ലേഖകൻ – Deepu Radha Sasidharan.

വര്‍ഷം 1987. ജനുവരിയുടെ കൊടുംതണുപ്പിലും മന്ദീഭവിക്കാത്ത ചടുലമായ സൈനിക നീക്കങ്ങള്‍ കണ്ട് ഉത്തരേന്ത്യ അമ്പരന്ന് നിന്നു. പട്ടാള ട്രക്കുകള്‍ കൂടാതെ ബസ്സുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും പട്ടാളക്കാര്‍. എല്ലാവരും നീങ്ങുന്നത് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക്. ആര്‍ക്കും ഒന്നും മനസിലായില്ല. ബോഫോഴ്സ്‌ ഇടപാടില്‍ സംശയത്തിന്റെ നിഴലിലായ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജനശ്രദ്ധ തിരിക്കാനായി രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുകയാണെന്ന് മുറുമുറുപ്പുകള്‍ ഉയര്‍ന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പടനീക്കങ്ങളിലൊന്നായ ‘ഓപ്പറേഷന്‍ ബ്രാസ്ടാക്സി’ന് ലോകം സാക്ഷ്യം വഹിക്കുകയായിരുന്നു. സാധാരണ നിലയ്ക്ക് ഉള്ള ഒരു സമാധാന കാല സൈനികാഭ്യാസം ആയിരുന്നില്ല ഓപ്പറേഷന്‍ ബ്രാസ്ടാക്സ്. ബ്ലാങ്ക് അമ്യൂണിഷനുമായി തെക്ക് – വടക്ക് ദിശയിലാണ് സാധാരണ സൈനിക പരിശീലനങ്ങള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നടക്കാറ്.

എന്നാല്‍ ലൈവ് അമ്യൂണിഷനുമായി 400,000സൈനികരാണ് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ പാക് അതിര്‍ത്തിയില്‍ അണി നിരന്നത്. നാറ്റോ നടത്തിയ ഏതൊരു സൈനികാഭ്യാസത്തേക്കാളും വലുതായിരുന്നു ഓപ്പറേഷന്‍ ബ്രാസ്ടാക്സ് എന്ന് ഗ്ലോബല്‍ സെക്യൂരിറ്റി വെബ്സൈറ്റ് പറയുന്നു. യാഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ ബ്രാസ്ടാക്സിന്റെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടമായിരുന്നു ആ സൈനിക വിന്യാസം.

1986 ല്‍ തന്നെ സൈന്യം ഓപ്പറേഷന്‍ ബ്രാസ്ടാക്സ് ആരംഭിച്ചിരുന്നു. 1986ന്റെ തുടക്കത്തില്‍ ദില്ലിയിലെ കരസേനാ ആസ്ഥാനത്ത് വച്ചാണ് ഓപ്പറേഷന്‍ ബ്രാസ്ടാക്സിന്റെ ഒന്നാംഘട്ടം നടന്നതെന്ന് ചണ്ഡിമന്ദിര്‍ ആസ്ഥാനമായ പടിഞ്ഞാറന്‍ സേനയുടെ അന്നത്തെ തലവന്‍ ലഫ്.ജനറല്‍ പി.എന്‍.ഹൂണ്‍ പറയുന്നു.
ബ്രാസ്ടാക്സ് -1 ഒരു സൈദ്ധാന്തിക സൈനികാഭ്യാസമായിരുന്നു. ഭാരതത്തിന് സമീപഭാവിയില്‍ നേരിട്ടേക്കാവുന്ന സുരക്ഷാഭീഷണികളും അവ സമീപിക്കാനിടയുള്ള ദിശകളും ഭൂപ്രദേശങ്ങളും ഒക്കെ ഈ ഘട്ടത്തില്‍ ചര്‍ച്ചാവിഷയമായി. ഒരു യുദ്ധം ഉണ്ടായാല്‍ ഏതൊക്കെ രീതിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന സേനാതലവന്‍മാരെ കൂടാതെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പ്രതിരോധ സഹമന്ത്രി അരുണ്‍ സിങ്ങും ആലോചനകളില്‍ പങ്കെടുത്തിരുന്നു.

പടിഞ്ഞാറന്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ചണ്ഡീമന്ദിറില്‍ വച്ചായിരുന്നു ബ്രാസ്ടാക്സിന്റെ രണ്ടാം ഘട്ടം. എന്ന് ജനറല്‍ ഹൂണ്‍ പറയുന്നു. മേജര്‍ ജനറല്‍ റാങ്ക് വരെയുള്ള ഓഫീസര്‍മാര്‍ അതിന്റെ ഭാഗഭാക്കായി. മണല്‍ മാതൃകകള്‍ ഉപയോഗിച്ച് നടന്ന രണ്ടാം ഘട്ടത്തില്‍ സൈനിക വ്യൂഹങ്ങളുടെ സ്ഥാനവും വിന്യാസ രീതികളും ചര്‍ച്ച ചെയ്യപ്പെട്ടു. ബ്രാസ്ടാക്സ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉരുത്തിരിഞ്ഞ് വന്ന ആശയങ്ങളും യുദ്ധകൗശലങ്ങളും ഓപറേഷണല്‍ ലവലില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ എഴുതിയുണ്ടാക്കുക എന്നതായിരുന്നു മൂന്നാം ഘട്ടം. അവസാനഘട്ടമായ ബ്രാസ്ടാക്സ് -4 നടന്നത് രാജസ്ഥാന്‍ മരുഭൂമിയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് ആയിരുന്നു. കാലാള്‍പ്പട,ടാങ്കുകള്‍,കവചിത വാഹനങ്ങള്‍ , തോക്കുകള്‍, പീരങ്കികള്‍ എന്നു വേണ്ട ഇന്ത്യന്‍ സൈന്യത്തിന്റെ ഏകദേശം മുഴുവന്‍ പ്രഹരശേഷിയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചു.

രാജസ്ഥാന്‍ മരുഭൂമി അതിരിടുന്ന ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിക്ക് സാമ്പ്രദായിക യുദ്ധരീതിയില്‍ വലിയ പ്രാധാന്യം ഉണ്ട്. അത് വഴി അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലേക്ക് നടത്തുന്ന ഒരാക്രമണം പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ രണ്ടാക്കും. കറാച്ചിയില്‍ നിന്നുള്ള സപ്ലൈലൈനുകള്‍ മുറിഞ്ഞാല്‍ പാകിസ്താന്റെ അതിജീവനം ദുഷ്കരമാവും.

ഭാരതീയ സേനയുടെ ഒമ്പത് ഇന്‍ഫന്‍ട്രി (കാലാള്‍) ഡിവിഷനുകള്‍, മൂന്ന് യന്ത്രവത്കൃത ഡിവിഷനുകല്‍, മൂന്ന് കവചിത ഡിവിഷനുകള്‍, ഒരു വ്യോമാക്രമണ ഡിവിഷന്‍, മൂന്ന് കവചിത ബ്രിഗേഡുകള്‍ എന്നിവയാണ് നാല് കോര്‍ ഹെഡ്ക്വോര്‍ട്ടേഴ്സുകളുടെ നിര്‍ദ്ദേശാനുസരണം ഈ സൈനിക വിന്യാസത്തില്‍ പങ്കെടുത്തത്. നാവികസേനയുടെ പടിഞ്ഞാറന്‍ കപ്പല്‍പ്പട അറബിക്കടലില്‍ സജ്ജരായി നിന്നു . ഇന്ത്യയുടെ ടാക്ടിക്കല്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ പോലും ജനറല്‍ സുന്ദര്‍ജി ഈ സൈനികാഭ്യാസത്തില്‍ വിന്യസിച്ചിരുന്നു.

ആധുനിക യുദ്ധതന്ത്രങ്ങളിലേക്കുള്ള ഭാരതീയ സേനയുടെ ചുവട് മാറ്റം എന്നാണ് ന്യൂയോര്‍ക് ടൈംസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഓപ്പറേഷന്‍ ബ്രാസ്ടാക്സിനെ വിശേഷിപ്പിച്ചത്. ഇലക്ട്രോണിക് ടാങ്ക് വാര്‍ഫെയര്‍, യുദ്ധമേഖലയില്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗം , യന്ത്രവത്കൃത സേനകള്‍, തുടങ്ങി ആ സമയത്ത് ലോകത്തിലെ ചുരുക്കം ചില സേനകള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന സാങ്കേതിക തികവാണ് ഇന്ത്യ രാജസ്ഥാന്‍ മരുഭൂമിയില്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാന്റേതടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഈ സൈനിക വിന്യാസം വീക്ഷിക്കാനായി ക്ഷണിച്ചിരുന്നു. ഓപ്പറേഷന്‍ ബ്രാസ്ടാക്സ് നിരീക്ഷിച്ച ഒരു പാശ്ചാത്യ നയതന്ത്രജ്ഞന്‍ ഇങ്ങനെ പറഞ്ഞു ” ഇതൊരു മൂന്നാം ലോകരാജ്യത്തിന്റെ സൈന്യമല്ല. ഇത് തികച്ചും നൂതനമായ, ഏതു സാഹചര്യത്തോടും മല്ലടിക്കാന്‍ കെല്‍പ്പുള്ള ഒരു ആധുനിക സൈന്യമാണ്. ഏതൊരര്‍ത്ഥത്തിലും ചൈനീസ്,കൊറിയന്‍, ഫ്രഞ്ച് സേനകളോട് കിട നില്‍ക്കുന്ന ഒരു സൈന്യം.”

പാകിസ്ഥാന്റെ ഭൗതിക അസ്തിത്വത്തിനെതിരേ നേരിട്ടുള്ള വെല്ലുവിളി ആയാണ് ഓപ്പറേഷന്‍ ബ്രാസ്ടാക്സിനെ അവര്‍ കണ്ടത്‌. തങ്ങളുടെ അഞ്ചാം കോറിനേയും ദക്ഷിണ വ്യോമ കമാന്‍ഡിനേയും അതിര്‍ത്തിയില്‍ വിന്യസിച്ചു കൊണ്ടാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. ജനുവരി പകുതിയോടെ , രണ്ട് ഡിവിഷനടങ്ങുന്ന കവചിത കോറിനെ പാകിസ്ഥാന്‍ കരസേന അതിര്‍ത്തിയില്‍ വിന്യസിച്ചു.

അതോടെ രണ്ട്‌ സൈന്യങ്ങളും ഫയറിങ്ങ് റേഞ്ചിനുള്ളില്‍ മുഖാമുഖം വന്നു. ലോകശക്തികള്‍ ഒരു യുദ്ധം തീര്‍ച്ചയാക്കി. ആഴ്ചകള്‍ക്കുള്ളില്‍ പാക് നേവിയും യുദ്ധസജ്ജരായി. എന്നാല്‍ 1987 ഫെബ്രുവരിയില്‍ ജനറല്‍ സിയാ ഉള്‍ ഹഖ് നടത്തിയ ‘ക്രിക്കറ്റ് ഡിപ്ലോമസി’ സംഘര്‍ഷത്തിന് അയവ് വരുത്തി. ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ സൈന്യങ്ങളെ പിന്‍വലിക്കാന്‍ ധാരണയായി. 1987 മാര്‍ച്ച് മാസത്തോട് കൂടി ഇരു ഭാഗത്തേയും സൈന്യങ്ങള്‍ പിന്മാറി.

എന്തായിരുന്നു ഒാപ്പറേഷന്‍ ബ്രാസ്ടാക്സിന്റെ ലക്ഷ്യങ്ങള്‍ എന്നത് ഇന്നും തര്‍ക്കവിഷയമാണ്. ഒരു പ്രകോപനത്തിലൂടെ അന്ന് പാക്കിസ്ഥാന്‍ ഒളിച്ചുപിടിച്ചിരുന്ന ആണവായുധ ശേഷി വെളിച്ചത്ത് കൊണ്ടു വരനായിരുന്നു എന്ന് ചില സൈനിക വിദഗ്ദ്ധര്‍ പറയുന്നു. അതല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ആധുനിക സൈന്യത്തിന്റെ പ്രദര്‍ശനമാണ് ഇന്ത്യ ഉദ്ദേശിച്ചത് എന്ന് മറ്റൊരു വിശദീകരണം. ഉദ്ദേശ്യങ്ങള്‍ ഒന്നും തന്നെ ഭരണ നേതൃത്വം പുറത്ത് പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഓപ്പറേഷന്‍ ബ്രാസ്ടാക്സ് വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

എന്തൊക്കെയായാലും ”പ്രതിരോധപരമായ പ്രതിരോധത്തിലൂന്നിയ, പ്രകോപന ശീലമില്ലാത്ത , ആക്രമണകുതുകികള്‍ അല്ലാത്ത ഒരു സൈന്യം” എന്ന നിലയില്‍ നിന്നും വ്യക്തമായ ഒരു നിലപാട് മാറ്റമാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ ബ്രാസ്ടാക്സിലൂടെ പ്രകടിപ്പിച്ചത്. 1981 മുതല്‍ 2001 വരെ ഭാരതീയ സേന പിന്തുടര്‍ന്ന സുന്ദര്‍ജി ഡോക്‌ട്രിന്റെ പ്രായോഗിക പരീക്ഷണമായിരുന്നു ഓപ്പറേഷന്‍ ബ്രാസ്ടാക്സ് .

SHARE