സിൽവർലൈൻ ജെറ്റ് – ഏറെ കൊട്ടിഘോഷിക്കപ്പെട്ട് സർവ്വീസ് ആരംഭിച്ച് അവസാനം നഷ്ടക്കണക്കുകളാൽ നിർത്തപ്പെട്ട കെഎസ്ആർടിസിയുടെ ഒരു അതിവേഗ സർവ്വീസ്. സൂപ്പർഫാസ്റ്റിനേക്കാളും, ഡീലക്‌സിനേക്കാളും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു സർവ്വീസ് വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണ് അത്തരമൊരു സർവ്വീസ് തുടങ്ങുന്നതിനെക്കുറിച്ച് കെഎസ്ആർടിസി ആലോചിക്കുന്നത്.

പണ്ട് ലൈറ്റ്നിംഗ് എക്സ്പ്രസ്സ് എന്നപേരിൽ സമാന കാറ്റഗറിയിലുള്ള സർവ്വീസുകൾ കെഎസ്ആർടിസി നടത്തിയിരുന്നു. അതേ ചുവടു പിടിച്ചുകൊണ്ട് അൽപ്പം പരിഷ്‌ക്കാരങ്ങളൊക്കെ വരുത്തി ബസ് പുറത്തിറക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചു. പുതിയ സർവ്വീസിന് എന്തുപേരിടും എന്നാലോചിച്ചു സകലരും തലപുകച്ചു. ഒടുവിൽ ‘സിൽവർലൈൻ ജെറ്റ്’ എന്ന പേരിലായിരുന്നു കെഎസ്ആർടിസി എത്തിച്ചേർന്നത്.

വളരെ പെട്ടെന്ന് തന്നെ കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ വർക്ക്‌ഷോപ്പിൽ സിൽവർലൈൻ ജെറ്റുകൾ തയ്യാറായി. ഒടുവിൽ 2015 ജൂലൈ 15ന് തിരുവനന്തപുരം തമ്പാനൂരില്‍ അന്നത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ സില്‍വര്‍ലൈന്‍ ജെറ്റ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രധാനമായും ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സില്‍വര്‍ലൈന്‍ ജെറ്റ് ആരംഭിച്ചത്. തുടക്കത്തില്‍ തിരുവനന്തപുരം-കാസര്‍കോട്, കാസര്‍കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്-തിരുവനന്തപുരം, കോട്ടയം-കണ്ണൂര്‍-കോട്ടയം, ചങ്ങനാശേരി-കോഴിക്കോട്-ചങ്ങനാശേരി റൂട്ടുകളിലാണ് ജെറ്റ് സര്‍വ്വീസ് നടത്തിയത്. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് പരമാവധി വേഗത്തില്‍ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുക എന്നതായിരുന്നു സര്‍വീസിന്റെ ലക്ഷ്യം. ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് എന്ന ക്രമത്തില്‍ തിരുവനന്തപുരത്തു നിന്നും 12 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്തുമെന്നായിരുന്നു അന്നത്തെ വാഗ്ദ്ധാനം. എന്നാല്‍ കേരളത്തിലെ മോശം റോഡുകളും ട്രാഫിക് കുരുക്കും കാരണം പലപ്പോഴും കൃത്യസമയത്ത് ഓടിയെത്താന്‍ സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ക്ക് സാധിച്ചില്ല.

യാത്രക്കാരുടെ ഭാഗത്തു നിന്നും ഒട്ടേറെ പരാതികൾ സിൽവർലൈൻ ജെറ്റിനെതിരെ ഉണ്ടായി. അമിതമായ യാത്രാ നിരക്കാണ് സില്‍വര്‍ലൈന്‍ ജെറ്റിനെ യാത്രക്കാര്‍ കൈവിടാനുള്ള പ്രധാന കാരണം. സൂപ്പർ ഡീലക്സ് സർവ്വീസുകളെക്കാൾ കൂടിയ നിരക്ക് ഈടാക്കുന്ന സില്‍വര്‍ലൈന്‍ ജെറ്റിന് എയര്‍ സസ്‌പെന്‍ഷന്‍ ഇല്ലെന്നതും ഒരു പോരായ്മയായി. വൈ-ഫൈ, സിസിടിവി ക്യാമറ തുടങ്ങിയ സൗകര്യങ്ങളുമായാണ് സില്‍വര്‍ലൈന്‍ ജെറ്റ് ആരംഭിച്ചതെങ്കിലും ഇവയില്‍ പലതും പിന്നീട് ഉണ്ടായില്ല.

തുടക്കത്തിൽ നല്ല വരുമാനം ലഭിച്ചിരുന്നുവെങ്കിലും ക്രമേണ സിൽവർലൈൻ ജെറ്റുകൾക്ക് യാത്രക്കാരുടെ എണ്ണവും കളക്ഷനും കുറയുന്ന രീതിയായി. ഇതിനിടയിൽ സ്റ്റോപ്പുകളുടെ എണ്ണം കൂട്ടുകയും ചെയ്തതോടെ സമയത്തിന് ഓടിയെത്താൻ ഡ്രൈവർമാർ അമിതവേഗതയെ ആശ്രയിച്ചു. ഇതോടെ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്യാമറകളില്‍ സില്‍വര്‍ലൈന്‍ ജെറ്റ് തുടരെ കുടുങ്ങാന്‍ തുടങ്ങി.

പിഴത്തുക കൂടിയപ്പോൾ സിൽവർലൈൻ ജെറ്റിന്റെ സ്പീഡിന് കടിഞ്ഞാൺ വീണു. വേഗതയെ കൈവിട്ട് കേരളത്തിലെ റോഡുകളിലൂടെ സില്‍വര്‍ലൈന്‍ ജെറ്റുകള്‍ നിരങ്ങി നീങ്ങിയതോടെ അവയെ യാത്രക്കാര്‍ പൂര്‍ണ്ണമായും കൈവിടാൻ തുടങ്ങി. ഇതോടെ സില്‍വര്‍ ലൈന്‍ ജെറ്റുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. അങ്ങനെ സിൽവർലൈൻ ജെറ്റുകൾ നിറംമാറി സൂപ്പർഫാസ്റ്റായി സർവ്വീസ് നടത്തുവാൻ ആരംഭിച്ചു.

ഏറെ കൊട്ടോഘോഷിക്കപ്പെട്ട് ആരംഭിച്ച് അതേ വേഗത്തിൽത്തന്നെ കളമൊഴിയേണ്ടിവന്ന സിൽവർലൈൻ ജെറ്റ് എന്ന നാണക്കേടിൽ നിന്നും കരകയറുവാൻ പിന്നീട് മിന്നൽ എന്നപേരിൽ എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള സർവീസ് KSRTC കൊണ്ടുവന്നു. സിൽവർലൈൻ ജെറ്റിനു സംഭവിച്ച തോൽവി മിന്നലിനുണ്ടായില്ല. ട്രെയിനുകളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മിന്നൽ ബസ്സുകൾ ഇന്നും ഹിറ്റായി, കെഎസ്ആർടിസിയുടെ അഭിമാനമായി ഓടിക്കൊണ്ടിരിക്കുന്നു.

SHARE