വിവരണം – ‎Munavvir KP.

ഗുരുവായൂർ – മഞ്ചേരി – തിരുനെല്ലിക്ഷേത്രം റൂട്ടിൽ ഓടിയിരുന്ന ഇതിഹാസ താരം സ്വാതി LS (SWATHI LS) ബസിന്റെ ഫോട്ടോകൾ ആണ് ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത്. മഞ്ചേരി അടുത്ത് ഇളയൂർ സ്വദേശി KV രാമചന്ദ്രൻ എന്ന മാനു ഏട്ടന്റെ ഉടമസ്ഥതയിലുള്ള ബസ് ആയിരുന്നു KL 10 306 SWATHI.

മുമ്പ് കാലത്ത് വയനാട് കലക്ടർ ഒരു അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ ഒരു പെർമിറ്റ് രൂപം കൊണ്ടിട്ടുള്ളത്. തുടർന്ന് രണ്ട് ബസ് വെച്ച് ഈ പെർമിറ്റ് ഇറക്കി. രണ്ടാമത്തെ വണ്ടി വയനാട് കൽപ്പറ്റ സ്വദേശി ആയ ഭാസ്‌കരൻ ചേട്ടന്റെ ഉടമസ്ഥതയിലുള്ള KL 12 01 ദേവി എന്ന ബസും.

ഒരു ബസ് രാവിലെ 7:30 നു ഗുരുവായൂർ നിന്നും പുറപ്പെട്ട് ഉച്ച കഴിഞ്ഞു 3:30 നു തിരുനെല്ലി ക്ഷേത്രം എത്തും. രണ്ടാമത്തെ വണ്ടി രാവിലെ 09 മണിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 5:30 നു ഗുരുവായൂർ എത്തുന്ന രീതിയിൽ ഓപ്പോസിറ്റ് പെർമിറ്റും.

അക്കാലത്ത് വളരെ ശ്രദ്ധയാകർശിച്ച ഒരു റൂട്ട് ആയിരുന്നു സ്വാതിയുടേത്. അന്ന് റൂട്ടിൽ അഞ്ച് ജില്ലകൾ ടെച്ച് ചെയ്യുന്നതും CWMS കഴിഞ്ഞാൽ താമരശ്ശേരി ചുരം കയറുന്ന രണ്ടാമത്തെ പ്രൈവറ്റ് ബസും ഇതായിരുന്നുവത്രേ. അതിനു ശേഷം വയനാട് ഉള്ള ഉടമകളിൽ നിന്നും തൃപ്പനച്ചി ഉള്ള മുൻ അധ്യാകനും തൃപ്പനച്ചി മുൻ സ്‌കൂൾ മാനേജരും (AUPS തൃപ്പനച്ചി, മലപ്പുറം ജില്ല) ആയിട്ടുള്ള ഗോപി മാഷും മറ്റൊരാളും ചേർന്ന് ആ പെർമിറ്റ് വാങ്ങി KL 12 307. അങ്ങനെ രണ്ട് സ്വാതി ആയി സർവീസ് ഓടി.

ശേഷം വയനാട് ആലിക്കോയ,  മാനന്തവാടി സ്വദേശി നാഗേഷ് എന്നിവരുടെ കൈകളിൽ ഈ ബസ് എത്തി. SWATHI KRISHNA, NUSHRI, SHREELAKSHMI തുടങ്ങിയ നാമങ്ങളിൽ പിന്നീട് വണ്ടി ഓടി. ബാക്ക് സൈഡിൽ മുള കൊണ്ടുള്ള കൊട്ടകൾ കെട്ടിയും മുൻ ഭാഗത്ത് മുകളിൽ ലഗേജുകൾ വെച്ചും മഞ്ചേരി സ്റ്റാന്റിലേക്കുള്ള വരവ് ഒരു സംഭവം ആയിരുന്നു. ചിത്രത്തിൽ ഉള്ള KL 12 6343 NUSHRI അവരുടെ ആയിരുന്നു. അപ്പോഴും KL 10 306 മാനു ഏട്ടന്റെ ഉടമസ്ഥതയിൽ തന്നെ തുടർന്നു.

പിന്നീട് വന്ന നോട്ടിഫൈഡ് റൂട്ട് നിയമങ്ങൾ, KSRTC കളുടെ ബാഹുല്യം, പെർമിറ്റ് പുതുക്കിക്കിട്ടാതിരിക്കൽ, മെയിൻ റൂട്ടിലെ ഓടാൻ പറ്റാത്ത അവസ്ഥ, പോലീസ് പിടിക്കൽ ഇവയെല്ലാം എല്ലാ സർവീസിനേയും പോലെ സ്വാതിയെയും ഞെരുക്കി. അങ്ങനെ ഏകദേശം 2004 ൽ ഈ സർവീസ് നിലച്ചു പോയി.

അവസാന കാലത്ത് സ്വാതി ബസിന് സോണാലി, എടപ്പാൾ ഉള്ള വികാസ് ബസ് ഇവയൊക്കെ ടി പി ഓടിയിട്ടുണ്ട്. അപ്പോഴും നുശ്രീ അവസാനം വരെ തന്റെ ജൈത്രയാത്ര തുടർന്നിരുന്നു. സ്വാതി അവസാന നാളുകളിൽ വളാഞ്ചേരി വർക്ക് ഷോപ്പിന്റെ മുന്നിൽ കുറച്ച് കാലം വിശ്രമത്തിൽ കിടന്നതായും വിവരം ഉണ്ട്. ഇപ്പോഴും പെർമിറ്റ് സറണ്ടർ ആയിട്ടില്ല എന്ന വിവരവും കൂടി പങ്ക് വെക്കുന്നു.

സ്വാതിയുടെ റൂട്ട് : തിരുനെല്ലിക്ഷേത്രം – കാട്ടിക്കുളം – മാനന്തവാടി – പനമരം – കൽപറ്റ – താമരശ്ശേരി – മാനിപുരം – ഓമശ്ശേരി – മുക്കം – അരീക്കോട് – മഞ്ചേരി – പെരിന്തൽമണ്ണ – പട്ടാമ്പി – കുന്നംകുളം – ഗുരുവായൂർ.

SHARE