ഏവിയേഷൻ രംഗത്ത് അപകടങ്ങൾ നടക്കുന്നതു പോലെത്തന്നെ ദുരൂഹതകളും നടന്നിട്ടുണ്ട്. അവയിൽ എടുത്തു പറയേണ്ട ഒരു സംഭവമാണ് മലേഷ്യ എയർലൈൻസ് 370 യുടെ തിരോധാനം. കാണാതായിട്ട് ഇത്രയും വർഷങ്ങളായിട്ടും വിമാനത്തിനും അതിലുണ്ടായിരുന്ന ആളുകൾക്കും ശരിക്കും എന്തു സംഭവിച്ചു എന്ന് ആർക്കും അറിയാത്ത ഒരു ദുരൂഹമായ സംഭവം.

2014 മാർച്ച് 8, സമയം അർദ്ധരാത്രി 12.40, ക്വലാലംപൂർ എയർപോർട്ടിൽ നിന്നും മലേഷ്യ എയർലൈൻസിന്റെ MH 370 എന്ന ബോയിങ് 777- 200 ER വിമാനം ബെയ്‌ജിംഗ് ലക്ഷ്യമാക്കി ടേക്ക്ഓഫ് ചെയ്തു. ടേക്കോഫിനു ശേഷം വിമാനം അതിൻ്റെ ക്രൂയിസിങ് അൾട്ടിട്യൂഡ് ആയ 35000 അടിയിലേക്ക് പറന്നുയർന്നു.

സഹാരി അഹമ്മദ് ഷാ എന്ന, മലേഷ്യ എയർലൈൻസിലെ പൈലറ്റുകളിൽ ഏറ്റവും സീനിയറായ ഒരാളായിരുന്നു ആ വിമാനത്തിന്റെ ക്യാപ്റ്റൻ. ഫാരിഖ് അഹമ്മദ് ഫസ്റ്റ് ഓഫീസറും. കാബിനിൽ 10 ഫ്‌ളൈറ്റ് അറ്റൻഡർമാരും, അഞ്ച് കുട്ടികളടക്കം 227 യാത്രക്കാരുമായിരുന്നു ഉണ്ടായിരുന്നത്. പറന്നുയർന്നു മുക്കാൽ മണിക്കൂറിനകം എയർ ട്രാഫിക് കൺട്രോളുമായുള്ള വിമാനത്തിൻ്റെ ബന്ധം അറ്റുപോവുകയും റഡാർ സ്ക്രീനുകളിൽ നിന്നും വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിനു തൊട്ടു മുൻപായി വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങളിൽ ചില അസ്വാഭാവികതകളുണ്ടായിരുന്നു എന്നാണു എയർ ട്രാഫിക് കൺട്രോളിൽ നിന്നും ലഭിച്ച വിവരം.

ആദ്യഘട്ട അന്വേഷണങ്ങൾ ദക്ഷിണ ചൈനാ സമുദ്രം കേന്ദ്രീകരിച്ച് മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയിലായിരുന്നു നടത്തപ്പെട്ടത്. അത് ഏഴുരാജ്യങ്ങളിൽ നിന്നുള്ള 34 കപ്പലുകളും 28 വിമാനങ്ങളും ചേർന്നുള്ള ഒരു സംയുക്തശ്രമമായിരുന്നു. പക്ഷേ, അതിലൊന്നും MH370 യുടെ പൊടിപോലും കണ്ടെത്താനായില്ല. എന്നാൽ പിന്നീട് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം വെളിച്ചത്തു വന്നു.

വിമാനങ്ങൾ പറന്നുകൊണ്ടിരിക്കെ തുടർച്ചയായി ഉപഗ്രഹങ്ങളുമായി അവ സമ്പർക്കം പുലർത്താറുണ്ട്. ഇത്തരത്തിൽ MH 370 സെക്കണ്ടറി റഡാറിൽ നിന്നും അപ്രത്യക്ഷമായതിനു പിന്നാലെ പെട്ടെന്നു ദിശമാറി പറക്കുന്നതു ഉപഗ്രഹ ക്യാമറകളിൽ പതിഞ്ഞു. വടക്കു കിഴക്കുള്ള ബെയ്ജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടു. പിന്നീട് വിമാനത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.

മലേഷ്യൻ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ആദ്യമായി ഇന്ത്യാസമുദ്രത്തിൽ കണ്ടെത്തിയത് ഒന്നേകാൽ വർഷത്തിനുശേഷമാണ്. അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടായത് 2015 ജൂലൈ 29 -നായിരുന്നു. അപ്പോഴേക്കും വിമാനം കാണാതായിട്ട് 16 മാസങ്ങൾ പിന്നിട്ടിരുന്നു. ഫ്രഞ്ച് ഐലൻഡ് ഓഫ് റീയൂണിയൻ എന്ന പ്രദേശത്ത് അന്നേദിവസം, ആറടിയോളം നീളമുള്ള ഒരു വിമാനാവശിഷ്ടം ബീച്ചിൽ വന്നടിഞ്ഞു. ഒരു ബോയിങ്ങ് 777 വിമാനത്തിന്റെ ‘ഫ്ലാപ്പറോൺ’ എന്ന് പറയുന്ന ഒരു ഭാഗമായിരുന്നു അത്. MH370യും ഒരു ബോയിങ്ങ് 777 ആയിരുന്നു. ഈ വിമാനാവശിഷ്ടത്തിൽ ഒരു സീരിയൽ നമ്പർ ഉണ്ടായിരുന്നു. അതിനെ MH370യുമായി ബന്ധിപ്പിക്കുന്ന ഒരു സീരിയൽ നമ്പർ. ഇതോടെ വിമാനം തകർന്നു എന്നതും, അതിലുണ്ടായിരുന്ന ആളുകളെല്ലാം ജീവനോടെയില്ല എന്നതും സ്ഥിരീകരിക്കുവാനുള്ള ഒരു കാരണമായി.

പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തിന്റെ പല തീരങ്ങളിലായി എംഎച്ച് 370യുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ നിർണായക വിവരങ്ങളടങ്ങിയ വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

ലഭ്യമായ വിവരങ്ങൾ വെച്ച് ഒരു കാര്യം ഉറപ്പാണ്. അത് ഒരു അപകടമല്ലായിരുന്നു. മനഃപൂർവം ആ വിമാനം ഇന്ധനം തീർന്നുപോകും വരെ പറപ്പിക്കുകയും, എന്നിട്ട് അതിനെ മൂക്ക് കുത്തിക്കുകയുമായിരുന്നു. അതേപോലെ ഒരു ഹൈജാക്കിനുള്ള സാദ്ധ്യതകൾ ഇല്ലായിരുന്നു എന്നാണു ലക്ഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒടുവിൽ സംശയത്തിന്റെ മുന നീണ്ടത് ക്യാപ്റ്റനായിരുന്ന സഹാരി അഹമ്മദ് ഷായുടെ നേർക്കായിരുന്നു. ഈ സാധ്യതകൾ ഒക്കെ പരിഗണിച്ച ശേഷവും ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ് : ആ രാത്രിയിൽ ആരാണ് എങ്ങനെയാണ്, 238 പേരുടെ ജീവനും അപഹരിച്ചുകൊണ്ട്, വിമാനത്തെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിച്ചത്? ആ ചോദ്യത്തിന് ഇന്നും കൃത്യമായ ഒരുത്തരം നൽകാൻ ആർക്കുമാകില്ല. നമുക്ക് മുന്നിൽ ഉള്ളത് ഊഹാപോഹങ്ങൾ മാത്രമാണ്. അന്നെന്താണ് സംഭവിച്ചതെന്നു ലോകത്തോട് വെളുത്തിപ്പെടുത്തുവാൻ അന്ന് ആ വിമാനത്തിലുണ്ടായിരുന്ന ഒരാൾ പോലും ഇന്ന് ജീവനോടെയുമില്ല.

കോടിക്കണക്കിനു രൂപ ചെലവിട്ട്, പല അന്താരാഷ്ട്ര ഏജൻസികളും നേരിട്ടിറങ്ങി സമുദ്രാന്തർഭാഗത്ത് നടത്തിയ തിരച്ചിലുകളൊന്നും തന്നെ വിമാനം കണ്ടെത്തുന്നതിൽ വിജയിച്ചില്ല. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക്് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു. ഇത്രയും വ്യാപകവും ചെലവേറിയതുമായ തിരച്ചിൽ വിമാനയാത്രാ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല. ഇനിയും തുടരുന്നതിൽ അർഥമില്ലെന്നു കണ്ട് 2017 ജനുവരിയിൽ തിരച്ചിൽ അവസാനിപ്പിച്ചു. 2018 ജൂലൈയിൽ അന്വേഷണം അവസാനിപ്പിച്ചതായി മലേഷ്യൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.

ഇതോടെ എല്ലാവരും മലേഷ്യ എയർലൈൻസ് 370 എന്ന ആ വിമാനത്തെയും, ദുരൂഹമായ തിരോധനത്തെയുമൊക്കെ മറന്നു തുടങ്ങി. ഒരുപക്ഷേ ഇപ്പോഴും ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അടിത്തട്ടിൽ എവിടെയോ ആ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ കിടപ്പുണ്ടാകാം. എന്നെങ്കിലും ഒരു ദിവസം എന്തായിരുന്നു സംഭവിച്ചതെന്ന സത്യം വെളിപ്പെടുമായിരിക്കും. നഷ്ടം സംഭവിച്ചത് മലേഷ്യ എയർലൈസിനും അതിലുണ്ടായിരുന്ന ആളുകളുടെ ബന്ധുക്കൾക്കുമാണ്.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

SHARE