എഴുത്ത് – റിയാസ് പുളിക്കൽ.

‘മരക്കാർ : അറബിക്കടലിന്റെ സിംഹ’ത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിവീലായതോടെ “സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരും മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരും ഒന്നാണോ? ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ..? ഇതെന്ത് കഥ..?” എന്ന മട്ടിൽ ഒരുപാട് പോസ്റ്റുകൾ കണ്ടു. കാര്യം മനസ്സിലാകാത്തവർക്ക് വേണ്ടി ഒരു കഥ പറയാം.. ഒന്നല്ല.. രണ്ട് കഥ..

ആദ്യം കുഞ്ഞാലി മരക്കാരുടെ കഥ. സാമൂതിരി ഒരാളല്ല, ഒരു രാജവംശമാണ് എന്ന പോലെ തന്നെ കുഞ്ഞാലി മരക്കാരും ഒരാളല്ല. ഒരു വംശ പരമ്പരയാണ്, അല്ലെങ്കിൽ സ്ഥാനപ്പേരാണ്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഏതാണ്ട് അന്ത്യം വരെ കുഞ്ഞാലി മരക്കാരുടെ വംശ പരമ്പരയാണ് സാമൂതിരിമാരുടെ നാവികസേനയെ നയിച്ചിരുന്നത്. കടൽ വഴിയുള്ള വ്യവസായങ്ങളിൽ നിപുണനായ മുസ്ലിം വംശജരെയായിരുന്നു മരക്കാന്മാർ എന്ന് വിളിച്ചിരുന്നത്. മരവ്യാപാരികളെന്നും അരയന്മാർ എന്നും ചിലയിടത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രധാനമായും നാല് മരക്കാന്മാരെക്കുറിച്ചാണ് ചരിത്രത്തിൽ എടുത്ത് പറയുന്നത്.

1. മുഹമ്മദ്‌ മരക്കാർ (കുഞ്ഞാലി മരക്കാർ ഒന്നാമൻ) : കൊച്ചിയിലെ പ്രമുഖ അരി വ്യാപാരിയായിരുന്ന കുട്ടിയാലി മരക്കാരുടെ പുത്രനായിരുന്ന മുഹമ്മദ്‌ മരക്കാരായിരുന്നു ചരിത്രത്തിലെ ആദ്യത്തെ കുഞ്ഞാലി മരക്കാർ. തന്റെ കടൽ വ്യവസായത്തിൽ പോർച്ചുഗീസുകാരുടെ ശല്ല്യം സഹിക്കവയ്യാതായപ്പോൾ അദ്ദേഹം പരാതിയുമായി സാമൂതിരിയുടെ പക്കലെത്തി. പോർച്ചുഗീസുകാരെ ഏതുവിധേനയും നേരിടാൻ തയ്യാറാണ് എന്നറിയിച്ച മുഹമ്മദ്‌ മരക്കാരെ സാമൂതിരി തന്റെ നാവിക സേനാ തലവനായി നിയമിച്ചു.

മുഹമ്മദ്‌ മരക്കാർക്ക് സാമൂതിരി നൽകിയ സ്ഥാനപ്പേരായിരുന്നു “കുഞ്ഞാലി മരക്കാർ..” കുഞ്ഞ് എന്നാൽ ചെറുപ്പക്കാരൻ എന്നൊരു വിവക്ഷ കാണുന്നു. പ്രവാചകന്റെ മരുമകന്റെ പേരാണ് അലി. രണ്ടും ലോപിച്ച് കുഞ്ഞാലി എന്ന പേരുണ്ടായി. കുഞ്ഞാലി മരക്കാരുടെ കീഴിൽ രൂപംകൊണ്ട കപ്പൽ സൈന്യമായിരുന്നു ചരിത്രപ്രസിദ്ധമായ “മരക്കാർ സൈന്യം..” കൊടുങ്ങല്ലൂരിൽ വെച്ച് പോർച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലിൽ ശത്രു സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി വെച്ച കുഞ്ഞാലി ഒന്നാമന് പക്ഷേ, യുദ്ധാവസാനം തന്റെ രണ്ടു പുത്രന്മാർക്കുമൊപ്പം രക്തസാക്ഷിത്വം വരിക്കേണ്ടി വന്നു.

2. കുട്ടി അഹമ്മദ് അലി മരക്കാർ (കുഞ്ഞാലി മരക്കാർ രണ്ടാമൻ) : കുഞ്ഞാലി മരക്കാർ ഒന്നാമന്റെ ധീരരക്തസാക്ഷിത്വത്തിന് ശേഷം സാമൂതിരി തന്റെ നാവിക സേനയുടെ തലവൻ എന്ന ബഹുമതി മരക്കാർ കുടുംബത്തിന് തന്നെ നൽകി. അങ്ങനെ മരക്കാർ കുടുംബത്തിലെ തല മുതിർന്ന അംഗമായ കുട്ടി പോക്കർ രണ്ടാം കുഞ്ഞാലി മരക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാലി മരക്കാർ രണ്ടാമൻ പോർച്ചുഗീസുകാരുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് കൂടി തന്റെ ആക്രമണം വ്യാപിപ്പിച്ചു പറങ്കികളെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കി.

പക്ഷേ, തുടർച്ചയായി പോർച്ചുഗീസുകാരുമായുള്ള യുദ്ധങ്ങൾ തന്റെ സാമ്പത്തിക ഭദ്രതയെ പാടെ തകർക്കും എന്ന് ഭയപ്പെട്ട സാമൂതിരി ചരിത്രപരമായ ഒരു മണ്ടത്തരം കാണിച്ചു. സാമൂതിരിയുടെ തലയ്ക്കു നേരെ തോക്കുചൂണ്ടാൻ വരെ പാകത്തിലുള്ള ചാലിയത്ത് ഒരു കോട്ട പണിയാൻ അദ്ദേഹം പറങ്കികൾക്ക് അനുമതി നൽകി. എങ്കിലും കുഞ്ഞാലി മരക്കാർ രണ്ടാമൻ പോർച്ചുഗീസുകാർക്കെതിരെ ശക്‌തമായി തന്നെ നിലകൊണ്ടു. ചാലിയത്തെ പോർച്ചുഗീസ് കോട്ടയുടെ ഭീഷണി എത്രത്തോളമായിരിക്കുമെന്ന് കുഞ്ഞാലി രണ്ടാമൻ സാമൂതിരിക്ക് മുന്നറിയിപ്പ് നൽകി. കോഴിക്കോട് രാജ്യത്തെ ആക്രമിക്കില്ല എന്ന വാഗ്‌ദാനം പറങ്കികൾ പലയിടത്തും ലംഘിച്ചതോടെ സാമൂതിരി അവർക്കെതിരെ വീണ്ടും പ്രത്യക്ഷ യുദ്ധത്തിന് അനുമതി നൽകി.

ശക്തമായ കടൽ യുദ്ധത്തിൽ അദ്ദേഹം പോർച്ചുഗീസുകാരെ തുരത്തിയോടിച്ചു. പക്ഷേ തങ്ങൾക്ക് തീരാതലവേദന സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന കുഞ്ഞാലി മരക്കാർ രണ്ടാമനെ ഏതുവിധേനയും അവസാനിപ്പിക്കാൻ പോർച്ചുഗീസുകാർ അൻപതോളം പടക്കപ്പലുകളിലായി ഉള്ളാൾ ഉൾക്കടലിൽ ഡിയോ മെൻഡസിന്റെ നേതൃത്വത്തിൽ വലവിരിച്ചു കാത്തുനിൽപ്പുണ്ടായിരുന്നു. അറക്കൽ തീരത്ത് വെച്ച് രാത്രിയിൽ നാലുദിക്കിൽ നിന്നും കുഞ്ഞാലി രണ്ടാമന്റെ പടയ്ക്കെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടു. അങ്ങനെ കുഞ്ഞാലി രണ്ടാമനും വീരമൃത്യു വരിച്ചു. ശ്രീലങ്കയിലെ വിദുല എന്ന സമുദ്രതീരത്ത് വെച്ചാണ് രണ്ടാം കുഞ്ഞാലി മരക്കാരുടെ രക്തസാക്ഷിത്വം എന്ന് ചിലയിടങ്ങളിൽ കാണുന്നു.

3. പട്ടു മരക്കാർ എന്ന പട മരക്കാർ (കുഞ്ഞാലി മരക്കാർ മൂന്നാമൻ) : സത്യത്തിൽ “അറബിക്കടലിന്റെ സിംഹം” എന്ന അപരനാമത്തിൽ അറിയപ്പെട്ടത് ഇദ്ദേഹമാണ്. ചാലിയം യുദ്ധാരംഭം രണ്ടാം കുഞ്ഞാലിയുടെ കാലത്തായിരുന്നെങ്കിലും പോർച്ചുഗീസുകാരുടെ പക്കൽ നിന്നും ചാലിയം കോട്ട കൈപ്പിടിയിലാക്കുന്നത് മൂന്നാം കുഞ്ഞാലി മരക്കാരുടെ കാലത്താണ്. ചാലിയം യുദ്ധാരംഭത്തിൽ കുഞ്ഞാലി രണ്ടാമന്റെ സഹസൈന്യാധിപനായിരുന്നു പട മരക്കാർ. രണ്ടാം കുഞ്ഞാലി മരക്കാരുടെ രക്തസാക്ഷിത്വത്തിന് ശേഷം അറബിക്കടലിൽ തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാമെന്ന പറങ്കികളുടെ അതിമോഹത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു പിന്നീട് കുഞ്ഞാലി മരക്കാരായി അധികാരമേറ്റെടുത്ത പടമരക്കാർ.

പക്ഷേ പിന്നെയും സാമൂതിരി പഴയ തെറ്റ് ആവർത്തിച്ചു. പോർച്ചുഗീസുകാരുടെ സന്ധിയിലേർപ്പെട്ട സാമൂതിരി പൊന്നാനിയിൽ കോട്ട പണിയാൻ അവർക്ക് അനുമതി കൊടുത്തു, കുഞ്ഞാലി മരക്കാർ മൂന്നാമൻ അത് എതിർത്തുവെങ്കിലും. പറങ്കികൾ പണ്ട് ചെയ്ത ചതിയുടെയും സന്ധി ലംഘനത്തിന്റെയും കഥകൾ അദ്ദേഹം സാമൂതിരിയെ ഉണർത്തിയെങ്കിലും പഴയ തെറ്റുകൾ ആവർത്തിക്കില്ല എന്ന പോർച്ചുഗീസുകാരുടെ ഉറപ്പിന്മേൽ സാമൂതിരി അത് നിരാകരിച്ചു. വർഷങ്ങൾ പറങ്കികൾ സന്ധി പാലിച്ചുവെങ്കിലും അവർക്ക് അവരുടെ സ്ഥിരം ചതിപ്രയോഗങ്ങൾ മാറ്റി നിർത്താൻ കഴിയുമായിരുന്നില്ല. അവർ വീണ്ടും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിന് മുതിർന്നതോടെ സാമൂതിരി യുദ്ധകാഹളം മുഴക്കി.

അധികാരമേറ്റെടുത്തത് മുതൽ തന്റെ അന്ത്യം വരെ അജയ്യനായിരുന്നു കുഞ്ഞാലി മൂന്നാമൻ. പടമരക്കാർ നയിച്ച യുദ്ധങ്ങൾ എല്ലാം തന്നെ വിജയങ്ങളായിരുന്നു. കുഞ്ഞാലിയുടെ വിജയങ്ങളിൽ സന്തോഷവാനായ സാമൂതിരി വടകരയിലെ പുതുപ്പട്ടണത്ത് ഒരു കോട്ട പണിയാൻ അനുമതി നൽകി. മൂന്നാം കുഞ്ഞാലി മരക്കാരാണ് സ്വാഭാവിക മരണം പ്രാപിച്ച ഒരേയൊരു കുഞ്ഞാലി മരക്കാർ. പ്രശസ്തമായ പന്തലായനി യുദ്ധവിജയത്തിനു ശേഷം വിജയശ്രീലാളിതനായുള്ള മടങ്ങുകയായിരുന്ന കുഞ്ഞാലി മരക്കാർ മൂന്നാമൻ തന്നെ സ്വീകരിക്കാൻ നിന്നിരുന്ന വൻജനാവലിയുടെ മുന്നിലേക്കുള്ള നടത്തത്തിനിടയിൽ കപ്പൽ തട്ടിൽ നിന്നും താഴെ വീണു. സാരമായി പരിക്കേറ്റ പടമരക്കാർ പിന്നീട് രോഗാവസ്ഥയിലെത്തി. സ്വന്തം പിൻഗാമിയെ നിശ്ചയിക്കാൻ അവസരം കിട്ടിയ ഏക കുഞ്ഞാലി മരക്കാരും പടമരക്കാർ ആയിരുന്നു.

4. മുഹമ്മദലി മരക്കാർ (കുഞ്ഞാലി മരക്കാർ നാലാമൻ) : കുഞ്ഞാലി നാലാമൻ സ്ഥാനമേറ്റെടുത്ത ഉടൻ മരക്കാർ കോട്ട ശക്തിപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 1857ലെ ശിപായി ലഹളയാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നത് തെറ്റാണെന്ന് ഞാൻ പറയും. 1857ലെ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യ നടത്തിയ ഒന്നാം സ്വാതന്ത്ര്യ സമരം മാത്രമായിരുന്നു. അതിനും 267 വർഷങ്ങൾക്ക് മുൻപ് വിദേശ അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യ പോരാട്ടം നടന്നിരുന്നു കുഞ്ഞാലി മരക്കാർ നാലാമന്റെ നേതൃത്വത്തിൽ ഇങ്ങ് കേരളത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ. കുഞ്ഞാലിമരക്കാരുടെ പോരാട്ടം ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നായേനേ.

‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം ആദ്യമായി ഇന്ത്യയിൽ പരീക്ഷിച്ചത് ബ്രിട്ടീഷുകാർ അല്ലായിരുന്നു, പറങ്കികളായിരുന്നു. കുഞ്ഞാലി മരക്കാന്മാർ ഉള്ളിടത്തോളം കാലം തങ്ങൾക്ക് ഇവിടെ അധീശത്വം സ്ഥാപിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ പോർച്ചുഗീസുകാർ കുഞ്ഞാലിയെ ഏതുവിധേനയും ഉൻമൂലനം ചെയ്യണമെന്ന് ഉറപ്പിച്ചു. അതിന് സാമൂതിരിയുമായി എന്ത് വിട്ടുവീഴ്ച്ചയ്ക്കും അവർ തയ്യാറായി. സാമൂതിരിയേയും മരക്കാരെയും തമ്മിൽ തെറ്റിക്കാൻ അവർ ചാരന്മാരെ നിയോഗിച്ചു. അവസാനം സാമൂതിരി പോർച്ചുഗീസുകാരുടെ കുബുദ്ധിയിൽ വീണുപോയി കുഞ്ഞാലി മരക്കാർക്കെതിരെ തിരിഞ്ഞു.

പക്ഷേ, സ്വന്തം രാജാവിന്റെ പിന്തുണ നഷ്ടമായിട്ടും കുഞ്ഞാലി മരക്കാർ പോർച്ചുഗീസുകാർക്കെതിരെ ധീരമായി പോരാടി. പറങ്കിപ്പട പരാജയപ്പെട്ടു പിന്തിരിഞ്ഞോടി. പോർച്ചുഗീസുകാരുടെ ഗോവയിലെ ആസ്ഥാനം കിടുങ്ങി. കുഞ്ഞാലി മരക്കാർ നാലാമനെ അവസാനിപ്പിക്കാൻ ക്യാപ്റ്റൻ ആന്ദ്രേ ഫുർത്താഡോവിനെ മലബാറിന്റെ ചുമതലയേൽപ്പിച്ചു. പറങ്കികളുമായി സന്ധി ചേർന്ന സാമൂതിരിയുടെ സൈന്യവും കൂടി പറങ്കികളുമായി ചേർന്ന് മരക്കാർ കോട്ട വളഞ്ഞു. പോരാടി ജയിക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ കുഞ്ഞാലി മരക്കാർ തന്റെ രാജാവിന് മുൻപിൽ മാത്രം തലകുനിക്കാൻ താൻ തയ്യാറാണ് എന്ന് സാമൂതിരിയെ അറിയിച്ചു. തുടർന്ന് തന്റെ ഉടവാൾ സാമൂതിരിക്ക് മുൻപിൽ സമർപ്പിച്ചു കീഴടങ്ങിയ കുഞ്ഞാലി മരക്കാരെ ക്യാപ്റ്റൻ ഫുർത്താഡോ പിടികൂടി.

സാമൂതിരി കുഞ്ഞാലി മരക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടുവെന്നും അതല്ല, സാമൂതിരി കുഞ്ഞാലി മരക്കാരെ ചതിച്ചതാണെന്നും രണ്ട് ഭാഷ്യമുണ്ട്. രണ്ടായാലും കുഞ്ഞാലി മരക്കാന്മാർ സ്വന്തം രാജാവിനോടും രാജ്യത്തോടും അതീവ ആത്മാർത്ഥതയും കൂറും പുലർത്തിയിരുന്നുവെന്ന് ചരിത്രകാരന്മാർ ഒരേ സ്വരത്തിൽ പറയുന്നു. പോർച്ചുഗീസ് അധിനിവേശ ഇന്ത്യയുടെ ആസ്ഥാനമായിരുന്ന ഗോവയിലേക്ക് കൊണ്ടുപോയ കുഞ്ഞാലി മരക്കാരുടെ തല വെട്ടാൻ പോർച്ചുഗീസ് ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു.

പക്ഷേ, കുഞ്ഞാലി മരക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും പറങ്കികൾക്ക് അദ്ദേഹത്തോടുള്ള രോഷം അടക്കാൻ കഴിയുമായിരുന്നില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ച സ്‌കോട്ടിഷ് പോരാളി വില്ല്യം വാലസിന്റെ അതേ വിധിയായിരുന്നു പറങ്കികൾ കുഞ്ഞാലി മരക്കാർക്കായി കരുതി വെച്ചത്. വില്ല്യം വാലസിന്റെ മൃതശരീരം ബ്രിട്ടീഷുകാർ നാലായി മുറിച്ചു ന്യൂകാസിലിലും ബെർവിക്കിലും സ്റ്റിർലിംഗിലും പെർത്തിലുമായിരുന്നു പ്രദർശിപ്പിച്ചിരുന്നതെങ്കിൽ കുഞ്ഞാലി മരക്കാരുടെ മൃതശരീരത്തെ പോർച്ചുഗീസുകാർ നാലായി കഷ്ണിച്ചു പ്രദർശിപ്പിച്ചത് ഗോവയിലെ പനാജി കടപ്പുറത്തെ തൂണുകളിലായിരുന്നു.

ഇനിയുമുണ്ട് വില്ല്യം വാലസും കുഞ്ഞാലി മരക്കാറും തമ്മിൽ സാമ്യതകൾ. വില്ല്യം വാലസിന്റെ തല ടാറിൽ മുക്കി ലണ്ടൻ ബ്രിഡ്ജിൽ പ്രദർശനത്തിന് വെച്ച ബ്രിട്ടീഷുകാരെ അനുകരിച്ചു പറങ്കികൾ കുഞ്ഞാലി മരക്കാർ നാലാമന്റെ തല ഉപ്പിലിട്ടു കണ്ണൂരിൽ പരസ്യമായി മുളങ്കമ്പിൽ കുത്തിനിർത്തി പ്രദർശനത്തിന് വെച്ചു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് ഏറ്റുമുട്ടാൻ വരുന്നവർക്കുള്ള ശിക്ഷ ഇതാണെന്ന് ബ്രിട്ടീഷുകാർ വില്ല്യം വാലസിനോട് ചെയ്ത ക്രൂരതയിലേക്ക് ചൂണ്ടി ആക്രോശിച്ചപ്പോൾ പറങ്കികൾക്ക് പറയാനുള്ളതും മറ്റൊന്നുമായിരുന്നില്ല. കുഞ്ഞാലി മരക്കാരും വില്ല്യം വാലസും ആവശ്യപ്പെട്ടത് ഒന്ന് തന്നെയായിരുന്നു എന്നതായിരിക്കും ഒരുപക്ഷേ കാലം അവർക്കായി ഒരേ വിധി ഒരുക്കി വെച്ചതിനുള്ള കാരണം.. “സ്വാതന്ത്യം..!!”

ഇനി ചന്ദ്രോത്ത് പണിക്കരുടെ കഥ.. മാമാങ്കത്തിന്റെയും.. തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് വെച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഈ ഉത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായമാണെങ്കിലും ചാവേറുകളുടെ തുടക്കത്തെക്കുറിച്ച് ഏകാഭിപ്രായമാണ് ഉള്ളത്. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പ് മൂപ്പീന്നും രക്ഷാധികാരിയായി നിന്ന മാമാങ്കത്തിന്റെ രക്ഷാകർത്ത്വം ചേരസാമ്രാജ്യത്തിന്റെ പതനത്തോടെ തിരുനാവായ ഉൾപ്പെടുന്ന നാട്ടുരാജ്യമായ വള്ളുവനാടിന്റെ രാജാവായ വള്ളുവക്കോനാതിരിയുടെ പക്കലെത്തുകയായിരുന്നു.

മാമാങ്കത്തിന് രക്ഷാധികാരിയാവുക എന്നത് പ്രൗഢിയുടെ അടയാളമായി കണ്ടിരുന്ന കോഴിക്കോട് സാമ്രാജ്യത്തിന്റെ രാജാവ് സാമൂതിരി തന്റെ സൈന്യബലം കൊണ്ട് വള്ളുവക്കോനാതിരിയെ യുദ്ധം ചെയ്തു തോൽപ്പിച്ചു തന്റെ കൈപ്പിടിയിലാക്കി. പിന്നീടിങ്ങോട്ട് സാമൂതിരി രാജവംശമായിരുന്നു മാമാങ്കത്തിന് രക്ഷാധികാരിയായി നിലപാട് നിന്നിരുന്നത്. തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത മാമാങ്കത്തിന്റെ രക്ഷാധികാരി എന്ന അംഗീകാരം സാമൂതിരിയിൽ നിന്നും തിരിച്ചുപിടിക്കാൻ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും വമ്പൻ സൈന്യബലമുള്ള സാമൂതിരിയെ നേരിട്ടൊരു യുദ്ധത്തിൽ തോൽപ്പിക്കുക എന്നത് യുക്തിയല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

അങ്ങനെ മാമാങ്ക മഹോത്സവത്തിന് നിലപാട് നിൽക്കുന്ന സാമൂതിരിയെ വധിക്കാനായി മരണം വരെയും പോരാടാൻ സന്നദ്ധരായ ധീരയോദ്ധാക്കളെ വള്ളുവക്കോനാതിരി തെരഞ്ഞെടുത്ത് അയക്കാൻ തുടങ്ങി. ഇവരാണ് കേരളചരിത്രത്തിലെ ആദ്യത്തെ ചാവേറുകൾ. ചന്ദ്രോത്ത് പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാല് പടനായർ കുടുംബങ്ങളെയായിരുന്നു പ്രധാനമായും വള്ളുവക്കോനാതിരി ചാവേറുകളുടെ നേതൃത്വം ഏൽപ്പിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരായിരുന്നു എന്നുള്ളത് കൊണ്ട് തന്നെ ഇവരെല്ലാം സാമൂതിരിയുടെ കുടിപ്പക മനസ്സിൽ സൂക്ഷിച്ചിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി മാമാങ്ക മഹോത്സവത്തിൽ ആർക്കുവേണമെങ്കിലും തന്നെ വധിക്കാൻ ശ്രമിക്കണമെന്നും അത് നിയമവിധേയമാണെന്നും വിധിക്കുകയുണ്ടായി. നിരവധി സൈനികരെ പോരാടിത്തോൽപ്പിച്ചതിനു ശേഷം മാത്രമേ സാമൂതിരിയുടെ അടുക്കലെത്താൻ ചാവേറുകൾക്കാവുമായിരുന്നുള്ളൂ. ഇതാണ് മാമാങ്കത്തിന്റെയും ചാവേറുകളുടെയും ചരിത്രം.

ഇനിയുള്ളതിൽ ചിലത് എന്റെ മാത്രം ഊഹമാവാം. മാമാങ്കത്തിലെ ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരും, മരക്കാർ : അറബിക്കടലിന്റെ സിംഹത്തിലെ സുനിൽ ഷെട്ടിയുടെ ചന്ദ്രോത്ത് പണിക്കരും ഒരാൾ തന്നെയാണോ?

ചന്ദ്രോത്ത് പണിക്കർ എന്നുള്ളത് കുഞ്ഞാലി മരക്കാന്മാരെപ്പോലെ ഒരു വംശ പരമ്പരയാണ് അല്ലാതെ ഒരാൾ മാത്രമല്ല എന്നുള്ളതാണ് ആദ്യത്തെ ഉത്തരം. പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കാട്ട് പണിക്കർ എന്നീ പടനായർ കുടുംബങ്ങളെപ്പോലെ തന്നെ ചന്ദ്രോത്ത് പണിക്കരും ഒരു പടനായർ കുടുംബമാണ്.

ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെയാണ് ചന്ദ്രോത്ത് പണിക്കർ എന്ന് നാമകരണം ചെയ്തിരിക്കുന്നത് എങ്കിലും അദ്ദേഹത്തിന്റെ മുഴുവൻ പേര് ചന്ദ്രോത്ത് ചന്തു പണിക്കർ എന്നാണ്. അദ്ദേഹത്തിന്റെ വല്യമ്മാവനായ മമ്മൂട്ടിയുടെ ചന്ദ്രോത്ത് വലിയ പണിക്കരും ‘ചന്ദ്രോത്ത് പണിക്കർ’ തന്നെയാണ്. എന്തിന് അച്യുതന്റെ ചന്തുണ്ണിയും ഒരു ചന്ദ്രോത്ത് പണിക്കരാണ്.

മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന കാലമായതുകൊണ്ട് തന്നെ ഇവരോ ഇവരുടെ മരുമക്കളോ അല്ലെങ്കിൽ ഇവർക്ക് മുൻപ് കുടുംബത്തിൽ ചന്ദ്രോത്ത് പണിക്കർ സ്ഥാനം അലങ്കരിച്ചിരുന്ന ആരുമാകാം മരക്കാർ : അറബിക്കടലിന്റെ സിംഹത്തിൽ സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കർ.

മാമാങ്കവും, കുഞ്ഞാലി മരക്കാന്മാരും, ചന്ദ്രോത്ത് പണിക്കർമാരും : സാമൂതിരി വള്ളുവക്കോനാതിരിയെ യുദ്ധത്തിൽ തോൽപ്പിച്ചു മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം നേടിയതിന് ശേഷം നടന്ന ആദ്യ മാമാങ്കം 1485 ലായിരിക്കുമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. അതായത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഏതാണ്ട് അവസാനം വരെയാണ് കുഞ്ഞാലി മരക്കാന്മാർ സാമൂതിരിയുടെ നാവികസേനാ തലവന്മാരുടെ സ്ഥാനം അലങ്കരിക്കുന്നത്. അതായത് സാമൂതിരിയെ വധിക്കാൻ വള്ളുവക്കോനാതിരി ചാവേറുകളെ അയച്ച് ഏതുവിധേനയും ശ്രമിച്ചിരുന്ന സുവർണ്ണകാലം. സാമൂതിരിയുടെ മുഖ്യ നാവികസേനാ തലവൻ എന്ന നിലയ്ക്ക് കുഞ്ഞാലി മരക്കാന്മാർ മാമാങ്കത്തിൽ സാമൂതിരിയെ സംരക്ഷിക്കാൻ അംഗരക്ഷകരായി നിന്നിരിക്കാം. അങ്ങനെയെങ്കിൽ മാമാങ്കത്തിലെ നായകന്മാരായ ചന്ദ്രോത്ത് പണിക്കർ, മരക്കാർ: അറബിക്കടലിന്റെ സിംഹത്തിലെ വില്ലന്മാരാണ്.

മറ്റൊരു ഊഹം.. അതുപക്ഷേ തെറ്റാവാനാണ് കൂടുതൽ സാധ്യത. കാരണം മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ പടനായർ കുടുംബം വള്ളുവക്കോനാതിരിയുടെ ആശ്രിതന്മാരാണ്. ഇനി ഊഹത്തിലേക്ക് വരാം. സാമൂതിരിയുടെ സൈന്യത്തിലും പടനായർ കുടുംബങ്ങൾ ഉണ്ടായിരുന്നു. സാമൂതിരിയുടെ കാലാൾപ്പടയായിരുന്നു നായർപ്പട. പന്തീരായിരം പട എന്നറിയപ്പെട്ട നായർ പോരാളികളായിരുന്നു സാമൂതിരിയുടെ സുരക്ഷാചുമതല വഹിച്ചിരുന്നത്. മാമാങ്കത്തിന് ഇവർക്ക് പുറമേ മുപ്പതിനായിരത്തിലധികം ‘ഏറനാടൻ’ നായർ പോരാളികളും സാമൂതിരിയുടെ സുരക്ഷയ്ക്കായി നിലയുറപ്പിക്കുമായിരുന്നു.

സാമൂതിരിയുടെ നായർപ്പടയിൽ “ചന്ദ്രോത്ത് പണിക്കർ” ഉണ്ടായിക്കൂടെ എന്ന ഊഹമാണ് ഞാനിപ്പോൾ പങ്കുവെക്കുന്നത്. അങ്ങനെയെങ്കിൽ ‘ചന്ദ്രോത്ത് പണിക്കർ’ പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാരെ ചതിയിൽ പിടികൂടിയപ്പോൾ തടയാൻ വന്ന നായർപ്പടയാളികളിൽ ഒരാളാവാനും സാധ്യതയുണ്ട്.. പക്ഷേ.. എന്ററിവിൽ അല്ല..!!

SHARE