വിവരണം – ‎Muhaimin Aboobaker‎.

ഒരു യാത്ര പോകണം!! ആഗ്രഹം ഉള്ളിൽ ജനിച്ചാൽ പിന്നെ ഇരിപ്പുറക്കാത്തവരാണ് നാമെല്ലാം. ഇനി ചില സാങ്കേതിക കാരണങ്ങളാൽ പെട്ടിരിക്കുമ്പോൾ ആണെങ്കിലോ!പോസ്റ്റായിരിക്കുമ്പോൾ പോകാൻ ഒരു യാത്ര ഉണ്ട്. അതു പറയാം.. ഒരൊന്നൊന്നര യാത്ര!!

പെരുന്നാളും ശനിയാഴ്ചയും ഞായറാഴ്ചയും ഒരുമിച്ചു വന്നിട്ടും പോസ്റ്റായി പോയപ്പോൾ പോയൊരു യാത്ര! അങ്ങനെ പെട്ടിരിക്കുന്നോർക്കെല്ലാം ഒരിടക്കാലാശ്വാസം.. വെറുതെ ട്രോളും കുത്തിതിരിപ്പും അല്ലല്ലോ ജീവിതം.

ലോകം കണ്ട മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ! 1848ൽ തിരുവിതാം കൂറിലെ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച, കാലങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ കെല്പുള്ളവനായി വളർന്ന, ചിത്രകരനെന്നതിലുപരി കവിയും പണ്ഡിതനും തത്വ ചിന്തകനുമൊക്കെയായി മാറിയ നമ്മുടെ അഭിമാനം രാജാ രവിവർമ്മ.

കലയെ അതിന്റെ പ്രതാപത്തിലെത്തിക്കാൻ ആയിരുന്നു രവിവർമയുടെ ഓരോ പ്രവർത്തനങ്ങളും എന്നു ചരിത്രം ചികഞ്ഞാൽ മനസിലാകും. ഇന്നും വിശിഷ്ടമായ സ്ഥലത്തൊക്കെ അലങ്കാരത്തിനും ആഡംബരത്തിനും നിറക്കൂട്ടുകളുടെ ആർജ്ജവമുള്ള ആ ചിത്രങ്ങൾ വിളിച്ചോതുന്നത് ഇന്നലെകളുടെ തിരുവിതാംകൂറിന്റെ പ്രൗഢിയാണ്.

രാജാ രവിവർമ്മ എന്ന അത്ഭുതം ഒന്നു കണ്ടു വന്നാലോ? ബാംഗ്ലൂരിൽ രാജാ രവിവർമ്മ ഹെറിറ്റേജ് ഫൗണ്ടേഷൻ എന്ന പേരിൽ രാജ കുടുംബത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്ന ആർട്ട് ഗാലറിയിലേക്കാണ് ഇന്നത്തെ യാത്ര. അങ്ങനെ യാത്ര പോകാൻ കഴിയാത്ത വിധം പെട്ടിരിക്കുകയാണെന്ന സത്യം വായിച്ചു വായിച്ചങ്ങെത്താം എന്ന കരുതലിന് വിരാമമിടാൻ വേണ്ടി ഞാൻ അറിയിക്കട്ടെ..

സ്വപ്ന സഞ്ചാരി ആയ സ്ഥിതിക്ക്… ഒരു സാങ്കൽപിക സഞ്ചാരം ആയാലോ?? വിർച്വൽ ടൂർ !!

നേരെ പോകുക.. ഗൂഗിൾ മാപ്പിൽ കയറുക.. Raja Ravi Varma heritage foundation എന്നു സെർച്ച് ചെയ്യുക.. മുഴുവൻ നടന്നു കാണുമ്പോലെ ആസ്വദിക്കാം. സൂം ചെയ്തും സ്ക്രോൾ ചെയ്തും ആരോകളിൽ ക്ലിക്ക് ചെയ്തു മുന്നോട്ട് പോയും കാണാം. അനേകം ജീവസുറ്റ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്‌ നേരിലെന്നപോലെ കാണാം.. ഒക്കെ കണ്ടതിനു ശേഷം ബക്കറ്റ് ലിസ്റ്റിൽ ഇടാം.. കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് എന്ന്..
കൂടുതൽ പഠന ഗവേഷണങ്ങൾക്കും ചരിത്രമെഴുത്തിനും ആവശ്യമായ വിവരങ്ങൾ ഗൂഗിൾ ആർട് ആൻഡ് കൾച്ചറിൽ ലഭ്യമാണ് എന്നു കൂടി ഓർമിക്കുക.

ഒട്ടനവധി വിർച്വൽ ടൂർ ഗൂഗിൾ മാപ്പിൽ ഉണ്ട്. പല വിദേശ രാജ്യങ്ങളിലെയും പ്രധാന സംഗതികളോടൊപ്പം ഇന്ത്യയിലെ ഇതുപോലുള്ള ചില സ്ഥലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ street view ഗൂഗിൾ മാപ്പിലോ, ഏർത്തിലോ കണ്ടാൽ നമ്മളവിടെ കൂടെ നടക്കുന്ന ഒരു പ്രതീതി ലഭിക്കും.

SHARE