കുറിപ്പ് – വിനീത വിജയൻ, കെഎസ്ആർടിസി കണ്ടക്ടർ.

ഇത് ഇവിടെ ഇങ്ങനെ കിടക്കട്ടെ… ഈ കാലവും കഴിഞ്ഞ് പോകും. അപ്പോഴേക്കും വീണ്ടും വെള്ളാന എന്നും മറ്റനേകം പദങ്ങളാലും നിങ്ങള് ഞങ്ങളെ അധിക്ഷേപിക്കും, അല്ല ആദരിക്കും. അന്നും വെറുതെ ഓർക്കാനായി ഇതിവിടെയിങ്ങനെ കിടക്കട്ടെ.

എവിടെയും സോഷ്യൽ ഡിസ്റ്റൻസിങ് അടക്കമുള്ള കൊറോണ പ്രതിരോധ നടപടികളാണ്. ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാൻ ഉള്ള ആഹ്വാനങ്ങൾ. ഇതിനിടയിൽ ആരാലും ഓർക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ ഞങ്ങളിങ്ങനെ ഇവിടെയുണ്ട്.

30 പേരിൽ കൂടുതലുള്ള ഒരാൾക്കൂട്ടങ്ങളും പാടില്ല എന്ന് പറയുന്നിടത്താണ്, നൂറിലധികം പേരുമായി ഒരു KSRTC ബസ് ഓടുന്നത്. 50 പേർക്ക് ഇരിക്കാൻ കഴിയുന്ന ബസ്സിലാണ് ഇത്രയും ആളുകൾ.. ഇവരിൽ ഒരാൾക്ക് എങ്കിലും ഈ വൈറസ് ബാധ ഉള്ള ഒരു സാഹചര്യം ഓർത്തു നോക്കൂ.. ഈ നൂറോളം പേര് ഇനിയെത്രധികം പേരോട് ഇടപഴകും. അവരു പിന്നെയും മറ്റനേകം പേരോട്. ഇത്രയും ഒക്കെ ഉണ്ടായിട്ട് ‘ഗോ കൊറോണ ഗോ’ പാടിയിട്ടു എന്താ കാര്യം!

“ചേച്ചി, പെട്ട് പോയി, എങ്ങനേലും പയ്യന്നൂർ എത്തണം, വണ്ടി കാണുമോ” എന്നൊക്കെ ഒരുതരം പകപ്പോടെ ചോദിക്കുന്ന ഒരുപാട് പേരെ ഇന്ന് കണ്ടൂ. അങ്കലാപ്പാണ് ഓരോ മുഖങ്ങളിലും, അല്ലെങ്കിൽ കാര്യങ്ങൾക്ക് വേണ്ട ഗൗരവം കഴിഞ്ഞ ദിവസങ്ങളിൽ കൊടുത്തില്ല എന്ന് വേണം കരുതാൻ.

ബസ് ബോർഡ് വച്ച് സ്റ്റാൻഡിൽ പിടിച്ചപ്പോൾ തന്നെ സ്റ്റെപ്പ് വരെ ആളുകൾ നിറഞ്ഞു. അകത്തോട്ടു കയറാൻ പോലും വയ്യാത്ത തിരക്ക്. ഇപ്പൊൾ നാം നേരിടുന്ന സാഹചര്യം കൂടി ഓർക്കണം. വീട്ടിൽ നിന്ന് കരുതിയ മാസ്‌കും ഗ്ളവസും മാത്രമാണ് പ്രതിരോധ സാധനങ്ങൾ. സ്‌റ്റെപ്പിൽ നിന്ന് അകത്തേയ്ക്ക് കയറാൻ പോലും വയ്യാതെ, മറ്റെന്ത് ചെയ്യാനാണ്? നിസ്സഹായത ഓർത്ത് പലപ്പോഴും കണ്ണ് നിറഞ്ഞു. ഇവരൊക്കെ വീട്ടിൽ എത്താനുള്ള തത്രപ്പാടിലല്ലേ, സാരമില്ല എന്ന് സ്വയം ആശ്വസിപ്പിച്ചു. അപ്പോഴും മനസ്സിൽ ആയിരം ചോദ്യങ്ങളും ബാക്കി ആകുന്നു.

സോഷ്യൽ മീഡിയയിലും മറ്റ് മീഡിയകളും ഒക്കെ മറ്റെല്ലാരും ചെയ്യുന്ന ഓരോരോ കുഞ്ഞ് പ്രവർത്തികൾ പോലും അങ്ങേയറ്റം ആദരവോടെ ആഘോഷിക്കുന്നത് കാണുമ്പോൾ അഭിമാനത്തോടൊപ്പം തീർച്ചയായും ഒരു നൊമ്പരം ഉള്ളിലൂറുന്നുണ്ട്.
ആരാലും പറഞ്ഞു പോകാതെ, ഓർത്തു പോലും പോകാതെ ഞങ്ങളിവിടെ ഉണ്ട്. അഞ്ചോ ആറോ മണിക്കൂർ മാത്രം ആയുസ്സുള്ള ഒരു മാസ്‌ക്കിന്റെയും കയ്യുറയുടെയും ഇടയ്ക്ക് ഇറ്റിക്കുന്ന ഒരു തുള്ളി സാനിട്ടൈസറിന്റെയും ബലത്തിൽ നിങ്ങളെയിങ്ങനെ ചേർത്ത് നിർത്തുന്നുണ്ട്, നിങ്ങളിലേക്ക് എത്തുന്നുണ്ട്.

രൂപക്കൂടിനുള്ളിൽ നിർത്തി ആരാധിക്കേണ്ട, പാത്രങ്ങളോ കയ്യോ കൂട്ടിയടിച്ച് അനുമോദിക്കേണ്ട, അലിവോടെ തോളത്ത് ഒന്ന് തട്ടിയാൽ, സ്നേഹത്തോടെ ഒരു പുഞ്ചിരി നീട്ടിയാൽ അത് മതിയാകും. പക്ഷേ, പലപ്പോഴും അതുപോലും അന്യമാകുന്നുണ്ടെന്ന് ഇവിടെ അല്ലാതെ മറ്റെവിടെ പറയാൻ.

SHARE