വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

കുഴിക്കടയിലെ ബീഫ് കിടു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ട്രാഫിക് ലൈറ്റുള്ള ആ ജംഗ്ഷനിൽ ചെന്നിട്ട് ഈ കുഴിക്കട എവിടെയെന്നു കണ്ടു പിടിക്കാൻ പോകുന്നവർ ഒന്ന് മെനക്കെടും. കുഴി ഇല്ലാത്ത ബോർഡിൽ പേര് എഴുതി വച്ചിട്ടില്ലാത്ത ഒരു ഹോട്ടൽ. ജംഗ്ഷനിൽ തന്നെ ഏകദേശം മോഡൽ സ്കൂളിന് എതിർവശത്തായി കൃത്യമായി ഫുട്പാത്തിനോട് ചേർന്ന് മനോരമയുടെ ബോർഡുള്ള ഒരു ഹോട്ടൽ. മുൻവശത്തായി ഒരു ആലും ഉണ്ട്. നേരെ ക്രോസ്സ് ചെയ്ത് പോകാൻ കഴിയാത്ത കാരണം അരിസ്റ്റോ ജംഗ്ഷൻ കറങ്ങിയാണ് ഇവിടെ വന്നു കേറിയത്. അത്യാവശ്യം 5-6 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.

ആദ്യം ഒറ്റയ്ക്ക് കേറിയ ദിവസം പെറോട്ടയും ബീഫുമാണ് പറഞ്ഞത്. രണ്ടാമത് സുഹൃത്തുമായി പോയ ദിവസം ഊണും ബീഫും. രണ്ട് അനുഭവങ്ങളിലും ബീഫാണ് താരം. ബീഫ് പ്രിയർ ഇത് വിട്ടു കളയേണ്ട. ഊണിന് പരിപ്പ്, പപ്പടം, സാമ്പാർ, അവിയൽ, കടലക്കറി, അച്ചാർ, രസം, മോര്. സാധാരണ കടല കറിക്ക് പകരം തോരനാണ് ഉണ്ടാവുക. അന്ന് രാവിലത്തെ കടലക്കറി ബാക്കി വന്നതിനാലാണ് ഉച്ചയ്ക്ക് വിളമ്പിയത്.

ഇലയിലാണ് ഊണ്. ഊണ് കൊള്ളാം. ഉള്ള കറികളൊക്കെ നന്നായിരുന്നു. അവിയൽ രുചികരമായിരുന്നു. പരിപ്പെല്ലാം നല്ല ചെറു പയർ ഉടച്ചു വച്ചത്. കൂട്ടിനു ബീഫും കൂടിയായപ്പോൾ പൊളിച്ചു. ബീഫ് ഇങ്ങനെ മിന്നിച്ചു നിന്നതു കാരണം മീനിന്റെ രുചി പരീക്ഷിച്ചില്ല. ആദ്യം പോയപ്പോൾ കഴിച്ച പെറോട്ടയും നന്നായിരുന്നു. ആദ്യം ചെന്നപ്പോൾ കിട്ടിയ ബീഫ് ഫ്രൈ ഒരു പെരട്ടിന്റേയും ഫ്രൈയുടെയും ഇടയ്ക്കുള്ള പരുവമാണ് തോന്നിയത് രണ്ടാമത് ചെന്നപ്പോൾ ബീഫ് ഫ്രൈയായിട്ട് തന്നെ അനുഭവപ്പെട്ടു. വില വിവരം: ബീഫ് ഫ്രൈ ₹ 80, പെറോട്ട ₹ 8, ഊണ് ₹ 60.

കുഴിക്കടയുടെ കഥ : കടയുടെ ചരിത്രമൊക്കെ അന്വേഷിച്ചു പോയാൽ ഏകദേശം 65 വർഷം പുറകിലേക്ക് പോകേണ്ടി വരും. ശ്രീ ശിവരാമൻ പിള്ള തുടങ്ങി വച്ച ഭക്ഷണയിടം. അദ്ദേഹം ആദ്യം ഹോട്ടലിൽ ചായ അടിയായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മൂന്ന് ഹോട്ടൽ പല സ്ഥലത്തായി തുടങ്ങി. രണ്ടെണ്ണം തമ്പാനൂർ റെയിൽവേ സ്റ്റേഷന് അരികിലായുംപിന്നെ ഒരെണ്ണം തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ അവിടെയും. മോഡൽ സ്കൂൾ പരിസരത്തായി ഒരെണ്ണവും. പിന്നെയാണ് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു വന്നത്.

ആദ്യം ഒരു കുഴിയിലായിരുന്നു ഹോട്ടൽ. നാലഞ്ച് പടികൾ ഇറങ്ങി വേണം അകത്തു കേറാൻ. അങ്ങനെ ആളുകൾ തന്നെ പേരിട്ടു. കുഴിക്കട. പിന്നെ കുഴിയൊക്കെ നികത്തി തങ്ങളുടെ സ്വന്തമായുള്ള സ്ഥലത്തു ഇപ്പോൾ കാണുന്ന കെട്ടിടം പണിതുവെങ്കിലും പേര് മാത്രം വിട്ടു പോയില്ല. പേരിപ്പോഴും ആ പഴയ കുഴിക്കട തന്നെ. ആലപ്പുഴ – ഓച്ചിറയിൽ നിന്ന് വന്നാണ് ഈ കുടുംബം ഇവിടെ തിരുവനന്തപുരത്ത് എത്തി ഭക്ഷണയിടങ്ങളുമായുള്ള ജീവിതം ആരംഭിച്ചത്. ആദ്യം ഹോട്ടലും പുറകിൽ വീടും കുടുംബാംഗങ്ങളും എല്ലാം ഒരുമിച്ച് ആയിരുന്നു. ഇപ്പോൾ വീട് ഹോട്ടലിനോട് കൂടി ഇല്ല, ഹോട്ടൽ മാത്രം.

ഇവിടെ മുൻപ് മോഡൽ ഹോട്ടൽ എന്ന ഒരു ഹോട്ടലും കുഴിക്കടയും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ആ മോഡൽ ഹോട്ടൽ ഇല്ല. കുഴിക്കട ഇപ്പോഴും അതിന്റെ യാത്ര തുടരുന്നു. അച്ഛന് പകരം മകൻ ശ്രീ രാധാകൃഷ്ണനായി സാരഥി. ആദ്യം മൂത്ത മകനായ രാമചന്ദ്രൻ നായർ ആയിരുന്നു അച്ഛന് ശേഷം നോക്കി നടത്തിയിരുന്നത്. അദ്ദേഹത്തിന് ജയിലറായി ജോലി കിട്ടിയ ശേഷം അനിയനായ ശ്രീ രാധാകൃഷ്ണൻ ഇത് ഏറ്റെടുക്കുകയാണ് ഉണ്ടായത്. രാധാകൃഷ്ണൻ ചേട്ടൻ ഈ ഭക്ഷണയിടം ഏറ്റെടുത്തിട്ടു മുപ്പതു കൊല്ലങ്ങൾ ആകും.

ബീഫിന്റെ രുചിയുടെ പുറകിൽ ഇടുക്കിക്കാരനായ ഒരു പാചകക്കാരൻ ചേട്ടനാണ്. അദ്ദേഹവും ഇവിടെ വന്നിട്ട് മുപ്പതു കൊല്ലങ്ങൾ ആകും. ബീഫ് മാത്രമല്ല ഊണും ബിരിയാണിയുമെല്ലാം ആ ചേട്ടനാണ് ഇവിടെ വയ്ക്കുന്നത്. ബീഫ് പാളയത്ത് പോയി നേരിട്ട് എടുക്കുകയാണ് ചെയ്യുന്നത്. അല്ലാതെ കൊണ്ട് വരുന്നത് വാങ്ങിക്കാറില്ല.

ഇവിടെ ദിനചര്യകൾ ഇങ്ങനെയാണ് – രാവിലെ 7:30 ക്ക് തുറക്കും. പുട്ട്, പയർ, പപ്പടം പുറകേ അപ്പം, ദോശ, പെറോട്ട തയ്യാറാകും. 10 മണിക്ക് വീശു പെറോട്ട (ഓർഡർ എടുത്താണ് സാധാരണ ഇത് ചെയ്യുന്നത്) 11 മണിക്ക് ബിരിയാണി 12 മണിക്ക് ഊണ് ആകും. 3 മണിക്ക് ചപ്പാത്തി, 4 മണിക്ക് ഇടിയപ്പം 6 മണിക്ക് അപ്പം, 7 മണിക്ക് ദോശ, രാത്രിയും ഇവിടെ ചോറ് കാണും. ചിക്കൻ രാവിലെ 10 മണിക്കും ബീഫ് രാവിലെ 11 മണിക്കുമാണ് തയ്യാറാകുന്നത്. രാത്രി തീരുന്നത് വരെ ഇവ കാണും.

വെളിച്ചെണ്ണയും പാമോയിലുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. റെഡിമേയ്ഡ് മസാലകൾ ഉപയോഗിക്കാറില്ല. മസാലക്കൂട്ടെല്ലാം പ്രത്യേകം പൊടിച്ചു തയ്യാറാക്കുകയാണ് ചെയ്യുന്നത്. 10 വർഷം മുൻപ് എല്ലാം വിറക് അടുപ്പിലായിരുന്നു. അന്ന് ഹോട്ടൽ ഷീറ്റിട്ടതായിരുന്നു. പുതുക്കി പണിത ശേഷം എല്ലാം ഗ്യാസ് അടുപ്പിലാണ് ചെയ്യുന്നത്.

35 പേർക്ക് വിശാലമായി ഇരിക്കാം. ഇനിയും മേശ ഇടാൻ സ്ഥലമുണ്ട്. Timings: 7:30 AM to 10:30 PM. Location: മോഡൽ സ്കൂളിന് എതിരെ സിഗ്നൽ ലൈറ്റിന്റെ അവിടെ ആലിന്റെ അടുത്തായി കടയുടെ പേരിനു പകരം മനോരമയുടെ ബോർഡ് ആണ് വച്ചിരിക്കുന്നത്. അപ്പോൾ പറഞ്ഞത് പോലെ; ബീഫ് പ്രേമികൾ മറക്കണ്ട.

SHARE