ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപമുള്ള ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. കൃഷ്ണ ശില കൊണ്ടും തടി കൊണ്ടും പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.

ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാ തീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.

ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്.

നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.

ശിവലിംഗത്തിനകത്തേക്കു പ്രവേശിക്കാൻ 100 രൂപയുടെ ടിക്കറ്റ് എടുക്കണം.അകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല. മൊബൈൽ, ബാഗ് തുടങ്ങിയവയെല്ലാം ക്ലോക്ക് റൂമിൽ വെച്ച് വേണം അകത്തേക്ക് പ്രവേശിക്കാൻ. 8 നിലകളിലായി 8 മാണ്ഡപങ്ങളാണ് ശിവലിംഗത്തിനകം ക്രമീകരിച്ചിരിക്കുന്നത്. ഒരു ഗുഹയിലേക്കെന്ന പോലെയാണ് ശിവലിംഗത്തിനുള്ളിലൂടെയുള്ള യാത്ര. ചുവര്ചിത്രങ്ങളും വിഗ്രഹങ്ങളും കൊണ്ട് ശിവലിംഗത്തിനകം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയെ കൈലാസം എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

32 ഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയും 12 ജ്യോതിർലിംഗ പ്രതിഷ്ഠയും 64 ഭാവാദത്തിലുള്ള ശിവ രൂപങ്ങൾ ഉപക്ഷേത്രങ്ങളും പ്രാർഥനാ മണ്ഡപങ്ങലുമെല്ലാമായി വിപുലമായ ക്ഷേത്രസമുച്ചയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും 25 KM അകലെ തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകരയിൽ നിന്നും ഉദിയൻകുളങ്ങര നിന്നുമാണ് ക്ഷേത്രത്തിലേക്കുള്ള വഴികൾ. Google map ലൊക്കേഷനായി ചെങ്കൽ മഹേശ്വരം ടെംപിൾ എന്ന് നൽകിയാൽ ഇവിടേക്കുള്ള വഴി ഗൂഗിൾ മാപ്പ് കൃത്യമായി കാണിച്ചു തരും. തിരുവനന്തപുരത്തെത്തുന്ന തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഇവിടം ഒരു തവണ തീർച്ചയായും സന്ദർശിക്കാവുന്നതാണ്.

കടപ്പാട് – വിക്കിപീഡിയ. റിനു രാജ്.

SHARE