കോവൽ കൃഷിയും പരിചരണവും : വലിയ പരിചരണവും, അമിത വളപ്രയോഗവും ഇല്ലാതെ തന്നെ ഏത് കാലാവസ്ഥയിലും വളർന്നു വരുന്ന ഒരു പച്ചക്കറിയാണ് കോവൽ. കൃഷിച്ചെലവും, പരിചരണവും കുറച്ചു മതി എന്നത് കോവൽകൃഷിയെ ആകർഷകമാക്കുന്നു. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നിൽക്കാത്തതുമായ മണ്ണും ഉണ്ടെങ്കിൽ കോവൽ കൃഷി വൻ വിജയത്തിൽ എത്തും. മണ്ണിൽ ജൈവാംശം എത്രത്തോളം ഉണ്ടോ അത്രയും നല്ലതാണ് കോവൽ കൃഷിയ്ക്ക്.

ഒരു ചെടി 5 – 8 വർഷം നിൽക്കും. വർഷം മുഴുവൻ വിളവ് കിട്ടുകയും ചെയ്യും. കോവലിന്റെ തണ്ടാണ് നടീൽ വസ്തു. നല്ല കായ്ഫലമുള്ള മാതൃസസ്യത്തിന്റെ തണ്ടാണ് ഇതിനായി ഉപയോഗിക്കേണ്ടത്. മെയ്‌ – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളാണ് നടുവാൻ അനുയോജ്യമായ സമയം. അത്യുൽപ്പാദനശേഷിയുള്ള ഒരിനം കോവലാണ് സുലഭ. ഇതിന്റെ കായ്ക്ക് മറ്റുള്ളവയേക്കാൾ വലുപ്പം കൂടുതലാണ്.

ചാണകപ്പൊടി, എല്ലുപൊടി എന്നിവ ചേർത്ത് തടം തയ്യാറാക്കുക.നാലു മുട്ടുകളുള്ള കോവലിന്റെ തണ്ട് വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്.കോവലിന്റെ തണ്ട് മുറിച്ച് കവറിൽ വച്ച് പിടിപ്പിക്കാം. ചകിരിച്ചോർ, ചാണകപ്പൊടി, മണ്ണ് എന്നിവ 1: 1: 1 എന്ന അനുപാതത്തിൽ കലർത്തി ചെറിയ കൂടുകളിൽ നിറയ്ക്കുക മുളച്ചതിനു ശേഷം മണ്ണിൽ കുഴിച്ച് വയ്ക്കാം. അല്ലെങ്കിൽ തണ്ട് നേരിട്ട് മണ്ണിൽ കുഴിച്ച് വയ്ക്കാം. 5 ml സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ കലർത്തി അതിൽ കോവലിന്റെ തണ്ട് 1 മണിക്കൂർ മുക്കി വച്ചതിനു ശേഷം നടുകയാണെങ്കിൽ വേര് പിടിച്ചു കിട്ടാൻ വളരെയെളുപ്പമാണ്. കോവൽ നന്നായി കയറിപോകുന്നതിനായി പന്തൽ ആവശ്യമാണ്. 5 ഗ്രാം സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ കലർത്തി ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്പ്രേ ചെയ്യുക. തളിരിലകളോടെ ശിഖരങ്ങൾ ഉണ്ടാകും.

സാധാരണ ഒന്നര മാസം പ്രായമായ ചെടികൾ പൂവിടാൻ ആരംഭിക്കും. പൂവിട്ടു തുടങ്ങിയാൽ 10 മില്ലി ഫിഷ് അമിനോ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്പ്രേ ചെയ്തു കെടുക്കുക. കോവലിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്.

കോവലിൽ കായീച്ചയുടെ ശല്യം കാണാറുണ്ട്.ഇതിന് ഈച്ചക്കെണി വളരെയേറെ ഫലപ്രദമായി കണ്ടുവരുന്നു. കോവലിന്റെ ഇലയെ ബാധിക്കുന്ന ഒരു രോഗം ആണ് മൊസൈക്ക് രോഗം. ഇലകൾക്ക് കട്ടി കൂടി, വളഞ്ഞ് രൂപമാറ്റം സംഭവിക്കുകയും, കോവൽ നശിച്ചുപോകുകയും ചെയ്യും. ഈ രോഗം പരത്തുന്ന കീടങ്ങളെ തടയുന്നതിനായി വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ചെടികളിൽ തളിച്ചു കൊടുക്കുക.

കോവലിനെ ബാധിക്കുന്ന ഒരു കീടമാണ് മുഞ്ഞ. ഇത് കോവലിന്റെ ഇലകളുടെ അടിയിൽ ഇരിക്കുകയും, നീരൂറ്റി കുടിക്കുകയും ചെയ്യും, കൂടാതെ മുഞ്ഞ മൊസൈക്ക് രോഗം പരത്തുകയും ചെയ്യും. മുഞ്ഞയുടെ ആക്രമണത്തെ തടയാൻ തണുത്ത കഞ്ഞി വെള്ളം നേർപ്പിച്ച് ഒഴിക്കുക അല്ലെങ്കിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.

കോവയ്ക്ക അധികം ഉള്ളപ്പോൾ ഉണക്കി സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ സാധിക്കും. ദീർഘകാല വിളയായ കോവയ്ക്ക പ്രകൃതിയുടെ ഇൻസുലിൻ എന്നറിയപ്പെടുന്നു. സ്ഥലമില്ലാത്തവർക്ക് നല്ല ഒരു പന്തൽ ഉണ്ടെങ്കിൽ ടെറസിലും കോവൽ കൃഷി ചെയ്യുവാൻ സാധിക്കും.

For more videos SUBSCRIBE LiveKerala https://bit.ly/2PXQPD0.

SHARE