നമ്മളെല്ലാം ട്രെയിനിൽ യാത്ര ചെയ്യാറുണ്ട്. മിക്കയാളുകൾക്കും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉള്ള ഒരു പ്രവണതയാണ് ഡോറിനു സമീപം വന്നു നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ മൊബൈലിൽ ചിത്രങ്ങൾ എടുക്കുകയെന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഡോറിനു സമീപം നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന് നിയമം ഉള്ളതാണ്. അത് അധികമാളുകളും പാലിക്കപ്പെടുന്നതായി കാണാറില്ല.

കാഴ്ചകൾ കൂടുതൽ ആസ്വദിക്കുവാൻ എന്നോണമാണ് മിക്കവരും ഡോറിനു സമീപം വന്നു നിൽക്കുന്നത്. ചില സിനിമകളിലെ നായകന്മാരെ അനുകരിച്ചും ചിലർ ഇത്തരത്തിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ യാത്ര ചെയ്യുന്നതിനു പിന്നിലെ ആരും ഓർക്കാത്ത ഒരു അപകടം വെളിപ്പെടുത്തി തരികയാണ് ഈ ലേഖനത്തിലൂടെ.

ബെംഗളൂരു ബനാസ്‌വാടിയ്ക്കും യശ്വന്ത്പൂരിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഒരു മലയാളി യുവാവിനുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണ്. പുറത്തെ ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എടുക്കുന്നതിനായി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിനടുത്ത് നിൽക്കുകയായിരുന്നു ഈ യുവാവ്. അന്നേരം പുറത്ത് ട്രാക്കിൽ നിൽക്കുകയായിരുന്ന മൂന്നോ നാലോ പിള്ളേരിൽ ഒരുവൻ അവൻ്റെ കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് യുവാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ ലക്ഷ്യമാക്കി അടിച്ചു. പക്ഷെ ഭാഗ്യത്തിന് ആ അടി മൊബൈൽ ഫോണിൽ കൊണ്ടില്ല, പകരം യുവാവിന്റെ കഴുത്തിലാണ് കൊണ്ടത്. അൽപ്പം വേദനയുണ്ടായെങ്കിലും മൊബൈൽ നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ്‌ ആ യുവാവ് ഇപ്പോൾ.

ഇത്തരത്തിൽ സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതലും കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലാണ് ട്രെയിനുകളുടെ വാതിൽക്കൽ നിൽക്കുന്നവരെ ലക്ഷ്യമാക്കി ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുള്ളത്. മൊബൈൽഫോൺ ആണ് ഇവരുടെ പ്രധാന ലക്‌ഷ്യം. പതിനഞ്ചും പതിനാറുമൊക്കെ പ്രായമുള്ള ചെറിയ പിള്ളേരാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ എന്നത് കൂടുതൽ ഞെട്ടിക്കുന്ന കാര്യമാണ്. ഇതോടൊപ്പമുള്ള ചിത്രം സംഭവ സമയത്ത് അബദ്ധവശാൽ മൊബൈൽഫോണിൽ ക്ലിക്ക് ആയതാണ്. അതുകൊണ്ട് ആ പിള്ളേരുടെ മുഖം ശരിക്കും മനസിലാക്കുവാൻ സാധിച്ചു.

‘കാക്ക മുട്ടൈ’ എന്ന തമിഴ് ചിത്രത്തിൽ ഇത്തരത്തിൽ വാതിൽക്കൽ നിന്നു യാത്ര ചെയ്യുന്നവരുടെ മൊബൈൽഫോണുകൾ വടികൊണ്ടടിച്ചു താഴെ വീഴ്ത്തി കൈക്കലാക്കുന്ന ദൃശ്യങ്ങൾ നമുക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. മിക്കതും പുറംലോകം അറിയാതെ പോകാറാണ് പതിവ്. എന്നാൽ ഇപ്പോൾ നടന്ന ഈ സംഭവം അനുഭവസ്ഥൻ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇതോടെ വാർത്ത വൈറലായി മാറുകയും ചെയ്തു.

ഇനിയെങ്കിലും ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യാതൊരു കാരണവശാലും ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ട്രെയിനിന്റെ വാതിൽക്കൽ വന്നു നിൽക്കരുത്. മൊബൈൽ ഫോൺ മാത്രമല്ല ചിലപ്പോൾ നമ്മുടെ ജീവനും നഷ്ടപ്പെട്ടേക്കാം. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ.

SHARE