വിവരണം – Vishnu A S Pragati.

ചായക്കടയിലെ സമോസ വിശേഷങ്ങൾ. വമ്പന്മാർക്കിടയിൽ സ്വതേ ശ്രദ്ധിക്കപ്പെടാതെ പോകുന്നവയാണ് ചായതട്ടുകൾ.. ഒരു നാടിന്റെ വാർത്താവിനിമയ കേന്ദ്രമെന്നതിലുപരി ചിലരുടെ ദൈനംദിന ജീവിതത്തിൽ വെറുമൊരു ചായതട്ടിനുള്ള പങ്ക് ചെറുതല്ല. അവിടുത്തെ ചായയും കടിയും രണ്ട് തള്ളും തള്ളിവിട്ട് ഹാജർ വച്ചില്ലെങ്കിൽ അന്നത്തെ ദിവസമേ അവർക്ക് എന്തരോ പോലെയാണ്.

മേപ്പടി പറഞ്ഞവ കൂടാതെ ചില ചായതട്ടുകൾ രുചിയുടെ മേലാളന്മാർ കൂടിയാണ്. ഒന്നോ രണ്ടോ കടി വിഭവങ്ങൾ വിരലിലെണ്ണാവുന്നത്ര പാചകം ചെയ്തു അന്നന്നത്തെ അന്നതിനായി മാത്രം നീട്ടിയടിച്ച ചായയുടെ പോലെ പതഞ്ഞു പൊങ്ങിയ കുമിളകൾ നിറഞ്ഞ ജീവിതം നോക്കി നേടുവീർപ്പിടുന്ന ചില ജന്മങ്ങൾ. ഇവർക്കും ചിലത് പറയാനുണ്ട്..

പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ബ്രിഗേഡിയർ ഹൗസിന് നേരെ എതിരെയാണ് എ.പി.എൻ ടീ സ്റ്റാൾ.. കുറച്ചുംകൂടി വ്യക്തമാക്കി പറഞ്ഞാൽ പുരുഷോത്തമൻ മാമന്റെ ചായതട്ട്. വെറും 33 വർഷത്തെ പഴക്കമുള്ള ഈ കടയിലെ പ്രത്യേകത എന്തെന്നാൽ നല്ല കിടുക്കാച്ചി മലക്കറി സമോസയാണ്.

സമോസ ഒഴികെ കടയിലെ ഒട്ടുമുക്കാൽ എല്ലാ വിഭവങ്ങളും കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് വകഞ്ഞു മാറ്റി നോക്കിയാൽ തപ്പി തപ്പി ത്രികോണ-ത്രികോണാകൃതിയിൽ മടക്കിയ സമോസ പുരുഷോത്തമൻ മാമൻ വെട്ടിത്തിളച്ച പാമോയിലിലിട്ട് പൊരിക്കുന്ന നയനമനോഹരവുമായ വിജ്രംഭിച്ച കാഴ്ച കാണാം. കാഴ്ച കണ്ടു മതിയായെങ്കിൽ രണ്ട് സമോസയും ഒരു കട്ടനും പറയണം..

ചൂട് സമോസ വലംകയ്യിലും ആവി പറക്കണ കട്ടൻ ഇടതു കയ്യിലുമായി പിടിക്കണമെന്നാണ് ചായതട്ടിലെ ലക്ഷണശാസ്‌ത്രം. ശേഷം ചായക്കടയിലെ എറുമ്പില് നിന്നും കൊണ്ട് പപ്പടം വെല്ലുന്ന പുറംതോടുള്ള സമൂസ മുൻപല്ലുകൾ കൊണ്ടൊരു കടി.. മുൻപല്ലുകൾ ആഴ്ന്നിറങ്ങുന്ന ആയൊരൊറ്റ കടിയിൽ തൊട്ടപ്പുറത്തെ തയ്യൽക്കാരൻ അണ്ണൻ മെഷീൻ ചവിട്ടുന്നത് നിർത്തിയിട്ട് മുഖത്തേക്ക് പകച്ചൊരു നോട്ടം നോക്കും.. അജ്ജാതി മൊരുമൊരുപ്പ്..

പച്ചപട്ടാണിയും കാരറ്റും ഉടച്ച ഉരുളക്കിഴങ്ങും പിന്നെ എന്തൊക്കെയോ ഇഷ്ടം പോലെ ചേർന്ന അകത്തെ മലക്കറി വെട്ടിക്കൂട്ടി വച്ച ഫില്ലിംഗ് വെറും കിടുക്കാച്ചി. സാധാരണ സമോസയിലെ ഒരുതരം പച്ച നിറത്തിലെ ഫില്ലിങിന് പകരം കാപ്പിപ്പൊടി നിറമാണ്. ഒടുക്കത്തെ രുചിയും. ചൂടോടെ പക്കാ ക്രിസ്‌പിയായിട്ടുള്ള സമൂസയും കട്ടനും അതൊരു വല്ലാത്ത കോംബിനേഷനാണ്. വീടിന്റെ തൊട്ടടുത്തായിട്ടു പോലും അറിയാതെ പോയി. അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ..

ശാരീരികാസ്വസ്ഥകൾ കാരണം വളരെക്കുറച്ചു സമോസ മാത്രമേ ദിനവും നിർമ്മിക്കാറുള്ളൂ. ചില ദിവസം 50 അതാണെങ്കിലോ സ്ഥിരം ആൾക്കാർ വാങ്ങിച്ചു തീർക്കുകയും ചെയ്യും. ചില ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ സമോസ ലഭ്യമാകും. പക്ഷേ കിട്ടിയാൽ 101% കിടിലം സമോസ… Highly recommended.. വിലവിവരം – സമൂസ :- ₹.7/-, കട്ടൻ :- ₹.5/-.

വെറും 33 വർഷമേയായിട്ടുള്ളൂ പുരുഷോത്തമൻ മാമൻ ഈ ചായതട്ട് തുടങ്ങിയിട്ട്. എന്നാൽ സമോസ ഒരു പ്രധാന വിഭവമായിട്ട് മൂന്നാല് വർഷമായിട്ടേയുള്ളൂ. ആദി മുതൽ അന്തം വരെയുള്ള എല്ലാ പ്രവർത്തികളും പുരുഷോത്തമൻ മാമൻ ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. തൊട്ടടുത്തുള്ള വീട്ടിൽ വച്ചാണ് ഫില്ലിങ്ങിനുള്ള കറിക്കൂട്ട് പാചകം ചെയ്യുന്നത്. മാവ് പരത്തുന്നതും ചുടുന്നതും എല്ലാം കടയിൽ വച്ചു തന്നെയാണ്. നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാം.

പ്രായാധിക്യം പലരൂപത്തിൽ ഈ മനുഷ്യനെ അലട്ടുന്നുണ്ടെങ്കിലും വീട്ടിൽ അരി വാങ്ങുന്ന കാര്യമാലോചിക്കുമ്പോൾ അവശതയൊക്കെ അങ്ങ് മറക്കും അതാണ് പുള്ളിയുടെ ന്യായം. അതുമൊരു സത്യമാണ് ‘ഉദരസമസ്യയോളം ഉത്‌കൃഷ്ടമായൊരു ഉൾപ്രേരകം ഉണ്ടാകുമോയിന്നീ ഉലകത്തിൽ.’

സമയം :- രാവിലെ പത്തു മണിയോടെ കട തുറക്കും. പത്തരയോടെ സമോസ ലഭ്യമായിത്തുടങ്ങും. ലൊക്കേഷൻ :- പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ബ്രിഗേഡിയർ ഹൗസിന് നേരെ എതിരെയുള്ള വരിയിലെ ആകെയുള്ള ചായക്കട. അടയാളത്തിനായി ചായക്കടയോട് ചേർന്നൊരു തയ്യൽക്കടയുമുണ്ട്.

SHARE