ഇന്ന് വിവാഹങ്ങൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ഔട്ട്ഡോർ വെഡ്ഡിംഗ് ഷൂട്ടുകൾ. അതിനായി ഫോട്ടോഗ്രാഫർമാരും ദമ്പതികളും വ്യത്യസ്തമായ തീമുകൾ തിരഞ്ഞെടുക്കാറുമുണ്ട്. എന്നാൽ വെഡ്ഡിംഗ് ഷൂട്ട് വിമാനത്തിലായാലോ? നമ്മുടെ നാട്ടിൽ അധികം കണ്ടിട്ടില്ലാത്ത ഒരു വെറൈറ്റി സംഭവമാണത്. ഇത്തരത്തിൽ വൈറലായ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.

കൊച്ചി സ്വദേശിയായ ഡോ. അരവിന്ദും, കണ്ണൂർ സ്വദേശിനിയായ ഡോ. ആതിരയുമാണ് തങ്ങളുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വിമാനത്തിലാക്കിയത്. കണ്ണൂരിലെ വിവാഹച്ചടങ്ങുകൾക്കു ശേഷം നവദമ്പതികൾ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന കാര്യം മനസ്സിലാക്കി ഫോട്ടോഗ്രാഫി ടീമായ പൂരം വെഡ്ഡിങ്സ് ആണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് പദ്ധതി തയാറാക്കിയത്.

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ആയിരുന്നു നവദമ്പതികളുടെ ഫോട്ടോഷൂട്ടിനു വേദിയായത്. കൂടാതെ കണ്ണൂർ – കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇൻഡിഗോയുടെ ATR 42 മോഡൽ വിമാനവും ഫോട്ടോഷൂട്ടിൽ പ്രധാന തീം ആയി മാറി.

എയർപോർട്ടിലെയും വിമാനത്തിലെയും സ്റ്റാഫ് അംഗങ്ങളുടെയും സഹയാത്രക്കാരുടേയും സഹകരണം കൂടി ആയപ്പോൾ ഫോട്ടോഷൂട്ട് ഗംഭീരമായി മാറി. വിദേശികളായ യാത്രക്കാരും അതോടൊപ്പം സ്റ്റാഫ് അംഗങ്ങളും ദമ്പതിമാർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപനത്തിന് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പൂരം വെഡ്ഡിങ്സിനു വേണ്ടി ബേസിൽ തോമസ് ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

ഇതിനു മുൻപും കണ്ണൂർ എയർപോർട്ടും, ഇൻഡിഗോ വിമാനവും വെഡ്ഡിംഗ് ഷൂട്ടിന് വേദിയായിട്ടുണ്ട്. 2019 ൽ ലാൽകൃഷ്ണ – ശ്രുതി ദമ്പതിമാരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ടും ഇത്തരത്തിൽ വൈറലായി മാറിയിരുന്നു. Motion Pictures Wedding Planners ആയിരുന്നു അന്ന് വ്യത്യസ്തമായ ഈ തീം പ്ലാൻ ചെയ്തു നടപ്പിലാക്കിയത്. എന്തായാലും ബസ്സും, കാറുമൊക്കെ കൂടാതെ വിമാനവും നമ്മുടെ നാട്ടിൽ വെഡ്ഡിംഗ് ഷൂട്ടുകൾക്ക് വേദിയാകുന്നുവെന്ന വാർത്ത വളരെയധികം സന്തോഷം നൽകുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് – പൂരം വെഡ്ഡിംഗ്‌സ്, മനോരമ ഓൺലൈൻ.

SHARE