KSRTC യെ ഡിജിറ്റല്‍ ആക്കുക, കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ Team KSRTC Blog അനൌദ്യോഗികമായി തയ്യാറാക്കുന്ന പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച www.aanavandi.com എന്ന വെബ്‌സൈറ്റും ആപ്പുകളും ഇതിനോടകം തന്നെ ജനപ്രീതി നേടി തുടങ്ങിയിരിക്കുന്നു. വിവിധ KSRTC ഡിപ്പോകളിലെ അന്വേഷണ കൌണ്ടറുകളില്‍ പോലും ആനവണ്ടി വെബ്‌സൈറ്റും ആപ്പും ഉപയോഗിച്ച് ആളുകള്‍ക്ക് സമയ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് ഇപ്പോള്‍ കാണുവാന്‍ കഴിയും. KSRTC Blog ന്റെ കഴിഞ 7 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി KSRTC യെ ആശ്രയിച്ചു യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന്‌ വരുന്ന ആളുകള്‍ക്ക് KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആനവണ്ടി സേവനങ്ങള്‍ ആരംഭിക്കുന്നത്.

പ്രസ്തുത സേവനങ്ങളുടെ ഒഫീഷ്യല്‍ റിലീസ് ഈ വരുന്ന ജൂലൈ 12 ന്‌ ഉച്ചയ്ക്ക് 3 മണിക്ക് ഞായറാഴ്ച്ച കളമശ്ശേരി SCMS കോളേജില്‍ വെച്ച് നടക്കുന്ന “ബാര്‍ക്യാമ്പ്” (യുവാക്കളുടെയും സ്റ്റാര്‍ട്ടപ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടേയും ഒത്തുചേരല്‍ വേദി) എന്ന പരിപാടിയില്‍ വെച്ച് ബഹുമാനപ്പെട്ട MLA ശ്രീ ഹൈബി ഈഡന്‍ നിര്‍വ്വഹിക്കുന്നതാണ്‌.

aanavandi.com എന്ന വെബ്സൈറ്റിനു പുറമേ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്ന ആപ്പുകളും പുറത്തിറക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച വെബ്‌സൈറ്റില്‍ ദിവസേന രണ്ടായിരത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുള്ള ആന്‍ഡ്രോയ്ഡ് ആപ്പ് ഇതുവരെ 25,000 ലധികം ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.

aanavandi-ksrtcblog-android-windows-app

എന്താണ്‌ ആനവണ്ടിയുടെ പ്രത്യേകത?

aanavandi.com എന്ന വെബ്സൈറ്റില്‍ KSRTC നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെയുള്ള എല്ലാ സര്‍വ്വീസുകളുടേയും സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഉദാഹരണത്തിന്‌ ആലപ്പുഴ നിന്നും എറണാകുളത്തേക്കുള്ള ബസ്സുകളുടെ സമയ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന ഒരാള്‍ക്ക് ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടക്ക് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സര്‍വ്വീസുകളുടേയും ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന സമയവും എറണാകുളത്ത് എത്തിച്ചേരുന്ന സമയവും ലഭ്യമാകും. കമ്പ്യൂട്ടറില്‍ നിന്നോ ഒരു മൊബൈല്‍ ഫോണില്‍ നിന്നോ കേവലം ഒരു 2G ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റ് വളരെ എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതാണ്‌. ആന്‍ഡ്രോയ്ഡ് & വിന്‍ഡോസ് മൊബൈല്‍ ആപ്പുകള്‍ ഒരിക്കല്‍ ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ സമയ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്‌.

ഇന്ത്യയില്‍ ഒരു പൊതു ഗതാഗത കോര്‍പ്പറേഷന്റെ എല്ലാ ബസ്സ് സര്‍വ്വീസുകളുടേയും സമയ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കു ലഭ്യമാക്കുന്ന ആദ്യത്തെ വെബ്സൈറ്റ് എന്ന പ്രത്യേകതയും ആനവണ്ടിക്കുണ്ട്.

ആരാണ്‌ ഇതിനു പിന്നില്‍?

KSRTC യെ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 7 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന KSRTC Blog എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ്‌ ഇതിന്റെ പിന്നില്‍. 2008 ല്‍ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന്‍ ആണ്‍ KSRTC Blog ആരംഭിച്ചത്. KSRTC യെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വെബ്സൈറ്റാണ്‌ KSRTC Blog. ഇന്നിപ്പോള്‍ ദിനംപ്രതി പതിനായിരത്തിലധികം ആളുകള്‍ KSRTC Blog സന്ദര്‍ശിക്കുന്നുണ്ട്.

KSRTC യുടെ ഏതാണ്ട് ഒട്ടുമിക്ക എല്ലാ ബസ്സുകളുടേയും ചിത്രങ്ങള്‍ അടങ്ങിയ ഇമേജ് ഡാറ്റാബേസ് രണ്ട് വര്‍ഷം മുന്‍പ്  ടീം തയ്യാറാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികള്‍ KSRTC എന്നത് ഒരു നൊസ്റ്റാള്‍ജിയ ആണ്‌. അതുകൊണ്ടു തന്നെ KSRTC ബസ്സുകളുടെ ചിത്രങ്ങളും വീഡിയോകളും കാണുന്നതിന്‌ ആളുകള്‍ക്ക് അതിയായ താല്‍പര്യമുണ്ട്.

എറണാകുളത്തുള്ള ഗ്രീന്‍ഫോസ് ടെക്‌നോളജീസ് എന്ന IT സ്ഥാപന ഉടമയായ ശ്രീനാഥ് ആണ്‌ ആനവണ്ടി വെബ്‌സൈറ്റ് നിര്‍മ്മിക്കുവാന്‍ ഞങ്ങളെ സഹായിച്ചത്. ആന്റണി വര്‍ഗ്ഗീസ് ആണ്‌ വെബ്സൈറ്റ് ഡിസന്‍ ചെയ്തത്.

കഴിഞ്ഞ വര്ഷം ഓഗസ്റ്റില്‍ ബാംഗ്ലൂര്‍ മലയാളിയും ഇരിങ്ങാലക്കുട സ്വദേശിയുമായ വൈശാഖ് എം എല്‍ ആണ് കെ എസ് ആര്‍ ടി സി ബ്ലോഗിന് വേണ്ടി ആനവണ്ടി Android ആപ്പ് പുറത്തിറക്കിയത്. ജനങ്ങളില്‍ നിന്നും ലഭിച്ച വമ്പിച്ച സ്വീകാര്യത ഇത് വിപുലീകരിക്കാന്‍ കെ എസ് ആര്‍ ടി സി ബ്ലോഗിന് പ്രചോദനമായി

ആനവണ്ടിയുടെ വിന്‍ഡോസ് ആപ്പ് നിര്‍മ്മിച്ചത് തിരുവനന്തപുരം സ്വദേശിയും വിന്‍ഡോസ് അപ്പ് ഡെവലപ്പറുമയ അജിത് വിജയകുമാറാണ്‌.

ആനവണ്ടിയുടെ മനോഹരമായ ലോഗോ തയ്യാറാക്കിയത് ബാംഗ്ലൂരിലെ പ്രമുഖ ഡിസൈനിംഗ് കമ്പനിയിലെ ജീവനക്കാരനായ ഡിപിന്‍ ദാസ് ആണ്‌.

Aanavandi.com ല്‍ ലഭിക്കുന്ന സേവനങ്ങള്‍

1) കേരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിന്നുമുള്ള KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍

2) ഓര്‍ഡിനറി ബസ്സുകളുടെ സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ കുഗ്രാമങ്ങളിലോട്ടുള്ളതും സര്‍വ്വീസ് തീരുന്നതുമായ ചെറു ഗ്രാമങ്ങളിലേക്കുള്ളതുമായ ബസ്സുകളുടെ സമയ വിവരങ്ങള്‍ ലഭ്യമാകും. ഉദാ: പുതുക്കാട് – മുപ്ലിയം

3) ബസ്സുകള്‍ക്ക് യൂസര്‍ റേറ്റിംഗ് സംവിധാനം

4) ബസ്സുകളുടെ സമയത്തോടൊപ്പം ആ ബസ്സിന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും ലഭ്യമാകും

5) സന്ദര്‍ശകര്‍ക്ക് പ്രസ്തുത സര്‍വ്വീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമന്റ് ആയി രേഖപ്പെടുത്തുവാന്‍ സാധിക്കും.

6) KSRTC യുടെ എല്ലാ സ്ഥലങ്ങളിലേയും ഫോണ്‍ നമ്പരുകള്‍, Email വിലാസങ്ങള്‍.

ആനവണ്ടി കൊണ്ടുള്ള ഉപയോഗങ്ങള്‍

1) യാത്രക്കാര്‍ക്ക് KSRTC ഡിപ്പോകളില്‍ വിളിച്ച് ചോദിക്കാതെയും, പോയി അന്വേഷിക്കാതെയും ബസ്സുകളുടെ സമയ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കുന്നു.

2) കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതു വഴി യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും, പെട്ടന്നുള്ള യാത്രകള്‍ക്കും സഹായകരമാകും.

3) KSRTC ഡിപ്പോകളില്‍ ബസ്സ് ടൈമിംഗ് അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ കുറയും. മിക്ക സ്ഥലങ്ങളിലും അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്നവര്‍ക്ക് മറ്റ് ജോലികള്‍ കൂടി ചെയ്യേണ്ടതായി വരുന്നതിനാലാണ്‌ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്.

4) KSRTC ക്ക് തന്നെ ഒരു പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതിനു വേണ്ടിയുള്ള ഷെഡ്യൂള്‍ ക്രമീകരണത്തില്‍ ആനവണ്ടി ഉപയോഗിച്ച് ടൈം ഗ്യാപ്പ് കണ്ടെത്തുന്നതിനും ഓവര്‍ലാപ്പിംഗ് ഒഴിവാക്കുന്നതിനും സഹായകമാകും. നിലവില്‍ വിവിധ ഡിപ്പോകളില്‍ വിളിച്ച് ചോദിച്ചാണ്‌ പുതിയ ടൈം ഷെഡ്യൂളുകള്‍ ഉണ്ടാക്കുന്നത്.

regards

Sujith Bhakthan

SHARE