ഒരുകാലത്ത് ഉത്സവ, പെരുന്നാൾ പറമ്പുകളിലെ കളിപ്പാട്ടക്കടകളിലെ താരമായിരുന്നു പിങ്ക് നിറത്തിൽ കാണുന്ന ഈ ബോട്ട്. നമ്മുടെയൊക്കെ കുട്ടിക്കാലം അവിസ്മരണീയമാക്കിയ ഈ ബോട്ട് പിറവി എടുത്തത് ആറു പതിറ്റാണ്ടു മുൻപ് കോട്ടയം ചിങ്ങവനത്തു നിന്നാണ്.
ബോട്ടിലെ കുഴലിൽ വെള്ളം നിറച്ചു, പാത്രത്തിൽ ഇറക്കിവച്ച ശേഷം തിരി കത്തിച്ചു വയ്ക്കുന്നതോടെ ടുക്-ടുക് ശബ്ദത്തോടെ ബോട്ട് ഓടിത്തുടങ്ങും. ഏവർക്കും നൊസ്റ്റാൾജിയ പകരുന്ന ഈ ബോട്ട് നിർമാണം ഇപ്പോഴും തുടരുന്ന ഒരു കാരണവരുണ്ട് കോട്ടയത്തെ ചിങ്ങവനത്ത്. 74 വയസ്സുള്ള തുണ്ടിയിൽ സുകുമാരൻ. സുകുമാരൻ ചേട്ടന്റെ വീടിനോടനുബന്ധിച്ചുള്ള ഷെഡിൽ ആവശ്യക്കാർക്കു വേണ്ടി ഈ ‘ബോട്ട് പണിപ്പുര’ ഇപ്പോഴും സജീവം.
ഈ ബോട്ട് കേരളത്തിൽ വന്ന കഥ കേൾക്കണമെങ്കിൽ 60 വർഷം പിന്നിലേക്ക് പോകണം. കോട്ടയം ജില്ലയിലെ ചിങ്ങവനം തുണ്ടിയിൽ എ.പി.കരുണാകരനാണ് അന്യനാട്ടിൽ വരെ ഈ ബോട്ടിന് പേരുണ്ടാക്കിയ ശിൽപി. ഒരിക്കൽ ഒരു ഉത്സവപ്പറമ്പിൽ കണ്ട ജപ്പാൻ നിർമിത കളിബോട്ടാണ് കരുണാകരനെ സ്വന്തമായി ബോട്ട് നിർമാണത്തിനു പ്രേരിപ്പിച്ചത്. കരുണാകരന്റെ ശിഷ്യനായിരുന്നു സുകുമാരൻ. കരുണാകരൻ ഇന്ന് ജീവിച്ചിരിപ്പില്ല.
ഇപ്പോൾ കഴിഞ്ഞ 40 വർഷമായി സുകുമാരന്റെ മേൽനോട്ടത്തിലാണ് കളിബോട്ട് നിർമാണം നടന്നു വരുന്നത്. പിച്ചളയും വെളുത്തീയവും ഉപയോഗിച്ചാണ് ബോട്ടിന്റെ നിർമാണം. കോയമ്പത്തൂരിൽ നിന്നാണ് നേരത്തേ ഇവ എത്തിച്ചിരുന്നത്. പിച്ചള കൈ കൊണ്ട് മുറിച്ചു ‘കോട്ടി’യുണ്ടാക്കി ഈയം കൊണ്ടു വിളക്കിയായിരുന്നു പഴയ നിർമാണം. ഇപ്പോൾ പിച്ചളയുടെ കഷണങ്ങൾ അച്ച് ഉപയോഗിച്ച് അമർത്തിയ ശേഷം വെളുത്തീയവും കറുത്തീയവും ചേർത്തു സോൾഡർ ചെയ്താണ് നിർമാണം.
മുൻപ് സീസൺ സമയത്ത് ഒരു മാസം 5000 ബോട്ടുകൾ വരെ ഇവിടെ നിർമിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത്രയധികം ഉൽപ്പാദനമില്ല. കാലത്തിനനുസരിച്ചുള്ള വില വർധന ഈ ബോട്ടിനുണ്ടായിട്ടില്ല. 25 – 30 രൂപ വിലയ്ക്ക് കടകളിൽ ലഭിക്കും എന്നാണ് അറിവ്. കാര്യമായ ലാഭമില്ലെങ്കിലും ആവശ്യക്കാരുടെ സ്നേഹത്തിനു വഴങ്ങി ഇപ്പോഴും ബോട്ട് നിർമാണം ഉപേക്ഷിക്കാതെ തുടരുകയാണ് സുകുമാരൻ ചേട്ടൻ.
വീഡിയോ ഗെയിമുകളും മൊബൈൽഫോണുകളുമെല്ലാം വരുന്നതിനു മുൻപ് ഒരു തലമുറയൊന്നാകെ വീട്ടിലെ ബക്കറ്റിലും, കുളത്തിലും, തോടുകളിലുമെല്ലാം ഓടിച്ചു രസിച്ചിരുന്ന ആ കളിബോട്ട്ഒരിക്കൽക്കൂടി ഓടിക്കണമെന്നു തോന്നുന്നില്ലേ? ആ കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ…
കടപ്പാട് – മനോരമ ഓൺലൈൻ.


















