ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

മിക്കയാളുകളും യൂട്യൂബിലുള്ള Non Copyright Sounds പോലുള്ള ചാനലുകളിൽ നിന്നും ഓഡിയോ ക്ലിപ്പുകൾ MP3 ആയി ഡൗൺലോഡ് ചെയ്ത് വീഡിയോകളിൽ ഇടാറാണ് പതിവ്. എന്നാൽ കേട്ടോളൂ ഇത്തരം ചാനലുകളിൽ നിന്നെടുക്കുന്ന ഓഡിയോ ക്ലിപ്പുകൾ പൂർണ്ണമായും കോപ്പിറൈറ്റ് ഫ്രീ ആണെന്ന് പറയുവാൻ സാധിക്കില്ല. അവർ പറഞ്ഞത് പോലെ ക്രെഡിറ്റ് നൽകിയിട്ടും ഇവയിൽ നിന്നുള്ള ചില വീഡിയോകൾക്ക് പിന്നീട് കോപ്പിറൈറ്റ് ക്ലെയിം കിട്ടിയ ചരിത്രവും ഉണ്ട്.

യൂട്യൂബ് വീഡിയോകൾ തയ്യാറാക്കുന്നവരിൽ പലർക്കുമുള്ള സംശയമാണ് കോപ്പിറൈറ്റ് ഇല്ലാത്ത ഓഡിയോ ട്രാക്കുകൾ എവിടെനിന്നും ലഭിക്കും എന്നത്. അതിനുള്ള ഉത്തരം യൂട്യൂബ് തന്നെയാണ്. യൂട്യൂബ് വീഡിയോകൾ തയ്യാറാക്കുന്നവർക്കായി യൂട്യൂബ് ഒരു ഓഡിയോ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ഈ ഓഡിയോ ലൈബ്രറിയിലുള്ള സൗണ്ട് ക്ലിപ്പുകൾക്കും, മ്യൂസിക്കുകൾക്കും കോപ്പിറൈറ്റ് ഉണ്ടായിരിക്കില്ല. അതുകൊണ്ട് ഇവയുടെ ഉപയോഗം 100% സുരക്ഷിതവും ആയിരിക്കും.

ഇനി ഈ യൂട്യൂബ് ഓഡിയോ ലൈബ്രറി എങ്ങനെ എടുക്കാം എന്ന് നോക്കാം. യൂട്യൂബിൽ ഓഡിയോ ലൈബ്രറി എന്ന് സെർച്ച് ചെയ്‌താൽ ചിലപ്പോൾ ഇതിനോട് സാമ്യമുള്ള മറ്റു ചാനലുകളായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഒറിജിനൽ ഓഡിയോ ലൈബ്രറി, യൂട്യൂബ് സ്റ്റുഡിയോയിൽ ഇടതു വശത്തായി കാണുന്ന മെനുവിൽ അവസാനമായി കാണുവാൻ സാധിക്കും. അല്ലെങ്കിൽ https://bit.ly/3hMcHLU – ഈ ലിങ്കിൽ കയറിയാൽ നേരിട്ട് യൂട്യൂബ് ഓഡിയോ ലൈബ്രറിയിലേക്ക് ആയിരിക്കും എത്തുന്നത്.

ഇന്ത്യൻ, ചൈനീസ്, അറബിക് തുടങ്ങി വിവിധ തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും മ്യൂസിക്കും യൂട്യൂബ് ലൈബ്രറിയിൽ ഉണ്ട്. ഓരോ ട്രാക്കുകളും കേട്ടുനോക്കാനും, ഇഷ്ടപ്പെട്ടാൽ അവ ഡൗൺലോഡ് ചെയ്യുവാനും സാധിക്കും.

ഇതു കൂടാതെ അൽപ്പം പണം മുടക്കാൻ താല്പര്യമുണ്ടെങ്കിൽ bensound.com പോലുള്ള ധാരാളം പെയ്‌ഡ്‌ ഓഡിയോ ട്രാക്ക് സൈറ്റുകളും ഉണ്ട്.

SHARE