾ പ്രഭാതകർമങ്ങൾ കഴിഞ് ഞങ്ങൾക്കായി കാത്തിരിക്കുന്ന മോഹനേട്ടനെയാണ് കാണാൻ കഴിഞ്ഞത്. കാട്ടിൽ കയറിയാൽ പിന്നെ ഈ പറഞ്ഞ പരിപാടികൾ തീരെ കുറവായതിനാൽ ഞങ്ങൾ ഒരു 20 മിനിറ്റിനുള്ളിൽ റെഡി ആയി. അങ്ങനെ 5.10 ന് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് പുറത്തിറങ്ങി. 5.50 ന് ഞങ്ങൾ നാഗർഹോളെ ചെക്ക്പോസ്റ്റ് എത്തി. അവിടെ എത്തിയപ്പോൾ കാണാൻ കഴിഞ്ഞതോ ഞങ്ങളെക്കാൾ മുന്നേ കുറച്ച് വണ്ടികൾ എത്തിയിരിക്കുന്നതാണ്. ആദ്യമേ എത്തിയിരുന്നെങ്കിൽ മൃഗങ്ങളെ കാണാനുള്ള സാധ്യത കൂടുതലാണ് എന്നുള്ള എന്റെ വാചകം കേട്ടപ്പോൾ മോഹനേട്ടന്റെ മുഖം തെല്ലൊന്ന് വാടി.

സന്ധ്യക്ക് 6 മണിക്ക് ചെക്ക്പോസ്റ്റ് അടച്ചാൽ ആനകളുടേയും, പുലികളുടേയും, കടുവകളുടേയും വിഹാരകേന്ദ്രമാണ് നാഗർഹോളെ. അത് കാലത്ത് 6 മണിക്ക് ചെക്ക്പോസ്റ്റ് തുറക്കുന്നത് വരെ കൂടുതലായി ഉണ്ടാകും. ഇവിടെയാണ് ഞാൻ എന്റെ എക്സ്പീരിയൻസ് പുറത്തെടുത്തത് (ഇതെല്ലാം നിമിഷനേരം കൊണ്ട് നടന്നതാണെട്ടോ). അവിടെ നിർത്തിയിട്ടിരുന്ന വണ്ടികൾ എല്ലാം റോഡിന് സൈഡാക്കി ഇട്ടിരുന്നതിനാൽ ഞാൻ ഒന്നും അറിയാത്തവനെ പോലെ വണ്ടി ഏറ്റവും മുന്നിലേക്ക് കയറ്റിയിട്ടു. ഇതുകണ്ട് എന്റെ പിറകിൽ വന്ന രണ്ടുവണ്ടികൂടി എന്നെ അനുഗമിച്ചു.

അങ്ങനെ കൃത്യം 6മണിക്ക് ചെക്ക്പോസ്റ്റ് തുറന്നു. വണ്ടിയിൽ നിന്ന് ചാടി ഇറങ്ങിയ ഞാൻ ആദ്യമേ എൻട്രി ടിക്കറ്റ് മേടിച്ചെടുത്തൂ. പക്ഷെ വണ്ടി ചെക്ക് ചെയ്യാൻ വന്ന ഫോറസ്റ്റ്ഗാർഡ് വണ്ടിയിൽ ക്യാമറ കണ്ടപ്പോൾ കൈക്കൂലി ആവശ്യപ്പെട്ടു. ഞങ്ങൾ നിരസിച്ചപ്പോൾ “വണ്ടി എവിടെയെങ്കിലും നിർത്തിയാൽ പിഴ അടക്കേണ്ടിവരും, 100 രൂപ കൂടുതൽ തന്നാൽ 10 മിനിറ്റ് സമയം മാറ്റി എഴുതിത്തരാം” എന്ന് പറഞ്ഞു. 100 രൂപ പോകുന്നെങ്കിൽ പോകട്ടെ എന്ന് വിചാരിച്ച് ഞങ്ങൾ 10 മിനിറ്റ് കൂടുതൽ വാങ്ങിച്ചു (ഇനി ബിരിയാണി വല്ലതും കിട്ടിയാലോ?).

പൊതുവെ ആ വഴിയുള്ള യാത്ര നല്ല അനുഭവങ്ങൾ തരുന്ന എനിക്ക് ഇത്തവണയും അതിന് മുടക്കം ഉണ്ടായില്ല. ഹനുമാൻ കുരങ്ങിന്റെ പതിവില്ലാത്ത രീതിയിലുള്ള ശബ്ദം കേട്ടാണ് അനീഷ് എന്നോട് വാഹനം പതുക്കെ ഓടിക്കാൻ പറഞ്ഞത്. അവന്റെ അനുമാനം തെറ്റിയില്ല കുറച്ച് മുന്നോട്ടെടുത്തപ്പോൾ അതാ നിൽക്കുന്നു മൂന്ന് നാല് കാട്ടുനായ്ക്കൾ (ചെന്നായ അഥവാ Dhole). ഞങ്ങളെ കണ്ടതും അവന്മാർ നേരെ കാടിന് അകത്തേക്ക് കയറി. അതിൽ ഒരുവൻ മാത്രം പുറത്തുനിന്ന് ഞങ്ങളെ ഒന്ന് നോക്കി കൊഞ്ഞനം കുത്തികാണിച്ച് അകത്തേക്ക് കയറിപ്പോയി. പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ കുറച്ച് മാനുകളെയും, മയിലിനെയും, കാട്ടുപോത്തിനെയും മാത്രമേ കാണാൻ ദർശന ഭാഗ്യം ലഭിച്ചൊള്ളൂ, കൂടെ കുറച്ച് പേരറിയാത്ത പക്ഷികളും. വണ്ടി നിർത്തി ഫോട്ടോ എടുക്കരുത് എന്ന ഫോറസ്റ്റ് നിയമം പാലിക്കേണ്ടതിനാൽ അതിന്റെയൊക്കെ ഫോട്ടോയെടുക്കാൻ നിന്നില്ല.

തോൽപെട്ടി കഴിഞ് തിരുനെല്ലി ‘തെറ്റ്’ റോഡിൽ എത്താറായപ്പോൾ മോഹനേട്ടന് ഒരു ആഗ്രഹം, തിരുനെല്ലി അമ്പലത്തിൽ ഒന്ന് പോയാലോ എന്ന്. കേട്ടപാതി ഞാൻ വണ്ടി വളച്ചു, നേരെ തിരുനെല്ലി റോഡിലേക്ക്. റോഡിലേക്ക് കയറിയതും കുറച് മുന്നിലായി ഒരു കാർ നിർത്തിയിരിക്കുന്നു. ഞങ്ങളുടെ വണ്ടി അവരുടെ തൊട്ടടുത്ത് എത്തിയതും എന്റെ തൊട്ടപ്പുറത്തെ സൈഡിൽ നിന്നും അനീഷിന്റെ ഒരു അലർച്ച ” ദേ ഒരു ഒറ്റയാൻ”. ഞാനും മോഹനേട്ടനും അവന്റെ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു ഒത്ത മുതൽ റോഡിന് സൈഡിലായി നിൽക്കുന്നു. താടാമുട്ടെ മദജലം ഒലിച്ച്, മദത്തിന്റെ ഉന്മാദലഹരിയിൽ തന്റെ പ്രിയതമയെ കാണാൻ കാത്തുനിൽക്കുന്ന (കുറച്ചുകൂടി റൊമാൻസ് ചേർക്കേണ്ടതാണ് പക്ഷെ ചിലർക്കെങ്കിലും ആരോചകം ആയി തോന്നിയാലോ എന്ന് വിചാരിച്ച് നിർത്തുന്നു), നാട്ടാനയിൽ അഴകും ആകാരവും ഉള്ള നമ്മുടെ പാമ്പാടി രാജനെവെല്ലുന്ന ഒരു ഒന്നൊന്നര ഒറ്റയാൻ.

അവൻ റോഡ് മുറിച്ചുകിടക്കാനുള്ള തിടുക്കത്തിലാണ്, എന്നാൽ കാറുകാരനോ അവന് വഴിമാറികൊടുക്കാതെ അവനെ പിന്തുടരുന്നു. അവൻ അവരെ മറികടക്കാൻ മുന്നോട്ട് നടക്കുമ്പോൾ അവർ വണ്ടി മുന്നോട്ടെടുക്കും. അവൻ പതിയെ നിന്ന് തിരിച്ചുനടക്കുമ്പോൾ അവർ പിന്നോട്ട് വണ്ടിയെടുക്കും. കാട്ടിൽ കയറിയാൽ പോക്രിത്തരം കാണിക്കൽ ചില അവന്മാരുടെ രീതിയാണല്ലോ? ആനകൾ പൊതുവെ റോഡ്‌മുറിച്ച് കടക്കുമ്പോൾ അവരുടെ സേഫ്സോൺ നോക്കുക പതിവാണ്. പൊതുവെ വണ്ടികൾ തീരെ ഇല്ലെങ്കിലോ, അതല്ലെങ്കിൽ ഏകദേശം 100, 200 മീറ്റർ ഗ്യാപ്പ് കിട്ടിയാലോ മാത്രമേ അവറ്റകൾ റോഡ് മുറിച്ച് കടക്കൂ. ഇതറിയാവുന്ന ഞങ്ങൾ വണ്ടി ഒരു നൂറുമീറ്റർ പുറകോട്ടെടുത് മാറ്റി നിർത്തി.

ആനയെ കുറച്ച്‌ നേരം അരിശം കയറ്റിയിട്ട് അവന്മാർ വണ്ടിമുന്നോട്ടെടുത്തു പോയി. ഏകദേശം ഒരു 10 മിനിറ്റ് ഞങ്ങൾ വണ്ടി അനക്കാതെ നിർത്തിയിട്ടു. പക്ഷെ അവൻ ഞങ്ങളെ കണ്ടഭാവം നടിക്കാതെ അവിടെ നിൽക്കുകയാണ് ചെയ്തത്. ഇത് കണ്ടിട്ടാണ് ഞാൻ വണ്ടി മുന്നോട്ടെടുത്തത്. പക്ഷെ ഞാൻ വണ്ടി എടുത്തതും ആന ഞങ്ങളുടെ നേരെ ചീറിയടുത്തു. അവന്മാരോടുള്ള ദേഷ്യം മുഴുവൻ അവൻ ഞങ്ങളിൽ തീർക്കുമോ എന്ന് ഞങ്ങൾ മൂവരും ചിന്തിച്ച് വിറച്ചു. ഫോട്ടോ എടുക്കാൻ ക്യാമറ കയ്യിൽ പിടിച്ചിരുന്ന അനീഷിന്റെ കൈയിൽനിന്ന് ക്യാമറ തെറിച്ച് വണ്ടിയിൽ വീണു. പെട്ടെന്നുള്ള അവന്റെ ആക്രമണം എന്നെ തെല്ല് ഭയപ്പെടുത്തി. എങ്കിലും പൊടുന്നനെ മനോബലം കൈവരിച്ച ഞാൻ വണ്ടി നൂറെ നൂറിൽ പുറകോട്ടെടുത്തു.

കുറച്ച് ദൂരം ഞങ്ങളെ പിന്തുടർന്ന അവൻ ഞങ്ങളെ കിട്ടില്ല എന്നായപ്പോൾ അരിശം മുഴുവൻ റോഡരികിൽ നിൽക്കുന്ന മരത്തിൽ തീർത്തിട്ട് “നിന്നെ ഞാൻ പിന്നെ എടുത്തോളാമെടാ” എന്ന മട്ടിൽ ഒരു ചിഹ്നം വിളിച്ച്‌ കാട്ടിലേക്ക് മറഞ്ഞു. ഒറ്റയാനിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഞങ്ങൾ നേരെ തിരുനെല്ലി എത്തി പാപനാശിനിൽ ഒരുനല്ല കുളി പാസാക്കി തിരുനെല്ലി തേവരെ കണ്ടുവണങ്ങി. തിരിച്ചു വരുമ്പോൾ നായരേട്ടന്റെ കടയിൽനിന്ന് 3 കൂട് ഉണ്ണിയപ്പം പാർസൽ വാങ്ങി നേരെ ആലുവാക്ക് തിരിച്ചു. യാത്ര ശുഭം.

വിവരണം – C U ശ്രീനി, Special Thanks- K.C.Aneesh,Mohan C.P, Bijulal koduvally, Pic courtesy-Mohan.C.P.

SHARE