കൊറോണ വൈറസ് സാമ്ബത്തികമേഖലയിലുണ്ടാക്കിയ ആഘാതം സാധാരണക്കാരുടെ ഉപജീവനമാര്‍ഗങ്ങള്‍ പോലും സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് എടുത്ത ആശ്വാസനടപടികളിലൊന്നാണ് വായ്പ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. അതേക്കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

1. മോറട്ടോറിയം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

വായ്പാ തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം എന്നാല്‍ മൂന്ന് മാസത്തേക്ക് വായ്പകളുടെ മാസവരി അഥവാ ഇഎംഐ അടയ്‌ക്കേണ്ടതില്ല. അതുകൊണ്ട് ബാങ്കുകള്‍ പിഴ ഈടാക്കുകയില്ല.

2. ഏതൊക്കെ തരം വായ്പകള്‍ക്കാണ് ബാധകമാകുന്നത്?

ഭവനവായ്പ, വാഹനവായ്പ, പേഴ്‌സണല്‍ ലോണ്‍, വിദ്യാഭ്യാസവായ്പ തുടങ്ങിയ ടേം ലോണ്‍ വിഭാഗത്തില്‍പ്പെടുന്ന എല്ലാ വായ്പകള്‍ക്കും ഈ അനുകൂല്യം ലഭ്യമാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

3. ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട് വായ്പയെടുത്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുമോ?

ടേം ലോണിന്റെ പരിധിയിലുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. എങ്കിലും ബാങ്കില്‍നിന്ന് ഇക്കാര്യത്തില്‍ വ്യക്തമായ വിവരംതേടേണ്ടിവരും.

4. ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഇഎംഐ മൂന്ന് മാസത്തേക്ക് അടയ്ക്കാത്തതുകൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ഒരു രീതിയിലും ബാധിക്കില്ല. ഇക്കാര്യം റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

5. ബാങ്കുകള്‍ക്ക് മാത്രമാണോ?

ബാങ്കുകള്‍ക്ക് മാത്രമല്ല, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. റൂറല്‍ ബാങ്കുകള്‍, ചെറുകിട ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ അടക്കമുള്ള എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ബിഎഫ്‌സികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

6. മുതലും പലിശയും ഉള്‍പ്പെടുന്നുണ്ടോ?

മുതലും പലിശയും അടയ്ക്കം ഇഎംഐ മൂന്ന് മാസത്തേക്ക് അടയ്‌ക്കേണ്ടതില്ല. ബാങ്കുകള്‍ ഇത് എപ്രകാരമാണെന്ന് നടപ്പില്‍വരുത്തുന്നത് എന്ന കാര്യത്തില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ട്.

7. ഇത് മാസവരിയിലുള്ള ഇളവാണോ?

ഇതിനര്‍ത്ഥം മൂന്ന് മാസത്തെ ഇഎംഐ ഒരിക്കലും അടയ്‌ക്കേണ്ടന്നല്ല. അത് നീട്ടിവെക്കുന്നുവെന്ന് മാത്രം. മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പാ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്‍പ്പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

8. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ ഇതില്‍പ്പെടുന്നുണ്ടോ?

ടേം ലോണുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നില്ല എന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് മോറട്ടോറിയം ലഭിക്കില്ല.

9. ബിസിനസ് വായ്പകള്‍ക്ക്?

വര്‍ക്കിങ് ക്യാപിറ്റല്‍ ലോണുകളുടെ പലിശ തിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയും ലഭിക്കും. എന്നാല്‍ മോറട്ടോറിയം കാലയളവിലെ പലിശകൂടി മൂന്നുമാസംകഴിയുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ടിവരും. വായ്പയെടുത്തപ്പോള്‍ നല്‍കിയ സമ്മതപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനാല്‍ ഇക്കാര്യത്തില്‍ ബാങ്കില്‍നിന്ന് വ്യക്തതവരുത്തേണ്ടിവരും.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് കുറച്ചു. . വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 5.14 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക് നാലു ശതമാനമായും ഇക്കുറി നിജപ്പെടുത്തി. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവു സംഭവിക്കും.

ഇന്ത്യൻ സാമ്പത്തിക സംവിധാനത്തെ പിന്തുണയ്ക്കാനായി അടിയന്തര സാഹചര്യത്തിൽ ആർബിഐ ഏത് തലം വരെയും പോകാൻ തയാറാണ് എന്നതാണ് ഇത്ര ശക്തമായ പല നടപടികൾ വെളിപ്പെടുത്തുന്നത്.

കടപ്പാട് – Dhanam Online

SHARE