ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ്‌ എമിറേറ്റ്സ്. ഇത് മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ 160 ഓളം സ്ഥലങ്ങളിലേക്ക് എമിറേറ്റ്സിനു ഏകദേശം 270 ഓളം വിമാനങ്ങൾ സ്വന്തമായുണ്ട്. എമിറേറ്റ്സിന്റെ ഉടമസ്തത വഹിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിൽ ഏകദേശം അറുപത്തിനാലായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.

1985 ഒക്ടോബർ ഇരുപത്തഞ്ചാം തീയതിയാണ് എമിറേറ്റ്സ് അതിന്റെ ആദ്യത്തെ സർവീസ് തുടങ്ങുന്നത്. ദുബൈയിൽ നിന്ന് കറാച്ചി, മുംബൈ എന്നീ നഗരങ്ങളിലേക്ക് ആയിരുന്നു എമിറേറ്റിസിൻ്റെ ആദ്യ സർവ്വീസ്. ഈ വർഷത്തിൽ എമിറേറ്റ്സിനു മുംബൈ, കറാച്ചി, ഡൽഹി എന്നിവിടങ്ങളിലേക്ക് ആയിരുന്നു സർവ്വീസുകൾ.

തുടക്കത്തിൽ എമിറേറ്റ്സ് ഫ്ലീറ്റിൽ ആകെ നാല് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ദുബൈ  ഷൈക് മുഹമ്മദ് ബിൻ റാഷിദ് നൽകിയ രണ്ട് ബോയിങ്ങ് 727 വിമാനങ്ങളും പാകിസ്താൻ ഇന്റർനാഷനൽ എയർലൈനിൽ നിന്നു വെറ്റ് ലീസ് വാടകക്കെടുത്ത രണ്ടു വിമാനങ്ങളും. വെറ്റ് ലീസ് വാടക എന്നു പറഞ്ഞാൽ വിമാനം, ക്രൂ, ഇൻഷൂറൻസ്, മെയിന്റനൻസ് (aircraft, crew, insurance, maintenance) എല്ലാം ഉടമസ്ഥ കമ്പനിയുടെയും, ഫ്ലൈറ്റ് നമ്പർ മാത്രം വാടകക്കാരന്റെയുമായിരിക്കും.

ആദ്യത്തെ വർഷം തന്നെ എമിറേറ്റ്സ് 260,000 യാത്രക്കാരെയും, 10,000 ടൺ ചരക്കും വഹിച്ചു ലാഭകരമായി പ്രവർത്തിച്ചു തുടങ്ങി. അന്ന് എമിറേറ്റ്സിന്റെ സാരഥ്യം വഹിച്ചിരുന്നത് ബി.ഓ.ഏ.സി യിലും (BOAC) , ബ്രിട്ടീഷ എയർവേസിലും കൂടി 25 വർഷത്തെ പ്രവർത്തന പരിചയമുള്ള സർ മോറിസ് ഫ്ലാനഗൻ ആയിരുന്നു. 2010 ലെ എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ബഹുമതി ലിസ്റ്റിൽ ഇദ്ദേഹത്തിന് നൈറ്റ് കമാണ്ടർ ഒഫ് ദി ഓർഡർ ഒഫ് ദി ബ്രിട്ടീഷ് എമ്പയർ (KBE – Knight Commander of the Order of the British Empire) ബഹുമതി നൽകുകയുണ്ടായി. വ്യോമയാന വ്യവസായത്തിന് ഇദ്ദേഹം നൽകിയ അമൂല്യമായ സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തിന് സർ (knighthood) പദവി നൽകിയത്.

1986 ആയപ്പോൾ കൊളംബോ, ധാക്ക, അമ്മാൻ, കെയ്റോ എന്നീ നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങി. ആ ഒരു വർഷം മാത്രം എമിറേറ്റ്സിന്റെ ചരിത്രത്തിൽ ആദ്യവും അവസാനവുമായി കണക്കുകൾ നഷ്ടം കാണിച്ചു. ഇൻഫ്രാസ്റ്റ്രക്ചർ വികസിപ്പിക്കാൻ പണം മുടക്കിയത് കാരണമാണ് ആ വർഷം ചെലവ് വരവിനെക്കാൾ കൂടിയത്.

1987 ജൂലൈ മൂന്നാം തീയതി എമിറേറ്റ്സ് വാങ്ങിയ ആദ്യ വിമാനമായ എയർബസ് A310-304 ഏറ്റുവാങ്ങി. ആ വർഷം തന്നെ ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്, മാലി എന്നീ നഗരങ്ങളിലേക്കുള്ള സർവീസ് തുടങ്ങാനുള്ള അനുമതി ലഭിച്ചു. 1988-ൽ ഡമാസ്കസിലേക്ക് സർവീസ് തുടങ്ങി. ഇതോടെ എമിറേറ്റ്സ് ശൃംഗലയിൽ പന്ത്രണ്ട് നഗരങ്ങളായി. 1989-ൽ സിംഗപ്പൂർ, മനില, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങി. 1990 ൽ എമിറേറ്റ്സ് എയർബസുമായി മൂന്ന് A310-300 വിമാനങ്ങൾ വാങ്ങാൻ ഉള്ള കരാറിൽ ഒപ്പ് വെയ്ക്കുകയും അതോടൊപ്പം തന്നെ മാഞ്ചസ്റ്ററിലേക്ക് സർവീസ് തുടങ്ങുകയും ചെയ്തു.

1992 ൽ എമിറേറ്റ്സ് ഏഴ് ബോയിങ് 777 വിമാനങ്ങൾക്കായുള്ള ഓർഡർ നൽകി. 2000 ത്തിൽ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യുടെ ആദ്യ ഓർഡർ നൽകിയത് എമിറേറ്റ്സ് ആയിരുന്നു. 2005 ൽ ഒരുമിച്ച് 42 B777 വിമാനങ്ങൾക്ക് ഓർഡർ നൽകിയത് ലോകറെക്കോർഡ് തന്നെയായിരുന്നു. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ B777 വിമാനങ്ങളുള്ള എയർലൈൻസ് എമിരേറ്റ്സ് ആണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുകയും, കൂടുതൽ യാത്രക്കാരെ വഹിക്കുകയും ചെയ്യുന്ന എമിറേറ്റ്‌സ് എയർവേസ് 2013-ലെ ലോക നമ്പർ വൺ എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2019 ൽ 145 രാജ്യങ്ങളിൽ നിന്നായുള്ള 540 യാത്രക്കാരുമായി എമിറേറ്റ്സിൻ്റെ EK2019 എന്ന A380 വിമാനം സർവ്വീസ് നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി. കൂടുതൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സർവ്വീസ് നടത്തിയ വിമാനം എന്ന റെക്കോർഡ് ആണ് എമിറേറ്റ്സിനു ലഭിച്ചത്.

ഇന്ന് എമിറേറ്റ്സ് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ ഒരു എയർലൈൻ ആണ്. കൊച്ചിയും തിരുവനന്തപുരവുംഅടക്കമുള്ള വിവിധ സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് സർവ്വീസ് നടത്തുന്നുണ്ട്. ഇനി എന്നെങ്കിലും എമിറേറ്റ്സ് വിമാനം കാണുമ്പോഴോ അതിൽ കയറുവാൻ അവസരം ലഭിക്കുമ്പോഴോ ഇക്കാര്യങ്ങൾ ഒന്നോർക്കുക.

SHARE