തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കൊരട്ടി.

കൊരട്ടിയ്ക്ക് പേര് വന്ന വഴി – പ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ ശ്രമണമതം സ്വീകരിച്ച് അവർ അർഹതപദം സ്വീകരിക്കുന്നതോടെ അവരുടെ പേരിൽ സാസ്ംകാരിക കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു, ചേര രാജാക്കന്മാർ കുറവർ( പുലയർ) വംശത്തിൽ പെട്ടവരുണ്ടായിരുന്നെന്നും ചേര രാജ്ഞിയെ കുറത്തി, കുരത്തി എന്നും വിളിച്ചിരുന്നു എന്നും രേഖകൾ ഉണ്ട്. ബൗദ്ധ-ജൈന സന്യാസിമാരെ പൊതുവായും കുരത്തികൾ എന്നു വിളിച്ചിരുന്നു. കുരത്തി ഇംഗ്ലീഷ് ലിപിയാകുമ്പോൾ കുരട്ടി എന്നും കൊരട്ടി എന്നും ശബ്ദഭേദം വന്നതാവാം എന്നും സ്ഥലനാമചരിത്രകാരൻ വിവികെ വാലത്ത് സൂചിപ്പിക്കുന്നു.

കൊരട്ടിക്കാരായ നമ്മൾ ത്രിശൂർ ടൗണിലൊക്കെ പോയി കൊരട്ടി എന്നൊക്കെ പറഞ്ഞാൽ അപ്പൊ ചോദിക്കും ഓ അങ്കമാലി – കൊരട്ടി അല്ലേ? അത് പോലെ എർണാകുളത്ത് പോയാലും മൂവാറ്റുപുഴയിൽ പോയാലും കൊരട്ടി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും “അങ്കമാലി കൊരട്ടി “അതായത് കൊരട്ടിയെ എറണാകുളം ജില്ലയായി ആണ് പലരുംഇപ്പോഴും കാണുന്നത്. ഞങ്ങൾ ഒന്നാതരം തൃശൂർ ജില്ലക്കാരാണ് മാഷേ.

ലിജോ പെല്ലിശ്ശേരിയുടെ മുൻ പടങ്ങളിൽ എല്ലാം ചാലക്കുടിയെ പറ്റി എന്തെങ്കിലുമൊക്കെ പറയാതിരുന്നിട്ടില്ല, അതുപോലെ അങ്കമാലി ഡയറിയിൽ മൊത്തം അങ്കമാലിയും. ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ ഉള്ള ഒരു ഗ്രാമം ആണ് കൊരട്ടി , വാളൂരിലെ പുഴയും , നാലുകെട്ടിലെ റബ്ബർ കാടും,പാലമുറീം, പെരുമ്പിയും, തിരുമുടിക്കുന്നും , കോനൂരും , വടക്കേ അറ്റത്ത് മുരിങ്ങൂരും , കിഴക്കേ അറ്റത്ത് മാമ്പ്രയും , കുലയിടവും, പിന്നേ കട്ടപ്പുറം, കാതിക്കുടം, കൊരട്ടി പള്ളിയുടെ നാല് അങ്ങാടികൾ, ആറ്റപ്പാടം, വാപറംബ്, വഴിച്ചാൽ, എല്ലാം നിറഞ്ഞ നല്ലൊരു സമാധാന അന്തരീക്ഷം നിറഞ്ഞ സ്ഥലം.

പിന്നേ എടുത്ത് പറയേണ്ടതാണ് കാടുകുറ്റിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹവും ഓക്സ്ബോ തടാകവും. തിരുമുടിക്കുന്നിലെ ലെപ്രസി ആശുപത്രി, ചിറങ്ങരയിലേ പ്രസിദ്ധ ക്ഷേത്രം, ചിറങ്ങരയിലെ തന്നെ ഓർത്തഡോക്സ് സഭയുടെ ഭദ്രാസനം ഇതൊന്നും ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.

അങ്കമാലിക്കാരെയും ചാലക്കുടിക്കാരെയും ഒരു പോലെ സ്നേഹിക്കുന്ന കൊരട്ടി , സെന്റ് ജെയിംസിലും എൽ എഫിലും മാറി മാറി പോകുന്ന കൊരട്ടിക്കാർ , സ്വന്തമായ ദേവമാതാ ആശുപത്രിയാണ് കൊരട്ടിക്കാരുടെ ആദ്യ ആശ്രയം , എറണാകുളം തൃശൂർ അതിർത്തി ഗ്രാമം ആയത് കൊണ്ട് രണ്ടു ജില്ലകളുടെയും സംസ്കാരം , ഭക്ഷണ രീതികൾ ആഘോഷങ്ങൾ , ഭാക്ഷ എന്നിങ്ങനെ എല്ലാത്തിലും ഒരു വ്യത്യസ്ഥത ഉണ്ട് കൊരട്ടിക്ക് അങ്കമാലി ഡയറീസിൽ കാണിക്കുന്ന എന്താണ് കൊരട്ടിയിൽ ഇല്ലാത്തത് ? പോർക്കോ , മാങ്ങാ കറിയോ , പെരുന്നാളോ ഏതെങ്കിലും ഒന്ന് കൊരട്ടിക്കാർക്ക് ഇല്ല എന്ന് പറയാമോ, അങ്കമാലി അടക്കം പല സ്ഥലങ്ങളിലേക്കും പോർക്ക് കൊണ്ട് പോകുന്നത് കോനൂരിലെ പാലിശ്ശേരിയിൽ നിന്നാണ് ,

ആഘോഷം – കൊരട്ടിപെരുന്നാളിനേക്കാൾ പേര് കേട്ടതും ജനങ്ങൾ വന്ന് പോകുന്നതുമായ പെരുന്നാൾ ഈ പ്രദേശത്ത് വേറെയില്ല, കൊരട്ടി പെരുന്നാളിന്റെ ഒരു ദിവസം വരുന്ന ആളുകൾ ഉണ്ടോ ചാലക്കുടിയിലേം അങ്കമാലിയിലേം പള്ളികളിലെയും പെരുന്നാളിന് എന്നിട്ടും അവഗണന.

മാങ്ങാക്കറി – ഇപ്പൊ വീണ്ടും അങ്കമാലി മാങ്ങാക്കറി എന്ന പാട്ട് അടക്കം ഇറങ്ങിയിരിക്കുന്നു ആരാണ് ഈ അബദ്ധം പറഞ്ഞു പരത്തുന്നെ . കൊരട്ടിയിലെ മാങ്ങാക്കറി ഇല്ലാത്ത ഒരു കല്യാണ വീട് കാണിക്കാമോ, തലേ ദിവസത്തെ ഭക്ഷണത്തിന് പോലും മാങ്ങാക്കറി നിർബന്ധമാണ് അതും നല്ല ഒന്നാന്തരം തേങ്ങാപാൽ പിഴിഞ്ഞ മാങ്ങാക്കറി. ഏറ്റവും അധികം ധാബകൾ ഉള്ളത് ചിറങ്ങര ഭാഗത്ത്‌ ആണ്. അങ്കമാലി മുതൽ തൃശൂർ ജില്ലയുടെ പകുതി വരെ മാങ്ങാക്കറി സാധാരണം എന്നിട്ടും പേര് അങ്കമാലിക്ക്.

രണ്ട്‌ സംസ്കാരത്തിന് വേറെയും ഉണ്ട് കാരണങ്ങൾ കൊരട്ടി തൃശൂർ ജില്ലയിൽ ആണെങ്കിലും രൂപത എറണാകുളം ആണ് (മംഗലശ്ശേരി മുതൽ ഡിവൈൻ വരെ).
മാമ്പ്ര പ്രദേശങ്ങളിൽ ഒരു പ്രത്യേകത ഉണ്ട് വീട് തൃശൂരും തൊഴുത്ത് എറണാകുളം ജില്ലയിലും ആണ് , തൊട്ട് അപ്പുറത്തെ വീട്ടിൽ ഫോൺ വിളിക്കണമെങ്കിൽ എറണാകുളം കോഡ് ആയ 0484 അടിക്കണം, അങ്ങനെ ഒരുപാട് വെറൈറ്റികൾ നിറഞ്ഞ നാടാണ് ഇമ്മടെ കൊരട്ടി.

പാറമടകളും നെൽപ്പാടങ്ങളും മധുര കോട്‌സും ഇൻഫോ പാർക്കും കിൻഫ്രയും ഗവർമെന്റ് പ്രസ്സും റബ്ബർ കാടുകളും കാർബൊറാണ്ടവും ഓസിൻ പ്ലാന്റ് അടക്കം നിരവധി സംഭവങ്ങൾ നിറഞ്ഞ കൊരട്ടി. ചാലക്കുടിയിൽ നിന്ന് ഒരുപാടു ദൂരെ ഉള്ളവർ പോലും പേരിന്റെ കൂടെ ചാലക്കുടി എന്ന് ചേർത്ത് നടക്കുമ്പോഴും ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലമായിട്ടും ഇവിടുത്തെ കലാകാരന്മാർ പേരിന്റെ കൂടെ കൊരട്ടി മാത്രമേ ചേർത്ത് വെയ്‌ക്കാറുള്ളു (സജി കൊരട്ടി, ജോ കൊരട്ടി, ജേക്കബ് കൊരട്ടി, ജോബി കൊരട്ടി അടക്കം പൂമരത്തിന്റെ സ്വന്തം പാട്ടുകാരൻ ഫൈസൽ റാസി വരെ നീണ്ടു പോകുന്നു ആ ലിസ്റ്റ്) മേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, മുടിയേറ്റ് തുടങ്ങി കലാരൂപങ്ങൾ യുവജനങ്ങൾ ഇപ്പോഴും തുടരുന്നു. കൊരട്ടിപ്പട്ടണം റെയിൽവേ ഗെയിറ്റ് എന്ന പേരിൽ ഒരു സിനിമയും ഇറങ്ങുകയുണ്ടായി. മൂടപ്പുഴ ഡാം പലരും മറന്നു.

തിമിലയിലെ ആഡ്യത്വത്തിന്റെയും ഐശ്വര്യത്തിന്റേയും പ്രതീകമായിരുന്ന പത്മഭൂഷൺ ശ്രീ കുഴൂർ നാരായണ മാരാർ ആശാൻ താമസിച്ചിരുന്നതും ഫോക്‌ലോർ അവാർഡ് ലഭിച്ച മുടിയേറ്റ്‌ കലാകാരൻ ശ്രീ രമേശ്‌ കുറുപ്പിന്റെയും മണ്ണായ ചെറ്റാരിക്കലിൽ. കൂടുതൽ അവാർഡുകൾ നേടിയ രജപുത്ര എന്ന പ്രസിദ്ധ നാടക ഗ്രൂപ്പ് കൊരട്ടിയിൽ ആണ്. പാസഞ്ചർ മാത്രം നിറുത്തുന്ന സ്റ്റേഷൻ ആണെങ്കിലും ചെറിയ സ്റ്റേഷനുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതും കൊരട്ടി റെയിൽവെ സ്റ്റേഷനിൽ ആണ്.

പെരുമ്പിയിലെ ശ്മശാനത്തിനുമുണ്ട് പ്രത്യേകതകൾ ലത്തീൻ, മുസ്ലിംസ് തുടങ്ങിയവരും ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ട മറ്റ് ചിലരും കൊരട്ടി പൊതു ശ്മശാനവും എല്ലാം ഒരേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വിദ്യാഭാസ കായിക മേഖലയിൽ വളരെ പ്രാധ്യാനമുള്ള രണ്ട് സ്‌കൂളുകൾ അതായത് MAMHS & LFCGHS കൊരട്ടി , ഇന്നും ഒരു പാട് കല കായിക താരങ്ങളെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

എന്നും ഒരുപാട് നൊസ്റ്റാൾജിയ നൽകുന്ന സ്ഥലങ്ങൾ ആണ് ഇതു രണ്ടും. അതു പോലെ കൊരട്ടി പോളി ടെക്നിക് ഒരു കാലത്ത് JTS ആയിരുന്നത് കൊണ്ട് ഇപ്പോഴും ആ സ്ഥലത്തിന് JTS ജംക്ഷൻ എന്നാണ് പേര്. ടെക്സ്റ്റൈൽ ടെക്നോളജി ഉള്ള കേരളത്തിലെ വിരലിൽ എണ്ണാവുന്ന പോളികളിൽ ഒന്ന്.

ഇപ്പോഴത്തെ MLA ശ്രീ ബി.ഡി ദേവസ്സി, വാർത്താവായിക്കുന്ന R ബാലകൃഷ്ണൻ, ഗായിക മിൻമിനി, വാളൂർ മുകുന്ദൻ എന്നിവരും കൊരട്ടിക്കാരാണ്.

സിനിമ സീരിയൽ രംഗത്തെ കൊരട്ടിയുടെ സംഭാവന ചെറുതൊന്നും അല്ല പിന്നെ ഒരു പ്രത്യേകത കൊരട്ടി ഏകദേശം കേരളത്തിന്റെ നടുവിൽ ആണെന്ന് പറയാം. ഏകദേശ കണക്കനുസരിച്ച് കൊരട്ടിയിൽ നിന്ന് തിരുവനനന്തപുരം 300 കിമി, കാസർകോട് 300 കിമി, കടൽ 30 കിമി, മല 30 കിമി, തൃശ്ശൂർ 35കിമി, എറണാകുളം 35 കിമി അങ്ങനെ കേരളത്തിന്റെ ഏകദേശം മധ്യബിന്ദു ആണ് കൊരട്ടി. ആ പ്രദേശത്ത് ജനിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഞങ്ങൾ കൊരട്ടിക്കാർ അഭിമാനിക്കുന്നു.

കടപ്പാട് – Shintappen, Njangal Chalakudikkar Media.

SHARE