എഴുത്ത് – ‎Manoj Sujatha Mohandas.

അപ്പൻ പോലീസിൽ ആയിരുന്നു. പുള്ളി മരിക്കുമ്പോൾ എനിക്ക് വയസ്സ് 2 ആണെന്ന അമ്മച്ചി പറഞ്ഞത്. സമയം നോക്കിയപ്പോൾ 10 മണിയായി. ശെടാ ഇപ്പോഴും ഇവിടെയൊന്നും രാത്രി ഈ നേരത്തങ്ങനെ വണ്ടിയൊന്നും വരില്ലായോ?

അമ്മച്ചി പറഞ്ഞിട്ടാണ് ഇങ്ങോട്ട് പോന്നത് തന്നെ. അപ്പൻ പോയേപ്പിന്നെ അമ്മച്ചിയെന്നേം കൊണ്ട് നാട്ടിലേക്ക് വന്നു. ഞാൻ ആണേൽ ആദ്യമായിട്ടാണ് കോട്ടയത്തും. അപ്പൻ ഭർത്താവ് എന്ന നിലയിൽ അത്ര കുഴപ്പമില്ലായിരുന്നെങ്കിലും, നാട്ടുകാർക്ക് ചെറ്റയാണ് എന്ന അമ്മ തന്നെ പറഞ്ഞേക്കുന്നത്.

ഇങ്ങനെ മരിച്ചു പോയ കെട്ടിയോനെ പറയണമോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരിത്തി ഒന്നേ പറഞ്ഞുള്ളു. നീ കോട്ടയത്തുപോയി ഇന്നയാളുടെ മോനാ എന്ന് പറഞ്ഞാൽ കേൾക്കുന്ന അത്രയൊന്നും വരില്ല എന്ന്. ഇത്രയും ആലോചിച്ചു നിന്നപ്പോഴാണ്, ഹോൺ മുഴക്കിക്കൊണ്ട് ഒരു പഴയ ലോറി വളവ് തിരിഞ്ഞു ലൈറ്റ് കത്തിച്ചു വരുന്നത് കണ്ടത്.

എന്ത് വന്നാലും ഇതിൽ കയറി പോവണം എന്നുറപ്പിച്ചതിനാൽ കയ്യ് നല്ലോണം അങ്ങ് വീശി. എന്തോ ഭാഗ്യത്തിന് മുന്നിൽ തന്നെ വണ്ടി ചവിട്ടി തന്നു. “എവിടെക്കാ? ” ഒരു കനത്ത ശബ്ദം ഉള്ളിൽ നിന്ന് കേട്ട്, വെളിച്ചക്കുറവ് ഉള്ളത്കൊണ്ട് ആളുടെ രൂപമത്ര വ്യക്തമല്ല. “പാലയിലേക്കാ…” എന്ന് ഞാൻ പറഞ്ഞതും കയറിക്കോളാൻ പുള്ളിക്കാരൻ പറഞ്ഞു.

അകത്ത് കയറിയിരുന്നപ്പോൾ ഇത്തിരി ആശ്വാസമായി. കക്ഷി വണ്ടി മുന്നോട്ട് നീക്കി. കാണാൻ ഇത്തിരി തടിയൊക്കെയുള്ള താടിവെച്ചോരു രൂപം. നരയൊക്കെയുണ്ട്, ഒരു 50 വയസ്സിനു മേലെ പറയും. പിന്നിലേക്ക് ഒന്ന് നോക്കി ഞാൻ ആളോട് ചോദിച്ചു “എന്താ ലോഡ് തടിയാണോ?? ”

“ഹേയ് അല്ല ലോഡോന്നുമില്ല. എന്റെ കൊച്ചാപ്പന്റെ വീട് വരെ ഒന്ന് പോയതാ. ഇവിടെയടുത്ത, പുള്ളിക്ക് മില്ലും എസ്റ്റേറ്റും ഒക്കെയുണ്ടായിരുന്നു. ആള് പോയതിനു ശേഷമത് എന്റെ പേരിലായി. എനിക്കെന്തിനാ അത്രയും സ്വത്ത് അതുകൊണ്ട് ഞാനത് പള്ളിക്ക് കൊടുത്തു. അതുകൊണ്ട് ആളുടെ വീടിപ്പോൾ അനാഥാലയമാണ്. ആഴ്ചയിലൊരിക്കൽ ഞാൻ പോവും.” “ഓഹ് അതുശരി. ” ഞാൻ എന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു.

“അല്ല കൊച്ചെന്താ ഇവിടെ. കല്യാണം വല്ലതും ഉണ്ടായിരുന്നോ.? ” ആളെന്നോട് ചോദിച്ചു. “അല്ലല്ല, ഞങ്ങളിവിടെ മുന്പുണ്ടായിരുന്നതാണ്. അപ്പൻ മരിച്ച ശേഷം അമ്മയുടെ നാട്ടിലേക്ക് പോയി, തൃശ്ശൂര്. ഇവിടെ അങ്ങനെയാരും ബന്ധുക്കൾ എന്ന് പറയാനില്ല. എനിക്കാണേൽ College Professor ആയി ജോലി കിട്ടി, ഈയടുത്ത്. അപ്പോൾ ഇന്നാള് ഒരു ദിവസം അമ്മ പറഞ്ഞു, നീ ഇവിടെ വന്നൊരാളെ കാണണം, അയാൾക്ക് വിരോധമില്ലെങ്കിൽ കാര്യം അറിയിക്കണം, നമുക്കയാളോട് ഒരു ദേഷ്യവുമില്ലെന്നും നഷ്ടങ്ങൾ രണ്ടുഭാഗത്തും ഉണ്ടായി എന്നും പറയാൻ പറഞ്ഞു.” ഞാനത് പറഞ്ഞപ്പോൾ പുള്ളിയെന്തോ ചിന്തിച്ചു എന്ന് തോന്നുന്നു, ഇത്തിരി ഗ്യാപ്പ് വന്നു.

“അപ്പനെന്തായിരുന്നു പണി? മരിച്ചിട്ട് കുറേയായോ? ” അത്രയും ചോദിച്ചു. “ഇവിടെ എസ് ഐ ആയിരുന്നു. മരിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു, മരിച്ചതല്ല കൊന്നതാണ്.” ഞാനിത് പറഞ്ഞു തീർന്നതും sudden brake ഇട്ട് പുള്ളി വണ്ടി നിർത്തി, ലൈറ്റ് തെളിയിച്ചു.

അപ്പോഴാണ് വണ്ടിയുടെ ഉള്ളിൽ റേഡിയോ ഞാൻ ശ്രദ്ധിച്ചത്, അതിനൊരു സോപ്പ് പെട്ടി രൂപമായിരുന്നു. “ഇത് കൊള്ളാലോ.. ” എന്ന് പറഞ്ഞു ഞാൻ തൊടാൻ പോയപ്പോഴാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അങ്ങേരു ചോദിച്ചത്. “കുറ്റിക്കാടന്റെ?”

അപ്പനെ അറിയാവുന്ന ആളാണല്ലോ അമ്മച്ചി പറഞ്ഞപോലെ പ്രാക്ക് വരുമോ എന്ന് പ്രതീക്ഷിച്ചാണ് ഞാൻ മറുപടി പറഞ്ഞത്. “മകനാണ്, എബിൻ.” ഒരു മകനോടുള്ള വാത്സല്യം കൊണ്ടോ എന്തോ എന്റെ തലയിലൊന്ന് തടവി. “നന്നായി.. അമ്മച്ചിയോട് പറയണം, ഒരു മാപ്പ് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന്. ”

അപ്പോഴാണ് എന്റെ മുന്നിലുള്ളത് എന്റെയപ്പനെ കൊന്ന ആളാണ് എന്ന് ഞാൻ മനസ്സിലാക്കിയത്. ആ പേര് ഞാൻ മറക്കില്ല. “തോമ….. ആ… ” ഞാനൊരു നിമിഷം ഒന്ന് തപ്പി. “ആട് തോമ, തോമസ് ചാക്കോ എന്ന് ശരിക്കും വിളിക്കാം. എനിക്കതാണ് ഇഷ്ടവും. ” മുഴുമിപ്പിച്ചു അയാളെന്നെ നോക്കി.

“പ്രതികാരം ചെയ്യാൻ വന്ന ആളൊന്നുമല്ല ഞാൻ. അപ്പൻ ചെയ്ത നെറിക്കേടൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്. നിങ്ങളാണേൽ അതിന്റെ പേരിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പിന്നെന്തിനാ.. ” ആ ഒരു ഷോക്കിൽ തോമയോട് കൂടുതലൊന്നും പറയാൻ എനിക്ക് കിട്ടിയില്ല.

“അമ്മ വളർത്തിയ മകനായത് കൊണ്ടാവാം, നിനക്കതിനു കഴിഞ്ഞത്. അപ്പന്റെ ദൂഷ്യങ്ങളൊന്നും ഇല്ല എന്ന് നിന്നെ കണ്ടാലേ അറിയാം.” ലോറി ഇതിനകം ഒരുപാട് മുൻപോട്ട് പോയിരുന്നു.

ഒടുവിൽ പാലായിൽ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഒന്നുകൂടി അങ്ങേര് പറഞ്ഞു, “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അല്ല ഇനി പ്രതികാരം ചെയ്തേ പറ്റൂ എന്നൊരു തോന്നൽ ഉണ്ടായാൽ വരാൻ മടിക്കേണ്ട. ഇവിടെ വന്നു പഴയ ചാക്കോ മാഷിന്റെ വീടെവിടെ എന്ന് ചോദിച്ചാൽ മതി.”

എന്നെ നോക്കി ഒന്ന് തലയാട്ടി വണ്ടിയുടെ ഉള്ളിലെ വെളിച്ചം കെടുത്തി അയാൾ പോയി. അത് പോവുന്നത് നോക്കിനിന്നപ്പോഴാണ് പിന്നിൽ എഴുതിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. സ്‌ഫടികം…!

SHARE