വിവരണം – Rado Paul.

ഇതു Home Quarantine കാലം.. ബിസിനെസ്സ് സംബന്ധമായി ഈ സമയത്തു ഒരു വിദേശ യാത്ര വേണ്ടിവന്നു. മാർച്ച് 20 നു തിരിച്ചെത്തി, ശേഷം ഞാനും എന്റെ കുടുംബവും Home Quarantine ലാണ്, അടുത്ത 14 ദിവസം…

Dubai Airport വഴിയായിരുന്നു തിരിച്ചു വന്നത്, Dubai Airport നു വന്ന മാറ്റം ശരിക്കും അമ്പരപ്പിച്ചു, എല്ലാ രീതിയിലും ഏറ്റവും Live ആയിട്ടുള്ള Airport ആണ് Dubai ലേതെന്ന് അതു വഴി യാത്ര ചെയ്തവർക്കറിയാം. ആകെ ഒരു ശ്മശാന മൂകത, ആരും ആരോടും സംസാരിക്കുന്നില്ല, എല്ലാവരുടെയും പെരുമാറ്റത്തിൽ ഒരു തരം ഭീതി.

Confusion !! സാധാരണ നല്ല തിരക്കുണ്ടാവാറുള്ള duty free ഷോപ്പുകളിലൊന്നും ആരെയും കാണാനില്ല, പല ഷോപ്പുകളും അടഞ്ഞു കിടക്കുന്നു. ഒരു തരം മടുപ്പിക്കുന്ന അന്തരീക്ഷം. ഒരു insecurity feeling, എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണം എന്ന് കരുതി ഇരിക്കുമ്പോൾ Flight 40 mins late.

കാത്തിരുന്നു ഒടുവിൽ Flight ൽ കയറി. സാധാരണ നാട്ടിലേക്കുള്ള Flight കളിൽ കാണാറുള്ള സന്തോഷമോ, സംസാരമോ ഒന്നുമില്ല. ഒരുതരം രക്ഷപെടലിന്റെ feel… ആരും ആരോടും സംസാരിക്കുന്നില്ല, എല്ലാവർക്കും face mask, ചിലർക്ക് കയ്യുറ, കൂടെ ഇതൊന്നുമില്ലാതെ ഞാനും (Dubai യിൽ Face Mask കിട്ടാനില്ല). ആകെയുള്ള ആയുധം പോക്കറ്റിൽ സൂക്ഷിച്ചുള്ള Hand Sanitizer മാത്രം.

Seat Belt Signal മാറിയ ഉടനെ Flight ൽ Covid 19 മുന്നറിയിപ്പ് അനൗൺസ്‌മെന്റ് വന്നു. പൂരിപ്പിച്ചു നൽകേണ്ട 2 set ഫോമും എല്ലാവർക്കും വിതരണം ചെയ്തു. NRHM ന്റെതാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ട്, അതിൽ seat no. Passport no., വരുന്ന സ്ഥലം, സഞ്ചരിച്ച സ്ഥലങ്ങൾ, അഡ്രസ്, രോഗലക്ഷണങ്ങൾ അങ്ങനെ എല്ലാം പൂരിപ്പിച്ചു കൈവശം വയ്ക്കണം.

കൊച്ചിയിൽ land ചെയ്യുന്നതിനുള്ള അറിയിപ്പ് വന്നു, പതിവ് പോലെ പുറത്തിറങ്ങാനുള്ള തിരക്ക്. കേരളത്തിൽ കാലു കുത്തിയ മുതൽ വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങി. Dubai airport ൽ നിന്നും വ്യത്യസ്തമായി നെടുമ്പാശ്ശേരി Airport ൽ Ground Staff മുതൽ ആരുടെ മുഖത്തും പരിഭ്രമമോ Confusion നോ ഒന്നും കാണാനില്ല. ഈ Situation Handle ചെയ്യാൻ അവർക്കു നല്ല പരിശീലനം കിട്ടിയിട്ടുണ്ട് എന്ന് വ്യക്തം. മനസിൽ പറഞ്ഞു “പരിഭ്രാന്തി വേണ്ട, ജാഗ്രത മതി.”

Emigration counter ലേക്കുള്ള വഴിയിൽ പലയിടത്തും സഹായിക്കാൻ ആളുകൾ. കൃത്യമായ നിർദേശങ്ങൾ പലസ്ഥലത്തും Hand Sanitizer കൾ വച്ചിരിക്കുന്നു. തന്ന ഫോം പൂരിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. കൃത്യമായ അകലം പാലിക്കാനുള്ള നിർദേശങ്ങൾ ഇടയ്ക്കിടയ്ക്ക് ലഭിക്കുന്നു. Covid 19 help desk കൾ.

എമിഗ്രേഷൻ ഏരിയയ്ക്ക് മുൻപായി medical counter അവിടെ Temperature check ചെയ്തു. Normal… മറ്റു examinations, കൃത്യമായി നമ്മുടെ യാത്ര, ആരോഗ്യസ്ഥിതി എന്നിവ ചോദിച്ചറിഞ്ഞു. (പനിയുള്ളവരെയും സംശയം തോന്നുന്നവരെയും മാറ്റി നിർത്തി കൂടുതൽ പരിശോധനകൾ) ഫ്ലൈറ്റ് ൽ നിന്നും പൂരിപ്പിച്ച ഫോം ഒന്നു കൂടി check ചെയ്തു വാങ്ങി വച്ചു. ഒരു ഫോം സീൽ ചെയ്തു തിരിച്ചു തന്നു അതുമായി എമിഗ്രേഷൻ കൗണ്ടറിലേക്ക്.

പതിവിൽ നിന്നും വ്യത്യസ്തമായി എമിഗ്രേഷൻ കൗണ്ടറിൽ കൃത്യമായി അകലം പാലിക്കാൻ മാർക്ക്‌ ചെയ്തിരിക്കുന്നു. സീൽ ചെയ്ത ഫോം അവിടെ വാങ്ങി വച്ചു. പാസ്പോർട്ട് ചെക്ക് ചെയ്തു സീൽ ചെയ്യുന്നതിനിടയിൽ സന്ദർശിച്ച രാജ്യങ്ങളെ പറ്റി അന്വേഷണം. ശേഷം ലഗേജ് എടുക്കാൻ കോൺവെയെർ ബെൽറ്റിലേക്ക്. പോകുന്ന വഴിയിൽ എല്ലാം Hand Sanitizer വച്ചിരിക്കുന്നു.

Luggage collect ചെയ്തു പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് അടുത്ത കൗണ്ടർ. അവിടെ നിന്നും ആദ്യം തന്നെ ഒരു face mask ധരിപ്പിച്ചു. വീണ്ടും ചോദ്യങ്ങൾ, വന്ന സ്ഥലം, ആരോഗ്യസ്ഥിതി, കൂടെ ഒരു സത്യവാങ്മൂലം പൂരിപ്പിച്ചു നൽകണം, അതു പൂരിപ്പിച്ചു നൽകാൻ അടുത്ത ഹാളിലേക്ക്, കൃത്യമായ അകലം പാലിക്കാൻ നിർദേശം.

സത്യവാങ്മൂലം പൂരിപ്പിക്കുന്ന സമയത്തു അവിടെ ഹാളിൽ ഉച്ചഭാഷിണിയിലൂടെ നിർദേശങ്ങൾ – യാത്രയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ടാക്സി ഡ്രൈവറോടു സംസാരിക്കരുത്, AC on ചെയ്യരുതു, വിൻഡോ ഗ്ലാസ്സുകൾ തുറന്നിടണം, back സീറ്റിൽ മാത്രമേ ഇരിക്കാവു, 3 പേരിൽ കൂടുതൽ ഒരു കാറിൽ യാത്ര ചെയ്യരുത്. ലഗേജ് സ്വയം കൈകാര്യം ചെയ്യണം, വീട്ടിൽ എത്തുന്നത് വരെ, വഴിയിൽ നിർത്തരുത്, പുറത്തിറങ്ങരുത്.

സത്യവാങ് മൂലം പൂരിപ്പിച്ചു കൊടുത്തു പുറത്തിറങ്ങി. വീട്ടിൽ എത്തിയാൽ ഉടനെ അടുത്തുള്ള PHC യിൽ ബന്ധപ്പെടണം എന്ന നിർദേശം കിട്ടി. പ്രീപെയ്ഡ് കൗണ്ടറിൽ ക്യാഷ് അടച്ചു കാത്തു നിന്നു. ടാക്സി വന്നു, ഡ്രൈവർ മാസ്ക് ധരിച്ചിരിക്കുന്നു. ലഗേജ് സ്വയം എടുത്തു ഡിക്കിയിൽ വച്ചു പിൻ സീറ്റിൽ കയറി വീട്ടിലേക്ക്..

സാധാരണ പോലെ സംസാരം ഇല്ല, റോഡിൽ തിരക്കില്ല, കടകൾ മിക്കതും അടഞ്ഞു കിടക്കുന്നു. വീടിന്റെ അടുത്ത് എത്തിയപ്പോൾ വഴി പറഞ്ഞു കൊടുത്തു. മറുപടി ഇല്ല, വീടിന്റെ ഗേറ്റിൽ എത്തി. ലഗേജ് ഇറക്കി കാർ തിരിച്ചു പോയി. മനസ്സിൽ പറഞ്ഞു കേരളം ആരോഗ്യസുരക്ഷയിൽ നമ്പർ 1 തന്നെ.

ഭാര്യ ഇതൊക്കെ നോക്കി സിറ്റ് ഔട്ടിൽ, പതിവ് സ്നേഹപ്രകടനം ഒന്നുമില്ല, പുഞ്ചിരി മാത്രം. ഒരു അസ്വാഭാവികത. ആകെ ഒരു പന്തികേട്. ഒന്ന് കൂടി ആലോചിച്ചു പ്രശ്നമൊന്നുമില്ലല്ലോ, ഇതെന്താ ഇങ്ങനെ? എയർപോർട്ടിൽ നിന്നും സംസാരിച്ചപ്പോൾ വളരെ സന്തോഷത്തിൽ ആയിരുന്നല്ലോ. പിന്നെ എന്താണാവോ?

ഒറ്റയ്ക്കു ലഗേജുമായി അകത്തേക്ക്, ഷൂവും സോക്‌സും പുറത്തു ഊരി ഇടാൻ നിർദേശം. പെട്ടിയും ഡ്യൂട്ടി ഫ്രീ ഷോപ്പിലെ കവർ, ഹാൻഡ്‌ ബാഗേജ് എന്നിവയുമായി റൂമിലേക്ക്. വീണ്ടും നിർദേശം, ഇന്നുമുതൽ ഈ room ഉപയോഗിച്ചോളു ഇവിടെയാണ് arrange ചെയ്തിരിക്കുന്നത്… എന്ത്? ദയനീയമായി ഭാര്യയെ നോക്കി. മാസ്ക് അഴിക്കാതെ തന്നെ കാണിച്ചു തന്ന റൂമിലേക്ക്. അവിടെ പ്രത്യേകം plate അടക്കം എല്ലാം റെഡി. എന്റെ സാധനങ്ങൾ എല്ലാം ഇങ്ങോട്ട് മാറ്റിയിരിക്കുന്നു.

അടുത്ത നിർദേശം വന്നു ബിഗ്‌ബോസ് സ്റ്റൈലിൽ താങ്കളുടെ പെട്ടിയും, ബാഗും കവറും എല്ലാം അവിടെ വച്ചിരിക്കുന്ന ആന്റിസെപ്റ്റിക് ലോഷൻ ഉപയോഗിച്ച് തുടയ്ക്കുക. അതിനു ശേഷം കുളിച്ചു ഡ്രസ്സ്‌ മാറി വരുക. വാങ്ങി കൊണ്ടു വന്ന ചോക്ലേറ്റ്, മറ്റു സാധനങ്ങൾ എല്ലാം ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കവറിൽ ഇരുന്നു എന്നെ നോക്കി ചിരിക്കുന്നു, ഒന്നു നോക്കിയത് പോലും ഇല്ല. രാത്രി ഒരു പോള കണ്ണടയ്ക്കാതെ, 20 ദിവസത്തിന് ശേഷം വരുന്ന എന്നോട് ഇങ്ങനെ… ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു… “പരിഭ്രമമല്ല വേണ്ടത് ജാഗ്രതയാണ്…”

കുളിച്ചു വന്നപ്പോളേക്കും കഞ്ഞി റെഡി. അടുത്ത നിർദേശം വന്നു ഇനി മുതൽ 14 ദിവസം ഇങ്ങനെയാണ്. നമ്മളാരും പുറത്തിറങ്ങുന്നില്ല. ഒരു മാസത്തേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നു. ആവശ്യം വരുന്ന പാൽ സൊസൈറ്റിയിൽ നിന്നും അടുത്ത വീട്ടിലെ ആന്റി വാങ്ങികൊണ്ടു വന്നു മതിലിൽ വയ്ക്കും. അതിനാവശ്യമായ കുപ്പികൾ കൊടുത്തു വെച്ചിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞു മോൻ വന്നു. അവനും നിർദേശമനുസരിച്ചു സുരക്ഷിതമായ അകലം പാലിച്ചു. അടുത്തുള്ള PHC യിലെ നമ്പർ കണ്ടു പിടിച്ചു വിളിച്ചു വന്ന കാര്യം അറിയിച്ചു. അവരുടെ ചോദ്യങ്ങൾക്കും മറുപടി കൊടുത്തു. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ നിർദേശം. തിരിച്ചു വന്നതറിഞ്ഞു സുഹൃത്തുക്കൾ വിളിച്ചു. അവരോടു കാര്യം പറഞ്ഞു Home Quarantine ലാണ്. എന്ത് വേണമെങ്കിലും എത്തിച്ചു തരാൻ അവരും റെഡി.

TV, സിനിമ, വായന… അതെ ഞാനും എന്റെ കുടുംബവും Home Quarantine ലാണ്… പരിഭ്രമമല്ല ജാഗ്രതയാണ് വേണ്ടത്.

SHARE