സന്തോഷ് കുട്ടന്‍സ്, തിരുവല്ല – ബാംഗ്ലൂരിന്റെ സ്വന്തം ഡ്രൈവറാണ്‌. തിരുവല്ല ഡീലക്സിന്റെ പൈലറ്റ് എന്നാണ്‌ ഞങ്ങള്‍ ബസ്സ് ഫാന്‍സിനിടയില്‍ ഇദ്ദേഹം അറിയപ്പെടുന്നത്.

വളരെ മികച്ച ഡ്രൈവിംഗ് ശൈലിയും യാത്രക്കാരോടുള്ള മിതമായ പെരുമാറ്റവും ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

 

കെ എസ് ആര്‍ ടി സി ബാംഗ്ലൂര്‍ക്ക് നടത്തുന്ന സര്‍വ്വീസുകളില്‍ വളരെ നല്ല രീതിയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ ഒന്നാണ്‌ തിരുവല്ല ഡീലക്സ്. അതു കൊണ്ടു തന്നെയാകണം കെ എസ് ആര്‍ ടി സി പുതിയതായി ഇറക്കിയ 50 സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ ആദ്യത്തെ രണ്ടെണ്ണം തന്നെ തിരുവല്ലയ്ക്ക് ലഭിക്കുവാന്‍ ഇടയായതും. അങ്ങനെ ലഭിച്ച പുതിയ സൂപ്പര്‍ ഡീലക്സ് ബസ്സുകളില്‍ ബാംഗ്ലൂരില്‍ ഡിസൈനറായി ജോലി ചെയ്യുന്ന ജോസ് എഫ് സ്കറിയായും ബസ്സിലെ ജീവനക്കാരും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് വണ്ടിയുടെ മുന്നിലും പുറകിലും സൈഡിലുമെല്ലാം സ്റ്റിക്കറുകള്‍ ഒട്ടിച്ച് മോഡി കൂട്ടുകയുണ്ടായി.

അതോടൊപ്പം തന്നെ വണ്ടിയുടെ അകത്തും പുറത്തും “ഐ ലൌ മൈ കെ എസ് ആര്‍ ടി സി” എന്ന് എഴുതുകയും ചെയ്തു. കെ എസ് ആര്‍ ടി സി യെ സ്നേഹിക്കുന്ന ധാരാളം ആളുകളുണ്ട്. അവരുടെയൊക്കെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഈ വാചകം ഒരു ബസ്സില്‍ എഴുതി വെച്ചത് യാത്രക്കാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും ഒക്കെ ഒരു കൌതുകമയി. ബാംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മറ്റ് ചില ബസ്സുകളിലും ഇപ്പോള്‍ “ഐ ലവ് മൈ കെ എസ് ആര്‍ ടി സി” എന്ന വാചകം പ്രത്യക്ഷമായിട്ടുണ്ട്.

അതുപോലെ തന്നെ തിരുവനന്തപുരത്ത് വെച്ച് നടന്ന പുതിയ സൂപ്പ്‌ ഡീലക്സ് ബസ്സുകളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കുന്നതിനായി ഉപയോഗിച്ചതും നമ്മൂടെ “ഐ ലവ് മൈ കെ എസ് ആര്‍ ടി സി” ആലേഖനം ചെയ്ത തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ് തന്നെയാണ്‌.

ഡിസംബര്‍ 22 ഞായറാഴ്ച്ച ബ്ലോഗിന്റെ ആഭിമുഖയത്തില്‍ നടന്ന പമ്പാ യത്രയില്‍ വെച്ച് കെ എസ് ആര്‍ ടി സി യുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ ഇര്‍ഷാദ്, പമ്പാ സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ ഈസ്റ്റര്‍ യാഷിക്ക എന്നിവര്‍ നമ്മുടെ സന്തോഷ് കുട്ടന്‍സിനെ അഭിനന്ദിക്കുകയുണ്ടായി.

“ഐ ലവ് മൈ കെ എസ് ആര്‍ ടി സി” എന്ന വാചകം തിരുവല്ല ഡിപ്പോയിലെ എല്ലാ വണ്ടികളിലും എഴുതുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌ സന്തോഷ് ഇപ്പോള്‍.

SHARE