അനുഭവക്കുറിപ്പ് – മുഹമ്മദ്‌ ഷിയാസ്.

ഈയിടെ ഒരു ദിവസം രാത്രി 7 മണിക്ക് എറണാകുളത്ത് നിന്ന് വരുമ്പോൾ ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷൻ കഴിഞ്ഞു ഗവൺമെന്റിന്റെ ഒരു ഫർണിച്ചർ ഫാക്ടറിയുടെ അടുത്തതായി NH നു നടുവിലായി ഒരു കാർ നിർത്തിയിരിക്കുന്നത് പെട്ടെന്നാണ് കണ്ടത്. വണ്ടി ഇടിച്ചേനെ. ഞാൻ ലെഫ്റ്റ് സൈഡിലൂടെ വെട്ടിച്ച് കയറി പോകുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ സ്റ്റിയറിങ്ങിൽ തലവച്ചു കിടക്കുന്നതു കണ്ടു.

കാറോടിച്ചു കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ എന്തോ ഒരു അസ്വഭാവികത പോലെ തോന്നി. പോയിട്ട് തിരക്ക് ഉണ്ടായിരുന്നു. സർവീസ് ഫോണുകൾക് ആളുകൾ വെയിറ്റ് ചെയ്യുന്നു എന്നും പറഞ്ഞു വാപ്പ വിളിക്കുന്നുണ്ട്. എന്നാലും അടുത്ത യു ടേൺ എടുത്തു ഞാൻ വേഗം തിരിച്ച് അവിടെ ചെന്ന് എന്റെ വണ്ടി ഒതുക്കിയിട്ട് നോക്കി. ഒരാൾ ഡ്രൈവിംഗ് സീറ്റിൽ സ്റ്റിയറിങ്ങിൽ തലവച്ച് കിടക്കുന്നു നല്ല ഉച്ചത്തിൽ പാട്ട് വച്ചിരിക്കുന്നു. വണ്ടി കിടക്കുന്നത് റോഡിന് നടുക്ക്. പാർക്ക് ലൈറ്റ് ഒന്നും ഇട്ടിട്ടില്ല. ഏത് സമയം വേണമെങ്കിലും പുറകിലൂടെ വന്ന് വണ്ടി ഇടിക്കാം.

ഞാൻ ക്ലാസ്സിൽ തട്ടി ഉറക്കെ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചു. തല ഇടയ്ക്ക് അനക്കുനത് അല്ലാതെ അറിയുന്നില്ല. വണ്ടിയുടെ പുറകിൽ ആയി നിന്ന് കൈ കാണിച്ച് വണ്ടികൾ തിരിച്ചുവിട്ടു. എന്നിട്ട് ഞാൻ 100ലേക്ക് ഡയൽ ചെയ്യാൻ തുടങ്ങുമ്പോൾ ആയിരുന്നു സിഗ്നൽ ഇട്ട് കൊണ്ട് ഒരു പോലീസ് വണ്ടി വരുന്നത് കണ്ടത്. ഞാൻ കൈകാണിച്ചു വണ്ടി നിർത്തി.

ഞാൻ കരുതിയത് സംഭവം അറിഞ്ഞു കൊണ്ടു വരുന്നതാണ് എന്നാണ്. പക്ഷേ പോലീസ് ജീപ്പിൽ ഉണ്ടായിരുന്നത് ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ്. ഞാൻ വണ്ടി ഓടിച്ചിരുന്ന പോലീസുകാരനോട് കാര്യം പറഞ്ഞു. അവർ വേഗം വണ്ടി നിർത്തി. വണ്ടിയിൽ ഉണ്ടായിരുന്നത് ഡിവൈഎസ്പി ആയിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം ഇറങ്ങി.

ഞങ്ങൾ എല്ലാവരും കൂടി തട്ടിത്തട്ടി കുറെ വിളിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന് അനക്കമില്ല. ഞങ്ങൾ ആദ്യം മദ്യപിച്ചു കിടക്കുന്നത് ആണെന്നാണ് കരുതിയത്. പോലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ അടുത്തുള്ള സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു. സിഐ ആണെന്ന് തോന്നുന്നു ഉടനെ വന്നു. സിഐ ഗ്ലാസിൽ തട്ടി കുറെ വിളിക്കാൻ ശ്രമിച്ചു.

രക്ഷ ഇല്ലാതായപ്പോൾ അദ്ദേഹം ഒരു കല്ലെടുത്തു ബാക്കിലെ ഡോർ ഗ്ലാസ് പൊട്ടിച്ച് ഒരുകണക്കിന് ഡോർ തുറന്നു. സിഐയുടെ കയ്യിൽ ഒക്കെ കുറച്ചു മുറിവേറ്റിരുന്നു. കാറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് വെള്ളവും മറ്റും ഒഴിച്ചു നോക്കി. എന്നിട്ടും അനക്കമില്ല. അപ്പോഴേക്കും കുറെ ആളുകൾ കൂടിയിരുന്നു. ഉയർന്ന ഉദ്യോഗസ്ഥൻ അപ്പോൾ അവരോട് അകലം പാലിച്ചു നിൽക്കാൻ പറഞ്ഞു.

മദ്യത്തിന്റെ മണം ഒന്നും ഉണ്ടായിരുന്നില്ല. ഒരു നേഴ്സും ആ കൂട്ടത്തിൽ അവിടെ ഉണ്ടായിരുന്നു. അവർ first aid ചെയ്തു. ആംബുലൻസ് വിളിച്ചു വരാൻ വേണ്ടി വെയിറ്റ് ചെയ്തു. കുറച്ചുകഴിഞ്ഞ് കാണാതായപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളും പോലീസും കൂടി അദ്ദേഹത്തെ അപ്പുറത്തെ സീറ്റിലേക്ക് മാറ്റിക്കിടത്തി. എന്നിട്ട് ആ കാറിൽ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

പിന്നീട് അടുത്ത ദിവസം എന്റെയൊരു പോലീസ് സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചപ്പോളാണ് കാറിൽ ഉണ്ടായിരുന്നത് ആലപ്പുഴയിൽ ഉള്ള ഒരു പൂജാരി ആയിരുന്നെന്നും, പ്രഷർ കുറഞ്ഞു പോയതാണെന്നും, ആൾ രക്ഷപെട്ടെന്നും അറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ആ പൊലീസ് ഉദ്യോഗസ്ഥനും മറ്റു പോലീസുകാർക്കും സഹായിച്ചവർക്കുമെല്ലാം ബിഗ് സല്യൂട്ട്. ഒരുപക്ഷേ നാളെ നമ്മളും ഇതുപോലെ കിടക്കാം. മദ്യപിച്ചു കിടക്കുന്നു എന്ന് കരുതി അവഗണിച്ചു പോകരുത്.

SHARE