Malayalam

ഓപ്പറേഷൻ ഐസോടോപ്പ് : പ്രധാനമന്ത്രിമാർ രക്ഷിച്ച വിമാനം

By Aanavandi

February 13, 2020

വിവരണം – അജോ ജോർജ്ജ്.

1972 മെയ് 8. രാവിലെ ഏഴര മണി. സബേന 571 വിമാനം പുറപ്പെടുവാൻ ഉള്ള മുന്നറിപ്പ് കിട്ടി. ബ്രിട്ടീഷ് വൈമാനികാണാനായ റെജിനാൾഡ് ലെവി ആയിരുന്നു പൈലറ്റ്. വിയന്നയിൽ നിന്നു ബെൻ ഗുറിയോൺ എയർ പോർട്ടിലേക്കു ആയിരുന്നു ആ വിമാനം പറന്നു ഉയർന്നത്. തൊണ്ണൂറോളം യാത്രക്കാരുമായി പറന്നു ഉയർന്നു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും ആളുകളുടെ ഇടയിൽ നിന്നും കോക്ക്പിറ്റിൽ എത്തി. പൈലറ്റിനെ കാണണം എന്ന് ആവശ്യപ്പെട്ടു.

ലെവി പുറത്തേക്കു ഇറങ്ങി. “എന്താണ് സർ, എന്താണ് അത്യാവശ്യം? പറഞ്ഞോളൂ.” ലെവി ഭവ്യതയോടെ ചോദിച്ചു. അവർ മറുപടി ഒന്നും പറഞ്ഞില്ല. പകരം രണ്ടു പുരുഷന്മാരുടെ കയ്യിലും ഹാൻഡ് ഗണ്ണുകൾ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ കയ്യിൽ ഹാൻഡ് ഗ്രനേഡും. ബെൽറ്റ് ബോംബുകളും. ലെവി ഒന്ന് പതറി.

“നിങൾ പേടിക്കേണ്ട. ഞങൾ പറയുന്നത് പോലെ കേട്ടാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.” അതിൽ ഒരു പുരുഷൻ പറഞ്ഞു. രണ്ടാമൻ അവരെ പരിചയപ്പെടുത്തി..”ഞാൻ അലി താഹ, ഇതു ആബീബ്, ഇവർ റിമ, ഇതു തെരേസ.” അവർ ലേവിക്കു കൈ കൊടുത്തു. അദ്ദേഹം തിരിച്ചും. “ഇനി ഞാൻ നിങളെ യാത്രക്കാർക്ക് പരിചയപ്പെടുത്താം”. ലെവി പറഞ്ഞു. അദ്ദേഹം മൈക്ക് കൈയിൽ എടുത്തു “നിങൾ കാണുന്ന പോലെ നമ്മൾക്ക് നാലു കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. ആ കൂട്ടുകാർ നമ്മുടെ വിമാനം ഹൈജാക്ക് ചെയ്തിരിക്കുന്നു. ആരും പരിഭ്രാന്തരാവണ്ട.” പക്ഷെ അദ്ദേഹം ഒരു കാര്യം മറച്ചു വെച്ചു. തൻ്റെ ഭാര്യ ആ വിമാനത്തിൽ ഉള്ള കാര്യം.

അവർ നാലുപേരും ആളുകളുടെ ഇടയിലേക്കു നീങ്ങി. ഓരോ ആളുകളെയും പരിശോധിച്ചതിനു ശേഷം കുറെ ആളുകളെ വിമാനത്തിന്റെ പുറകിലേക്ക് മാറ്റി. ബാക്കി ഉള്ള ആളുകളെ മുന്നിലേക്കും. ലേവിക്കു ഒരു കാര്യം മനസ്സിലായി. മുന്നിലേക്ക് മാറ്റി നിറുത്തിയത് ഇസ്രായേൽ യാത്രികരെ ആണ്. കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് അദ്ദേഹം മനസിലാക്കി. അവർ അറിയാതെ അദ്ദേഹം ഒരു കോഡ് മെസ്സേജ് ഇസ്രായേലി അധികാരികൾക്ക് അയച്ചു.

അന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി മോഷെ ദയാൻ ആയിരുന്നു. അദ്ദേഹം ട്രാൻസ്‌പോർട് മന്ത്രിയായ ഷിമോൺ പെരെസ്സിനെ വിവരം അറിയിച്ചു. അവർ ഇരുവരും ചേർന്ന് അവരും ആയി സന്ധി സംഭാഷണം തുടങ്ങി. ഇതേ സമയം അവർ ലേവിയും ആയി കൂട്ടായി തുടങ്ങിയിരുന്നു. അവർ തമ്മിൽ ഏവിയേഷൻ, രാഷ്ട്രീയം, സെക്സ് അങ്ങിനെ എല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിച്ചു തുടങ്ങി.

അവർ ബ്ലാക്ക് സെപ്റ്റംബർ ഓർഗനൈസേഷനിലെ അംഗങ്ങൾ ആണെന്ന് അവർ മോഷെ ദയാനെ അറിയിച്ചു. “എന്താണ് നിങളുടെ ആവിശ്യം” മോഷെ ചോദിച്ചു. “ഞങളുടെ കുറച്ചു ആളുകൾ നിങളുടെ പിടിയിൽ ഉണ്ട്. അവരെ പുറത്തു വിടണം. അധികം ഒന്നും എല്ലാ 315 പേർ..അവരെ വിട്ടയച്ചാൽ ഈ വിമാനവും ഇതിലുള്ള നിങളുടെ ആളുകളെയും ഞങൾ വെറുതെ വിടാം.” “സമ്മതിച്ചില്ലങ്കിലോ” “ഞാനായിട്ട് ഒന്നും പറയുന്നില്ല. ഇനി ബാക്കി ലേവി സംസാരിക്കും..”

ലേവി വിമാനത്തിലെ അവസ്ഥയും ഹിജാക്കേഴ്സിനെ കുറിച്ചും മറ്റും മോഷയോടു സംസാരിച്ചു. കുറച്ചു നേരം സംസാരിച്ച ശേഷം ലേവി ഫോൺ അലിക്ക് കൈമാറി. “ശരി എനിക്ക് ഇതിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല എന്ന് അറിയാമല്ലോ. ഇരുപത്തി നാലു മണിക്കൂർ സമയം തരണം. അതിനുള്ളിൽ നിങളുടെ ആവിശ്യം അംഗീകരിപ്പിക്കാൻ ഞാൻ ശ്രമിക്കാം.” മോഷെ അലിയോട് പറഞ്ഞു.

“ശരി ഇരുപത്തിനാലു മണിക്കൂർ. അത് കഴിഞ്ഞാൽ ഞങ്ങൾ ഉളപ്പടെ ആരും ജീവനോടെ ഉണ്ടാവില്ല. ഇനി മറ്റൊരു ഫോൺ വിളി ഉണ്ടാവില്ല.” അലി ഫോൺ വച്ചു. എന്തോ ഒരു അലാറം അടിക്കുന്ന ശബ്‌ദം കേട്ട് എല്ലാവരും കോക്ക്പിറ്റിലേക്കു നോക്കി. ലേവി അങ്ങോട്ടേക്ക് ഓടി. വിമാനത്തിന്റെ ഹൈഡ്രോളിക് ബ്രേക്ക് തകരാറിൽ ആയിരിക്കുന്നു. ഈ കാര്യം ലേവി അവരെ അറിയിച്ചു. അവർ അത് വിശ്വസിക്കുകയും ചെയ്തു. മൊഷയും ലേവിയും ചേർന്ന് ഒരുക്കിയ കളിയാണ് ഇതെന്ന് അവർ അറിഞ്ഞില്ല. ശരിയാക്കണം എങ്കിൽ ടെക്നിഷ്യൻസ് വരണം എന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ലേവിക്കു സാധിച്ചു.

അതെ സമയം മറ്റൊരു വശത്തു മറ്റൊരു സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. അതായിരുന്നു ഓപ്പറേഷൻ ഐസോടോപ്. 1972 മെയ് 9 സമയം നാലു മണി. ലോഡ് എയർപോർട്ട് (ബെൻ ഗുറിയോൺ). വെള്ള വസ്ത്ര ധാരികളായ പതിനാറു പേർ വിമാനത്തിനു അടുത്തേക്ക്. വളരെ വേഗത്തിൽ നീങ്ങുന്നുണ്ട്. ടെക്നിഷ്യന്മാരുടെ വേഷത്തിൽ വന്ന ഇസ്രായിലി കമ്മാൻഡോസ് ആയിരുന്നു അവർ. അവരെ നയിച്ചിരുന്നത് രണ്ടു പേരായിരുന്നു. ഇഹ്ദ് ബറാക്, പിന്നെ ബെഞ്ചമിൻ എന്ന ആളും. അവർ വിമാനത്തിനു അടുത്തെത്തി. അഞ്ചു ടീം ആയി അവർ തിരിഞ്ഞു. വിമാനത്തെ വളഞ്ഞു. ഇതിനിടയിൽ ലേവി വാതിലുകളുടെ ലോക്കുകൾ തുറന്നിരുന്നു. അപ്രതീക്ഷിതമായിരുന്നു കമാൻഡോകളുടെ ആക്രമണം. അഞ്ചു വാതിലൂടെയും അവർ ഒന്നിച്ചു ആക്രമണം നടത്തി.

മുൻവാതിലിലൂടെ കയറിയ ബറാക് കണ്ടത് പിറകിലും മുന്നിലും ആയി നിൽക്കുന്ന അലിയെയും അബീബിനെയും ആണ്. അവർ പരിഭ്രാന്തരായി നിറയൊഴിക്കുന്നുണ്ട്. പരിഭ്രാന്തിയും പകപ്പും പേടിയും കാരണം അവർക്കു പോലും അറിയില്ല എങ്ങോട്ടാണു നിറയൊഴിക്കുന്നതു എന്ന്. ബറാക്ക് തന്റെ തോക്കു ലക്‌ഷ്യം വച്ചതു അലിയെ ആയിരുന്നു. കൃത്യമായി നെറ്റിൽ തന്നെ ലക്‌ഷ്യം കണ്ടു. അയാൾ താഴെ വീണു..

ഇതുകൂടെ ആയപ്പോൾ ആബീബ് ഭ്രാന്തനെ പോലെ ആയി. അയാൾ പല സ്ഥലത്തേക്കും നിറയൊഴിച്ചു. കൂട്ടത്തിൽ ഉള്ള കമാൻഡോയുടെ വെടിയേറ്റ് ആയാലും താഴെ വീണു. റീമ ഹാൻഡ് ഗ്രനേഡും ആയി പാഞ്ഞു അടുത്തപ്പോഴേക്കും കൂട്ടത്തിൽ ഉള്ള ഒരു യാത്രികൻ അവളെ വട്ടം പിടിച്ചു താഴെ കിടത്തി. അപ്പോഴേക്കും മറ്റു കമാൻഡോകൾ അവളുടെ കല്ലിൽ നിന്നും ഗ്രനേഡ് കരസ്ഥമാക്കിയിരുന്നു.

ബെഞ്ചമിൻ എമർജൻസി വാതിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. കൈത്തോക്കുമായി നിൽക്കുന്ന തെരേസ. അവളെ കീഴ്പ്പെടുത്താൻ ബെഞ്ചമിനു ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രശനം അതായിരുന്നില്ല. അവളുടെ കയ്യിൽ ഉള്ള ബെൽറ്റ് ബോംബിനെ കുറിച്ച് ആയിരുന്നു ബെഞ്ചമിനു അറിയേണ്ടത്. അവൻ അവളൂടെ അതെ കുറിച്ച് ചോദിച്ചു. അവൾ മറുപടി പറഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന മറ്റൊരു കമാൻഡോ അവളെ ചോദ്യം ചെയ്യാൻ തുടങ്ങി.

തോക്കിൻ മുനയിൽ നിറുത്തി ആയിരുന്നു അവളെ ചോദ്യം ചെയ്തത്. അവൾ പറയാതെ ആയപ്പോൾ അയാൾ തോക്കു അവളുടെ കയ്യിൽ അമർത്തി കാഞ്ചി വലിച്ചു.. (അബദ്ധം പറ്റിയതാണ് എന്നും പറയപ്പെടുന്നു) പക്ഷെ അവളുടെ കയ്യിലൂടെ ബുള്ളറ്റ് തുളഞ്ഞു കയറി പുറകിൽ നിന്ന ബെഞ്ചമിന്റെ കയ്യും തുളച്ചു കടന്നു പോയി. അപ്പോഴേക്കും മറ്റു കമാൻഡോകൾ ബോംബ് കണ്ടെത്തയിരുന്നു. രണ്ടു മിനിറ്റുള്ളിൽ എല്ലാം അവസാനിച്ചു. നാലു പേരിൽ രണ്ടു പുരുഷന്മാരെ കൊല്ലുകയും മറ്റു രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകരാജ്യങ്ങളെ മുൾമുനയിൽ നിറുത്തിയ ആ മുപ്പതു മണിക്കൂറുകൾക്കു അങ്ങിനെ അവസാനമായി. ഇസ്രായേലിനു ഒരു പൊൻതൂവൽ കൂടി.

ഇനി എന്തുകൊണ്ട് പ്രധാനമന്ത്രിമാർ രക്ഷിച്ച വിമാനം എന്ന് പറയപ്പെടുന്നു എന്ന് നോക്കാം. ഇതിൽ പങ്കെടുത്ത നാലു പേരിൽ മൂന്ന് പേരും ഇസ്രയേലിന്റെ പ്രധാനമന്ത്രിമാരായി എന്നതാണ് ഇതിനു കാരണം. Shimon Peres (1970 to 1990), Benjamin (1996 to 1999), Ehud barak (2007 to 2013).