2001 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ഈ പറക്കും തളിക. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഇവരോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയുണ്ട്, താമരാക്ഷൻപിള്ള എന്ന ബസ്.

ചിത്രത്തിൽ ബസ്സുടമയായ ദിലീപ് ഈ ബസ് ഉപയോഗിച്ച് പലതരത്തിലുള്ള ജീവിതമാർഗ്ഗങ്ങൾ തേടുന്നതാണ് പ്രധാന കഥ. സിനിമ പുറത്തിറങ്ങി ഇത്രയും നാളുകളായിട്ടും താമരാക്ഷൻപിള്ള എന്നയാ ബസ്സിനെ ആളുകൾ മറന്നിട്ടില്ല. പക്ഷേ ഇത്രയധികം ആരാധകരുള്ള താമരാക്ഷൻ പിള്ളയുടേത് യഥാർത്ഥത്തിൽ ഒരു ട്രാജഡി കഥയാണ്. ആ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.

പറക്കും തളിക സിനിമ ഷൂട്ടിംഗ് തുടങ്ങുവാനായി പ്രധാനമായും ആവശ്യമായിരുന്നത് ഒരു ബസ് ആയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ പലയിടത്തും കറങ്ങിനടന്ന് അവസാനം കോട്ടയത്തു നിന്നും ഒരു ബസ് വിലയ്ക്ക് വാങ്ങുകയായിരുന്നു. പഴയതായിരുന്നുവെങ്കിലും ഓടിക്കാവുന്ന കണ്ടീഷനിലുള്ളതായിരുന്നു ആ ബസ്. ബസ് വാങ്ങിയതോ വെറും രണ്ടര – മൂന്നു ലക്ഷം രൂപയ്ക്കായിരുന്നു.

കെ ആർ ഒ 27 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ 1984 മോഡൽ ബസ് രാജീവ്, പൗർണമി, മറീന എന്നീ പേരുകളിൽ ഓടിയിരുന്നതായും, അവസാനം കെവിൻസ്‌ എന്ന പേരിൽ കോട്ടയം – ചെത്തിപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തിയിരുന്നതായുമാണ് ലഭ്യമായ വിവരങ്ങൾ.

നല്ല പെയിന്റൊക്കെയടിച്ച് കുട്ടപ്പനായി നിന്നിരുന്ന ആ ബസ് വാങ്ങിയശേഷം ഷൂട്ടിംഗിനായി അൽപ്പം പൊളിച്ച് ക്രെയിനൊക്കെ സെറ്റ് ചെയ്യാവുന്ന തരത്തിലാക്കുകയും കൂടുതൽ പഴക്കം തോന്നിക്കുവാനായി അല്ലറചില്ലറ വേറെ കലാപരിപാടികളും ഒക്കെ സിനിമാക്കാർ ചെയ്തു. ഒപ്പം താമരാക്ഷൻ പിള്ള എന്ന പേരും നൽകി.

അങ്ങനെ ഷൂട്ടിംഗ് നല്ലരീതിയിൽത്തന്നെ നടന്നു. ഒടുവിൽ റിലീസിംഗ് തീയതിയും നിശ്ചയിച്ചപ്പോൾ അതാ ഒരു പ്രശ്നം സിനിമയുടെ പോസ്റ്ററുകൾ അച്ചടിച്ചത് വാങ്ങുവാൻ നിർമാതാവിന്റെ കയ്യിൽ കാശ് തികയില്ല. പണം സംഘടിപ്പിക്കാൻ പലവഴിയും നോക്കിയെങ്കിലും അവസാനം ഗതികേട് കാരണം അവർ മനസ്സില്ലാമനസ്സോടെ ആ സങ്കടകരമായ തീരുമാനത്തിലെത്തിച്ചേർന്നു. താമരാക്ഷൻ പിള്ളയെ വിൽക്കുക.

അങ്ങനെ താമരാക്ഷൻ പിള്ളയെ 65000 രൂപയ്ക്ക് വിൽക്കുകയും ആ പണം കൊണ്ട് പോസ്റ്ററുകൾ വാങ്ങുകയും ചെയ്തു. സമയത്തു തന്നെ സിനിമ റിലീസായി. വിചാരിക്കാത്ത തരത്തിൽ വൻ ഹിറ്റുമായി. ഇതിനിടയിൽ സിനിമയുടെ പ്രൊമോഷനു വേണ്ടി താമരാക്ഷൻ പിള്ള ബസ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നുവെന്നു തിയേറ്റർ ഉടമകളടക്കം പലരും അഭിപ്രായപ്പെടുകയുണ്ടായി.

പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ, ബസ് വാങ്ങിയ ആൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താമരാക്ഷൻപിള്ളയെ പൊളിച്ച് പല കഷണങ്ങളാക്കി വിറ്റിരുന്നു. തങ്ങളുടെയൊപ്പം ഉണ്ടായിരുന്ന താമരാക്ഷൻ പിള്ള ബസ്സിനെ സംരക്ഷിക്കുവാനായില്ലല്ലോ എന്ന ദുഃഖം ഇന്നും ആ സിനിമയുടെ അണിയറപ്രവർത്തകർക്കുണ്ട്.

2013 ൽ ഈ ബസ് പിന്നീട് വീണ്ടെടുത്തു എന്നൊക്കെ ചില വാർത്തകൾ കേട്ടിരുന്നുവെങ്കിലും ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല അന്ന് ഇതേ ടീം അനൗൺസ് ചെയ്ത പറക്കുംതളികയുടെ രണ്ടാം ഭാഗം ഇതുവരെ പുറത്തിറങ്ങിയിട്ടുമില്ല. ആയതിനാൽ ബസ് പൊളിക്കപ്പെട്ടു എന്നതു തന്നെയായിരിക്കും യാഥ്യാർഥ്യം.

സിനിമയിൽ കിടപ്പാടം വരെ നഷ്ടപെട്ട ഉണ്ണിയും സുന്ദരനും എന്തുകൊണ്ട് ബസ് തന്നെ വീടാക്കികൂടാ എന്നുള്ള ചിന്തയിൽ നിന്ന് പിറന്ന താമരാക്ഷൻ പിള്ള ബസ്, കാഴ്ചയിൽ തല്ലിപ്പൊളി ആണെങ്കിലും എന്നും ആളുകൾക്ക് പ്രിയങ്കരനാണ്. ഇന്ന് ഏതൊരു പൊളിഞ്ഞ ബസ്സിനെയും നമ്മളെല്ലാം ‘പറക്കുംതളിക’ എന്ന് കളിയാക്കി വിളിക്കാറുണ്ട്. നമ്മുടെയെല്ലാം മനസ്സിൽ ഒരു തമാശ പരിവേഷമാണ് താമരാക്ഷൻ പിള്ളയ്ക്ക് ഉള്ളതെങ്കിലും ആ ബസ്സിൻ്റെ ജീവിതാന്ത്യം ഏതൊരു ബസ് പ്രേമിയെയും കണ്ണീരണിയിക്കുന്നതാണ്.

ഇനി നിങ്ങൾ എപ്പോഴെങ്കിലും പറക്കുംതളിക എന്നയീ സിനിമ കാണുമ്പോഴോ, അതിലെ ഹിറ്റായ ആ പാട്ട് കേൾക്കുമ്പോഴോ താമരാക്ഷൻ പിള്ളയുടെ യഥാർത്ഥ ജീവചരിത്രം കൂടി ഒന്നോർക്കുക.

SHARE