എയർ ഇന്ത്യ പോലെത്തന്നെ പേരുകേട്ട ഒരു എയർലൈനായിരുന്നു ഇന്ത്യൻ എയർലൈൻസ്. ശരിക്കും എന്തായിരുന്നു ഇന്ത്യൻ എയർലൈൻസ് എന്നത് ഇപ്പോഴും പലർക്കിടയിലുമുള്ള ഒരു സംശയമാണ്. ഇന്ത്യൻ എയർലൈൻസിനെക്കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ഇനി പറയുവാൻ പോകുന്നത്.

1932 ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് വിമാനക്കമ്പനി സ്ഥാപിച്ചു. 1946 ൽ ഇത് എയർഇന്ത്യ എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. 1948 ൽ 49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങുകയും എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുകയും ചെയ്തു.

1953 ൽ എയർ കോർപറേഷൻ ആക്ട് പ്രകാരം ഇന്ത്യയിലെ എയർ റൂട്ടുകൾ ദേശസാൽക്കരിക്കുകയും, നിലവിലെ കമ്പനിയെ എയർഇന്ത്യ ഇന്റർനാഷനൽ, ഇന്ത്യൻ എയർലൈൻസ് എന്നീ രണ്ടു കമ്പനികളാക്കി മാറ്റുകയും ചെയ്തു. എയർ ഇന്ത്യയുടെ ഡൊമസ്റ്റിക് വിങ്ങും; അതോടൊപ്പം ഡെക്കാൻ എയർവേയ്‌സ്, എയർവേയ്‌സ് ഇന്ത്യ, ഭാരത് എയർവെയ്‌സ്, ഹിമാലയൻ ഏവിയേഷൻ, കലിംഗ എയർലൈൻസ്, ഇന്ത്യൻ നാഷണൽ എയർവെയ്‌സ്, എയർ സർവ്വീസസ് ഓഫ് ഇന്ത്യ തുടങ്ങി അക്കാലത്തുണ്ടായിരുന്ന ഡൊമസ്റ്റിക് എയർലൈനുകളും കൂടിച്ചേർന്നാണ് ഇന്ത്യൻ എയർലൈൻസ് രൂപീകരിച്ചത്.

1953 ഓഗസ്റ്റ് ഒന്ന് മുതലാണ് ഇന്ത്യൻ എയർലൈൻസ് പ്രവർത്തനമാരംഭിച്ചത്. എയർ ഇന്ത്യ ഇന്റർനാഷണൽ അന്താരാഷ്ട്ര റൂട്ടുകളിൽ സർവ്വീസുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ, ആഭ്യന്തര റൂട്ടുകളിലായിരുന്നു ഇന്ത്യൻ എയർലൈൻസ് സർവ്വീസ് നടത്തിയത്. കൂടാതെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ബർമ്മ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഇന്ത്യൻ എയർലൈൻസിന് സർവ്വീസുകൾ ഉണ്ടായിരുന്നു. പിന്നീട് ചില മിഡിൽ ഈസ്റ്റ്, അറബ് രാജ്യങ്ങളിലേക്കും ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ സർവ്വീസുകൾ നടത്തിയിട്ടുണ്ട്. ഡൽഹിയിൽ ആയിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്തിരുന്നത്.

തുടക്കത്തിൽ Douglas DC-3 Dakota, Vickers Vikings, Douglas DC-4 എന്നീ എയർക്രാഫ്റ്റുകളായിരുന്നു ഇന്ത്യൻ എയർലൈൻസ് ഫ്‌ലീറ്റിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇതോടൊപ്പം മെർജ് ചെയ്യപ്പെട്ട എയർലൈനുകളുടെ ചെറിയ വിമാനങ്ങളും സർവ്വീസുകൾക്കായി ഉപയോഗിച്ചിരുന്നു. 1970 ലാണ് ഇന്ത്യൻ എയർലൈൻസിലേക്ക് ബോയിങ് 737 മോഡൽ എയർക്രാഫ്റ്റുകൾ എത്തിത്തുടങ്ങിയത്.

ഇതിനിടെ 1962 ൽ എയർഇന്ത്യ ഇന്റർനാഷനൽ എന്ന പേര് എയർഇന്ത്യ എന്നാക്കി മാറ്റി. 1966 ൽ ഇന്ത്യൻ എയർലൈൻസ് ദിവസേന 100 ഫ്‌ളൈറ്റ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന നിലയിലെത്തി. വർഷത്തിൽ 10 ലക്ഷത്തോളം യാത്രക്കാരായിരുന്നു ഇന്ത്യൻ എയർലൈസിൽ യാത്ര ചെയ്തിരുന്നത്. ഇതു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഡൊമസ്റ്റിക് എയർലൈനുകളിലൊന്നായി ഇന്ത്യൻ എയർലൈൻസ് മാറി. അക്കാലത്ത് ഒരു ദിവസത്തിൽ 36000 കിലോമീറ്ററുകളായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ റൂട്ട് നെറ്റ്‌വർക്ക്. ലോകത്തെ പല ഡൊമസ്റ്റിക് എയർലൈനുകളും ഇത്രയും കിലോമീറ്റർ താണ്ടുവാൻ ദിവസങ്ങളെടുത്തപ്പോൾ ഇന്ത്യൻ എയർലൈൻസിൻ്റെ ദിവസേനയുള്ള കണക്കായിരുന്നു അത്.

1980 കളുടെ മധ്യത്തിൽ ഇന്ത്യയിലെ വിമാന സർവ്വീസുകൾക്കു മേലുണ്ടായിരുന്ന ദേശസാൽക്കരണം അവസാനിപ്പിക്കുകയും, തൽഫലമായി പുതിയ പ്രൈവറ്റ് എയർലൈനുകൾ രംഗത്തേക്ക് കടന്നു വരികയുമുണ്ടായി. ഇത് ഇന്ത്യൻ എയർലൈൻസിന്റെ സർവ്വീസുകൾക്കേറ്റ ഒരു തിരിച്ചടി തന്നെയായിരുന്നു. Jet Airways, Air Sahara, East-West Airlines എന്നിവരായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ അന്നത്തെ പ്രധാന എതിരാളികൾ.

1989 ൽ എയർബസ് A320 എയർക്രാഫ്റ്റുകൾ ഇന്ത്യൻ എയർലൈൻസിലേക്ക് എത്തിച്ചേർന്നു. 1993 ൽ ഇന്ത്യയിലെ മറ്റൊരു റീജ്യണൽ എയർലൈനായിരുന്ന വായുദൂത് ഇന്ത്യൻ എയർലൈൻസുമായി യോജിക്കുവാനുള്ള നടപടികളെടുക്കുകയും, 1997 ൽ വായുദൂതിൻ്റെ വിമാനസർവ്വീസുകൾ ഇന്ത്യൻ എയർലൈൻസിലേക്ക് ചേർക്കപ്പെടുകയും ചെയ്തു. വായുദൂതിലെ ജീവനക്കാരിൽ ഒരു വിഭാഗം ഇന്ത്യൻ എയർലൈൻസിലും ബാക്കിയുള്ളവർ എയർ ഇന്ത്യയിലുമായി ചേർന്നു.

1996 ൽ ഇന്ത്യൻ എയർലൈൻസിന്റെ subsidiary എന്ന നിലയിൽ അലയൻസ് എയർ എന്ന പേരിൽ ഒരു റീജ്യണൽ എയർലൈൻ പ്രവർത്തനമാരംഭിച്ചു. 1999 ൽ ഡൽഹി – മുംബൈ റൂട്ടിൽ ഓരോ മണിക്കൂർ ഇടവിട്ട് ഷട്ടിൽ സർവ്വീസുകൾ നടത്തി ഇന്ത്യൻ എയർലൈൻസ് വാർത്തകളിൽ ഇടം നേടി.

1999 ഡിസംബർ 24 നു ഇന്ത്യൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് നമ്പർ 814 കാഠ്‌മണ്ഡുവിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുകയുമുണ്ടായി. അവസാനം അവർ ആവശ്യപ്പെട്ടതനുസരിച്ച് ജയിലിലായിരുന്ന മൂന്നു ഭീകരരെ വിട്ടയച്ച ശേഷമാണ് വിമാനം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത്. ഹൈജാക്കിനിടെ ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്.

2003 ൽ സ്‌പൈസ്ജെറ്റ്, കിംഗ്‌ഫിഷർ, എയർ ഡെക്കാൻ, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ ലോ ബഡ്‌ജറ്റ്‌ എയർലൈനുകൾ കൂടി കളത്തിലിറങ്ങിയതും ഇന്ത്യൻ എയർലൈൻസിനു അൽപ്പം ക്ഷീണം നൽകി. പക്ഷേ എന്നിരുന്നാലും 2004 -2005 കാലഘട്ടത്തിൽ മികച്ച ലാഭവുമായി ഇന്ത്യൻ എയർലൈൻസ് കരുത്ത് തെളിയിച്ചുകൊണ്ടിരുന്നു.

2005 ൽ ഇന്ത്യൻ എയർലൈൻസിനെ റീബ്രാൻഡ് ചെയ്ത് പേര് ‘ഇന്ത്യൻ’ എന്നാക്കി മാറ്റുകയും, അതോടൊപ്പം ലോഗോയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. പിന്നീട് 2007 ൽ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും സംയോജിപ്പിച്ച് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. 2010 ഒക്ടോബറിൽ ഇതിൻ്റെ പേര് വീണ്ടും എയർഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി.

2011 ഫെബ്രുവരി 26 നു ഇന്ത്യൻ എയർലൈൻസ് എന്ന ബ്രാൻഡിലുള്ള സർവ്വീസുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും, ബ്രാൻഡും കോഡുകളും പൂർണ്ണമായും എയർ ഇന്ത്യയിൽ യോജിക്കുകയും ചെയ്തു. എയർബസ് A319, A320 എന്നിവയായിരുന്നു സർവ്വീസ് അവസാനിപ്പിക്കുന്ന സമയത്ത് ഇന്ത്യൻ എയർലൈൻസിലുണ്ടായിരുന്ന എയർക്രാഫ്റ്റുകൾ. ഇവ പിന്നീട് ലിവെറി മാറ്റി എയർ ഇന്ത്യ ഏറ്റെടുക്കുകയുണ്ടായി.

അങ്ങനെ ഒരുകാലത്ത് ഇന്ത്യൻ ഏവിയേഷൻ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഇന്ത്യൻ എയർലൈൻസ് എന്നെന്നേക്കുമായി ഓർമ്മകളിൽ മറഞ്ഞു.

SHARE