വിവരണം – സുജിത്ത് എൻ.എസ്.

കുട്ടിക്കാലത്ത് ബാലരമയിലോ പത്രത്തിലോ മറ്റൊ വായിച്ചത് മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു എങ്ങനെയെങ്കിലും ഒരിക്കൽ അഗസ്ത്യാർകൂടം പോവുക എന്നത്. ഞാൻ വളരുന്തോറും എന്റെ ആഗ്രഹവും വളർന്നുകൊണ്ടിരുന്നു. അങ്ങനെ സ്വന്തം കാലിൽ നിൽക്കാൻ ആയതു മുതൽ എൻറെ ഓരോ ആഗ്രഹങ്ങളും ഞാൻ സാധിപ്പിച്ചു കൊണ്ടേയിരുന്നു. അഞ്ചുവർഷം മുമ്പാണ് അഗസ്ത്യാർകൂടം പോകുന്നത് എങ്ങനെയാണ് ബുക്ക് ചെയ്യുന്നത് എന്ന് ഞാൻ അറിഞ്ഞത്. അങ്ങനെ കഴിഞ്ഞ നാലു കൊല്ലമായി അഗസ്ത്യകൂടം പോകാനുള്ള ടിക്കറ്റിനു വേണ്ടി ഞാൻ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ കിട്ടില്ല. അതായിരുന്നു അവസ്ഥ. ഈ കൊല്ലം ഹർത്താൽ ഡ്യൂട്ടിക്കിടയിൽ കഷ്ടപ്പെട്ട് ഞാൻ എങ്ങനെയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തു.

ടിക്കറ്റ് കൺഫോം ആയ ശേഷം മുൻപ് പോയ പലരോടും ഞാൻ പോകാൻ ചെയ്യേണ്ട തയ്യാറെടുപ്പുകൾ കുറിച്ച് ചോദിച്ചിരുന്നു. എല്ലാരും മാക്സിമം ലഗേജ് കുറച്ച് എടുക്കാനാണ് പറഞ്ഞത്. ഞാൻ എന്റെ ബാഗിൽ ഞാനിട്ട വസ്ത്രം കൂടാതെ രണ്ട് നിക്കറും രണ്ട് ടീ ഷർട്ടും പിന്നെ കുറച്ച് അണ്ടിപ്പരിപ്പ് ഈത്തപ്പഴവും ഗ്ലൂക്കോസും ഒരു കുപ്പി വെള്ളവും പവർബാങ്കും കുറച്ച് നാരങ്ങയും പച്ചമുളകും ഓറഞ്ചും ഉപ്പും മാത്രമാണ് എടുത്തത്. എന്നിട്ടും ബാഗിന് നല്ല ഭാരമായിരുന്നു. ഉറപ്പായി എടുക്കേണ്ട പുതപ്പ് ഞാൻ എടുക്കാൻ മറക്കുകയും ചെയ്തു.

രാവിലെ നാല് അമ്പതിന് തമ്പാനൂർ സ്റ്റാൻഡിൽ ബോണക്കാട് ബസ് പിടിച്ചു. ബസ് വന്ന പാടെ ഓടി അതിൽ കയറിയെങ്കിലും എനിക്ക് സീറ്റ് കിട്ടിയില്ല. അതിൽ നിറയെ ട്രെക്കിങ്ങിനുള്ള ആൾക്കാർ ആയിരുന്നു. കൃത്യം അഞ്ചു മണിക്ക് തന്നെ വണ്ടി മുന്നോട്ടെടുത്തു. നെടുമങ്ങാട് ആയപ്പോഴേക്കും ബോണക്കാട് മറ്റും ജോലി ചെയ്യുന്ന കുറെ ചേച്ചിമാർ ബസ്സിൽ കയറി. ഞാനവരോട് ഓരോ സംശയങ്ങളും മറ്റും ചോദിച്ചോണ്ട് ഇരുന്നപ്പോൾ ബസ്സ് വിതുര എത്തി.

അവിടെ ചെറിയൊരു ഹോട്ടലിൽ ബസിലെ ഡ്രൈവറും കണ്ടക്ടറും ആഹാരം കഴിക്കാൻ കയറി.. ആറേകാൽ ആയുള്ളൂ എങ്കിലും ഞാനും ഓടി അവരുടെ പുറകെ കയറി.. അവിടെ ചൂട് അപ്പവും ചമ്മന്തിയും ഇരിക്കുന്നത് കണ്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു. ഞാൻ ബസ്സിലിരുന്നവരെ എല്ലാം കഴിക്കാൻ വേണ്ടി വിളിച്ചു. പക്ഷേ ആർക്കും താല്പര്യമില്ല. ഞാൻ തന്നെ കയറി അപ്പവും ചമ്മന്തിയും കഴിച്ചു. ചൂടപ്പവും നല്ല എരിവും രുചിയുമുള്ള നല്ല സൂപ്പർ ചമ്മന്തിയും. മൂന്ന് അപ്പം അകത്താക്കിയ ശേഷം ഞാൻ ബസ്സിൽ കയറിയപ്പോഴേക്കും ബസ് എടുത്തു.. വിതുരയും മറ്റും പിന്നിട്ട് ഏകദേശം ഏഴേ മുക്കാലോടെ ഞങ്ങൾ ബോണക്കാട് എത്തിച്ചേർന്നു.

24 ന് കേറുന്ന മറ്റ് മൂന്നുപേരെ കൂടി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കൂട്ടിയിരുന്നു ഞാൻ. ഞങ്ങൾ നാലു പേരും പരിജയപ്പെട്ടശേഷം പാസും ഐഡി പ്രൂഫും അവിടെ കാണിച്ച് ശേഷം അവിടുന്ന് പൂരിയും അകത്താക്കി ഉച്ചക്കത്തെ ഊണും പാഴ്സൽ വാങ്ങി പോകാൻ തയ്യാറായി. അന്നേരത്തേക്കും അവിടെ പേര് വിളിച്ചു തുടങ്ങിയിരുന്നു. അവർ ഞങ്ങളുടെ ബാഗും ദേഹവും മുഴുവൻ പരിശോധിച്ച് പ്ലാസ്റ്റിക്കും മറ്റു ലഹരി വസ്തുക്കളും ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി. ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു.

ആദ്യം നല്ല രസമായിരുന്നു നടക്കാൻ. ഞങ്ങടെ പിന്നിൽ വന്നവരെല്ലാം ഞങ്ങളെ മുന്നിൽ കയറി വേഗം നടന്നു പോയി. അവിടുത്തെ ശുദ്ധവായുവും ശ്വസിച്ചു കാനന ഭംഗി മുഴുവൻ ആസ്വദിച്ച് ഞങ്ങൾ പതുക്കെ ആയിരുന്നു നടന്നിരുന്നത്.. ഏകദേശം നാല് കിലോമീറ്റർ ദൂരം നടന്നപ്പോൾ ആദ്യ വെള്ളച്ചാട്ടം എത്തി. വെള്ളച്ചാട്ടത്തിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടി ഒരു പെൺകൊച്ചും ചെറുക്കനും അവിടെ നിക്കുന്നു. അവരെ സഹായിച്ച ഞങ്ങൾ ഒരു സത്യം മനസ്സിലാക്കി. ഞങ്ങളെക്കാളും പതുക്കെ നടക്കുന്ന ആൾക്കാരും ഉണ്ട് എന്നുള്ള സത്യം. അവിടെ കണ്ട ആളോട് ഇവിടെ കുളിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അപ്പുറം സൂപ്പർ വെള്ളച്ചാട്ടം ഉണ്ട് എന്ന് പുള്ളി ഞങ്ങളോട് പറഞ്ഞു. വെള്ളത്തിൽ ഒന്ന് തല മുക്കിയ ശേഷം ഞങ്ങൾ നടത്തം തുടർന്നു.

കാടും മലകളും കണ്ടു മൃഗങ്ങളെ പ്രതീക്ഷിച്ചു നടന്നതുകൊണ്ട് കിലോമീറ്ററുകൾ എല്ലാം ഞങ്ങളുടെ കാലിൽ സെൻറീമീറ്ററുകൾ പോലെയേ അനുഭവപെട്ടുള്ളൂ. ഏകദേശം 12 മണിയോടെ ഞങ്ങൾ അടുത്ത വെള്ളച്ചാട്ടത്തിൽ എത്തിചേർന്നു. ഒരു കിടിലൻ വെള്ളച്ചാട്ടം. അവിടെ കുളിക്കാനും നല്ല തിരക്ക്. വെള്ളം കണ്ടപ്പോൾ തുണിയെല്ലാം വലിച്ചെറിഞ്ഞ ഒരു നിക്കറുമിട്ട് ഞാൻ വെള്ളത്തിലേക്ക് ചാടി. ആ വെള്ളച്ചാട്ടത്തിലേക്ക് ചെന്നു നിന്നതും ഞാൻ ഇതുവരെ നടന്ന ക്ഷീണമെല്ലാം പമ്പ കടന്നു. കുറേനേരം ആ വെള്ളത്തിൽ ചിലവഴിച്ചു മനസ്സില്ലാമനസ്സോടെ കരയ്ക്ക് കയറിയപ്പോൾ നല്ല വിശപ്പ് അനുഭവപ്പെട്ടു.

താഴെ വെള്ളത്തിൽ കാലുമിട്ട് പൊതിചോറ് അഴിക്കാൻ തുടങ്ങിയപ്പോൾ നല്ല മണം. കാട്ടുകൂവഇലയിൽ ചൂട് ചോറ് പൊതിഞ്ഞതിന്റെ മണം ആയിരുന്നു അത്. ചോറും സാമ്പാറും തോരനും അവിയലും പിന്നെ വീട്ടിൽ നിന്ന് കൊണ്ടുവന്ന അച്ചാറും ചമ്മന്തിയും പയറുതോരനും ചേർത്തൊരു പിടി പിടിച്ചു.. ആഹാ എന്തൊരു രുചിയായിരുന്നു അതിന്. ശേഷം അടുത്ത പ്രധാന സ്ഥലമായ അട്ടത്തോട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു തുടങ്ങി.

സെക്കൻഡുകൾ മിനിറ്റുകളായും മിനിറ്റുകൾ മണിക്കൂറുകളായും മാറുന്ന നിമിഷം. നടന്ന് നടന്ന് കാല് മുഴുവൻ നല്ല വേദന. വേദന മാറാൻ ആയി ഓരോ തീറ്റ സാധനങ്ങളുടെയും മറ്റും കഥകൾ പറഞ്ഞുകൊണ്ടായിരുന്നു ഞങ്ങൾ നടന്നത്. അവിടുത്തെ ചെറിയ ഊരുകളും പിന്നിട്ടു അട്ടത്തോടും പിന്നിട്ടു ഞങ്ങൾ പുല്ലുമേട് എത്തിച്ചേർന്നു. അവിടെ എത്തിയപ്പോൾ നല്ല ചൂട്. നാരങ്ങാവെള്ളം ഉണ്ടാക്കാം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.

അട്ടത്തോട് നിന്ന് എടുത്ത് തണുത്ത വെള്ളത്തിൽ ഉപ്പും മുളകും ഇട്ടു ഞാൻ നാരങ്ങ പിഴിഞ്ഞ് എല്ലാർക്കും കൊടുത്തു.. പുറമേ നാരങ്ങാവെള്ളം കൊള്ളാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും അവരുടെ മുഖഭാവത്തിൽ നിന്ന് അവർക്ക് അത് ഇഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഓരോ കഥകൾ പറഞ്ഞു ഞങ്ങൾ പുല്ലുമേട്ടിൽ കൂടെ നടന്നു തുടങ്ങി. കാടും മലകളും കാട്ടരുവികളും കടന്ന് വൈകിട്ട് അഞ്ചരയോടെ ഞങ്ങൾ താമസസ്ഥലമായ അതിരുമല ക്യാമ്പിൽ എത്തിച്ചേർന്നു.

നല്ല ഭംഗിയുള്ള ഒരു സ്ഥലമായിരുന്നു അതിരുമല.. ദൂരെ ചിത്രം വരച്ചത് പോലുള്ള മലനിരകൾ. വലിയൊരു കാട്ടരുവി. അതിനടുത്തായി തകര ഷീറ്റ് അടിച്ച് ഓരോരോ വലിയ ഹാളുകൾ. അവസാനം എത്തിയതിനാൽ ഞങ്ങൾക്ക് മുറിയിൽ എങ്ങും പാ ഇടാൻ സ്ഥലം കിട്ടിയില്ല. മുറി റെഡിയാക്കാം എന്ന് അവിടുത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു. ശേഷം വരാന്തയിൽ വെയിറ്റ് ചെയ്യാനും പറഞ്ഞു.

ബാഗും പായും വരാന്തയിൽ വച്ച് ശേഷം ആറ്റിലിറങ്ങി കുളിച്ച് തിരികെ ക്യാന്റീനിലേക്ക് ഞങ്ങൾ കയറി. ക്യാന്റീനിലെ ബോർഡ് കണ്ട് ഞങ്ങൾ ഞെട്ടി. കഞ്ഞി 125 രൂപ, പുട്ട് 110 രൂപ ഉപ്പുമാവ് 90 രൂപ എന്നിങ്ങനെ നീളുന്നു അവിടുത്തെ വിലവിവരപ്പട്ടിക. കഞ്ഞിക്ക് വേണ്ടി കൂപ്പൺ അത് ഞങ്ങൾക്ക് ഏകദേശം ഏഴരയോടെ കഞ്ഞി കിട്ടി. എന്തൊരു രുചിയായിരുന്നുവെന്നോ അവിടുത്തെ കഞ്ഞിക്കും പയറിനും ചമ്മന്തിക്കും. മൂന്നു തവണ കഞ്ഞി വാങ്ങി കുടിച്ച് ആ മരംകോച്ചും തണുപ്പത്ത് ഞങ്ങൾ ഉറങ്ങാൻ കിടന്നു.

രാവിലെ അഞ്ചരയോടെ കുണുകുണാ എന്നുള്ള അലാറം സൗണ്ട് കേട്ടു ഞാൻ മുശിപ്പോടെ എണീറ്റു. ആ തണുപ്പത്ത് രാവിലെ 5.30 ന് എണീക്കുന്ന കാര്യം ആലോചിക്കാനേ വയ്യായിരുന്നു. എന്നാൽ 7 മണിക്ക് ഇവിടുന്നു ഇറങ്ങിയാലേ 12 മണിക്കുമുന്നെ അഗസ്ത്യാർകൂടം എത്തുള്ളു എന്ന് ഓർത്തപ്പോൾ ചാടിയെണീറ്റു. കക്കൂസിൽ പോകാൻ ആയി പോയപ്പോൾ അവിടെ വലിയ ക്യൂ. കുളിയെല്ലാം കഴിഞ്ഞ് രാവിലത്തേക്കും ഉച്ചക്കത്തേക്കും ഉപ്പുമാവ് രണ്ടു പൊതി വാങ്ങി ഞങ്ങൾ വടിയും കുത്തി മല കയറ്റം തുടങ്ങി.

നടന്നു തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇന്നലെ കേറിയത് ഒന്നും ഒന്നുമല്ല എന്ന്. കുത്തനെയുള്ള കയറ്റം. നല്ല ഫ്രഷ് ആനപിണ്ടങ്ങൾക്കിടയിലൂടെ സൂക്ഷിച്ചു കയറുന്നത് ഒരുരസം തന്നെയായിരുന്നു. ഓരോ ചുവടും വെയ്ക്കുംതോറും നല്ല കിടിലൻ വ്യൂ. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പതിയെപ്പതിയെ ഏറ്റവും പിന്നിലായി ഞങ്ങൾ കയറി.

ഏറെ നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ പൊങ്കാലപാറ എന്ന് പറയുന്ന സ്ഥലത്തെത്തി. ആ പേര് എങ്ങനെ വന്നു എന്നറിയില്ല. വലിയ ഒരു പാറയുടെ മുകളിൽ നിന്നും വെള്ളം ഊറിവന്ന് താഴെ ഒരു അരുവിയായി ഒഴുകുന്നുണ്ടായിരുന്നു അവിടെ. അവിടെ ഞങ്ങൾ നന്നായി കുളിച്ചു. പൊങ്കാലപ്പാറയ്ക്ക് ഒരു വലിയ പ്രത്യേകത ഉണ്ട്. അവിടെ ഇരുമ്പിന്റെ അംശം വളരെ കൂടുതൽ ആണ്. ആയതിനാൽ അവിടുത്തെ പൂക്കൾക്ക് നല്ല നിറമായിരിക്കും. ഭംഗിയുള്ള ആ സ്ഥലവും പിന്നിട്ടു ഞങ്ങടെ ലക്ഷ്യസ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തുടർന്നു.

പോകുന്ന വഴിയിൽ ഇല അരച്ച് മരുന്നുണ്ടാക്കാൻ ആയിരിക്കണം ആട്ടുകല്ല് പോലെ പാറയിൽ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. അതുകഴിഞ്ഞ് വീണ്ടും കുറെ പുല്ലുകളും കഴിഞ്ഞു ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടുള്ള സ്ഥലത്തു എത്തിചേർന്നു. കുത്തനെയുള്ള പാറയിൽ കയറുകെട്ടി ഇട്ടേക്കുന്നു. ഇനി അതിൽ കയറി പിടിച്ചു വേണം കയറാൻ. അഞ്ചിടത്ത് ഇത് പോലെ ഉണ്ടെന്ന് താഴേക്ക് ഇറങ്ങി കൊണ്ടിരുന്ന ഒരു ചേട്ടൻ പറഞ്ഞു.

കയറിൽ പിടിച്ചു കേറാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഇതൊക്കെ ഒരു അനുഭവം അല്ലേ എന്ന് ഓർത്ത് ഈസി ആയി ആദ്യ കയറിൽപിടിച്ചു ഞങ്ങൾ കേറി. കേറുന്ന വഴിയിൽ തിരിച്ചു താഴേക്കു നോക്കുമ്പോൾ ശെരിക്കും പേടിയാകുമായിരുന്നു. അങ്ങനെ ഓരോരോ കയറിലും പിടിച്ചു ബുദ്ധിമുട്ടി കേറി അവസാനം ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് കൃത്യം പന്ത്രണ്ടു മണിയായപ്പോൾ എത്തിച്ചേർന്നു.

മുകളിലെ ദൃശ്യം ഇങ്ങനെ എഴുത്തിൽ വർണിച്ചാൽ ഒന്നുമാകില്ല. ദൂരെ നിരനിരയായി നിൽക്കുന്ന ആ മലയുടെ ഭംഗിയും താഴെ കാണാവുന്ന താമരഭരണി ഡാമിന്റെയും പാപനാസം ഡാമിന്റെയും പേപ്പാറ ഡാമിന്റെയും നെയ്യാർ ഡാമിന്റെയും ഒക്കെ ഭംഗിയും അവിടെ ഉണ്ടാക്കി വെച്ചേക്കുന്ന അഗസ്ത്യർ മുനിയുടെ രൂപവും പിന്നെ അവിടുത്തെ കാറ്റും ശുദ്ധവായുവും പിന്നെ ഉന്മേഷം തരുന്ന അന്തരീക്ഷവും എല്ലാം എന്ത് ഭംഗി ആയിരുന്നു. അതിനെ എങ്ങനെ വർണിക്കണം എന്ന് സത്യത്തിൽ എനിക്കറിയില്ല. ആ ഭംഗി ആസ്വദിച്ചു അവിടെ തന്നെ കൂടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

അവിടെ അഗസ്ത്യാർപ്പച്ച എന്ന ചെടി എവിടെ എന്ന് ചോദിച്ചപ്പോൾ ആർക്കും അറിയില്ല. ആ ചെടിയുടെ ഇല കഴിച്ചാൽ ഒരാഴ്ച വരെ ജലപാനം ഇല്ലാതെ കഴിയാം എന്ന് ആരോ പറഞ്ഞിരുന്നു. പക്ഷെ ആ ചെടി കണ്ടെത്താൻ എനിക്കായില്ല. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളോട് സമയം കഴിഞ്ഞു ഇറങ്ങിക്കോ എന്ന് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു. അങ്ങനെ അവിടെ വന്നവരിൽ ഏറ്റവും അവസമാനായി ഞാൻ എന്റെ മനസ് അവിടെ ഉപേക്ഷിച്ചു മലയിറങ്ങാൻ തുടങ്ങി. മലയിറങ്ങുമ്പോൾ ആയിരുന്നു ശെരിക്കും ബുദ്ധിമുട്ട്.. കാലെല്ലാം മടങ്ങി മസിലും പിടിച്ചു കഷ്ടപ്പെട്ട് സമയമെടുത്തു വൈകിട്ട് 6.30 ഓടെ ഞങ്ങൾ അതിരുമല ക്യാമ്പിൽ എത്തിച്ചേർന്നു.

രാവിലെ ഉണർന്നപ്പോൾ നല്ല കാലുവേദനയും നടുവേദനയും. ഇന്ന് വീട്ടിൽ പോകണ്ടേ എന്ന് ഓർത്തപ്പോൾ സത്യത്തിൽ ഒരു മടി.. ഒരു ദിവസം കൂടെ അവിടെ നിക്കാൻ പറ്റുമെങ്കിൽ എന്ന് ആശിച്ചു രാവിലെ പൂരിയും ഗ്രീൻപീസ് കറിയും പൊതിഞ്ഞു വാങ്ങി റെഡി ആയി ഏഴുമണിയോടെ ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ഞങ്ങടെ പിന്നിൽ വന്നവരെല്ലാം ഞങ്ങളെ പിന്നിലാക്കി കടന്നുപോയി. കൊടും കാട്. നല്ല വിശപ്പും.

ആദ്യം കണ്ട കാട്ടുചോലയ്ക്ക് അരികിൽ ഞങ്ങൾ ഇരുന്ന് പൂരിയും കറിയും കഴിച്ചു ഫ്രഷ് ആയി ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശെരിക്കും ഞെട്ടിയത്. അതികം അകലെ അല്ലാതായി കാട്ടിൽ ആരോ വേഗത്തിൽ നടക്കുന്ന ശബ്ദം. നോക്കിയപ്പോൾ ഏതോ കറുത്ത വലിയ രൂപം കാട്ടിൽ കൂടെ ഓടി പോകുന്നു. എന്താണെന്ന് മനസിലാകുന്നതിന് മുന്നേ അത് ഞങ്ങടെ മുന്നിലൂടെ ഞങ്ങളെയും കടന്ന് കാട്ടിലേക്ക് ഓടിപോയി. ആ ജീവി ഏതാണെന്നു മനസിലാക്കിയപ്പോൾ സത്യത്തിൽ ഞങ്ങൾ നാലുപേരുടെയും നെഞ്ചിടിപ്പ് കൊറച്ചു നേരത്തേക്ക് നിലച്ചിരുന്നു. വലിയ ഒരു കരടി ആയിരുന്നു അത്. ഞങ്ങൾ വയ്യാത്ത കാലും കൊണ്ട് വേഗത്തിൽ മലയിറങ്ങാൻ തുടങ്ങി.

അങ്ങനെ മണിക്കൂറുകൾ പിന്നിട്ടു ഇടയ്ക്ക് വെള്ളച്ചാട്ടത്തിലും കുളിച്ചു കാര്യവും പറഞ്ഞു വരുന്ന വഴിയിൽ നിന്നും കസ്തൂരി മഞ്ഞളും തേനും വാങ്ങി ഏകദേശം 2.30 ഓടെ ഞങ്ങൾ താഴെ എത്തി. അവിടെ എത്തിയ ശേഷം അവിടുത്തെ രെജിസ്റ്ററിൽ ഒപ്പിട്ട് ഞങ്ങൾ തിരികെ എത്തി എന്ന് അവരെ ധരിപ്പിച്ചപ്പോൾ ഇനി വൈകുന്നേരം 5.40 നെ ബസ് ഒള്ളു എന്ന് അവർ ഞങ്ങളോട് പറഞ്ഞു. സമയം ഉണ്ടല്ലോ എന്നാൽ നമുക്ക് ബോണക്കാട് പ്രേത ബംഗ്ലാവിൽ പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചപ്പോൾ അവിടുത്തെ ഫോറെസ്റ്റ് ഓഫീസർ താഴേക്ക് പോകുകയാണെന്നും വേണേൽ വാഴ്‌വാന്തോളിൽ ഇറക്കി തരാം അവിടുന്ന് ഒരു കിലോമീറ്റർ നടന്നാൽ ബസ് കിട്ടും എന്ന് ഞങ്ങളോട് പറഞ്ഞു. അത് കേട്ടതും ഞങ്ങൾ ചാടിക്കേറി പുള്ളിയുടെ വണ്ടിയിൽ ഇരുന്നു.

ഏകദേശം മൂന്നുമണിയോടെ ഞങ്ങൾ വാഴ്‌വാന്തോൾ എത്തി. താഴെ ജേഴ്‌സി ഫാം ഉണ്ടെന്നും അവിടെ നിന്നും ബസ് കിട്ടുമെന്നും പുള്ളി ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ഏന്തിവലിഞ്ഞു താഴെ എത്തിയപ്പോ ബസ് കിടക്കുന്നു. അപ്പോൾ അവിടെ ഒരു കാന്റീൻ കണ്ടു. അവിടെ പോയപ്പോ ചോറ് ഉണ്ടവിടെ. അവിടുന്നു ചൂട് ചോറും മീൻകറിയും മീൻപൊരിച്ചതും അകത്താക്കി വൈകുന്നേരം ഏകദേശം 7 മണിയോടെ ഞാൻ വീടുപിടിച്ചു.

ഞങ്ങൾക്ക് ഈ യാത്രയിൽ ഏറ്റവും ഉപകരിച്ച സാധനം 10 രൂപയ്ക്ക് വാങ്ങിയ മുളവടി ആയിരുന്നു.. മുകളിൽ ഒക്കെ വെച്ച് ഒരു പതിനായിരം രൂപയുടെ വില ഉണ്ടായിരുന്നു ആ വടിക്ക്. അതുപോലെ അഗസ്ത്യാർകൂടം പോകുന്നവർ പ്ലാസ്റ്റിക്കിന്റെ ഒരു സാധനവും കൊണ്ടുപോകരുത്. കയറ്റിവിടില്ല അവർ. പ്ലാസ്റ്റിക് ഇല്ലാത്തത് കൊണ്ട് എന്ത് വൃത്തിയും ഭംഗിയും ആയിരുന്നു അവിടെ സത്യത്തിൽ. പോകുന്ന വഴിയിൽ എല്ലാം വെള്ളം ഉള്ളതിനാൽ വെള്ളം കൊണ്ടുപോകേണ്ട ആവശ്യം ഇല്ല.. വെള്ളം എടുക്കാൻ ഒരു കുപ്പി കൊണ്ടുപോയാൽ മതിയാകും.

നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായും പോകേണ്ട ഒരു സ്ഥലം തന്നെയാണ് അഗസ്ത്യാർകൂടം.. ഞങ്ങടെ ടീമിൽ എന്നേ കൂടാതെ അഖിലും സുധീഷും ബിനുഷയും ആയിരുന്നു ഉണ്ടായിരുന്നത്. പതിയെ കാഴ്ചകൾ എല്ലാം ആസ്വദിച്ചു നടന്ന് തീറ്റികാര്യങ്ങൾ സംസാരിച്ചു പൊളിച്ചു നടന്ന ഒരു കിടിലൻ ടീം ആയിരുന്നു ഞങ്ങൾ നാലും. അടുത്ത വർഷവും ചീനിയും ചിക്കനും ഒക്കെ ഉണ്ടാക്കി ഞങ്ങൾ നാലും ഒരു ദിവസം തന്നെ ഒരുമിച്ചു മല കേറുന്നത് ആയിരിക്കും.

SHARE