തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ.

ഇന്ത്യയിലെ പശ്ചിമബംഗാളിന്റെ ചരിത്രമാണ് ബംഗ്ലാദേശിന്റെ ആദ്യകാലചരിത്രം.”ഭിന്നിപ്പിച്ചു ഭരിക്കുക” എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഫലമായി 1905-ൽ കഴ്സൺ പ്രഭു ബംഗാളിനെ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും വിഭജിച്ചുവെങ്കിലും ജനരോഷത്തെത്തുടർന്ന് വിഭജനം റദ്ദാക്കാൻ ബ്രിട്ടൺ നിർബന്ധിതമായി. ധാക്ക കേന്ദ്രമാക്കി കിഴക്കൻ ബംഗാളിനെ സൃഷ്ടിക്കുകയെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം.

മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യം യാഥാർത്ഥ്യമായത് പിന്നീട് 1947-ൽ ഇന്ത്യ-പാക് വിഭജനത്തോടെയായിരുന്നു. 1947-ൽ ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. ഭാഷ, സംസ്കാരം, വശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചു നിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു-മതം.

പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്ന 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന ഉറുദുവിനു പകരം ഭൂരിപക്ഷ ഭാഷയായ ബംഗാളിയെ ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.

1954 മാർച്ചിൽ നടന്ന കിഴക്കൻ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി മുസ്ലീം ലീഗ്, കൃഷക്-ശ്രമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം എന്നീ കക്ഷികളുടെ മുന്നണിയായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക്- ശ്രമിക് പാർട്ടി നേതാവായ ഫ്സലുൾ ഹഖ് മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതിൽ വിജയിക്കുകയും സർക്കാറിനെ പടിഞ്ഞാറൻ പാകിസ്താൻ പിരിച്ചുവിടുകയും ചെയ്തു. ബംഗാളികളും അല്ലാത്തവരും തമ്മിൽ മില്ലുകളിലും ഫാക്ടറികളിലും വച്ചുണ്ടായ കലാപമായിരുന്നു കാരണം. ഫസലുൾ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു.

ഇതോടെ ഐക്യമുന്നണി പിളർന്നു. അവാമി മുസ്ലീം ലീഗ് ‘മുസ്ലീം’ എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കൻ-പടിഞ്ഞാറൻ പാകിസ്താനുകൾ തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറൻ പാകിസ്താൻ കൊണ്ടുപോയി. സർക്കാർതലത്തിലും സിവിൽസർവീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കൻ പാകിസ്താൻകാർക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്താൻ ഉയർത്തിക്കൊണ്ടുവന്ന കാശ്മീർപ്രശ്നത്തിലും കിഴക്കൻ പാകിസ്താന് വലിയ താല്പര്യമില്ലായിരുന്നു.

1970-’71 ലെ പാകിസ്താൻ പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്ഫലം വന്നപ്പോളാണ് യഥാർത്ഥപ്രശ്നം തല പൊക്കിയത്. കിഴക്കൻ പാകിസ്താനിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് നേടി. അവാമി ലീഗിന്റെ നേതൃത്വത്തിൽ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ അലസി. പ്രസിഡന്റ് യാഹ്യാ ഖാൻ പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇതോടെ കിഴക്കൻ പാകിസ്താൻ ഇളകിമറിഞ്ഞു. മാർച്ച്-4 ന് ധാക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പുതിയ ബംഗ്ലാപതാകയോടെ പ്രക്ഷോഭമാരംഭിച്ചു.

1970-ൽ കിഴക്കൻ പാകിസ്താനിൽ വീശിയടിച്ച ഒരു ചുഴലിക്കൊടുങ്കാറ്റ് 5,00,000 ഓളം ആളുകളുടെ ജീവന് ഹാനിവരുത്തി. കേന്ദ്ര ഗവണ്മെന്റാകട്ടെ രക്ഷാപ്രവർത്തനങ്ങളിൽ വലിയ താല്പര്യം കാണിച്ചില്ല. ഇത് ജനങ്ങളിൽ കടുത്ത അതൃപ്തി വളർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഷേയ്ഖ് മുജീബ് ഉർ റഹ്മാനെ പ്രധാനമന്ത്രിപഥത്തിൽ നിന്നും തഴഞ്ഞതോടെ രോഷം അണപൊട്ടിയൊഴുകി.

പടിഞ്ഞാറാകട്ടെ, ഈ സമയം പ്രസിഡന്റ് യാഹ്യാ ഖാൻ കിഴക്കൻ പാകിസ്താനിൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്താൻ പദ്ധതിയിടുകയായിരുന്നു. സായുധധാരികളായ പട്ടാളക്കാർ 1971 മാർച്ച് 26-ന് റഹ്മാനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പട്ടാളക്കാരുടെ അഴിഞ്ഞാടലിൽ പല ബംഗാളികൾക്കും ജീവനും സ്വത്തും നഷ്ടമായി. മിക്കവാറും ബുദ്ധിജീവികളും വിദ്യാർത്ഥികളും ഹിന്ദുക്കളുമായിരുന്നു പട്ടാളക്കാരുടെ ഇര. പത്ത് ലക്ഷത്തോളം ഭയാർത്ഥികൾ ഇന്ത്യയിലേക്കു പലായനം ചെയ്തു. പട്ടാളനടപടിയിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3 ലക്ഷം വരെയാണ്.

1971 മാർച്ച് 27-ന് പാകിസ്താനി സേനയിൽ മേജറായിരുന്ന സിയാവുർ റഹ്മാൻ, മുജീബുർ റഹ്മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിനു രൂപം കൊടുത്തു. 1971 ഏപ്രിലോടെ പശ്ചിമബംഗാൾ, ബീഹാർ, ആസ്സാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞു. മുക്തിബാഹിനി ഗറില്ലകൾക്ക് ഇന്ത്യൻ സേന പരിശീലനം നൽകി.

1971 ഡിസംബർ 3-ന് പാകിസ്താൻ ഇന്ത്യയ്ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചുതുടങ്ങി. ഇന്ത്യൻസേനയും മുക്തിബാഹിനിയും ചേർന്ന് മിത്രബാഹിനിയാണ് കിഴക്കൻ ബംഗാളിൽ പാകിസ്താനെതിരായി രംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ രംഗങ്ങളിലെല്ലാം ഇന്ത്യ പാകിസ്താനെ കീഴ്പ്പെടുത്തി. 1971 ഡിസംബർ 16-ന് പാകിസ്താൻ സേന കീഴടങ്ങി. അങ്ങനെ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി.

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയിൽ നൂറാം സ്ഥാനമാണെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു.

ബംഗ്ലാദേശിന്റെ പടിഞ്ഞാറും വടക്കും കിഴക്കുമായി ചുറ്റപ്പെട്ട് ഇന്ത്യ കിടക്കുന്നു. തെക്കു കിഴക്കു ഭാഗത്തെ അതിർത്തി ബർമ്മയുമായി പങ്കിടുന്നു. തെക്കുഭാഗം ബംഗാൾ ഉൾക്കടലാണ്‌. ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 അടി മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിൽഹെറ്റും ചിറ്റഗോംഗ് കുന്നുകളുമാണ് ഇതിന് അപവാദമായുള്ളത്. ഇവിടെ ഉയരം 500 മുതൽ 2000 അടി വരെയാണ്. ബംഗ്ലാദേശിന്റെ ഏറ്റവും തെക്കുവശത്ത് വേലിയേറ്റപ്രദേശമായ സുന്ദർബൻ സ്ഥിതി ചെയ്യുന്നു. ഉഷ്ണമേഖലാവനങ്ങൾ നിറഞ്ഞ ഇവിടെ മാനുകളുടേയും മുതലകളുടേയ്യും പ്രശസ്തമായ ബംഗാൾ കടുവകളുടേയും ആവാസസ്ഥലമാണ്.

SHARE