കൊറോണ ഭീതികൾക്കിടയിൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഹാദി ഉനാസ് എന്ന യുവാവിൻ്റെ കുറിപ്പ്. ഇദ്ദേഹത്തെപ്പോലുള്ളവർ ഇക്കാലത്ത് എല്ലാവർക്കും ഒരു മാതൃക തന്നെയാണ്. ഹാദി ഉനാസ് തൻ്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

ഇന്നലെയാണ് ഞാൻ UAE യിൽ നിന്ന് ഗോവ വഴി നാട്ടിലെത്തിയത്. നായിഫിലെ Covid -19 റിപ്പോർട്ടഡ് ഏരിയയിൽ നിന്നും വന്നത് കൊണ്ട് അതീവ ജാഗ്രത യാത്രയിലുടനീളം പുലർത്തിയിരുന്നു. Dry Cough ഉള്ളത് കൊണ്ട് യാത്ര ആരംഭിച്ചത് മുതൽ വീട്ടിൽ Quarantine ആകുന്നത് വരെ മാസ്ക് ചെയ്തും കൃത്യമായ ഇടവേളകളിൽ ആൽക്കഹോളിക് സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആരുമായും Primary / Secondary കോണ്ടാക്ട് ഇല്ലാതിരിക്കാൻ Sharjah Airport ന് ശേഷം ടോയ്‌ലെറ്റിൽ പോലും പോകാതെ ശ്രദ്ധിച്ചാണ് വന്നത്.

തലശ്ശേരി വന്നിറങ്ങിയപ്പോൾ കർഫ്യു കാരണം വാഹനം ഇല്ലാത്തതിനാൽ ഹോസ്പിറ്റലിൽ വരെ നടന്ന് പോയി റിപ്പോർട്ട് ചെയ്തത് കൊണ്ടും ഗോവ മുതൽ റെയിൽവേസിൽ പോലും ഒരു കടയും ഇല്ലാത്തതിനാലും വിശപ്പ് മൂലം വല്ലാതെ ക്ഷീണിതനായിരുന്നു. ദാഹം വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ തലശ്ശേരി ട്രാഫിക് സ്റ്റേഷനിൽ കയറി വെള്ളം ആവശ്യപ്പെട്ടു. ക്ഷീണിതനാണ് എന്ന് കണ്ടപ്പോൾ ചൂട് വെള്ളം കുടിക്കാൻ കൊണ്ട് വന്നു തന്ന പോലീസ്കാർക്ക് പ്രത്യേകം നന്ദി.

അപ്പോൾ പറഞ്ഞു വന്നത്, അങ്ങേയറ്റം ക്ഷീണിതനായി വരുന്ന ഞാൻ കരുതിയത് ഇപ്പോൾ വീട്ടിലെത്തിയാൽ HOME ISOLATION ചെയ്യണം എന്നത് ഉമ്മയെ പറഞ്ഞ് മനസ്സിലാക്കണമല്ലോ എന്നതാണ്. എന്നാൽ വീട്ടിലെത്തിയ ഞാൻ കണ്ടത് എന്നേക്കാൾ വല്യ തയ്യാറെടുപ്പുമായി നിൽക്കുന്ന ഉമ്മയെ ആണ്.

വന്നു കയറിയ ഉടനെ ആദ്യം ആവശ്യപ്പെട്ടത് ലഗ്ഗേജ് പുറത്ത് വെക്കാനും ഹാൻഡ് വാഷ് ചെയ്ത് കയറാനുമാണ്. അത് കഴിഞ്ഞപ്പോൾ ക്ഷീണം കൊണ്ട് ഒരു നിമിഷം സോഫയിൽ ഇരിക്കാൻ പോയ എന്നെ വിലക്കുകയും സേഫ് ഡിസ്റ്റൻസിൽ മാറി നിന്ന് ഉടനെ തന്നെ മുകളിൽ എന്റെ റൂമിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. റൂമും ടോയ്ലറ്റും വൃത്തിയാക്കി അണുവിമുക്തമാക്കി വെച്ചിരുന്നു. എനിക്ക് ആവശ്യമുള്ളതെല്ലാം അറേഞ്ച് ചെയ്ത് വച്ചിരുന്നു. ജനലൊക്കെയും തുറന്ന് വെച്ച് മുറി വായുസഞ്ചാര യോഗ്യമാക്കി.

ചൂട് കാരണം ഞാൻ A/C ഉപയോഗിച്ചേക്കുമോ എന്ന് ഭയന്ന് റിമോട്ട് മാറ്റി വെച്ചിരുന്നു. ഞാൻ വരുന്നതിന് മുൻപ് തന്നെ ഗർഭിണിയായ സഹോദരിയെയും അനുജന്മാരെയും ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. ഇപ്പോൾ എന്റെ കാര്യങ്ങൾ നോക്കി ഉമ്മ മാത്രമേ വീട്ടിൽ ഉള്ളൂ. മേലെ നിലയിലെ എന്റെ മുറിയിൽ നിന്നും മുറിക്ക് പുറത്ത് കൊണ്ട് വെക്കുന്ന ഭക്ഷണവും മറ്റും എടുക്കാൻ മാത്രമേ പുറത്ത് വരാൻ അനുവദിക്കുന്നുള്ളൂ. ഭക്ഷണവും മറ്റും കൊണ്ട് വെക്കുന്നത് ഉമ്മയാണ്. അതും ഹാൻഡ് ഗ്ലോവ് ഉപയോഗിച്ചും കൃത്യമായി ഹാൻഡ് വാഷ് ചെയ്തും.

എനിക്കിപ്പോൾ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. ആവശ്യമുള്ളതൊക്കെയും കൃത്യമായി ഉമ്മ മുറിയിൽ എത്തിക്കുന്നുണ്ട്. മൊബൈൽ ഫോണിലാണ് പരസ്പരം സംസാരിക്കുന്നത്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് വിളിച്ചന്വേഷിക്കുന്നു എന്ന് ഉമ്മ ഉറപ്പ് വരുത്തുന്നുണ്ട്.

ഉമ്മയെ പറഞ്ഞ് മനസ്സിലാക്കേണ്ടി വരുമെന്ന് കരുതിയ എന്നെ ഉമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു. എനിക്ക് രോഗമുണ്ടെന്ന് കരുതിയിട്ടല്ല ഉമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഒരു പക്ഷെ രോഗം ഉണ്ടെങ്കിൽ മറ്റൊരാളിലേക്ക് ആ രോഗം സഞ്ചരിക്കാൻ ഞാൻ കാരണം ആകരുത് എന്ന നിർബന്ധബുദ്ധിയാണ്.

ഇങ്ങനെയുള്ള ഉമ്മമാരും അമ്മമാരും നമുക്ക് ചുറ്റും ഉണ്ടാകുമ്പോൾ തീർച്ചയായും ഈ വൈറസിനെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. So Proud, Mom… Home Quarantine രണ്ടാം ദിവസം…

NB: മാഹി ആരോഗ്യവകുപ്പ് ഓഫീസർ Dr. ബിജു, കൃത്യമായി കാര്യങ്ങൾ വിളിച്ച് അന്വേഷിക്കുകയും ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പള്ളൂർ ഹോസ്പിറ്റലിലെ നഴ്സ് ഭവിക, എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ ഞങ്ങൾ എത്തിക്കോളാം എന്ന് പറഞ്ഞ പള്ളൂർ പോലീസ്, മറ്റു സുഹൃത്തുക്കൾ എല്ലാവർക്കും പ്രത്യേകം നന്ദി.

SHARE