ആശുപത്രി അധികൃതരുടെ പിഴവുകൾ മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവർ നമ്മുടെ സമൂഹത്തിൽ ഏറെയാണ്. ആ സമയത്തു പത്രങ്ങളിലും വാർത്താ ചാനലുകളിലുമൊക്കെ ഒരു വാർത്തയായി ഇതെല്ലാം ഒതുങ്ങുന്നു. വായനക്കാരായ നമ്മളെല്ലാം ഇത് മറക്കുകയും ചെയ്യും. എന്നാൽ അവരുടെ ഉറ്റവരുടെ അവസ്ഥയോ? അത് വല്ലാത്തൊരു അവസ്ഥ തന്നെയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയുടെ ഫലമായി സ്വന്തം പ്രിയതമയെ നഷ്ടപ്പെട്ട വേദന പങ്കുവെയ്ക്കുകയാണ് രജനീഷ് രഘുനാഥ് എന്ന വ്യക്തി. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു…

“ഇന്ന് അവൾ (Ashitha L Vijayan) ഈ ലോകത്തോട് വിടപറഞ്ഞിട്ട് ദിവസങ്ങളായി. പക്ഷെ 29 ഡിസംബർ 2019 അന്നാണ് എനിക്ക് എല്ലാം നഷ്ടപെട്ടത് സ്വപ്‌നങ്ങളും, ജീവിതവും പിന്നെ അവളെയും. അവളെ എന്നിൽ നിന്ന് അകറ്റിയത് Credence ഹോസ്പിറ്റലിലെ ചികിത്സാപ്പിഴവും അനാസ്ഥയുമാണെന്ന് ഞാൻ അടിവരയിട്ട് പറയുന്നു. ഒരു minor സർജറി – കൂടിപ്പോയാൽ ഒരു മണിക്കൂർ, അന്ന് വൈകിട്ട് തന്നെ ഡിസ്ചാർജ് ചെയ്യും, 2 ദിവസത്തെ rest ഇതൊക്കെ ആയിരുന്നു അവളെ ചികിൽസിച്ചു Dr. ശാന്തമ്മ മാത്യു നമ്മളോട് പറഞ്ഞിരുന്നത്. അത് പ്രകാരം ഞാനും അവളും ജനുവരി 5-ന് അബുദാബിക്ക് തിരികെ പോകാൻ ടിക്കറ്റും ബുക്ക് ചെയ്‌തിരുന്നു.

30 ഡിസംബർ രാവിലെ surgery-ക്ക് കൊണ്ട് പോകാൻ അവളെ wheelchair-ൽ lift-ൽ കയറ്റി lift -ൻറെ വാതിലുകൾ പാതിയടഞ്ഞപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കിയിരുന്നു,. അവളുടെ ആ അവസാന നോട്ടം എന്റെ മനസ്സിൽ നീറിനിൽക്കുന്നു. surgery-ക്കു ശേഷം എന്നെ അവളെ കാണിക്കാൻ വിളിച്ചപ്പോളും അവൾ കണ്ണ് തുറന്നില്ല എന്നെ നോക്കീല. അവൾ sedation-ൽ ആണെന്നും വൈകിട്ട് 4 മണിയോട്‌കൂടി റൂമിൽ കൊണ്ട് വന്ന ശേഷം ഡിസ്ചാർജ് ചെയ്യും എന്ന ഡോക്ടറുടെ ഉറപ്പിന്മേൽ ഞാൻ തിരികെ റൂമിലേക്ക്‌ പോയി.

ഒരു മണിക്കൂറിനു ശേഷം എന്നെ Dr. ശാന്തമ്മ മാത്യു വിളിപ്പിച്ച ശേഷം ഞാൻ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. എന്റെ എല്ലാമായ അവൾ കണ്ണ് തുറന്നു ചലനമറ്റ് കിടക്കുന്നത്. അവൾക്കു cardiac arrest വന്നെന്നും വിദഗ്ദ്ധചികിത്സക്കായ് KIMS-ലേക്ക് കൊണ്ട് പോകാനും നിർദേശിച്ചു. പക്ഷെ എല്ലാ checkup-ഉം നടത്തി അവർ തന്നെ അഡ്മിഷൻ OK ആക്കിയ അവൾക്കു എങ്ങനെ കാർഡിയാക് അറസ്റ്റ് വന്നതെന്ന എന്റെ ചോദ്യത്തിന് അവർ തന്ന ഉത്തരം അറിയില്ല എന്നായിരുന്നു.

പക്ഷേ KIMS-ലെ ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു ഇത് anesthesia procedure-ലെ ചികിത്സ പിഴവ് കൊണ്ട് ഉണ്ടായ cardiac arrest ആണെന്ന്. അവൾക്കും എനിക്കും വന്ന അവസ്ഥ ഇനി ഒരാൾക്കും വരാതിരിക്കാൻ Credence ഹോസ്പിറ്റലിനെതിരെ നിയമനടപടിയുമായി ഏതറ്റംവരെയും മുന്നോട്ട് പോയി അവൾക്കു നീതി ലഭിക്കും വരെ പോരാടും. അവളുടെ മരണത്തിനു ഉത്തരവാദികൾ ആരായാലും ദൈവം എന്നൊരാളുണ്ടെങ്കിൽ അവർക്കു തക്കതായ പ്രതിഫലം കിട്ടിയിരിക്കും.

Surgery-ക്ക് 2 ദിവസം മുന്നെയും അവൾ പറഞ്ഞതാണ് അവൾ ഭാഗ്യവതിയാണെന്ന്. പക്ഷേ അവൾ അത്യാസന്ന നിലയിൽ കിംസ് ഹോസ്പിറ്റലിലെ ICU-ൽ കിടന്നപ്പോൾ Dr. മുരളി എന്നോട് പറഞ്ഞു എനിക്ക് ഭാഗ്യത്തിൻറെ ഒരു കണിക പോലുമില്ലെന്ന്. അതെ അത് സത്യമാണ്. ജീവിതത്തിലെ ഏതു വിഷമഘട്ടത്തെയും തരണം ചെയ്യാൻ അവളുടെ ആ ചിരി മാത്രം മതിയായിരുന്നു. പക്ഷെ ആ പൂ പോലത്തെ ചിരി ഇനി ഇല്ലെന്ന് സങ്കൽപ്പിക്കാൻകൂടി വയ്യ. സർജറി കഴിഞ്ഞു റൂമിൽ വരുമ്പോൾ കൊടുക്കാൻ അവൾക്കു ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റ് ഞാൻ കരുതിയിരുന്നു പക്ഷെ…

എൻ്റെ ജീവിതത്തിലെ വിളക്കായിരുന്നു അവൾ. 2020 അവൾക്കു ഏറ്റവും പ്രതീക്ഷയുള്ള വർഷമായിരുന്നു. പക്ഷെ അവളുടെ ജീവൻ അപഹരിച്ചവർ അവളെ അതിനു അനുവദിച്ചില്ല. ഞാൻ സഫലീകരിക്കാമെന്നേറ്റ അവളുടെ പല ആഗ്രഹങ്ങൾക്കും വേണ്ടി അവൾ കാത്തുനിന്നില്ല. എന്നെ ഒരു കടക്കാരനാക്കി ഒറ്റയ്ക്കാക്കി അവൾ യാത്രയായി. അതിൻ്റെ വിങ്ങൽ എന്നും എൻ്റെ നെഞ്ചിലുണ്ടാകും.

അവളുടെ ആഗ്രഹങ്ങളൊക്കെ ചെറുതും നിഷ്കളങ്കവുമായിരുന്നു. അച്ഛന്റെ ഓർമയുടെ മണമുള്ള കിഴക്കേകോട്ട Devan’s-ലെ ഷാർജയുടെ മധുരം, കടൽതീരത്ത് തിരമാലക്കൂട്ടങ്ങൾക്കിടയിലൂടെ കാൽവെച്ചു കൈപിടിച്ചു നടക്കുക – അങ്ങനെ അങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ അവൾക്കു ആയിരം നാവായിരുന്നു. പിന്നെ പാലാ അവൾക്കു ഈ ഭൂമിയിലെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം – പാലായുടെ സൗദര്യവും, മീനച്ചലാറ്റിലെ വെള്ളപ്പൊക്കവും, St. Thomas college-ലെ അനുഭവങ്ങളും പങ്കുവെയ്കാത്ത ദിവസങ്ങൾ വിരളമായിരുന്നു. അവൾ പങ്കുവെച്ചതെല്ലാം ഇന്നും ഒരു മായചിത്രം പോലെ മനസ്സിലുണ്ട്.അവൾ സ്നേഹിച്ച അവളെ സ്നേഹിച്ച എല്ലാ നല്ലവരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾക്ക് നന്ദി.

അവളുടെ നഷ്‌ടം ഇതുവരെ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല, അവൾ എന്നും എന്റെ കൂടെ തന്നെയുണ്ട് . അവളുടെ ആത്മാവ് അച്ഛന്റെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ ഞാൻ അവളുടെ ദൈവങ്ങളോട് അവസാനമായി പ്രാർത്ഥിക്കുന്നു.”

SHARE