വിവരണം – Irshad Kt.

‘തേരി ആംഖോൻ കി നംകീൻ മസ്തിയാൻ, തേരി ഹാൻസി കി ബേപർവാഹ് ഗുസ്താഖിയാൻ,  തേരി സുൽഫോൺ കി ലെഹരാതി അംഗഢിയാൻ, നഹി ബൂലൂൻഗ മേം, ജബ് തക് ഹൈ ജാൻ , ജബ് തക് ഹൈ ജാൻ…’ ഹെഡ്സെറ്റിലൂടെ ചെവിയിലേക്ക് തുളച്ചു കയറുന്ന വരികൾ കേട്ട് കിടക്കുമ്പോൾ കുവൈത്തിന്റെ വിരസമായ പ്രവാസ രാത്രികൾ സമ്മാനിച്ച മടുപ്പിൽ മനസ്സിനുള്ളിൽ ഒരുക്കി വെച്ച യാത്ര. ആ വരികൾ പ്രണയാർദ്രമായ സ്വപ്‌നങ്ങൾ ഉള്ളിൽ നിറച്ചപ്പോൾ അണിയറയിൽ പ്രണയിനിയോടൊത്തു പ്രകൃതിയോട് അലിഞ്ഞു ചേർന്നുള്ള ഒരു യാത്ര ഒരുങ്ങിക്കഴിഞ്ഞിരുന്നു.

വീണു കിട്ടിയ ചെറിയ വെക്കേഷനിൽ നാട്ടിലെത്തിയ ഞാൻ പിന്നീട് അതിനുള്ള ഒരുക്കങ്ങളിലായിരുന്നു . തിരക്കുപിടിച്ച ജീവിതത്തിലെ മടുപ്പുളവാക്കുന്ന ശബ്ദകോലാഹലങ്ങളിൽ നിന്നൊക്കെ മാറി പ്രിയതമയോടൊത്തു കാടിനു നടുവിൽ സ്വസ്ഥമായി, മനസ്സമാധാനമായി ഒരു രാത്രി കഴിച്ചുകൂട്ടിയാൽ എങ്ങനെയുണ്ടാവും എന്ന ചിന്ത പറമ്പിക്കുളം തുണക്കടവ് ട്രീ ടോപ് ബുക്ക് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു .

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. 2018 ജൂലൈ 3 ന് ചൊവ്വാഴ്ച്ച അതിരാവിലെ 5 .00 മണിക്ക് മലപ്പുറം മുണ്ടുപറമ്പിലുള്ള എന്റെ സ്വവസതിയിൽ നിന്ന് ഞാനും ഭാര്യയും ഒരു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകളും കാറിൽ യാത്ര പുറപ്പെട്ടു. ആ യാത്രക്ക് മുൻപേ ഒരുപാട് പേര് ആ യാത്രയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചെറിയ കുഞ്ഞിനെയുമായി കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണകേന്ദ്രമായ വന്യജീവികൾ സ്വൈര്യവിഹാരം നടത്തുന്ന കാട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഏറുമാടത്തിൽ താമസിക്കുക എന്നത് ആർക്കും ആശങ്ക ജനിപ്പിക്കുന്ന കാര്യം തന്നെ. പക്ഷെ അവിടെ മുൻപേ പോയിരുന്ന എനിക്ക് ആ സ്ഥലത്തെ സ്ഥിഗതികൾ കൃത്യമായി മനസ്സിലാക്കിയിരുന്നത് കൊണ്ട് ഭയം തോന്നിയിരുന്നില്ല എന്ന് മാത്രമല്ല മറ്റൊന്നും വകവെക്കാതെ ആ യാത്ര ഞാനുറപ്പിക്കുകയും ചെയ്തു.

ഏകദേശം 170 കിലോമീറ്റര് യാത്ര ചെയ്യാൻ ഏതാണ്ട് 5 മണിക്കൂറിലധികം സമയം വരും. അവിടെ റിപ്പോർട്ട് ചെയ്യേണ്ട സമയം 12.00 മണിയെന്നു ബുക്കിംഗ് സ്ലിപ്പിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിനാൽ ആ സമയമാവുമ്പോഴേക്ക് അവിടെ എത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. കറുത്ത നിറത്തിൽ ടാറിട്ട റോഡിനിരുവശങ്ങളും തണൽ വിരിച്ചു ഭംഗിയുള്ള മരങ്ങൾ നിലകൊള്ളുന്ന സ്വസ്ഥമായ ഗ്രാമാന്തരീക്ഷങ്ങളിലൂടെ മോളുടെ കുസൃതികളും ,കളികളുമെല്ലാം കണ്ടു പതിയെ ഞാൻ വാഹനമോടിച്ചു. ഇത്തരം യാത്രകൾ തരുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.


അതിരാവിലെ റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. എന്നാലും നിത്യവൃത്തിക്ക് വേണ്ടി ജോലിചെയ്യാൻ മനുഷ്യർ ഉറക്കമെണീച്ചു ഓടാൻ തുടങ്ങിയിരുന്നു. മലപ്പുറം മുതൽ പാലക്കാട് വരെ പോകുന്ന വഴികളിൽ തന്നെ മനോഹരമായ ഒരുപാട് കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലങ്ങൾ ഒരുപാടുണ്ട്. കാഞ്ഞിരപ്പുഴ ഡാം, കൊടികുത്തിമല, ശിർവാണി, പത്രക്കടവ് വെള്ളച്ചാട്ടം അങ്ങനെ തുടങ്ങി ധാരാളം സ്ഥലങ്ങൾ. എല്ലാം കുറച്ചു ഉള്ളിലോട്ടു സഞ്ചരിക്കണമെന്നു മാത്രം. ഒലവക്കോടായിരുന്നു ഞങ്ങൾ പ്രാതലിനു വേണ്ടി വാഹനം നിർത്തിയത്.

അതിരാവിലെയുള്ള യാത്രക്ക് സാധാരണ പ്രാതലിനു ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ നല്ല ടോയ്ലറ്റ് സൗകര്യം ഉള്ള ഹോട്ടലുകളാണ് നോക്കാറ്. കുടുംബത്തോട് കൂടെയുള്ള യാത്രകളിൽ പ്രത്യേകിച്ച്. മറ്റുബുദ്ധിമുട്ടുകളില്ലാതെ യാത്രചെയ്യാൻ അത് നമ്മെ സഹായിക്കും.

നല്ല മസാല ദോശയും ചായയും കുടിച്ചതിനു വീണ്ടും യാത്ര തുടർന്നു . പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചി റോഡിലൂടെ തമിഴ്‌നാട്ടിലേക്ക് കയറി വേണം പറമ്പിക്കുളത്തെത്താൻ. പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലൂടെ മാത്രമേ അങ്ങോട്ടെത്താൻ സാധിക്കൂ.

വഴിവക്കിൽ മനോഹരമായ ഒരു സ്ഥലത്തു വാഹനം നിർത്തി ഞങ്ങൾ ചുറ്റും കണ്ടാസ്വദിച്ചു. പാലക്കാടിന്റെ സ്വകാര്യ അഹങ്കാരമായ കരിമ്പനകൾ തലയെടുപ്പോടെ നിൽക്കുന്ന നിരപ്പായ കൃഷിസ്ഥലങ്ങൾക്കപ്പുറത്തു പശ്ചിമ ഘട്ട മലനിരകൾ ആകാശത്തു തെളിഞ്ഞ കാര്മേഘങ്ങളിൽ ചുംബിച്ചു നിൽക്കുന്ന കാഴ്ച ഞങ്ങളുടെ യാത്രാക്ഷീണം ശരീരത്തിൽ നിന്നകറ്റി. അങ്ങനെ കാഴ്ചകളൊക്കെ കണ്ടു പാലക്കാടും പൊള്ളാച്ചിയും താണ്ടി ആനമലൈ വന്യജീവി സങ്കേതത്തിന്റെ കവാടത്തിൽ എത്തുമ്പോൾ വാച്ചിൽ സമയം 12.00 മണിയോടടുത്തിരുന്നു.

സേതുമടെ ചെക്ക്‌ പോസ്റ്റിൽ ഒരാൾക്ക് 30 രൂപയും, LMV -ക്ക് 100 രൂപയും, വാനിനു 150 ഉം, HV -ക്ക് 200ഉം, ഗൈഡ് ഫീസ്‌ ഒരു വാഹനത്തിന് 150 രൂപയും, ക്യാമറക്ക് 80 രൂപയും ആണ് ചാർജ് . മൊത്തം 200 രൂപ അടച്ചു കാനനപാതയിലൂടെ യാത്ര തുടർന്നു. വനാന്തരങ്ങളിൽ നിന്നുള്ള അവ്യക്തമായ ശബ്ദ ശകലകളുടെ അകമ്പടിയോടെ വീതികുറഞ്ഞ റോഡിലെ കൊടുംവളവുകൾ താണ്ടി പറമ്പിക്കുളം പ്രവേശനകവാടത്തെത്തിയപ്പോൾ പീലികൾ വിടർത്തി നൃത്തചുവടുകളോടെ എതിരേറ്റ മയിൽ എന്റെ മകളുടെ കണ്ണിൽ കൗതുകവും ഞങ്ങളുടെ മനസ്സിൽ പ്രണയഭാവവും നിറച്ചു.

പറമ്പിക്കുളം ചെക്‌പോസ്റ്റിൽ ഒരാൾക്ക് 23 രൂപയും കാറിനു 50 രൂപയും ആണ് ഫീസ്‌. അവിടെ ടിക്കറ്റ് എടുത്തതിനു ശേഷം വീണ്ടും മുന്നോട്ട്. റോഡിനിരുവശവും മേഞ്ഞു നടക്കുന്ന മാന്കൂട്ടങ്ങളും കാട്ടുപന്നികളും മയിലുകളും കാട്ടുപോത്തുകളും എല്ലാം തെല്ലൊന്നുമല്ല ഞങ്ങളെ സന്തോഷിപ്പിച്ചത്. ഏതാനും സമയത്തിനകം ചുറ്റും വേലികെട്ടി തിരിച്ചു താമസിക്കാനുള്ള ടെന്റുകളും ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഓഫീസും സ്ഥിതിചെയ്യുന്ന ഒരു കോംപൗണ്ടിന് മുന്നിൽ വാഹനം നിർത്തി. ബുക്കിംഗ് ഡീറ്റെയിൽസ് അവിടെ സമർപ്പിച്ചു ജിമ്മി എന്ന ഗൈഡുമായി തുണക്കടവ് ട്രീ ടോപ് ലക്ഷ്യമാക്കി യാത്ര തുടർന്നു.

ഞങ്ങളുടെ താമസ സ്ഥലത്തേക്ക് ഏകദേശം 10 കിലോമീറ്ററോളം വീണ്ടും സഞ്ചരിക്കണം. വനത്തിലൂടെയുള്ള ആ യാത്രയിൽ ജിമ്മിച്ചേട്ടനെ കൂടുതൽ പരിചയപ്പെട്ടു. പറമ്പിക്കുളത്തിനെകുറിച്ചുള്ള കുറച്ചു വിവരങ്ങൾ അദ്ദേഹത്തിൽ നിന്നും അറിയാൻ സാധിച്ചു.

കേരളത്തിലെ പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ആണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്. 1971 -ൽ സ്ഥാപിതമായ പറമ്പിക്കുളം വന്യജീവി സങ്കേതം 2010 -ൽ അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ്‌ ആണ് ടൈഗർ റിസേർവ് ആയി പ്രഘ്യാപിച്ചത്. കേരളത്തിലെ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ഘട്ട മലനിരകളിൽ ഉൾപ്പെട്ട പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ വലിപ്പം 643.66 സ്‌ക്വയർ കിലോമീറ്റർ ആണ്. 37 കടുവകളാണ് പറമ്പിക്കുളത്ത്‌ ഉള്ളത്. അതുകൂടാതെ പുള്ളിപ്പുലി, വരയാട്, ആന, കാട്ടുപോത്ത്‌, മാൻ തുടങ്ങിയ നിരവധി മൃഗങ്ങളും, വ്യത്യസ്ത ഇനം പക്ഷികളും ഇവിടെ ജീവിക്കുന്നു. അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ വേറെയും നിരവധി ജീവജാലങ്ങൾ ഇവിടെയുണ്ട്.

ഈ വനമേഖലയെ നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും വനങ്ങൾ, മഴക്കാടുകൾ തുടങ്ങിയ പേരുകളിൽ വ്യത്യസ്ത ഏരിയകളായി സംരക്ഷിച്ചു പോരുന്നു. മനുഷ്യനിർമ്മിതമായ തേക്ക് തോട്ടങ്ങളും, ശുദ്ധജല വിതരണത്തിന് വേണ്ടി പരിസ്ഥിതിയോടു ഇഴുകിച്ചേർന്നു നിര്മിക്കപ്പെട്ടിട്ടുള്ള മൂന്ന് അണക്കെട്ടുകളും ഈ സ്ഥലത്തെ വൈവിധ്യങ്ങളിൽ ചിലതാണ്. പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം എന്നീ പേരുകളിലാണ് ആ ഡാമുകൾ അറിയപ്പെടുന്നത്. എന്നാൽ ഈ ഡാമിന്റെയൊക്കെ കൈവശാവകാശം അന്നത്തെ കരാർ അനുസരിച്ചു തമിഴ്നാടിനാണ്.

കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ താമസസ്ഥലത്തു എത്തി. അവിടെ വാഹനം പാർക്ക് ചെയ്തതിനു ശേഷം നേരെ ക്യാന്റീനിലേക്ക്. ഡാമിലെ പുഴമീൻ കൂട്ടിയുള്ള ഊണിനു ശേഷം അല്പം വിശ്രമം. സ്വപ്നത്തിൽ എന്നെ കൊതിപ്പിച്ചിരുന്ന പുഴയുടെ ഓരത്തു ഒരു ചെറുദ്വീപിനഭിമുഖമായി സ്ഥിതിചെയ്യുന്ന മരമുകളിലെ ആ വിശ്രമസൗധം ഞങ്ങളെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലൂടെ വിസ്മയിപ്പിച്ചു. കൊടും വനത്തിനുള്ളിലെ സ്വപ്നസൗധം.

ചൂരൽ കൊണ്ടുള്ള ചാരുകസേരയിൽ മുളയുപയോഗിച്ചു രൂപകൽപന ചെയ്ത ഭിത്തിയുടെ ചാരത്തു പ്രിയതമയോടൊപ്പം പ്രണയ സല്ലാപത്തിലേർപ്പെട്ടു കുറച്ചു സമയം വിശ്രമിച്ചു. മകൾ ആവേശത്തോടെ ആ സൗധത്തിനു ചുറ്റും ഓടിക്കളിച്ചു. ചുറ്റുമുള്ള അത്ഭുധകാഴ്ചകൾ ആസ്വദിക്കുകയായിരുന്നു അവൾ. ഈ ട്രീ ടോപ് അടക്കം പ്രധാനമായും 6 രീതിയിലുള്ള താമസസൗകര്യങ്ങളാണ് പറമ്പിക്കുളത്തു ഉള്ളത്.

1 Tented Niche Jungle Camps : അകെ 10 ടെന്റുകളാണുള്ളത്. നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള മനോഹരമായ ഒരു താമസസ്ഥലം. സാധാരണ ദിവസങ്ങളിൽ 6100 രൂപയും അവധിദിവസങ്ങളിൽ 7300 രൂപയുമാണ് ചാർജ് . താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി – ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്. Check in : 12:00 PM Check Out : Next day 10.30 AM.

2 Honey Comb (A/C) Jungle Camps : ആകെ 9 മുറികൾ.നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള ഒരു ആഢംബര പഴയ ഇംഗ്ലീഷ് ബംഗ്ലാവ്. സാധാരണ ദിവസങ്ങളിൽ 5000 രൂപയും അവധിദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് . താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി – ട്രൈബൽ ആർട്ട് പ്രകടനം എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്. Check in : 12:00 PM Check Out : Next day 10.30 AM.

3 Treetop hut, Thunakadavu Jungle Camps : ഹണിമൂൺ ദമ്പതികൾക്കായി ഏറ്റവും നല്ല സ്ഥലം. ഒരെണ്ണം മാത്രം. നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള വിശാലമായ ഏരിയ റിസർവോയറിലേക്കും ഇടതൂർന്ന വനത്തിലേക്കും കാണാവുന്ന രീതിയിൽ നിർമ്മിച്ചത്. സാധാരണ ദിവസങ്ങളിൽ 4800 രൂപയും അവധി ദിവസങ്ങളിൽ 6100 രൂപയുമാണ് ചാർജ് . താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, ജംഗിൾ സഫാരി വൈകുന്നേരം, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിങ്, ട്രൈബൽ സിമ്പോണി – ട്രൈബൽ ആർട്ട് പ്രകടനം, ട്രക്കിംഗ് എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്. ഞങ്ങൾ ബുക്ക് ചെയ്തത് ഈ ട്രീ ടോപ് ഹട്ടാണ്. Check in : 12:00 PM Check Out : Next day 10.30 AM.

4 Treetop hut, Parambikulam Jungle Camps : ആകെ ഒരെണ്ണം മാത്രം. നല്ല വൃത്തിയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും ഉള്ള, തേക്ക് തോട്ടങ്ങളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഏറുമാടം. സാധാരണ ദിവസങ്ങളിൽ 3000 രൂപയും അവധി ദിവസങ്ങളിൽ 3600 രൂപയുമാണ് ചാർജ് . താമസത്തിനോട് കൂടെ 3 നേരം ഭക്ഷണം, സ്വന്തം വാഹനത്തിൽ ജംഗിൾ സഫാരി, പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗ്, ട്രൈബൽ സിംഫണി – ട്രൈബൽ ആർട്ട് പ്രകടനം എന്നിവ കൂടി ഉൾപ്പെടുന്നതാണ് പാക്കേജ്. Check in : 12:00 PM Check Out : Next day 10.30 AM.

5 Veettikunnu Island Jungle Camps :  പറമ്പിക്കുളം വനത്തിനുള്ളിൽ റിസർവോയറിനു നടുവിലായി സ്ഥിതി ചെയ്യുന്ന ദ്വീപിൽ പുറം ലോകവുമായി ബന്ധമില്ലാതെ ശാന്തമായി സമാധാനമായി താമസിക്കാൻ പറ്റിയ ഒരിടം. ഒന്നര മണിക്കൂറോളം പുഴയിലൂടെ യാത്ര ചെയ്തു വേണം ദ്വീപിലെത്താൻ. 5 പേർക്ക് താമസിക്കാം. നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ഭക്ഷണവിഭവങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. സാധാരണ ദിവസങ്ങളിൽ 9100 രൂപയും അവധി ദിവസങ്ങളിൽ 9700 രൂപയുമാണ് ചാർജ് . Check in : 12:00 PM Check Out : Next day 10.30 AM.

6 Peruvari Island Nest Jungle Camps : പെരുവേരി ഡാമിന് സമീപം പുഴയിലൂടെ ചങ്ങാടത്തിൽ അര മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഒരു ദ്വീപിൽ സൂര്യാസ്തമയത്തിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടു താമസിക്കാൻ പറ്റിയ ഒരിടം . 4 പേർക്ക് താമസിക്കാം. നാലു വിദഗ്ധ ബോട്ട്മാൻമാരും ഒരു പ്രകൃതിശാസ്ത്ര ഗൈഡും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. അതിഥികൾ അവരുടെ ആവശ്യകത അനുസരിച്ച് അവരുടെ ആഹാര സാധനങ്ങൾ വാങ്ങേണ്ടി വരും. പാചകം ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. സാധാരണ ദിവസങ്ങളിൽ 6000 രൂപയും അവധി ദിവസങ്ങളിൽ 8000 രൂപയുമാണ് ചാർജ് . Check in : 12:00 PM Check Out : Next day 10.30 AM.

മേൽപ്പറഞ്ഞവ കൂടാതെ ഡോർമെറ്ററി സൗകര്യങ്ങളും, മറ്റു നാച്ചുറൽ ക്യാമ്പുകളുമെല്ലാം പറമ്പിക്കുളത്തുണ്ട്. നമ്മുടെ ആവശ്യാനുസരണം വേണ്ടത് തിരഞ്ഞെടുക്കാവുന്നതാണ്.

3.30 മണി വരെ വിശ്രമിച്ച ഞങ്ങളെ കൊണ്ടുപോവാൻ സഫാരി വാൻ ഏറുമാടത്തിനു സമീപം വന്നു നിന്നു. ടെന്റിൽ താമസം ബുക്ക് ചെയ്ത കുറച്ചു തമിഴ്നാട് കുടുംബങ്ങളും ഒരു ഫോട്ടോഗ്രാഫറും ഒരു ട്രാവൽ ബ്ലോഗറും വാഹനത്തിൽ മുൻപേ സ്ഥലം പിടിച്ചിരുന്നു. പിന്നീട് തുണക്കടവ് ഡാമിന്റെ മനോഹാരിതയും ചുറ്റുമുള്ള പർവ്വതശിഖരങ്ങളും കണ്ടു കന്നിമാര തേക്ക് ലക്ഷ്യമാക്കിയുള്ള കാനനയാത്ര അവിസ്മരണീയമായിരുന്നു. കന്നിമാര തേക്കിന് ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ തേക്ക് എന്ന വിശേഷണമാണുള്ളതെങ്കിലും എനിക്കത്ര തീർച്ചയില്ല. കാരണം മറിച്ചൊരഭിപ്രായവും ഞാൻ കേട്ടിരുന്നു.

പോകുന്ന വഴിയിൽ ആനകളും കാട്ടുനായകളും മാനുകളും സുലഭമായിരുന്നു. എന്നാൽ അപ്പോഴേക്ക് പ്രിയതമയുടെ മടിയിലിരുന്ന് കുഞ്ഞുറങ്ങിയിരുന്നു.കന്നിമാര തേക്കും തുണക്കടവ് ഡാം വ്യൂപോയിന്റും ,കടന്നു ചുറ്റും നീണ്ടു വിശാലമായി കിടക്കുന്ന കൊടും വനമേഖലകളും താണ്ടി ആ യാത്ര പറമ്പിക്കുളം അങ്ങാടി കഴിഞ്ഞു ഒരു ചെറിയ കോളനിക്കരികിലൂടെ വിശാലമായ ഒരു പുഴയോരത്താണ് ചെന്നവസാനിച്ചതു. മകൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി പിന്നീട് ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തുനോക്കി വെളുക്കനെ ചിരിച്ചു.

കൃത്യമായി അടയാളപ്പെടുത്തി വരച്ച ചിത്രം കണക്കെ സഹ്യപർവ്വതങ്ങളും ചരിഞ്ഞിറങ്ങുന്ന കൊടും താഴ്‌വരകളും പച്ചപ്പട്ടുടുത്ത ദ്വീപുകളും ഞങ്ങളുടെ കണ്ണുകളിൽ വിസ്മയം നിറച്ചപ്പോൾ മുന്നിലുള്ള പുൽമേട്ടിലൂടെ മകൾ ഓടിക്കളിച്ചു. പിന്നീട് വലിയ മത്സ്യങ്ങളും മുതലകളും സ്വൈര്യവിഹാരം നടത്തുന്ന പുഴയിലൂടെ മുളച്ചങ്ങാടത്തിലൂടെ വെള്ളത്തിൽ തൊട്ടുള്ള 1 മണിക്കൂർ യാത്രയും പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃതി സമ്മാനിച്ച നിമിഷങ്ങളായിരുന്നു. തമിഴിലും മലയാളത്തിലും പറമ്പിക്കുളത്തെ കാടിനെകുറിച്ചും ചുറ്റുമുള്ള ജീവിതങ്ങളെ കുറിച്ചും മനോഹരമായി വിവരിക്കുന്ന ആദിവാസികളായ തുഴച്ചിലുകാർ. അവർ ആ കാടിന്റെ കഥയോടൊപ്പം പറഞ്ഞു തീർത്തത് അവരുടെ തന്നെ കഥയായിരുന്നു .

ആനമല കുന്നുകൾക്കും നെല്ലിയാമ്പതി മലകൾക്കും ഇടയിലാണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തി 1,438 മീറ്റർ ഉയരമുള്ള കരിമല എന്ന കൊടുമുടിയാണ്. വടക്കേ അതിർത്തി തുറക്കുന്നത് നെല്ലിയാമ്പതി കുന്നുകളിലേക്കാണ്. പുഴയിലുള്ള വെള്ളം നേരെ ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്.

ഈ സംരക്ഷണ മേഖലയിൽ ഏതാണ്ട് 2000 ത്തോളം ആദിവാസികൾ താമസിക്കുന്നുണ്ട്. 4 ഗോത്രങ്ങളായി 6 വ്യത്യസ്ത കോളനികളിലായിട്ടാണ് അവരിവിടെ കഴിയുന്നത്. അതായതു കാടർ, മലസർ, മുദുവാസ്, മലമലസർ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളും കരിയാർകുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എർത്ത്‌ ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് അവിടെയുള്ളത്. അവർക്കു വേണ്ടി ഒരു LP സ്കൂളും ഒരു പ്രാഥമികാരോഗ്യകേന്ദ്രവും അവിടെയുണ്ട്.

ഓരോ കുടുമ്പത്തിലെ ഒരാൾ വീതം ഇവിടെ നമുക്ക് ഗൈഡായും, തുഴച്ചിലുകാരായും, കാന്റീൻ ജീവനക്കാരായുമൊക്കെ ജോലിചെയ്യുന്നുണ്ട്. ഈ ടൂറിസം ആണ് അവരുടെ ഇന്നത്തെ ജീവിതമാർഗം. കാടിനോടും നാടിനോടും ഒരുപോലെ ഇഴുകി ചേർന്ന് ജീവിക്കുന്ന ഒരു പറ്റം നല്ല ആളുകൾ. ഇവർക്ക് തമ്മിൽ സംസാരിക്കാൻ ലിപിയില്ലാത്ത ഒരു ഭാഷയുണ്ട്. മലയാളികളായ ഇവർക്ക് എല്ലാ കാര്യങ്ങൾക്കും തമിഴ്‌നാടിനെ ആശ്രയിക്കണം. അങ്ങനെയങ്ങനെ അവരുടെ വിശേഷങ്ങൾ ഒരുപാടുണ്ട്.

പുഴക്കരയിൽ മേഞ്ഞു നടക്കുന്ന കാട്ടുപോത്തുകളും മ്ലാവുകളും അങ്ങ് ദൂരെ ഞങളുടെ കാഴ്ച്ചക്കിരയായപ്പോൾ ചങ്ങാടത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫർ അത് ക്യാമെറയിൽ പകർത്താനുള്ള തിടുക്കത്തിലായിരുന്നു. ട്രാവൽ വ്ലോഗ്ഗെർ തന്റെ സെൽഫി ക്യാമെറയിൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രകാശം കാരണം വ്യക്തമായി കിട്ടാത്തതിന്റെ നിരാശ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്ക് അതിലും മനോഹരമായി എന്റെ കണ്ണുകൾ ആ കാഴ്ചകളെ ഒപ്പിയെടുത്തിരുന്നു.

ഹൃദ്യമായ ആ യാത്രക്ക് ശേഷം 4 പെട്ടിക്കടയും ഒരു പോലീസ് സ്റ്റേഷനും 1 ഹോട്ടലും കുറച്ചു ക്വാർട്ടേഴ്‌സുകളുമൊക്കെ ഉള്ള കാനന നടുവിലെ ഒരു ചെറിയ അങ്ങാടിയിൽ ഞങ്ങളെത്തി. അതാണ് പറമ്പിക്കുളം ടൌൺ. ഞങ്ങൾക്ക് അവിടെ ഒരുക്കി വെച്ചിരുന്നത് അതി മനോഹരമായ ഒരു കലാവിരുന്നായിരുന്നു .

അരമണിക്കൂർ നീണ്ട ആദിവാസി നൃത്തവിരുന്നു ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ പ്രിയതമയുടെ കൈപിടിച്ചു ആ താളത്തിനൊപ്പം നൃത്തം വെക്കാൻ തോന്നിയെങ്കിലും ധൈര്യം വന്നില്ല. സംഗീതവും നൃത്തവും മകളും നന്നായി ആസ്വദിച്ചു.

പിന്നീട് കടയിൽ നിന്നും ചായകുടിച്ചു രാത്രി സഫാരിക്ക് വേണ്ടി വീണ്ടും വാനിലേക്ക്. വഴിയിലുടനീളം കാട്ടുപോത്തുകൾ മേഞ്ഞുനടക്കുന്ന കാഴ്ച്ച ഗൈഡ് തെളിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ കാണാമായിരുന്നു. 8.30 മണിയായപ്പോഴേക്ക് ഏറുമാടത്തിനരികിലെത്തിയ ഞങ്ങളെയും കൊണ്ട് ഗൈഡ് കാന്റീനിലേക്ക് നയിച്ചു. ഫൈഡ്‌റൈസും ചപ്പാത്തിയും ചിക്കൻ കറിയും കാഴ്ചകൾ നിറച്ച മനസ്സിന് പുറമെ വയറും നിറച്ചു.

പുഴയുടെ ഓരത്തു വനാന്തരങ്ങളിലെ തിരിച്ചറിയാൻ കഴിയാത്ത വിസ്മയ ശബ്ദങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ രാത്രി താമസത്തിനായി ഏറുമാടത്തിലേക്ക് പ്രവേശിച്ചു. ഒട്ടേറെ വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാര കേന്ദ്രമായ കേരളത്തിലെ രണ്ടാമത്തെ കടുവ സങ്കേതത്തിനു നടുവിൽ പശ്ചിമ ഘട്ട മലനിരകളെ കുളിരണിയിപ്പിച്ചു വരുന്ന മന്ദമാരുതന്റെ തലോടലേറ്റ് വനത്തിന്റെ വന്യതയിൽ അലിഞ്ഞു ചേർന്ന് പ്രണയ നിർവൃതിയിൽ മതിമറന്ന രാത്രി. കാട്ടിലെ താരാട്ട് കേട്ട് മയങ്ങുമ്പോൾ രാവിലെ അലാറത്തിന്റെ സഹായമില്ലാതെ സഹ്യന്റെ മകന്റെ ചിന്നം വിളി കേട്ടുണരണമെന്നായിരുന്നു മനസ്സിൽ.

അതിരാവിലെ സൂര്യകിരണങ്ങൾ കണ്ണിലേക്ക് കൂരമ്പു പോലെ തുളച്ചു കയറിയപ്പോൾ പതിയെ ഉണർന്ന ഞങ്ങൾക്ക് കണിയായി വീടിനു ചുറ്റും പുഴക്കരയിൽ മാനുകളും മയിലുകളും കാട്ടുപന്നികളും കുരങ്ങന്മാരും ഐക്യത്തോടെ കുസൃതികൾ കാണിക്കുന്നുണ്ടായിരുന്നു. മോളെയും എടുത്തു കാഴ്ചകളെല്ലാം കാണിച്ചു കൊടുത്തതിനു ശേഷം കുളിച്ചു ഫ്രഷായി കാന്റീനിൽ പോയി ദോശയും ഇഡലിയും കഴിച്ചു വീണ്ടും ഗൈഡിന് കൂടെ കാഴ്ച കാണാനിറങ്ങി.

പെരുവേരി ഡാമും പരിസരവും ചെറുമൃഗങ്ങൾ അതിരാവിലെതന്നെ കയ്യടക്കിയിരുന്നു. ദൂരെ ഒരു ദ്വീപിൽ സഞ്ചാരികൾക്കായുള്ള മനോഹരമായ മറ്റൊരു ട്രീ ടോപ് ഹട്ട് കാണാം. പെരുവേരി ദ്വീപിൽ ഒറ്റപ്പെട്ടു കിടക്കുന്ന ആ ഏറുമാടം പറമ്പിക്കുളത്തെ സഞ്ചാരികൾക്കുള്ള മനോഹരമായ മറ്റൊരു വാസസ്ഥലമാണ്. അങ്ങോട്ട് പോവാൻ നിർത്തിയിട്ടുള്ള മുളവഞ്ചിയും ഞങ്ങൾക്കിടതു വശത്തായി പുഴയുടെ ചാരത്തു കെട്ടിയിട്ടുണ്ടായിരുന്നു .

അവിടെ വെച്ച് ജിമ്മിച്ചേട്ടനോട് ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു ദിവസത്തെ സന്ദർശത്തിനെത്തുന്നവർക്കുള്ള വിവരങ്ങൾ അദ്ദേഹത്തിൽ നിന്ന് ഞാൻ ശേഖരിച്ചു. അങ്ങനെ വരുമ്പോൾ സ്വന്തം വാഹനം കടത്തിവിടുകയില്ല. വാഹനം ഓഫീസിൽ പാർക്ക് ചെയ്തതിന് ശേഷം ഫോറെസ്റ്റ് മിനിബസിൽ മൂന്ന് മണിക്കൂർ നീളുന്ന ജംഗിൾ സഫാരിയിൽ പറമ്പിക്കുളം ഡാം, കന്നിമാര തേക്ക് എന്നിവ കണ്ട് തിരിച്ചു പോകാം 200 രൂപയാണ് ജംഗിൾ സഫാരിക്ക് ഒരാളുടെ ഫീസ്‌.

അല്ലെങ്കിൽ ജംഗിൾ സഫാരി, ട്രക്കിങ്, ബാംബൂ റാഫ്റ്റിങ്, ഭക്ഷണം എന്നിവ ഉൾപ്പെട്ട കോംബോ പാക്കേജ് എടുത്താൽ നമ്മുടെ വാഹനം കടത്തുകയും വൈകുന്നേരം വരെ അവിടെ ചില വഴിക്കുകയും ചെയ്യാം. 10 പേർക്ക് 9700രൂപയാണ് ഈ പാക്കേജിന് .

ഇനി സ്വന്തം വാഹനമില്ലാത്തവർക്കു ksrtc ബസിലും എവിടെയെത്താം. പാലക്കാട്‌ നിന്നും KSRTC രാവിലെ 8 .15 നും, പൊള്ളാച്ചിയിൽ നിന്ന് തമിഴ്നാട് ബസ്‌ രാവിലെ 6:05നും ഉച്ച തിരിഞ്ഞു 3 മണിക്കും ആണ് ഉള്ളത് . തിരിച്ചു പറമ്പിക്കുളത്തു നിന്ന് പാലക്കാടേക്ക് 12:35 നും പൊള്ളാച്ചിക്ക് രാവിലെ 8:45നും വൈകുന്നേരം 5:45നും ബസ്സുണ്ട്.

ഒരുപാട് ആസ്വദിച്ച നിമിഷങ്ങളായിരുന്നു തൂണക്കടവിലെ ഏറുമാട താമസവും, മുളചങ്ങാട യാത്രയും, ആദിവാസി നൃത്തവും, വനത്തിലൂടെയുള്ള യാത്രയും എല്ലാം . മൃഗങ്ങൾ കണ്ണിന് വിരുന്നേകിയത് നയനാന്ദകരവും. സർവ്വ സ്വതന്ത്ര്യരായി അവർ അവരുടെ ലോകത്തു വിരാജിക്കുന്നത് കാണുന്നതിലധികം സന്തോഷം മറ്റൊന്നിൽ നിന്നും നമുക്ക് ലഭിക്കില്ല.

കാനന യാത്രകൾ ആസ്വദിക്കുന്നതിലപ്പുറം നമുക്ക് ചില ഉത്തരവാദിത്വങ്ങൾ കൂടിയുണ്ട്. പ്ലാസ്റ്റിക് മാലിന്യം , മദ്യം തുടങ്ങിയവ നിർബന്ധമായും അവിടെ ഉപയോഗിക്കാതിരിക്കുക. കാടിനെ അറിയാൻ ആഗ്രഹിക്കുന്നവർ ,കാടിനോട് അങ്ങേയറ്റം സ്നേഹമുള്ളവർ മാത്രം പോകുക.

പിന്നീട് പതിയെ കാഴ്ചകൾക്കൊരു പഞ്ഞവുമില്ലാത്ത പറമ്പിക്കുളത്തിന്റെ മണ്ണിൽ നിന്നും പതിയെ മറക്കാനാവാത്ത ചില നിമിഷങ്ങളുടെ ഓർമ്മകൾ ബാക്കി വെച്ച് ഞങ്ങൾ മടങ്ങി. വന്യവും പ്രണയാർദ്രവുമായ ആ മണ്ണിനെ വിട്ടു പിരിയുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങല് പോലെ.

ബുക്കിംഗ് www.parambikulam.org എന്ന സൈറ്റ് വഴിയോ 9442201690, 9442201691 എന്നീ മൊബൈൽ നമ്പറുകളിൽ വിളിച്ചോ ചെയ്യാം.

SHARE