എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ ബസുകളിൽ ഒന്ന് എറണാകുളത്താണ് ഉള്ളത്. ഇതു തന്നെയാണ് ആ കൗതുകക്കാഴ്ചയും.

ആഢ്യത്തവും പൈതൃകവും സമന്വയിപ്പിക്കുന്ന ഡബിൾ ഡെക്കർ ബസ്സുകൾ ആബാലവൃദ്ധം ജനങ്ങൾക്കും ഇന്നും സന്തോഷകരമായ കാഴ്ച തന്നെയാണ്. ഇന്നും ഈ ബസ്സുകളുടെ മുകളിലെ നിലയിലെ ഏറ്റവും മുന്നിലെ സിറ്റിലിരിക്കാൻ ആഗ്രഹിക്കുന്ന എത്രയോ മുതിർന്ന ആൾക്കാർ ഉണ്ട്.

നഗരവീഥികളിലെ വൃക്ഷത്തലപ്പുകളുടെ മർമ്മരവും ചെറിയ ചില്ലകളുടെ കൂട്ടിയിടികളും ഏറ്റവും അടുത്തറിഞ്ഞവർ പലരും ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്നുണ്ട്. അവർക്കേവർക്കും അവരുടെ ഗതകാല സ്മരണകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കും ഡബിൾ ഡെക്കർ യാത്ര. തങ്ങളുടെ ബാല്യവും കൗമാരവും യൗവനവും ബസ്സിനുള്ളിൽ ചെലവഴിച്ചിട്ടുള്ളവർക്ക് ഇന്നും ഡബിൾ ഡെക്കർ ബസ്സുകൾ മനോഹരമായ ഓർമ തന്നെയായിരിക്കും.. തീർച്ച.

അങ്കമാലിയിലെ KSRTC ഡബിൾ ഡെക്കർ ബസ്സിൽ ഒരു നഗരയാത്ര – വീഡിയോ കാണാം.

ഇനി അല്പം ചരിത്രത്തിലേക്ക് : 1969 – 1975 കാലഘട്ടത്തിൽ എറണാകുളം ജില്ലയിൽ ഡബിൾ ഡെക്കർ സർവീസ് നടത്തിയിരുന്നു. ‘വെല്ലിംഗ്ടൺ ദ്വീപ്’ മുതൽ ‘പാലാരിവട്ടം’ വരെയായിരുന്നു സർവീസ് നടത്തിയിരുന്നത്. വമ്പിച്ച ജനപിന്തുണയോടെ സർവീസ് നടത്തിയിരുന്ന പ്രസ്തുത ബസ്സുകളുടെ സർവീസ് സ്പെയർപാർട്സുകളുടെ അഭാവം നിമിത്തം നിർത്തുകയാണുണ്ടായത്. എന്നാൽ 2010 മുതൽ അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ രണ്ട് ഡബിൾ ഡെക്കർ ബസ്സുകൾ എറണാകുളത്തേയും തിരുവനന്തപുരത്തെയും നിരത്തുകളിൽ കെ.എസ്.ആർ.ടി.സി യുടെ ഗതകാലപ്രൗഢി വിളിച്ചോതി ഇന്നും സർവീസ് നടത്തുന്നുണ്ട്.

ഇനി ഇന്നത്തെ ഡബിൾ ഡെക്കറിനെപ്പറ്റി : RN766, RN765, TR666 എന്നീ ബോണറ്റ് നമ്പരുകളിലുള്ള മൂന്നു ബസ്സുകൾ കെ.എസ്.ആർ.ടി.സി-ക്ക് നിലവിൽ സ്വന്തമായിട്ടുണ്ട്. അവയുടെ സർവീസ് നടത്തിപ്പ് നിലവിൽ യഥാക്രമം അങ്കമാലി , തിരുവനന്തപുരം സിറ്റി യൂണിറ്റ് അധികാരികളുടെ മേൽ നിക്ഷിപ്തമാണ്. ഇതിൽ പുതിയ ബസ്സുകളായ RN765, RN766 എന്നീ ഡബിൾ ഡെക്കറുകൾ എല്ലാ ദിവസവും തിരുവനന്തപുരം, എറണാകുളം നഗരത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്നു. പൂർവ്വകാലസ്മരണകൾ അയവിറക്കാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രാപ്രേമികൾക്കും ബസ്സിൽ നിന്നും ടിക്കറ്റ് നേരിട്ട് എടുത്ത് ബസ്സിൽ യാത്രചെയ്യാവുന്നതാണ്.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാനെത്തുന്ന മാതാപിതാക്കൾക്ക് നല്ല ഒരു യാത്രാനുഭവവും മധുരിക്കുന്ന ഒരു ഓർമയും നല്കാനാവുമെന്നതിലും സംശയമില്ല. ബസ്സിന്റെ ഷെഡ്യൂൾ സമയവും കടന്നു പോകുന്ന സ്ഥലങ്ങളും ചുവടെ രേഖപ്പെടുത്തിയിരിക്കുന്നു.

എറണാകുളത്തെ യാത്രാപ്രേമികൾക്കായി : രാവിലെ 06.15നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, രാവിലെ 08.40നു തോപ്പുംപടി നിന്നും അങ്കമാലി, രാവിലെ 11.10 നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, ഉച്ചക്ക് 13.20 നു തോപ്പുംപടി നിന്നും അങ്കമാലി, വൈകുന്നേരം 16.10 നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, 18.30 നു തോപ്പുംപടി നിന്നും അങ്കമാലി. വിശദവിവരങ്ങൾക്ക് – 0484 2453050.

ലേഖനത്തിനു കടപ്പാട് : കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.

SHARE