കടപ്പാട് – Mansoor Kunchirayil Panampad, Dr.Kanam Sankara Pillai

എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും ‘പുകവലി പാടില്ല’ എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത്? പുകവലിച്ച് രോഗങ്ങൾ പിടിപെട്ട് യാത്രക്കാർ മരിക്കാതിരിക്കാൻ ആണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നുമല്ല കാരണം. പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ ഏകദേശം 70 വര്‍ഷങ്ങൾക്ക് മുൻപ് പൊന്‍കുന്നത്തുണ്ടായ ഒരു ബസപകടമാണ് ഇതിനു കാരണമായത്.

1948 മേയ് 10. പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് എഎംഎസ് ബസ് കമ്പനിയുടെ ബുക്കിങ് ഓഫിസായിരുന്നു. അവിടെ നിന്നാണ് അന്ന് ബസുകൾ ട്രിപ്പുകള്‍ തുടങ്ങുന്നതും ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നതും. പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട ലൈനില്‍ പോകുന്ന ബസില്‍ അന്ന് നിറയെ യാത്രക്കാരുണ്ടായിരുന്നു. മറ്റൊരു ചെറിയ ബസില്‍ ആളുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് വലിയ ബസിലേക്കു യാത്രക്കാരെ മാറ്റുകയായിരുന്നു.

അക്കാലത്ത് ടിന്നുകളില്‍ കൊണ്ടുവന്നാണ് ബസിലെ ടാങ്കില്‍ ഇന്ധനം നിറച്ചിരുന്നത്. ടാങ്ക് നിറയ്ക്കുന്ന സമയത്ത് ആരും ബീഡി കത്തിക്കരുതെന്നു ജീവനക്കാര്‍ വിളിച്ചുപറയും. അന്നും അങ്ങിനെ ആരും ബീഡി കത്തിക്കരുതെന്ന് വിളിച്ചു പറഞ്ഞു. പക്ഷേ ഒരു മദ്യപാനി അതു വകവെക്കാതെ അയാള്‍ അപ്പോള്‍ ത്തന്നെ തീപ്പെട്ടി ഉരച്ചു.

നിമിഷനേരം കൊണ്ട് ബസ് ഭയാനകമായ ശബ്ദത്തോടെ ആളിക്കത്തി. പിഞ്ചുകുഞ്ഞും നവദമ്പതികളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ വെന്തുകരിഞ്ഞു മരിച്ചു. പുരുഷൻ എന്നൊരാൾ പത്തുപന്ത്രണ്ടു പേരെ വലിച്ചിറക്കി രക്ഷ പെടുത്തി. അവസാനത്തെ സ്ത്രീയേയും മുലകുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനേയും രക്ഷിക്കാനിരിക്കേ അദ്ദേഹം ബോധരഹിതനായി ഫുഡ് ബോർഡിൽ വീണു മരിച്ചു.

അന്ന് ഒരുപാട് നൊമ്പരങ്ങൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളുണ്ടായി. അമ്മയുടെ മാറോടു ചേര്‍ന്നു കത്തിക്കരിഞ്ഞിരിക്കുന്ന കുഞ്ഞിന്റേതുള്‍പ്പെടെയുള്ള കാഴ്ചകള്‍ ആരുടെയും നെഞ്ചു തകര്‍ക്കുന്നതായിരുന്നു. കത്തിക്കരിഞ്ഞ മനുഷ്യരൂപങ്ങൾ പല്ലിളിച്ചിരിക്കുന്ന കാഴ്ച നിരവധി നാട്ടുകാരുടെ പേടിസ്വപ്നമായി മാറി വളരെക്കാലത്തേയ്ക്ക്. അന്ന് തിരുവിതാംകൂര്‍ മന്ത്രിയായിരുന്ന ടി.എം. വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ഇതിനെത്തുടര്‍ന്നാണ് അന്ന് മുതൽ ബസിനുള്ളില്‍ പുകവലി പാടില്ല എന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുകാലം മുൻപ് ബസിൽ നിന്ന് ഒരു ഗർഭിണി വീണു മരിച്ചതിനെ തുടർന്നു ഗർഭിണികൾക്കും ബസുകളിൽ സീറ്റ് റിസർവ് ചെയ്ത് എഴുത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ മനസ്സിലായില്ലേ ബസ്സുകളിൽ എങ്ങനെയാണ് പുകവലി പാടില്ല എന്ന നിർദ്ദേശം എഴുതി വെച്ചിരിക്കുന്നതെന്ന്. കാര്യം എന്തൊക്കെയാണെങ്കിലും പുകവലി നാം ഒഴിവാക്കേണ്ട ഒന്നാണ്. ഒരു പുകവലിക്കാരന് ഏതെല്ലാം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടോ അതേ സാധ്യതകള്‍ സിഗരറ്റിന്റെ പുകയേല്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകുന്നു.

പല തരത്തിലുള്ള ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ നിഷ്‌ക്രിയ പുകവലി കാരണം ഉണ്ടാകാം. പുകവലി ശ്വാസകോശ കാന്‍സറിനു മാത്രമല്ല വായ്ക്കകത്തുള്‍പ്പെടെ പല കാന്‍സറുകള്‍ക്കും കാരണമാകുന്നു. ശ്വസനക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള അവ യവങ്ങളായ മൂക്ക്, സൈനസുകള്‍, സ്വനപേടകം, തൊണ്ട എന്നിവിട ങ്ങളില്‍ കാന്‍സര്‍ വരാം. കൂടാതെ ദഹനേന്ദ്രിയം, മൂത്രാശയം എന്നിവിടങ്ങളിലും കാന്‍സര്‍ വരാം. പുക വലി കാരണം സ്‌ട്രോക്ക്, ഹൃദയാഘാതം, അതിരോസ്‌ക്ലിറോസിസ്, രക്താതിമര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.

വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ ക്ക് ഈ ശീലം പെട്ടെന്നു നിര്‍ത്താന്‍ സാധിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി പല ആശുപത്രികളിലും പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ കൗണ്‍സലര്‍മാരുടെ സേവനവും ലഭിക്കും. സിഗരറ്റിലെ നിക്കോട്ടിനാണ് ആസക്തി ഉണ്ടാക്കുന്നത്. ഈ നിക്കോട്ടിനു പകരം വയ്ക്കുന്ന ച്യൂയിംഗ്ഗമ്മുകള്‍, നിക്കോട്ടിന്‍ പാച്ചുകള്‍ (ത്വക്കില്‍ ഒട്ടിക്കാവുന്നത്.) നിക്കോട്ടിന്‍ അംശം അടങ്ങിയ സ്‌പ്രേകള്‍ എന്നിവ നല്‍കും.

SHARE