ഇബ്ൻ ബത്തൂത്തയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സഞ്ചാരപ്രേമികൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രഗത്ഭ വ്യക്തിത്വമാണ് മൊറോക്കൻ സഞ്ചാരി കൂടിയായ ഇബ്ൻ ബത്തൂത്ത.

മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ ഒരു സാധാരണ കുടുംബത്തിലാണ് ഇബ്ൻ ബത്തൂത്ത ജനിച്ചത്. അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി, ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.

ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈൽ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ്‌, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂർവേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ മാർക്കോ പോളോ സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു.

1325-ലാണ്‌ ഇബ്ൻ ബത്തൂത്ത തന്റെ യാത്ര ആരംഭിക്കുന്നത്‌. യാത്രയുടെ ഒന്നാം ഘട്ടത്തിൽ കോൺസ്റ്റാന്റിനോപ്പിൾ, ട്യൂണിസ്‌, അലക്സാണ്ട്രിയ, ട്രാപ്പളീസ്‌ (ട്രിപ്പോളി), മസർ (ഈജിപ്റ്റ്‌), പാലസ്തീൻ, സുറിയ, ഡമാസ്കസ്‌ എന്നീസ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം ഹജ്ജ്‌ കർമ്മം നിർവഹിക്കുന്നതിനായി മക്കയിലേക്കു തിരിച്ചു. പിന്നീട് തന്റെ യാത്രാ സംഘത്തോടൊപ്പം തുടരുന്നതിനു പകരം അദ്ദേഹം പേർഷ്യയിലേക്ക് തന്റെ യാത്രയുടെ ലക്ഷ്യസ്ഥാനം മാറ്റി നിശ്ചയിക്കുകയായിരുന്നു. ബത്തൂത്ത ടൈഗ്രിസ് നദി കടന്ന് ബസ്ര നഗരത്തിലേക്കാണ് പിന്നീട് പോയത്.

യാത്രയുടെ രണ്ടാം ഘട്ടത്തിൽ, മെസൊപൊട്ടാമിയയിലെ നജാഫ്‌, ബസ്ര, മോസുൾ, ബാഗ്ദാദ്‌, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സൻസിബാർ, കില്വ മുതലായ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രണ്ടാമതും ഹജ്ജ്‌ കർമ്മം നിർവഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിശ്രമത്തിനും വിവിധ ഭാഷാഭ്യാസത്തിനുമായി രണ്ട്‌ കൊല്ലത്തോളം ഇബ്ൻ ബത്തൂത്ത മക്കയിൽ കഴിഞ്ഞു.

മൂന്നാം ഘട്ടം 1332-ൽ ആരംഭിച്ചു. യെമൻ, ഒമാൻ, ബഹറൈൻ, സുറിയ, ഏഷ്യ മൈനർ, ഇന്ത്യ, മാലദ്വീപ്‌, സിലോൺ, കിഴക്കൻ ഏഷ്യ, ചൈന എന്നീരാജ്യങ്ങൾ സന്ദർശിച്ച ശേഷം വീണ്ടും ഇന്ത്യ, പേർഷ്യ, മെസൊപൊത്താമ്യ, സുറിയ, ഈജിപ്റ്റ് വഴി ടാൻജിയറിൽ മടങ്ങിയെത്തി.

വീണ്ടും ആഫ്രിക്കൻ യാത്രയ്ക്ക്‌ തിരിച്ച ഇബ്ൻ ബത്തൂത്തയെ മൊറോക്കോ സുൽത്താൻ ഉയർന്ന ബഹുമതികൾ നൽകി തന്റെ അതിഥിയായി പാർപ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ്‌ ഇബ്ൻ ബത്തൂത്ത രിഹ്‌ല രചിച്ചു തുടങ്ങിയത്‌.

ദില്ലി സുൽത്താൻ മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്റെ കാലത്താണ്‌ ഇബ്ൻബത്തൂത്ത അഫ്ഗാനിസ്താനിലെ ബലൂചിസ്ഥാൻ വഴി ഇന്ത്യയിലെത്തിയത്‌. ഇസ്ലാമികലോകത്തെ പുതിയ രാജ്യമായിരുന്ന ദില്ലിയിൽ തന്റെ ഭരണം ദൃഡമാക്കുന്നതിനായി തുഗ്ലക്ക്‌ പല ഇസ്ലാമികപണ്ഡിതരേയും വരുത്തിയിരുന്ന കാലമായിരുന്നു അത്‌. ഇബ്ൻ ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച്‌ അദ്ദേഹത്തിന്‌ തുഗ്ലക്ക്‌ ന്യായാധിപസ്ഥാനം നൽകി.

1342-ൽ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്ൻ ബത്തൂത്ത അവിടേയ്ക്കുള്ള യാത്രാമദ്ധ്യേ ഗ്വാളിയർ, ചന്ദ്രഗിരി, ഉജ്ജയിൻ, സഹാർ, സന്താപ്പൂർ, ഹോണാവർ, ബാർക്കൂർ, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്‌, കൊല്ലം തുറമുഖങ്ങളിൽ നിന്നു മാത്രമേ ചൈനയിലേക്ക്‌ കപ്പലുകൾ പുറപ്പെട്ടിരുന്നുള്ളു.

1342 ഡിസംബർ 29-ന്‌ ഇബ്ൻ ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന്‌ പന്തലായനിയും‍, 1343 ഡിസംബർ 31-ന്‌ ധർമ്മടവും‌, 1344 ജനുവരി 2-ന്‌ കോഴിക്കോടും‌, 1344 ഏപ്രിൽ 7-ന്‌ കൊല്ലവും സന്ദർശിച്ചു.

മുലൈബാർ എന്നാണ്‌ കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്‌. നിറയെ വൃക്ഷങ്ങളും കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ്‌ ഇബ്ൻ ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം എഴുതിയിരിക്കുന്നത്‌. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടുത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നത്രെ. കോഴിക്കോട്‌ എത്തിയ ഇബ്ൻ ബത്തൂത്ത അത്‌ ഒരു മികച്ച തുറമുഖപട്ടണമെന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ എല്ലാ കോണിലും നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമവിടെ കണ്ടു.

കോഴിക്കോട്‌ നിന്ന് ജല മാർഗ്ഗം ബത്തൂത്ത കൊല്ലത്തേക്കു പുറപ്പെട്ടു. ജനവാസവും കൃഷിയുമില്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രെ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നടുവിലായിരുന്നത്രെ ഉടമയുടെ വീട്‌. എല്ലാ വീടുകൾക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നുല്ല. കുതിര സവാരി രാജാവിനു മാത്രം.

കള്ളന്മാർക്കും കൊള്ളക്കാർക്കും കടുത്ത ശിക്ഷ നൽകിയിരുന്നതിനാൽ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക, തിളച്ച എണ്ണയിൽ കൈമുക്കുക മുതലായ ശിക്ഷാവിധികൾ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു.

മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നത്രെ കൊല്ലം. വലിപ്പമുള്ള അങ്ങാടികളും, ധനാഢ്യരായ കച്ചവട്ക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു. ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ച്‌ ഇബ്ൻ ബത്തൂത്ത സന്താപ്പൂർ‍സന്ദർശിച്ച്‌ വീണ്ടും 1344 ജനുവരി 2-ന്‌ കോഴിക്കോട് എത്തി. മൂന്നു മാസത്തോളം ചാലിയത്ത്‌ താമസിച്ചു.

1344-ൽ കോഴിക്കോട്ട്‌ നിന്ന് മാലിദ്വീപിലേക്കു പോയ ഇബ്ൻബത്തൂത്ത അവിടെ നിന്നും 1346 ജനുവരി 20-ന്‌ തിരിച്ച് കൊല്ലത്തെത്തി മൂന്നു മാസത്തോളം അവിടെ താമസിച്ചു. 1346 മേയ്‌ 2-ന്‌ കോഴിക്കോട്‌ നിന്ന് ചൈനയിലേക്കുപോയ ബത്തൂത്ത വീണ്ടും 1347 ജനുവരിയിൽ കോഴിക്കോട്‌ എത്തി.

1353 ഡിസംബർ 29-ന് മൊറോക്കൊയിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴിയ്ക്ക് മറ്റു ചില സ്ഥലങ്ങൾ കൂടി സന്ദർശിച്ച ശേഷം അദ്ദേഹം 1354 ൽ മൊറോക്കോയിൽ സ്ഥിര താമസമാക്കി. 1377 ൽ മൊറോക്കോയിലെ ടാൻജിയറിൽ വെച്ച് അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു. ടാൻജിയറിൽ സ്ഥിതി ചെയ്യുന്ന ഇബ്ൻ ബത്തൂത്തയുടെ ശവകുടീരം ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ചരിത്രപൈതൃകങ്ങളെയും ജനസംസ്‌കൃതികളെയും ഉള്‍ക്കൊണ്ടായിരുന്നു 21 വര്‍ഷം നീണ്ട ബത്തൂത്തയുടെ യാത്രകള്‍. ലോകസഞ്ചാരികളുടെ കണക്കെടുത്താൽ അതിൽ മുന്നിൽത്തന്നെയായിരിക്കും ഇബ്ൻ ബത്തൂത്തയുടെ സ്ഥാനം.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

SHARE