കുറിപ്പ് – ‎Sibu Balan.

24/03/2020 എനിക്കേറ്റവും വേണ്ടപെട്ടയാളിനെ കൂട്ടികൊണ്ട് വരാൻ വേണ്ടി അത്യാവശ്യമായി കോട്ടയത്ത് പോയതായിരുന്നു ഞാൻ. KSRTC സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന് അരികിൽ കാർ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെയിരുന്നപ്പോൾ റിയർവ്യൂ മിററിൽ കൂടി തൊട്ട് പുറകിൽ കോട്ടയത്തെ പ്രമുഖ മാധ്യമത്തിൻ്റെ പേര് ഒട്ടിച്ച കാർ നിർത്തിയത് ശ്രദ്ധയിൽപ്പെട്ടു.

പെട്ടെന്ന് തന്നെ അതിൽ നിന്ന് ക്യാമറയും തൂക്കി ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നത് കണ്ടു. പൊതുവെ തിരക്കുണ്ടാകാറുള്ള കോട്ടയം KSRTC സ്റ്റാൻഡിൽ ബസുകൾ നിരന്നു കിടക്കുന്ന നിശ്ചലാവസ്ഥ പകർത്താനാണെന്നാണ് ഞാൻ ആദ്യം കരുതിയത്.

പക്ഷെ എന്റെ ചിന്തക്ക് വിപരീതമായി അയാൾ KSRTC യുടെ കവാടവും കഴിഞ്ഞ് എന്റെ കാറിനും മുൻപിലൂടെ പതുങ്ങി നീങ്ങുന്നത് ആകാംഷയോടെ ഞാൻ നോക്കിയിരുന്നു. അയാളുടെ ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്ക് ഞാൻ ശ്രദ്ധച്ചപ്പോൾ കണ്ടത് ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ഹോട്ടൽ ഊട്ടുപുരയുടെ ഒരു വശത്തായുള്ള കടയുടെ മൂന്നടിയോളം ഉയരത്തിൽ ഉള്ള സ്ലാബിൽ അടഞ്ഞ ഷട്ടറിനോട് ചേർന്ന് പഴന്തുണി കെട്ട് പോലൊരു മനുഷ്യരൂപം ചുരുണ്ട് കൂടി കിടക്കുന്നു.

ആ മനുഷ്യന്റെ ദയനീയാവസ്ഥ പല ആങ്കിളിൽ ചരിഞ്ഞും കിടന്നും ക്യാമറയിൽ പകർത്തുന്നതിനിടയിൽ കാറിൽ നിന്നിറങ്ങിയ എന്നോട് ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി ഫോട്ടോഗ്രാഫർ. തൃപ്തമാകുവോളം ചിത്രങ്ങൾ പകർത്തിയതും ധൃതിയിൽ കാറിലേക്ക് ഓടി കയറിയതും വണ്ടി വന്ന വഴിയിൽ തിരിഞ്ഞു പോവുകയും ചെയ്തു.

വൃദ്ധനായ ആ മനുഷ്യന്റെ അരികിൽ ഞാൻ ചെന്ന് അദ്ദേഹത്തെ വിളിച്ചുണർത്തി. പീളയടിഞ്ഞ കണ്ണുകൾ രണ്ടുമൂന്നാവർത്തി ശ്രമിച്ചു പരാജയപെട്ടതിന് ശേഷമാണ് പതിയെ തുറക്കാനായത്. തീരാ കഷ്ട്ടപ്പാടിന്റെ ആഴക്കടൽ ഒളിപ്പിച്ച കൃഷ്ണമണികൾ. ദയനീയമായ നോട്ടം പിന്നീട് തെല്ല് പരിഭ്രമത്തിലേക്ക് വഴി മാറുന്നത് ഞാൻ കണ്ടു. ഞാൻ വഴക്കു പറയാനാണെന്ന് കരുതിയാവും വിറക്കുന്ന കൈകളാൽ എന്നെ തൊഴുതു.

മുഖത്ത് ചിരി വരുത്തി “എന്തെങ്കിലും കഴിച്ചിട്ടാണോ കിടക്കുന്നത്”. ഞാൻ ചോദിച്ചത് മനസ്സിലായില്ലെങ്കിലും സൗഹൃദപരമാണെന്ന് മനസ്സിലായപ്പോൾ മറുപടിയായി ചിരി സമ്മാനിച്ചുകൊണ്ട് കൈ കൂപ്പിയിരുന്നു. വീണ്ടും ഇന്ന് ആഹാരം കഴിച്ചോ എന്ന് തമിഴിൽ ചോദിക്കുകയും ഒപ്പം ആംഗ്യം കാണിക്കുകയും ചെയ്തപ്പോൾ ചിരി അല്പം വിളറികൊണ്ട് ഇല്ലെന്ന് ആംഗ്യം കാട്ടി. ഇന്നലെ കഴിച്ചോ എന്ന് ചോദിച്ചപ്പോഴും ഇല്ലന്ന് തന്നെ ഉത്തരം. അതിന്റെ തലേ ദിവസം ജനതാ കർഫ്യൂ.. ദൈവമേ… മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു.

ഞാൻ അവിടെ നിന്നും തിരികെ നടന്നു ഹോട്ടലുകളെല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. അനുപമ തീയേറ്ററിന്റെ കോമ്പൗണ്ടിനുള്ളിൽ നിന്ന ആളിനോട് തിരക്കി ” ചേട്ടാ .. ഇവിടെ അടുത്ത് ഭക്ഷണം ലഭിക്കുന്ന സ്ഥലം ഏതെങ്കിലുമുണ്ടോ?” മതിലിനടുക്കലേക്ക് വന്ന് അയാൾ പറഞ്ഞതനുസ്സരിച്ചു ചന്തയുടെ ഭാഗത്തേക്ക് ഞാൻ നീങ്ങി. അവിടെ പാർക്കിങ്ങ് ഗ്രൗണ്ടിന് അടുത്തുള്ള ഹോട്ടൽ പാതി തുറന്നു പാർസൽ കൊടുക്കുന്നത് കണ്ടു. അവിടെ നിന്ന് ഒരു ബിരിയാണി വാങ്ങി ഞാൻ വേഗം നടന്നു.. അല്ല ഓടുകയായിരുന്നു എന്ന് തന്നെ വേണം പറയാൻ. കാരണം ഞാനും ആ പാവം വൃദ്ധനും തമ്മിലുള്ള ദൂരം അദ്ദേഹത്തിന്റെ വിശപ്പ് ശമിക്കാനുള്ളതാണെന്ന തിരിച്ചറിവ് ആയിരുന്നു.

ഭക്ഷണപൊതിയുമായി വരുന്ന എന്നെ കണ്ട ആ മനുഷ്യന്റെ കണ്ണുകളിൽ ദർശിച്ച തിളക്കം യഥാർത്ഥ വിശപ്പ് അറിയാത്ത ഞാനടക്കമുള്ളവർക്ക് അന്യമായതായിരുന്നു. തൊഴുതു മതി വരാത്തത് പോലെ എന്നെ വീണ്ടും വീണ്ടും തൊഴുത്തപ്പോൾ എനിക്ക് കൂടുതൽ വിഷമമായി. അങ്ങനെ ചെയ്യണ്ട എന്ന് ആംഗ്യം കാട്ടി ഭക്ഷണപൊതി കൈകളിൽ കൊടുത്തു. ഏറ്റവും രുചിയോടെ ഭക്ഷണം കഴിക്കുന്നവരിൽ ഒരാളായ ആ മനുഷ്യനെ ഞാൻ നോക്കി നിന്നു. വിശപ്പിന്റെ ആധിക്ക്യമാണല്ലോ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നത്.

നാടും വീടുമെല്ലാം ചോദിച്ചെങ്കിലും എല്ലാറ്റിനും ചിരിച്ചുകൊണ്ട് അവ്യക്തമായി എന്തോക്കെയോ പറഞ്ഞു. അപ്പോഴേക്കും എനിക്ക് കൊണ്ടുവരാനുള്ള ആൾ എത്തിയിരുന്നു . അവിടെ നിന്ന് മടങ്ങുമ്പോളും കൂപ്പിയ കൈകളാൽ ആ മനുഷ്യൻ എനിക്ക് നന്ദി അർപ്പിച്ചുകൊണ്ടേയിരുന്നു.

സഹിക്കാവുന്നതിലും അധികം ഭാരപ്പെട്ട മനസ്സുമായാണ് ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നത്. ഒരു ദിവസത്തെ കർഫ്യൂവിന് തയ്യാർ എടുക്കാൻ തന്നെ നാം എത്ര ഭക്ഷണ സാധനങ്ങളാണ് കരുതി വച്ചത്. 21 ദിവസത്തെ ലോക്ക് ഡൗണിന് നമ്മുക്കുള്ള സംശയം മൽസ്യം ലഭ്യമാക്കുമോ, ചിക്കൻ കട തുറക്കുമോ, ബീവറേജ് അടക്കേണ്ടി വരുമോ എന്നെല്ലാമായിരുന്നു. അപ്പോഴും ഭക്ഷണം എപ്പോൾ ലഭിക്കുമെന്നറിയാതെ വിശപ്പിനെ സഹിച്ചു കഴിയുന്ന ആയിരക്കണക്കിന് മനുഷ്യർ നമുക്ക് ചുറ്റിനുമുണ്ടെന്ന് നമോർക്കറില്ല. ഓർത്താലും ഒരു നെടുവീർപ്പിൽ ഒതുക്കും നമ്മൾ.

മാധ്യമങ്ങളിൽ അച്ചടിച്ചു വരുന്ന ദയനീയ ചിത്രങ്ങൾക്ക് പിന്നിൽ നാം അറിയാത്ത നോമ്പര കഥകളുടെ പരമ്പര തന്നെയുണ്ടെന്ന് നാം ചിന്തിക്കാറില്ല . ഫോട്ടോയെടുത്ത മനുഷ്യനും വേണ്ടത് വിപണനമൂല്യമുള്ള നിശ്ചല ചിത്രങ്ങൾ മാത്രമായിരുന്നുവല്ലോ .

21 ദിവസങ്ങൾ വീടിനുള്ളിൽ കഴിയുമ്പോഴും മനസ്സിനെ അടച്ചിടാതിരിക്കുക. നമുക്കു ചുറ്റും വിശന്നിരിക്കുന്ന മനുഷ്യനോ ഏത് ജീവിയായിലും നാം കഴിക്കുന്നതിന്റെ ഒരു പങ്ക് അവർക്കും നല്കുക. ഭൂമിയിൽ നിന്ന് പോകുമ്പോഴുള്ള മനസ്സാക്ഷിയുടെ ബാങ്ക് ബാലൻസ് ഇതൊക്കെയേയുള്ളു..

SHARE