Edappal Regional Workshop Saves Crores in Body Building, KSRTCBlog Exclusive
Edappal Regional Workshop Saves Crores in Body Building, KSRTCBlog Exclusive

KSRTC Blog Exclusive – KSRTC സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ ബോഡി ബില്‍ഡിംഗിന്‌ കോടികളുടെ നഷ്ടം !! 

2007 ന്റെ മധ്യകാലഘട്ടത്തിലാണ്‌ കെ എസ് ആര്‍ ടി സി വര്‍ക്‌ഷോപ്പുകളില്‍ ബസ്സ് ബോഡി ബില്‍ഡിംഗ് ആരംഭിച്ചത്. ആയിരം ബസ്സുകളാണ്‌ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുവാന്‍ തീരുമാനമായത്. കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരം, എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര, ആലുവ എന്നീ 5 വര്‍ക്‌ഷോപ്പുകളിലായിട്ടാണ്‌ ബസ്സുകള്‍ നിര്‍മ്മിച്ചു വരുന്നത്.

ബസ്സുകള്‍ നിര്‍മ്മിക്കുന്നതിന്റെ ജോലി സമയത്തെ (ജോബ്‌) സംബന്ധിച്ച് ആദ്യ കാലങ്ങളില്‍ യാതൊരു കണക്കെടുപ്പും സാധ്യമായിരുന്നില്ല. 2008 ഒക്‌ടോബര്‍ മാസത്തോടു കൂടി കെ എസ് ആര്‍ ടി സിയുടെ സ്വന്തം വര്‍ക്‌ഷോപ്പുകളില്‍ നിന്നും 1000 ബസ്സുകള്‍ നിരത്തിരിലിറങ്ങിക്കഴിഞ്ഞിരുന്നു. അതിനുശേഷം പല തരത്തിലുള്ള ബസ്സുകള്‍ നിര്‍മ്മിക്കുന്നതിന്‌ കൃത്യമായ കണക്കെടുപ്പുകള്‍ നടത്തി ജോലി സമയത്തെ സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കി.

ksrtc-body-building-scam-ksrtcblog

അതിന്‍ പ്രകാരം ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് നിര്‍മ്മിച്ച് നിരത്തിലിറക്കുന്നതിനായി 340 ജോബും, ഫാസ്റ്റ് പാസഞ്ചര്‍ / വേണാട്/മലബാര്‍ ബസ്സുകള്‍ നിര്‍മ്മിക്കുന്നതിനായി 325 ജോബും നിശ്ചയിച്ചു. ഒരു തൊഴിലാളി അയാളുടെ 8 മണിക്കൂര്‍ ജോലി ചെയ്യുന്നതിനെയാണ്‌ ഒരു ജോബ് എന്ന് പറയുന്നത്. അതില്‍ അര മണിക്കൂര്‍ റെസ്റ്റും 15 മിനിറ്റ് വീതമുള്ള 2 ടീ ബ്രേക്കും ഉള്‍പ്പെടും. കെ എസ് ആര്‍ ടി സിയിലെ പെര്‍മനെന്റ് ജീവനക്കാരാണെങ്കില്‍ ഒരു ജോബിന്‌ 750 രൂപയും താത്കാലിക ജീവനക്കാര്‍ക്ക് 400 രൂപ എന്ന കണക്കിലാണ്‌ കൂലി നിശ്ചയിച്ചിരിക്കുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് നിരത്തിലിറങ്ങുന്നതിന്റെ പണിക്കൂലി എന്നത് 1,36,000 രൂപ മുതല്‍ 2,55,000 രൂപ വരെ കണക്കാക്കാം. ഇത്തരത്തിലാണ്‌ ഇന്നും കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും ബസ്സുകള്‍ പണിതിറക്കുന്നത്.

അതേ സമയം കെ എസ് ആര്‍ ടി സിയുടെ തന്നെ എടപ്പാളിലുള്ള റീജിയണല്‍ വര്‍ക്‌ഷോപ്പില്‍ 300 മുതല്‍ 310 ജോബ് മാത്രം ചെയ്തുകൊണ്ടാണ്‌ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് നിരത്തിലിറക്കുന്നത്. അതായത് എടപ്പാള്‍ വര്‍ക്‌ഷോപ്പില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ പണിക്കൂലി 1,24,000 രൂപ മുതല്‍ 2,32,500 രൂപക്കുളിലും നില്‍ക്കും. ചുരുക്കി പറഞ്ഞാല്‍ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് നിരത്തിലിറങ്ങുന്നതിലും 22,500 രൂപ പണിക്കൂലി ഇനത്തില്‍ ഒരു ബസ്സിന്‌ കുറവ്‌. എന്നാല്‍ ബസ്സുകളുടെ ക്വാളിറ്റിയിലും റിലയബിലിറ്റിയിലും എടപ്പാള്‍ ബോഡിയാണ്‌ മികച്ചത് എന്നാണ്‌ ജീവനക്കാരുടേയും യാത്രക്കാരുടേയും മറ്റു വിദഘ്ദരുടേയും അഭിപ്രായം.

അതുപോലെ തന്നെ ഫാസ്റ്റ്/മലബാര്‍/വേണാട് ബസ്സുകള്‍ എടപ്പാള്‍ റീജിയണല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും 290 മുതല്‍ 300 ജോബില്‍ ചെയ്ത് തീര്‍ക്കുവാന്‍ സാധിക്കുന്നു. സെന്‍ട്രല്‍ വര്‍ക്ഷോപ്പിനെക്കാള്‍ 25-35 ജോബ് കുറവാണ്‌ ഇവിടെ. കോഴിക്കോട് റീജിയണല്‍ വര്‍ക്‌ഷോപ്പിലും 300 മുതല്‍ 310 വരെ ജോബ് വരെയാണ്‌ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ കണക്ക്.

കോഴിക്കോട്, എടപ്പാള്‍ വര്‍ക്‌ഷോപ്പുകളെ സംബന്ധിച്ച് നോക്കുമ്പോള്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ വളരെയധികം സ്കില്‍ഡ് ആയിട്ടുള്ള തൊഴിലാളികള്‍, മികച്ച സ്ഥല സൌകര്യം, പല തരത്തിലുള്ള മെഷിനറികള്‍ എന്നിവ ലഭ്യമാണ്‌.

എടപ്പാളില്‍ കേവലം 6 ശതമാനം മാത്രമാണ്‌ സ്ഥിര ജീവനക്കാരുടെ എണ്ണം. ബാക്കിയുള്ള 94 ശതമാനം ജീവനക്കാരും താത്കാലിക ജോലിക്കാരാണ്‌. തിരുവനന്തപുരത്ത് 90 ശതമാനത്തിലധികവും സ്ഥിര ജീവനക്കാരാണ്` എന്നത് ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്‌.

ഒക്‌ടോബര്‍ 2008 മുതല്‍ ഇതേവരെ എടപ്പാള്‍ റീജിയണല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും 455 ബസ്സുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഒരു ബസ്സില്‍ 30 ജോബ് അധികം ചെയ്യുന്നതായി കണക്കാക്കി നോക്കുമ്പോള്‍ എടപ്പാള്‍ റീജിയണല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും ഏതാണ്ട് 37 ബസ്സുകള്‍ ജീവനക്കാര്‍ സൌജന്യമായി പണീ കഴിപ്പിച്ച് ഇറക്കിയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍ താത്കാലിക ജീവനക്കാരെ വെച്ച് 300 മുതല്‍ 310 വരെ ജോബില്‍ എടപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് നിരത്തിലിറങ്ങുമ്പോള്‍ സ്ഥിര ജീവനക്കാരുള്ള സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്നും 340 ജോബ്‌ ചെയ്യുന്നതിന്റെ കണക്കിലാണ്‌ ഒരു ബസ്സ് നിരത്തിലിറങ്ങുന്നത്. ശമ്പള പരിഷ്കരണത്തിന്റെ സമയത്ത് മാനേജ്‌മെന്റും തൊഴിലാളി സംഘടനകളുമായി ബസ്സ് ബോഡി ബില്‍ഡിംഗിന്റെ കാര്യത്തില്‍ ധാരണയാകുന്നതിന്‌ പല തവണ വര്‍ക്‌ഷോപ്പുകളില്‍ നിന്ന്‌ മാനേജ്‌മെന്റിനും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുള്ളതാണ്‌. എന്നാല്‍ നാളിതുവരെ ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊള്ളുവാന്‍ മാനേജ്‌മെന്റിനു സാധിച്ചിട്ടില്ല. ഇതു കാരണം കെ എസ് ആര്‍ ടി സിക്ക് ബോഡി ബില്‍ഡിംഗ് ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ്‌ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്നുണ്ടാകുന്നത്.

കൃത്യമായി പറയുകയാണെങ്കില്‍, ഏകദേശം 1200 ബസ്സുകള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍ നിന്ന്‌ ഇതേവരെ പുറത്തിറങ്ങിയിട്ടുണ്ടാകും. അപ്പോള്‍ മറ്റു വര്‍ക്‌ഷോപ്പുകളെ സംബന്ധിച്ച് ഒരു ബസ്സില്‍ 30 ജോബ് അധികം വരുന്നു. അതായത് 1200 ബസ്സുകളില്‍ ഓരോന്നിലും അധികം വരുന്ന 30 ജോബ് കണക്കാക്കുമ്പോള്‍ 36,000 ജോബിന്റെ വ്യത്യാസം. ചുരുക്കി പറഞ്ഞാല്‍ 36,000 ജോബില്‍ ഒരു ജോബിന്‌ 750 രൂപ വെച്ച് കണക്കാക്കുമ്പോള്‍ രണ്ടു കോടി 70 ലക്ഷം രൂപയുടെ നഷ്ടം. അത് കെ എസ് ആര്‍ ടി സിക്ക് മാത്രം സ്വന്തം. !!

Story By: Sujith Bhakthan & Antony Varghese with inputs from reliable sources. 

SHARE