എഴുത്ത് – അജോ ജോർജ്ജ്.

കോവിഡ് 19… ഇന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിലാണ്. ആരും പുറത്തേക്കു ഇറങ്ങാതെ വീടുകളിൽ തന്നെ ഇരിക്കുന്ന അവസ്ഥ. അറിവും വിവരവും ഉള്ള ഈ കാലഘട്ടിൽ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി വീടുനുള്ളിൽ തന്നെ ഇരുന്നു കാര്യങ്ങൾ അറിയുകയും മറ്റും ചെയ്യുന്നു. കാര്യങ്ങൾ മനസ്സിലാക്കി നിയമങ്ങൾ അനുസരിക്കുന്നു. ഇതൊന്നും ഇല്ലാത്ത ഒരു ജനതയോട്, അടിമത്തവും പട്ടിണിയും അന്ധവിശ്വാസവും ഉള്ള ഒരു ജനവിഭാഗത്തിൻറ്റെ ഇടയിലേക്കാണ് ഇങ്ങനെ ഒരു നിയമം വന്നതെങ്കിലോ? അവർ പ്രതികരിക്കുന്ന രീതി വേറെ തരത്തിലായിരിക്കും അല്ലെ?

ആദ്യമായല്ല ഇന്ത്യയിൽ നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ അവസ്ഥ. ഈ ചരിത്രം 1897 മുതൽ ഉള്ളതാണ്. എപ്പിഡിമിക്‌ ഡിസീസ് ആക്ട് 1897 നിലവിൽ വന്നതും ഈ കാലത്താണ്. ബ്യൂബോണിക് പ്ലേഗ് ഇന്ത്യയിൽ പടർന്നു പിടിച്ച സമയം. ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ബോംബെയിലാണ്. അവിടെ നിന്നും ബംഗാൾ, പഞ്ചാബ്, പിന്നെ ബർമയിലേക്കും. വടക്കു കിഴക്കു സംസ്ഥാനങ്ങളെയാണ് ഈ രോഗം കാര്യമായി ബാധിച്ചത്. 1901 കണക്ക് പ്രകാരം രേഖകളിൽ നാലു ലക്ഷം ഇന്ത്യക്കാരാണ് ഈ രോഗം മൂലം മരിച്ചത്. കണക്കില്ലാതെ പത്തു ലക്ഷവും.

1850 കളിൽ ചൈനയിലെ യൂനാൻ പ്രവിശ്യയിലാണ് പ്ലേഗ് ആരംഭിച്ചത്. ഈ പകർച്ചവ്യാധി പ്രവിശ്യയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കുമായിരുന്നുവെങ്കിലും ഒരു കലാപത്തെത്തുടർന്ന് ഇത് പുറത്തേയ്ക്ക് പടരുകയായിരുന്നുവത്രേ. പ്രാദേശിക ഗോത്രവർഗ്ഗക്കാർ കലാപത്തെത്തുടർന്ന് നാടുവിട്ടു. മൃഗങ്ങളെ വളർത്തുന്ന രീതിയും മാറി. ഇത് രോഗബാധിതരായ മൃഗങ്ങളുമായി മനുഷ്യർക്ക് ബന്ധമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു.

കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി. ഇത് ചൈനയിലെ ഉയർന്ന ജനസംഖ്യയുള്ള പ്രവിശ്യകളിലേയ്ക്ക് അസുഖം പടരാനിടയാക്കി. കാന്റൺ പട്ടണത്തിൽ 1894 മാർച്ച് മുതൽ ഏതാനും ആഴ്ച്ച കൊണ്ട് 60,000 ആൾക്കാർ മരണപ്പെട്ടു. ഹോങ്ക് കോങിലേയ്ക്ക് അസുഖം പടർന്നു. രണ്ടുമാസത്തിനുള്ളിൽ 100,000 ആൾക്കാർ മരിക്കുകയുണ്ടായി.

1896-ൽ ഈ രോഗം ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി. ഇന്ത്യയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് മാണ്ഡവിയിലാണ്. ജനങ്ങൾ കൂട്ടമായി വസിക്കുന്ന ഒരു തീരപ്രദേശത്ത്. ആദ്യം ബ്രിട്ടീഷ് സർക്കാർ ഇതിനു വേണ്ടി ഒന്നും ചെയ്തില്ല. പുറത്തു അറിയാതിരിക്കാൻ പരമാവധി വേണ്ടതെല്ലാം ചെയ്തു. കാരണം കടൽ മാർഗ്ഗം ഉള്ള അവരുടെ കച്ചവടം തടസ്സപ്പെടുമായിരുന്നു. അതായിരുന്നു അവരുടെ സങ്കടവും. അടിമകളുടെ ജീവന് അന്നും വിലയൊന്നും ഇല്ലായിരുന്നു. ഈ ഒരു കാരണം കൊണ്ട് ഇന്ത്യയിൽ ഈ രോഗം അതിവേഗം വ്യാപിച്ചു.

1897 ആയപ്പോഴേക്കും അവരുടെ കയ്യിൽ ഏതു നിൽക്കില്ല ഇന്ന് മനസ്സിലായി. അതിനായി അവർ എപ്പിഡിമിക്‌ ഡിസീസ് ആക്ട് 1897 നിലവിൽ കൊണ്ട് വന്നു. ഈ ഒരു അവസ്ഥ വരുതിയിലാക്കാൻ അവർ ലോക്കൽ അതോറിറ്റിയെ ചുമതലപ്പെടുത്തി. അത് കാര്യങ്ങൾ പിന്നെയും വഷളാക്കി. അവർക്കു തോന്നിയ പോലെ നിയമങ്ങൾ നടപ്പാക്കി. പ്രശനം കൂടുതൽ വഷളായപ്പോൾ അവർ ചുമതല ഡബ്ല്യൂ. സി. റാൻഡ് എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. അദ്ദേഹം ആദ്യമായി ഇന്ത്യയിൽ ക്വാറണ്ടൈൻ തുടങ്ങി. കൂടാതെ അണുനശീകരണവും.

തുടക്കം വലിയ കുഴപ്പം ഉണ്ടായില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ നിയമങ്ങൾ കർശനമാക്കി. കർശനമാക്കി എന്നല്ല പറയേണ്ടത് ക്രൂരമാക്കി എന്ന്‌ വേണം പറയാൻ. ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയും പരസ്യമായി തുണി അഴിച്ചു പരിശോധിക്കാൻ തുടങ്ങി. രഹസ്യ ഭാഗങ്ങൾ വരെ പരസ്യമായി പരിശോധിച്ചു. അതും പട്ടാളക്കാരുടെ മദ്ധ്യത്തിൽ.

രോഗം ഉള്ളവരെ ക്വാറണ്ടൈൻ സെന്ററിലേക്ക് മാറ്റി. അവരുടെ വീടുകളും തുണികളും മറ്റും കത്തിച്ചു കളഞ്ഞു. രോഗം സംശയം ഉള്ളവരെ പോലും ക്വാറണ്ടൈൻ ക്യാമ്പിലേക്ക് അയച്ചു. അവിടെ രോഗം ഉള്ളവരും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഇതു രോഗം വളരെ അധികം പടരാൻ കാരണമായി.

പുനയിലും ഇതു തന്നെയായിരുന്നു അവസ്ഥ.. ജൈനമതക്കാർ കൂടാതെ മറ്റു ചില മത വിശ്വാസികൾ എലികളെ കൊല്ലുന്നതിനു എതിരായിരുന്നു. അതും പ്രശ്നം ഗുരുതരമാക്കി. ഇവിടങ്ങളിലുള്ള പലരും തങ്ങൾക്കു രോഗം ഉണ്ടെന്നു വിശ്വസിച്ചില്ല. ഉള്ളവർ തന്നെ മറച്ചു വക്കുകയും ചെയ്തു. പലരും ഈ രോഗവും വഹിച്ചുകൊണ്ട് ബോംബെ എന്ന മഹാനഗരം വിട്ടു പോയി. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

നിയമങ്ങൾ പിന്നെയും കർശനമാക്കി. ഇതു ജനങ്ങൾക്കിടയിൽ പ്രക്ഷോഭങ്ങൾ ഉണ്ടാക്കാൻ കാരണം ആയി. വിശ്വാസങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ ഒരു ലഹളക്കുള്ള സാധ്യത രൂപപ്പെട്ടു. ഇതിനു എതിരെ കേസരി പത്രത്തിൽ ബാല ഗംഗാധര തിലക് എഴുതി. ദേശീയവാദികളായ മാദ്ധ്യമങ്ങളും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്നു എന്നായിരുന്നു സർക്കാരിൻ്റെ കണ്ടെത്തൽ. ബാലഗംഗാധര തിലകനെ കേസരി പത്രത്തിൻറ്റെ എഡിറ്റർ എന്ന നിലയിൽ എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റമാരോപിച്ച് പതിനെട്ട് മാസം കഠിനതടവിന് ശിക്ഷിക്കുകയുണ്ടായി.

പ്ലേഗ് പാൻഡെമിക് സമയത്ത് ലോകത്ത് ഉദ്യോഗസ്ഥർക്കെതിരേ നടന്ന ഏറ്റവും കഠിനമായ പ്രവൃത്തി ഇന്ത്യയിൽ നടന്നു എന്നു അവർ ഇന്നും അവകാശപ്പെടുന്നു. ഡബ്ല്യൂ റാൻഡിനെ ആയിരുന്നല്ലോ ഈ അടിയന്തര അവസ്ഥ നേരിടാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ചത്. അദ്ദേഹം അടിയന്തരാവസ്ഥ നേരിടാൻ സൈന്യത്തെ കൊണ്ടുവന്നു. ബ്രിട്ടീഷ് ഓഫീസർമാർ പൊതു സ്ഥലങ്ങൾ, ആശുപത്രികൾ, വേർതിരിക്കൽ ക്യാംപുകൾ, സ്വകാര്യ വസ്തുക്കൾ നീക്കം ചെയ്യൽ, നശിപ്പിക്കൽ, നഗരത്തിൽ നിന്നുള്ള ചലനത്തെ തടഞ്ഞുനിർത്തൽ തുടങ്ങിയവയെല്ലാം നിർബന്ധിതമായി നടത്തുകയായിരുന്നു. ജനങ്ങളുടെ പരാതികൾ റാൻഡ് തികച്ചും അവഗണിച്ചു. ഇതു പല പ്രശനങ്ങൾക്കും കാരണമായി.

ചാപേക്കർ സഹോദരന്മാർ.. അവർ മൂന്ന് പേരായിരുന്നു. ബാലകൃഷ്ണ ഹരി ചാപേക്കർ, വാസുദേവ് ​​ഹരി ചാപേക്കർ, ദാമോദർ ഹരി ചാപേക്കർ… ചപ്പാ സഹോദരന്മാർ ആദ്യകാലങ്ങളിൽ, മഹാരാഷ്ട്രയിലെ പുനെക്ക് സമീപമുള്ള ഒരു ചിൻച്വാഡ് ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. 1897 ഫെബ്രുവരി അവസാനത്തോടെ പകർച്ചവ്യാധിയുടെ മരണനിരക്ക് ഇരട്ടിക്കുകയും ചെയ്തു. നഗരത്തിലെ ഏകദേശം പകുതി ജനസംഖ്യ ഇക്കാരരണത്താൽ നഗരം ഉപേക്ഷിച്ചു പോകുകയും ചെയ്തു. അവർ മൂവരും ഒരു കാര്യം ഉറപ്പിച്ചു. ഡബ്ല്യൂ റാൻഡിനെ ഇല്ലാതെ ആക്കുക. അതിനായി അവർ തിരഞ്ഞെടുത്തത് 1897 ജൂൺ 22.

വിക്ടോറിയ രാജ്ഞിയുടെ ഡയമണ്ട് ജൂബിലി, റാൻഡും അദ്ദേഹത്തിന്റെ സൈനിക വക്താവുമായ ലഫ്. അയേർസ്റ്റ് ഗോവെർമെൻറ്റ് ഹൗസിലെ ആഘോഷങ്ങളിൽ നിന്ന് മടങ്ങിവന്നപ്പോൾ വെടിയുതിർക്കപ്പെടുകയായിരുന്നു. ലഫ്. അയേർസ്റ്റ് അവിടെ വച്ചു തന്നെ മരിച്ചു റാൻഡ് ജൂലൈ മൂന്നിനും.

ചാപേക്കർ സഹോദരന്മാർക്ക് രണ്ട് രാഷ്ടീയ കൊലപാതകങ്ങളുമായി രണ്ടു ഇൻഫോർമന്റുകളുടെ ഷൂട്ടിംഗ്, ഒരു പോലീസ് ഓഫീസറെ വെടിവച്ച് കൊല്ലാനുള്ള ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പങ്കുണ്ടായിരുന്നു. മൂന്നു സഹോദരന്മാരും കുറ്റക്കാരാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലുകയായിരുന്നു. ഒരു കൂട്ടാളിയെയും സമാനമായ രീതിയിൽ കൈകാര്യം ചെയ്തു. ഒരു സ്കൂൾകുട്ടി പത്ത് വർഷത്തെ കഠിനതടവിനും ശിക്ഷിക്കപ്പെട്ടു.

അപ്പോഴേക്കും ഇന്ത്യക്കാരുടെ ഇടയിൽ സ്ഥിതി കൈ വിട്ടു പോയെന്നു ബ്രിട്ടീഷ് അധികാരികൾക്ക് മനസ്സിലായി. അവർ മരുന്നിനായി റഷ്യൻ ബാക്റ്റീരിയോളജിസ്റ്റ് വാൾഡിമാർ ഹഫ്‌ക്കിനെ മേൽ സമ്മർദ്ദം ചെലുത്തി. മൂന്ന് മാസം കഴിഞ്ഞു അദ്ദേഹം ആ മരുന്ന് വികസിപ്പിക്കുകയും ആദ്യം സ്വയം പരീക്ഷിക്കുകയും ചെയ്തു. എന്നാൽ 1920 ഇൽ ആണു ഈ രോഗം ഇന്ത്യയിൽ ഇല്ലാതെ ആയത്. അപ്പോഴേക്കും ഈ രോഗം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ എടുത്തിരുന്നു.

ബ്രിട്ടീഷ് സർക്കാരിന് ഇന്ത്യക്കാരുടെ മാനസിക അവസ്ഥയെ കുറിച്ച് പഠിക്കാത്തെയാണ് അവർ നിയമം നടപ്പാക്കിയത്. നമ്മുടെ ആചാരങ്ങളും ജീവിത രീതികളെ കുറിച്ച് ഒന്നും അവർ ചിന്തിച്ചില്ല. അതിനെ കുറിച്ച് അവർ ശരിയായ രീതിയിൽ പഠിച്ചില്ല എന്നതാണ് സത്യം. ഈ ഒരു കാരണം കൊണ്ട് പല ജീവനും ഇവിടെ പൊലിഞ്ഞു.

ഈ നിയമം ഇന്ന് നടപ്പായപ്പോൾ വളരെ അധികം കരുതൽ എടുത്താണ് സർക്കാർ മുന്നോട്ടു നീങ്ങിയത്. അത് പ്രശനംസനീയം തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ചു ജനങ്ങളെ മനസ്സിലാക്കി ഒരു നിയമമാണ് ഇന്ന്. ഈ രോഗം ഈ ലോകത്തു നിന്ന് എത്രയും വേഗം തുടച്ചു മാറ്റപ്പെടട്ടെ. അതിനു നമ്മൾ ഓരോരുത്തരും നിയമങ്ങൾ അനുസരിക്കണം. അതിലുപരി നിയമം അനുശാസിക്കുന്നത് പോലെ, അകലം പാലിച്ചുകൊണ്ട്‌ തന്നെ സഹജീവികൾക്ക് ഉപകാരം ചെയ്യാനും മറക്കരുത്. ഒരു പുതിയ പ്രഭാതം നമ്മളെ കാത്തിരിക്കുന്നുണ്ട്. ഒരു പുതിയ ലോകവും.

SHARE