എഴുത്ത് – Anoop Cb (ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ വന്ന ലേഖനം).

എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ ചെല്ലുമ്പോൾ യാത്ര തുടങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ മുഷിയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ മെഹ്റാൻ കരീമി നസ്‌റി എന്ന ഇറാൻ പൗരന് യാത്ര മുടങ്ങി ഫ്രാൻസിലെ എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോ, ദിവസങ്ങളോ, മാസങ്ങളോ അല്ല 18 വർഷമാണ്!! അവിശ്വസനീയം എന്ന് കരുതാവുന്ന ഈ സംഭവത്തിനിടയാക്കിയതാകട്ടെ മെഹ്റാന്റെ ഒരു ബ്രീഫ് കേസ് കളവ് പോയതും.

1943 ൽ ഇറാനിലാണ് മെഹ്‌റാൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് ഇറാൻകാരനും അമ്മ സ്കോട്ട്ലാണ്ട്കാരിയും ആയിരുന്നു. 1973 ൽ യു.കെയിലെ ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ മെഹ്‌റാൻ ഇറാനിലെ അവസാനത്തെ ഷാ ആയിരുന്ന മൊഹമ്മദ് റേസ പഹ്‌ലവിയുടെ ഭരണത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുകയുണ്ടായി. തുടർന്ന് സ്വന്തം രാജ്യത്തെത്തിയ മെഹ്റാനെ ആദ്യം ഭരണകൂടം ജയിലിലടക്കുകയും പിന്നീട് 1977 ല്‍ ഇറാനിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

പൗരത്വം നഷ്ടപ്പെട്ടതിനാൽ പിന്നീടുള്ള കരീമിയുടെ കാലം അഭയാര്‍ഥിയുടേതായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കു മുന്നില്‍ അഭയത്തിനായി അയാള്‍ അപേക്ഷിച്ചു. അത് യൂറോപ്പ് മുഴുനീളത്തിലുള്ള ഒരു പര്യടനമായി മാറി. ഒടുവിൽ കരീമിയുടെ അപേക്ഷ ബെല്‍ജിയത്തിലാണ് സ്വീകരിക്കപ്പെട്ടത്. ബെൽജിയം മെഹ്റാന് അഭയം കൊടുക്കുകയുണ്ടായി. എന്നാൽ യു.കെയിൽ പൗരത്വം എടുത്ത് അവിടെ ജീവിക്കാനായിരുന്നു മെഹ്റാൻറെ ആഗ്രഹം.

1988 ലെ ആ യാത്രക്കിടയില്‍ അയാള്‍ ഫ്രാന്‍സില്‍ എത്തി. അവിടെ ഒരു റെയിൽവേ സ്റ്റേഷനിൽ നിര്‍ഭാഗ്യം മോഷ്ടാവിന്റെ രൂപത്തില്‍ മെഹ്റാനെ കാത്തിരിപ്പുണ്ടായിരുന്നു. അവിടെ വെച്ച് അയാളുടെ യാത്രാരേഖകള്‍ അപഹരിക്കപ്പെട്ടു. ഒടുവിൽ എങ്ങനെയോ അയാള്‍ ഫ്രാന്‍സിലെ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തില്‍ നിന്ന് ഇംഗ്ളണ്ടിലേക്കുള്ള വിമാനത്തില്‍ കയറിപ്പറ്റി. പക്ഷേ, ഹീത്രോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെഹ്റാന്‍ അപ്പോഴേക്കും രാജ്യവും രേഖയുമില്ലാത്ത ആളായി മാറിക്കഴിഞ്ഞിരുന്നു. അതോടെ അദ്ദേഹത്തിന് ലണ്ടനിൽ പ്രവേശിക്കാനായില്ല. അധികൃതര്‍ അടുത്ത വിമാനത്തില്‍ അയാളെ ഫ്രാന്‍സിലേക്കു തന്നെ തിരിച്ചയച്ചു.

അങ്ങനെ മെഹ്‌റാൻ തിരികെ ഫ്രാൻസിലെ ചാള്‍സ് ഡി ഗ്വല്ലെ എയർപോർട്ടിൽ എത്തിച്ചേർന്നു. യാത്രാരേഖകൾ ഇല്ലാത്ത കാരണം മെഹ്‌റാനെ എയർപോർട്ടിൽ ഇറങ്ങിയയുടനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മെഹ്‌റാൻ നിയമപ്രകാരം ഫ്രാൻസിൽ പ്രവേശിച്ച ആളായത് കൊണ്ടും, ഫ്രാൻസിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഒന്നുമില്ലാത്തത് കൊണ്ടും അയാളെ നിയമപരമായി കസ്റ്റഡിയിൽ വെക്കാൻ ഫ്രഞ്ച് പോലീസിന് കഴിഞ്ഞില്ല.

ബെൽജിയത്തിലേക്ക് മെഹ്റാനെ തിരിച്ചയക്കാൻ അയാൾ ബെൽജിയം പൗരനാണ് എന്ന് തെളിയിക്കുന്ന രേഖകളുമില്ല. ഈ രേഖകൾ ബെൽജിയത്തിൽ നിന്ന് വരുത്തണമെന്ന് വെച്ചാൽ ബെൽജിയത്തിലെ നിയമം അനുസരിച്ച് പൗരൻ നേരിട്ട് ഹാജരായാലെ പൗരത്വ സംബന്ധമായ രേഖകൾ ഇഷ്യൂ ചെയ്യുകയുമുള്ളൂ. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ഫ്രാൻസിലെ വിസ വേണം. യാതൊരു രേഖയുമില്ലാത്ത മെഹ്റാന് ഫ്രഞ്ച് വിസയും ലഭിക്കില്ല.

അങ്ങനെയാണ് 1988 ആഗസ്റ്റ് 26ന് മെഹ്‌റാൻ ഫ്രാൻസിലെ ചാൾസ് ഡി ഗോൾ എയർപോർട്ടിലെ ടെർമിനൽ വണ്ണിൽ തന്റെ താമസം ആരംഭിക്കുന്നത്. എയർപോർട്ടിലെ ഒരു മൂലയിൽ തന്റെ ബാഗും അരികിൽ വെച്ച് പത്രമോ, പുസ്തകങ്ങളോ വായിച്ചു കൊണ്ടിരിക്കുന്ന മെഹ്‌റാൻ ചാൾസ് ഡി ഗോൾ എയർപോർട്ടിലെ ഒരു പതിവ് കാഴ്ചയായി.

അതിരാവിലെ യാത്രക്കാരുടെ തിരക്കുകൾ ആരംഭിക്കുന്നതിനു മുമ്പ് അയാള്‍ എയർപോർട്ടിലെ ബാത്റൂമില്‍ കയറി കുളിച്ച്, ഷേവ് ചെയ്ത്, വസ്ത്രങ്ങള്‍ ധരിച്ച് ലഗേജുകള്‍ക്കരികിലെ തൻ്റെ ഇരിപ്പിടത്തില്‍ വന്നിരിക്കുമായിരുന്നു.മെഹ്റാൻറെ ദുരവസ്ഥ കണ്ട് ദയ തോന്നിയ എയർപോർട്ടിലെ ജീവനക്കാരും, കടക്കാരും, ഭക്ഷണം വാങ്ങിക്കൊടുത്തും കാശ് കൊടുത്തും അയാളെ സഹായിച്ചു. പതിയെ പതിയെ ആ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ഒരു ശ്രദ്ധാകേന്ദ്രമായി മെഹ്‌റാൻ മാറി. പലരും അയാളെ സന്ദർശിക്കുകയും ധനസഹായങ്ങൾ നൽകുകയും ചെയ്തു.

എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടേക്കാവുന്ന ഒരു യാത്രികനെപ്പോലെ ഓരോ ദിവസവും പുതുമയോടെ തയ്യാറായി അയാളിരുന്നു. പക്ഷേ ആ കാത്തിരിപ്പ് നീണ്ടത് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ആയിരുന്നില്ല, 18 വർഷങ്ങൾ ആയിരുന്നു. ഇതിനിടെ പലതവണ വാർത്താ മാധ്യമങ്ങൾ മെഹ്റാൻറെ അവസ്ഥ പുറംലോകത്തെ അറിയിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ കാര്യത്തിൽ പ്രത്യേകിച്ച് നീക്കുപോക്കുകളൊന്നും ഉണ്ടായില്ല.

ഒടുവിൽ വർഷങ്ങൾക്കു ശേഷം ഫ്രാൻസിലെ മനുഷ്യാവകാശ കമ്മീഷൻ മെഹ്റാൻറെ പ്രശ്നത്തിലിടപെട്ടു. 1999ൽ ബെൽജിയം ഗവൺമെന്റ് മെഹ്റാൻറെ പൗരത്വ രേഖകൾ ഫ്രാൻസിന് അയച്ചു കൊടുക്കാൻ തയ്യാറായി. എന്നാൽ രേഖകൾ ഫ്രാൻസിൽ എത്തിയപ്പോൾ അത് സ്വീകരിക്കാൻ മെഹ്‌റാൻ വിസമ്മതിച്ചു.

1981 ൽ ഹീത്രൂവിൽ താൻ പേര് സാർ ആൽഫ്രെഡ് മെഹ്‌റാൻ എന്നും, യു.കെയിലെ പൗരൻ ആണെന്നുമാണ് വിവരങ്ങൾ കൊടുത്തിട്ടുള്ളതെന്നും, അത് പ്രകാരമുള്ള രേഖകളേ താൻ അംഗീകരിക്കൂ എന്നും മെഹ്‌റാൻ വാശിപിടിച്ചതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു. ഫ്രഞ്ച് പൗരത്വം സ്വീകരിക്കാനും അയാൾ വിസമ്മതിച്ചു. അതുപോലെ തന്നെ വര്‍ഷങ്ങളായി താന്‍ ഉറങ്ങുകയും ഉണരുകയും ജീവിക്കുകയും ചെയ്ത എയർപോർട്ടിന്റെ ഒന്നാം ടെര്‍മിനല്‍ വിട്ടുപോകാന്‍ അയാള്‍ കൂട്ടാക്കിയില്ല. പുറംലോകവുമായി ബന്ധമില്ലാതെയുള്ള എയർപോർട്ടിലെ ജീവിതം ഇതിനിടെ മെഹ്റാൻറെ മാനസികനില തകരാറിലാക്കിയിട്ടുണ്ടായിരുന്നു.

2004 ൽ മെഹ്റാൻറെ എയർപോർട്ട് ടെർമിനൽ വണ്ണിലെ ജീവിതം ഇതിവൃത്തമാക്കി ഹോളിവുഡിലെ വിഖ്യാത സംവിധായകനായ സ്റ്റീഫൻ സ്പീൽബർഗ് എടുത്ത ചിത്രമാണ് ടോം ഹാങ്ക്സ് കേന്ദ്രകഥാപാത്രമായ ‘ദി ടെർമിനൽ’ (The Terminal – 2004). പൂർണ്ണമായും മെഹ്റാൻറെ കഥയല്ല ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത് എങ്കിലും, സ്വന്തം ജീവിതകഥ ചിത്രത്തിൻറെ കഥയ്ക്ക് ഇതിവൃത്തമായി ഉപയോഗിച്ചതിന് 2,50,000 ഡോളർ ആണ് മെഹ്റാന് പ്രതിഫലം കിട്ടിയത്. പക്ഷേ ഇത്രയും വലിയ തുക കിട്ടിയിട്ട് അതെങ്ങനെ ഉപയോഗിക്കണം എന്നു പോലും മെഹ്റാന് അറിയില്ലായിരുന്നു.

2006 ജൂലായിൽ അസുഖ ബാധിതനായതിനെ തുടർന്ന് മെഹ്റാനെ ഫ്രാൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് 18 കൊല്ലം നീണ്ട അദ്ദേഹത്തിന്റെ എയർപോർട്ട് വാസത്തിന് അറുതിയായത്. 2007 ൽ ആശുപത്രി വിട്ടപ്പോൾ മെഹ്റാനെ ഫ്രാൻസിൽ തുടരാൻ അവർ അനുവദിച്ചു. ഭൂതകാലത്തെ ഓർമ്മകൾ നഷ്ടപ്പെട്ട മെഹ്‌റാനി ഭവനരഹിതരായവരെ താമസിപ്പിക്കുന്ന ഫ്രാന്‍സിലെ ഒരു അഭയസങ്കേതത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. താളം തെറ്റിയ ഓർമ്മകളുമായി ഇപ്പോഴും അദ്ദേഹം അവിടെയെവിടെയോ കഴിയുന്നുണ്ടാകണം.

SHARE